Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൈനീസ് ക്വാണ്ടം സാറ്റ്‌ലൈറ്റ് ‘പണി’ തുടങ്ങി, രഹസ്യപ്പൂട്ടുള്ള സന്ദേശം അയച്ചു; ലക്ഷ്യമെന്ത്?

china-quantum-satellite

ലോകത്തിലെ ആദ്യത്തെ ചൈനയുടെ ഹാക്ക്-പ്രൂഫ് ക്വാണ്ടം കമ്യൂണിക്കേഷന്‍ സാറ്റലൈറ്റ് സന്ദേശങ്ങൾ അയച്ചു തുടങ്ങി. മൂന്നാമത് ഒരാൾക്ക് പെട്ടെന്ന് കണ്ടെത്താനാകാത്ത രഹസ്യപ്പൂട്ടുള്ള സന്ദേശമാണ് സാറ്റ്‌ലൈറ്റ് കൈമാറുന്നത്. ഇത് ആദ്യമായാണ് ബഹിരാകാശത്തു നിന്നു ഭൂമിയിലേക്ക് ക്വാണ്ടം കീ കൈമാറുന്നത്. കഴിഞ്ഞ ഓഗസ്റ്റിലാണ് ഈ സാറ്റ്‌ലൈറ്റ് വിക്ഷേപിച്ചത്. ഭൂമിയിൽ നിന്ന് 645 കി.മീ നും 1200 കി.മീറ്ററിനും ഇടയിലുള്ള ബഹിരാകാശത്തു നിന്നാണ് ക്വാണ്ടം കീ വന്നത്.

വയർ ടാപ്പിങ്ങും ഇന്റര്‍സെപ്ട്സും വളരെ ഫലപ്രദമായി തടയാന്‍ കഴിയുന്ന അതി നൂതന സുരക്ഷാക്രമീകരണങ്ങളാണ് ക്വാണ്ടം ഉപഗ്രഹത്തിൽ ഒരുക്കിയിരിക്കുന്നത്. ഈ സാറ്റലൈറ്റ് വിജയിച്ചതോടെ ഹാക്ക്-പ്രൂഫ് കമ്മ്യൂണിക്കേഷന്‍ സിസ്റ്റങ്ങളിലേക്കുള്ള പുതുലോകത്തിന്റെ വഴിയായിരിക്കുകയാണ്.

എന്താണ് ക്വാണ്ടം സാറ്റ്‌ലൈറ്റ്?

ചുമ്മാതെയൊന്നു സങ്കൽപിക്കുക; ഒരു സോപ്പുകുമിളയിൽ രഹസ്യസന്ദേശങ്ങൾ എഴുതിച്ചേർത്ത് അയക്കുന്നു. ആ കുമിള പ്രത്യേക ഒരിടത്തെത്തിയാൽ മാത്രമേ സന്ദേശം വായിച്ചെടുക്കാൻ സാധിക്കൂ. അതിനു സഹായിക്കാനൊരു പ്രത്യേക ‘കീ’യും ഉണ്ട്. ആ യാത്രയ്ക്കിടെ ആരെങ്കിലും സന്ദേശം വായിച്ചെടുക്കാൻ ശ്രമിച്ചാൽ കുമിള പൊട്ടും, മാത്രവുമല്ല ഇക്കാര്യം സന്ദേശം സ്വീകരിക്കാനിരിക്കുന്ന ആൾക്ക് മനസിലാകുകയും ചെയ്യും’. ക്വാണ്ടം എൻക്രിപ്ഷനെ ഗവേഷകർ ഏറ്റവും ലളിതമായി വിവരിക്കുന്നത് ഇങ്ങനെയാണ്. അത്രമാത്രം രഹസ്യസ്വഭാവത്തോടെ സന്ദേശങ്ങളയക്കാൻ സാധിക്കുമെന്നതാണ് ഈ രീതിയുടെ പ്രത്യേകത. 

ക്വാണ്ടം എൻക്രിപ്ഷൻ വഴി പ്രവർത്തിക്കുന്ന ഒരു രാജ്യാന്തര സുരക്ഷാനെറ്റ്‌വർക്ക് സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് ചൈന. അതിന്റെ ഭാഗമായാണ് ലോകത്തിലെ ആദ്യ ‘ക്വാണ്ടം സാറ്റലൈറ്റ്’ ചൈന വിക്ഷേപിച്ചത്. ക്വാണ്ടം എൻക്രിപ്ഷൻ തത്വങ്ങൾ അനുസരിച്ചുള്ള നെറ്റ്‌വർക്ക് സാധ്യമായിക്കഴിഞ്ഞാൽ പിന്നെ കൈമാറ്റം ചെയ്യപ്പെടുന്ന ഡേറ്റകൾ ഹാക്കര്‍മാർക്ക് ഒന്നു തൊടാൻ പോലുമാകില്ലെന്നാണ് ചൈനയുടെ അവകാശവാദം. രാജ്യാന്തര തലത്തിൽത്തന്നെ ഡേറ്റ കൈമാറ്റത്തിൽ അതിഗംഭീര സുരക്ഷ ഉറപ്പുവരുത്താനുള്ള പരീക്ഷണമാണ് ‘ക്വാണ്ടം എക്സ്പിരിമെന്റ്സ് അറ്റ് സ്പെയ്സ് സ്കെയിൽ (ക്വസ്)’ എന്നു വിളിപ്പേരുള്ള സാറ്റലൈറ്റ് വഴി നടക്കാൻ പോകുന്നത്. 

