Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബഹിരാകാശ വിപണി: ഐഎസ്ആർഒയുടേത് അദ്ഭുത നേട്ടം, IRNSS-1H ഉടൻ വിക്ഷേപിക്കും

pslv-c37

ബഹിരാകാശ രംഗത്തെ ഇന്ത്യന്‍ പടക്കുതിരയായ പിഎസ്എല്‍വിയുടെ അടുത്ത വിക്ഷേപണം ഈ മാസം അവസാനമുണ്ടാകും. പിഎസ്എല്‍വി സി 39 റോക്കറ്റാണ് ഓഗസ്ത് അവസാനത്തോടെ പറന്നുയരുക. വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം ഡയറക്ടര്‍ കെ ശിവനാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയുടെ നാവിഗേഷൻ സാറ്റ്‌ലൈറ്റ് ഐആര്‍എന്‍എസ് -1എച്ചിനെയാണ് പിഎസ്എല്‍വി സി 39 റോക്കറ്റ് ഭ്രമണ പഥത്തിലെത്തിക്കുക. ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 2ന്റേയും ജിഎസ്എല്‍വി മാര്‍ക്ക് 3 യുടേയും ഗവേഷണങ്ങള്‍ പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. 

ലോകത്തെ തന്നെ ഏറ്റവും വിശ്വസ്തമായ റോക്കറ്റെന്നാണ് ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി വിശേഷിപ്പിക്കപ്പെടുന്നത്. 1993 സെപ്തംബര്‍ 20ന് നടത്തിയ ആദ്യ പിഎസ്എല്‍വി വിക്ഷേപണം പരാജയമായിരുന്നു. പിന്നീടിന്നു വരെ ഒരു പിഎസ്എല്‍വി വിക്ഷേപണം പോലും പരാജയപ്പെട്ടിട്ടില്ലെന്നത് ശ്രദ്ധേയം. 24 വര്‍ഷങ്ങളില്‍ നടത്തിയ 39 വിക്ഷേപണങ്ങളില്‍ ഒന്നൊഴികെ എല്ലാം വിജയം. 

1800 കിലോഗ്രാം വരെ ഭാരമുള്ള കൃത്രിമോപഗ്രഹങ്ങള്‍ വിക്ഷേപിക്കാനാണ് പിഎസ്എല്‍വി നിര്‍മിച്ചത്. ആറ് ബൂസ്റ്റര്‍ റോക്കറ്റുകള്‍ ഘടിപ്പിച്ച നാല് ഘട്ടങ്ങളാണ് വിക്ഷേപണത്തിലുണ്ടാവുക. 20 നില കെട്ടിടത്തിന്റെ ഉയരവും (44 മീറ്റര്‍) 350 ടണ്‍ ഭാരവും പിഎസ്എല്‍വിക്കുണ്ട്. 1999 മുതല്‍ വ്യാവസായിക വിക്ഷേപണങ്ങള്‍ ആരംഭിച്ച പിഎസ്എല്‍വി ഈ മേഖലയില്‍ വലിയ നേട്ടങ്ങള്‍ കൈവരിച്ചു. കുറഞ്ഞ ചിലവില്‍ കൃത്യതയോടെ ഉപഗ്രഹം എത്തിക്കുന്ന പിഎസ്എല്‍വിയുടെ വിശ്വാസ്യത തന്നെയാണ് ഏറ്റവും വലിയ മുതല്‍ക്കൂട്ട്. 

ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പറേഷന്‍ ഇന്ന് വന്‍ ലാഭം നേടിത്തരുന്ന പൊതുമേഖലാ സ്ഥാപനമായതില്‍ പിഎസ്എല്‍വിക്കുള്ള പങ്ക് ചെറുതല്ല.