Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

50 കപ്പലുകൾ, 20 വിമാനങ്ങൾ വിഴുങ്ങി, ബെര്‍മുഡ ട്രയാങ്കിളില്‍ സംഭവിക്കുന്നത് എന്ത്?

bermuda-triangle

സമുദ്രത്തില്‍ ഏറ്റവും ദുരൂഹവും കുപ്രസിദ്ധവുമായ ഭാഗമെന്തെന്ന് ചോദിച്ചാല്‍ ബര്‍മുഡ ട്രയാംങ്കിള്‍ എന്നായിരിക്കും ഉത്തരം. അത്രയേറെ ദുരൂഹതകള്‍ ഈ പ്രദേശം സംബന്ധിച്ച് പ്രചാരത്തിലുണ്ട്. ചെകുത്താന്റെ ട്രയാങ്കിള്‍ എന്നും വിശേഷിപ്പിക്കപ്പെടുന്ന ബെര്‍മുഡ ട്രയാങ്കിളില്‍ ആയിരത്തിലേറെ മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍. ഇരുപതോളം വിമാനങ്ങളും അമ്പതിലേറെ കപ്പലുകളും കഴിഞ്ഞ നൂറ്റാണ്ടില്‍ ബര്‍മുഡ ട്രയാങ്കിളില്‍ അപ്രത്യക്ഷമായി. 

ഫ്‌ളോറിഡക്കും പ്യൂട്ടോറിക്കയും ബര്‍മുഡ ദ്വീപുകളും ഇടക്കുള്ള എഴ് ലക്ഷം കിലോമീറ്റര്‍ വരുന്ന ഉത്തര അറ്റ്‌ലാന്റിക് സമുദ്രത്തിലെ പ്രദേശമാണ് ബര്‍മുഡ ട്രയാങ്കിള്‍ എന്നറിയപ്പെടുന്നത്. ഇപ്പോഴും പ്രതിവര്‍ഷം ശരാശരി അഞ്ച് വിമാനങ്ങള്‍ ഈ പ്രദേശത്ത് വെച്ച് കാണാതാവുന്നുണ്ട്. കണക്കുകള്‍ ഇങ്ങനെയാകുമ്പോഴും ഓസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞനായ ഡോ. കാള്‍ ക്രുസെല്‍നികിയുടെ അഭിപ്രായത്തില്‍ ബര്‍മുഡ ട്രയാങ്കിളില്‍ ഇങ്ങനെ ആഘോഷിക്കാനും മാത്രം യാതൊരു ദുരൂഹതയുമില്ലെന്നാണ്. 

'അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡിന്റെ കണക്കുകള്‍ പ്രകാരം തന്നെ ബര്‍മുഡ ട്രയാങ്കിളില്‍ കാണാതാകുന്ന വിമാനങ്ങളുടെ ശരാശരി എടുത്താല്‍ ലോകത്തെ മറ്റേതൊരു ഭാഗത്തിനും തുല്യമാണത്. ഭൂമധ്യരേഖയോട് ചേര്‍ന്നു കിടക്കുന്ന അമേരിക്കയോട് ചേര്‍ന്നുള്ള സമുദ്രഭാഗമാണിത്. ഇവിടെ സ്വാഭാവികമായും ലോകത്തെ മറ്റു പ്രദേശങ്ങളേക്കാള്‍ വിമാനങ്ങളുടേയും കപ്പലുകളുടേയും എണ്ണം കൂടുതലാണ്.' ഡോ. കാള്‍ ക്രുസെല്‍നികി പറയുന്നു. അമേരിക്കയ്ക്കും യൂറോപ്പിനും കരീബിയന്‍ രാജ്യങ്ങള്‍ക്കും ഇടയിലുള്ള സമുദ്രഭാഗമാണിത്. അതുകൊണ്ടുതന്നെ ഈ ഭാഗത്ത് സഞ്ചരിക്കുന്ന കപ്പലുകളുടെ എണ്ണം വളരെ കൂടുതലാണ്. ഇത് തന്നെയാണ് ഡോ. കാളിന്റെ വാദത്തിലെ പ്രധാന ഭാഗം. 

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതലാണ് ബര്‍മുഡ ട്രയാങ്കിള്‍ ദുരൂഹതയുടെ കേന്ദ്രമായി മാറുന്നത്. 1918ല്‍ യുഎസ്എസ് സൈക്ലോപ്‌സ് എന്ന അമേരിക്കന്‍ ചരക്കു കപ്പല്‍ ഇവിടെ അപ്രത്യക്ഷമായി. ഒന്നാം ലോകമഹായുദ്ധത്തിന്റെ സമയത്ത് 309 മനുഷ്യരും വന്‍തോതില്‍ ചരക്കുകളും കപ്പലിനൊപ്പം അപ്രത്യക്ഷമായി. ലോകത്തെ ഞെട്ടിച്ച ഈ കപ്പല്‍ ദുരന്തത്തെ തുടര്‍ന്ന് വലിയ തോതില്‍ തിരച്ചില്‍ നടന്നെങ്കിലും ഒന്നും കണ്ടെത്താനായില്ല. 1941ല്‍ സൈക്ലോപ്‌സിന്റെ രണ്ട് കപ്പലുകള്‍ കൂടി ഇതേ പ്രദേശത്തുവെച്ച് അപ്രത്യക്ഷമായി. 