നീക്കത്തിനു പിന്നിൽ ‘ഹാക്കർ പേടി’

ഹാക്കിങ്ങിലൂടെ രഹസ്യരേഖങ്ങൾ അടിച്ചുമാറ്റുന്നത് രാജ്യാന്തരതലത്തിൽത്തന്നെ ഒരു ‘ഹോബി’ ആയതോടെയാണ് ചൈന ഈ വിഷയത്തിൽ പിടിമുറുക്കിയത്. അതാകട്ടെ ഒരുപടി മുന്നിലും. ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ ഫിസിസ്റ്റായ പാൻ ഷിയാൻവെയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് 600 കിലോഗ്രാം തൂക്കമുള്ള സാറ്റലൈറ്റ് തയാറാക്കിയത്. യുഎസ് ഉൾപ്പെടെ ശതകോടികൾ മുടക്കി നടത്തുന്ന ക്വാണ്ടം ഫിസിക്സ് ഗവേഷണത്തിൽ ഇതുവഴി തങ്ങൾ ഏറെ മുന്നേറിയെന്നാണ് ചൈനയുടെ അവകാശവാദം. ഓഗസ്റ്റ് 16നാണ് ‘ക്വസ്’ ചൈന വിക്ഷേപിച്ചത്. ഒരു ക്വാണ്ടം കീ കമ്മ്യൂണിക്കേറ്റർ, ക്വാണ്ടം എൻടാങ്കിൾഡ് ട്രാൻസ്മിറ്റർ, ക്വാണ്ടം എൻടാങ്കിൾഡ് ഫോട്ടോൺ സോഴ്സ്, കൺട്രോൾ പ്രൊസസ്സർ എന്നിവയാണ് പ്രധാന ഭാഗങ്ങൾ.

പ്രവർത്തനം എങ്ങനെ?

ക്വാണ്ടം ഫിസിക്സ് പ്രകാരം പ്രപഞ്ചത്തിലെവിടെയുമുള്ള രണ്ട് വസ്തുക്കളെ എന്‍ടാങ്കിള്‍-കൂട്ടിച്ചേർത്തു- കഴിഞ്ഞാല്‍ ഒരു വസ്തുവിലുണ്ടാകുന്ന മാറ്റം അതേസമയം തന്നെ മറ്റേ വസ്തുവിലുമുണ്ടാകുമെന്നാണ്. ദൂരം അതിനിടയ്ക്കൊരു വിഷയമേ ആകുന്നില്ല. ഇതു പ്രകാരമാണ് സാറ്റലൈറ്റിന്റെ പ്രവർത്തനവും. ക്വസിൽ സൂക്ഷിച്ചിട്ടുള്ള ഒരു ക്രിസ്റ്റലിൽ നിന്ന് എൻടാങ്കിൾ ചെയ്ത ഫോട്ടോൺ ജോടികളെ ‘ഗ്രൗണ്ട് സ്റ്റേഷനുകളി’ലേക്ക് അയക്കും. ഒരെണ്ണം ബെയ്ജിങ്ങിലേക്കും മറ്റൊന്ന് വിയന്നയിലെ സ്റ്റേഷനിലേക്കും. ഈ ഫോട്ടോണുകള്‍ വഴി ഒരു സീക്രട്ട് ‘കീ’യ്ക്കും (എൻക്രിപ്റ്റ് ചെയ്ത സന്ദേശം വായിക്കുന്ന പരുവത്തിലാക്കാനും മറിച്ചാക്കാനുമെല്ലാം ‘കീ’ ആണു സഹായിക്കുക) രൂപം നൽകും. അതായത്, വിയന്നയിലെയും ബെയ്ജിങ്ങിലെയും ഗ്രൗണ്ട് സ്റ്റേഷനുകളിലുള്ളവർക്കു മാത്രമേ ഈ ‘കീ’ ഉപയോഗിച്ച് ഡേറ്റ അയക്കാനും വായിക്കാനുമാകൂ. അതിനിടയ്ക്ക് ആരെങ്കിലും ഡേറ്റ അടിച്ചുമാറ്റാൻ ശ്രമിച്ചാൽ ആ ഫോട്ടോൺയാത്ര അലങ്കോലപ്പെടും. രണ്ട് ഫോട്ടോണുകളും പരസ്പരം എൻടാങ്കിൾ ചെയ്യപ്പെട്ടിരിക്കുന്നതിനാൽ ഏതെങ്കിലും ഒരു ഗ്രൗണ്ട് സ്റ്റേഷനിൽ സിഗ്നൽ തടസ്സപ്പെട്ടതിന്റെ അറിയിപ്പു ലഭിക്കും. എവിടെ നിന്നാണ് ഹാക്കറുടെ ആക്രമണമുണ്ടായതെന്നു വരെ തിരിച്ചറിയാനാകും. ഇത്തരത്തിൽ ‘ഫ്രീ-സ്പെയ്സ് ക്വാണ്ടം എന്‍ടാങ്കിള്‍മെന്റ് ഡിസ്ട്രിബ്യൂഷൻ’ സാങ്കേതികതയിലെ പുതുപരീക്ഷണങ്ങളാണ് ബഹിരാകാശത്ത് ചൈന നടത്തുക. സാറ്റലൈറ്റും ഗ്രൗണ്ട് സ്റ്റേഷനുകളും തമ്മിലൊരു ‘ലോങ് ഡിസ്റ്റൻസ് ക്വാണ്ടം കമ്യൂണിക്കേഷൻ നെറ്റ്‌വർക്ക്’ സ്ഥാപിക്കാനാണു ശ്രമമെന്നർഥം. മികച്ച സുരക്ഷ മാത്രമല്ല ഇതുവഴി വൻവേഗതയിലുള്ള ട്രാൻസ്മിഷനും സാധ്യമാകും. 

chinasquantu

നിലവിൽ നിന്ന് എന്തു മാറ്റമുണ്ടാകും?

എൻടാങ്കിൾ ചെയ്യപ്പെട്ട ഫോട്ടോൺ കണികകൾ ഒരേ സ്വഭാവം പ്രകടിപ്പിക്കുമെന്നാണല്ലോ പറയുന്നത്! പരസ്പരം അതെത്ര ദൂരത്താണെങ്കിലും അങ്ങനെയാണെന്നു വരുത്തിത്തീര്‍ക്കാനാണു ഗവേഷകരുടെ ശ്രമം. നിലവിൽ 300 കി.മീ ദൂരത്തിനപ്പുറത്തേക്ക് ഇതു സാധ്യമാകില്ലെന്നാണ് പറയപ്പെടുന്നത്. ഭൗമാന്തരീക്ഷത്തിലൂടെയോ ഒപ്റ്റിക്കൽ ഫൈബറിലൂടെയോ ഉള്ള യാത്രയ്ക്കിടയിൽ ഫോട്ടോണുകൾ ചിതറിപ്പോകാനും ആഗിരണം ചെയ്യപ്പെടാനും സാധ്യതയുള്ളതിനാലാണ് ഇത്. എന്നാൽ ബഹിരാകാശത്തിലൂടെയാണെങ്കിൽ യാത്ര ‘സ്മൂത്ത്’ ആയിരിക്കുമെന്നാണു കരുതുന്നത്. അതിനാൽത്തന്നെ 1200 കി.മീ. ദൂരത്തിലാണെങ്കിൽ പോലും എൻടാങ്കിൾഡ് ഫോട്ടോണുകൾ ഒരേ സ്വഭാവം പ്രകടിപ്പിക്കും. പരീക്ഷണം വിജയമായാൽ ക്വാണ്ടം മെക്കാനിക്സിലെ നിർണായക കണ്ടെത്തലായിരിക്കും അത്. 

അമേരിക്ക മാത്രമല്ല കാനഡ, ജപ്പാൻ, ഇറ്റലി, സിംഗപ്പൂർ എന്നീ രാജ്യങ്ങളും ക്വാണ്ടം എന്‍ക്രിപ്ഷൻ വഴിയുള്ള ‘സുരക്ഷാഫ്രീ’ സുരക്ഷാനെറ്റ്‌വർക്ക് സ്ഥാപിക്കാൻ ഗവേഷണം ആരംഭിച്ചിട്ടുണ്ട്. രാജ്യാന്തര സ്പെയ്സ് സ്റ്റേഷനിലും വൈകാതെ ഇതുമായി ബന്ധപ്പെട്ട പരീക്ഷണം നടക്കും. ചൈനയുടെ പദ്ധതി വിജയിച്ചാൽ പിന്നെ ആ മാതൃക പിന്തുടർന്നാൽ മതി മറ്റു രാജ്യങ്ങൾക്ക്. അതോടെ ആകെ 20 ക്വാണ്ടം സാറ്റലൈറ്റുകൾ മതി, ലോകം മുഴുവനും ഏതു ഡേറ്റയും സുരക്ഷിതമായി അയക്കാം. അതേസമയം തന്നെ ഈ വാർത്ത പുറത്തുവന്നതിനു പിറകെ ക്വാണ്ടം എൻക്രിപ്ഷനിങ്ങിലെ സുരക്ഷാപഴുതുകളെപ്പറ്റി എത്തിക്കൽ ഹാക്കർമാരും വിവരങ്ങൾ പുറത്തുവിട്ടു തുടങ്ങിയിട്ടുണ്ട്.