1945 ഡിസംബര്‍ അഞ്ചിന് ഫ്‌ളോറിഡയില്‍ നിന്നും പറന്നുയര്‍ന്ന ഫ്‌ളൈറ്റ് 19ലെ അഞ്ച് ടിബിഎം അവെഞ്ചര്‍ ടോര്‍പിഡോ ബോംബര്‍ വിമാനങ്ങള്‍ ബര്‍മുഡയില്‍ ട്രയാങ്കിളില്‍ നിന്നും മടങ്ങി വന്നില്ല. 27 മനുഷ്യ ജീവനുകളാണ് ഈ ദുരന്തത്തില്‍ പൊലിഞ്ഞത്. ഈ വിമാനങ്ങളെ തിരഞ്ഞു പോയ 13 പേരടങ്ങിയ മറ്റൊരു വിമാനം കൂടി ഇവിടെ അപ്രത്യക്ഷമായതോടെ ബര്‍മുഡ ട്രയാങ്കിള്‍ കൂടുതല്‍ ദുരൂഹമായി. ഇതുവരെ ഈ ദുരന്തങ്ങളില്‍ പൊലിഞ്ഞ ഒരാളുടെ മൃതദേഹം പോലും കണ്ടെത്താനായിട്ടില്ലെന്നതും ദുരൂഹതകളുടെ ആഴം വര്‍ധിപ്പിച്ചു. 

ബര്‍മുഡ ട്രയാങ്കിളിലെ ദുരൂഹതകളെക്കുറിച്ച് നിരവധി ഗവേഷണങ്ങളും വാദങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്നും ഉയര്‍ന്നുവരുന്ന വമ്പന്‍ മീഥെയിന്‍ കുമിളകള്‍ മുതല്‍ പ്രത്യേകതരം മേഘങ്ങളും അന്യഗ്രഹജീവികളും വരെ ബര്‍മുഡ ട്രയാങ്കിളിന്റെ പേരില്‍പഴി കേട്ടു. ഡോ. ക്രുസെല്‍നികി തന്നെ മീഥെയിന്‍ കുമിളകള്‍ കെട്ടുകഥയല്ലെന്ന് സമ്മതിക്കുന്നുണ്ട്. എന്നാല്‍ കപ്പലുകളെ വിഴുങ്ങാനും പറക്കുന്ന വിമാനങ്ങളെ വലിച്ചെടുക്കാനും മാത്രമുള്ള ശേഷി ഈ മീഥെയിന്‍ കുമിളകള്‍ക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ഷഡ്ഭുജാകൃതിയിലുള്ള മേഘങ്ങള്‍ മൂലമുണ്ടാകുന്ന വായു ബോംബുകളാണ് വിമാനങ്ങളുടേയും കപ്പലുകളുടേയും അന്തകനാകുന്നതെന്ന വാദവും ഉയര്‍ന്നു. 32 കിലോമീറ്റര്‍ മുതല്‍ 80 കിലോമീറ്റര്‍ വരെ വ്യാസത്തില്‍ ഈ പ്രദേശത്ത് ഷഡ്ഭുജാകൃതിയില്‍ മേഘങ്ങള്‍ രൂപപ്പെടുന്നുവെന്നത് വസ്തുതയാണ്. എന്നാല്‍ മണിക്കൂറില്‍ 273 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കൊടുങ്കാറ്റുകള്‍ക്ക് ഈ മേഘങ്ങള്‍ കാരണമാകുന്നുവെന്ന വാദം പിന്നീട് ശാസ്ത്രലോകം തന്നെ തള്ളിക്കളയുകയായിരുന്നു. 

യുഎസ് നാവികസേനയുടെ ഒരു രഹസ്യ കേന്ദ്രം ഈ പ്രദേശത്തുണ്ടെന്നും ഇവിടെ നടക്കുന്ന പലതരം ആയുധ പരീക്ഷണങ്ങളാണ് കപ്പലുകളുടേയും വിമാനങ്ങളുടേയും തിരോധാനത്തിന് പിന്നിലെന്ന് വിശ്വസിക്കുന്നവരുമുണ്ട്. ആഫ്രിക്കയില്‍ നിന്നും അമേരിക്കയിലേക്കെത്തിച്ച കറുത്തവര്‍ഗ്ഗക്കാരില്‍ യാത്രക്കിടെ മരിച്ച നിരവധി പേരെ ഇവിടെ കടലില്‍ തള്ളിയിട്ടുണ്ട്. ഇവരുടെ പ്രേതബാധയാണ് ബര്‍മുഡ ട്രയാങ്കിളിനെ ചെകുത്താന്‍ ട്രയാങ്കിളാക്കി മാറ്റിയതെന്ന് കരുതുന്നവരും കുറവല്ല. ഇത്തരം കെട്ടുകഥകളും പാതിസത്യങ്ങളും പൂര്‍ണ്ണമായി തള്ളിക്കളയുകയാണ് ഡോ. ക്രുസെല്‍നികി.