Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യോമ സുരക്ഷയ്ക്ക് ഇന്ത്യയുടെ ‘ഗഗാൻ’ നിർബന്ധം, വിമാനങ്ങൾക്ക് ഇനി വഴിതെറ്റില്ല!

plane-track

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വ്യോമ ഗതാഗത നിയന്ത്രണ സംവിധാനമായ ഗഗാൻ (ജിഎജിഎഎൻ) ഉപയോഗം വ്യാപകമാക്കുന്നു. 2019 ജനുവരി ഒന്നു മുതൽ രാജ്യത്തു റജിസ്റ്റർ ചെയ്യുന്ന വിമാനങ്ങൾ ഗഗാൻ സംവിധാനം ഉപയോഗിക്കാവുന്നവയാക്കണമെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ ഉത്തരവിട്ടു. 

ഇന്ത്യൻ സ്പേസ് റിസർച് ഓർഗനൈസേഷനും (ഐഎസ്ആർഒ) എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) യും സംയുക്തമായി ഇന്ത്യൻ വ്യോമമേഖലയ്ക്കു വേണ്ടി വികസിപ്പിച്ച വ്യോമഗതാഗത നിയന്ത്രണ സംവിധാനമാണ് ജിപിഎസ് എയ്ഡഡ് ജിയോ ഓഗ്‌മെൻഡഡ് നാവിഗേഷൻ അഥവാ ഗഗാൻ. 

ഓസ്ട്രേലിയ മുതൽ ആഫ്രിക്ക വരെ വരുന്ന വ്യോമമേഖലയിൽ ഗഗാൻ ഉപയോഗപ്പെടുത്താനാകും. കൂടുതൽ ദേശങ്ങളിലേക്ക് വേണമെങ്കിൽ ഇതിന്റെ പരിധി വ്യാപിപ്പിക്കാനുമാകും. മറ്റു രാജ്യാന്തര വ്യോമഗതാഗത നിയന്ത്രണ സംവിധാനങ്ങളായ അമേരിക്കയുടെ ഡബ്ല്യുഎഎഎസ്, യൂറോപ്യൻ യൂണിയന്റെ ഇജിഎൻഒഎസ്, ജപ്പാന്റെ എംഎസ്എഎസ് തുടങ്ങിയ സംവിധാനങ്ങളോടു ചേർന്നു പ്രവർത്തിക്കാനും ഇതിനു കഴിയും. 

വ്യോമഗതാഗത നിയന്ത്രണ രംഗത്ത് കൂടുതൽ കൃത്യത, ലഭ്യത, മറ്റു സംവിധാനങ്ങളുമായിച്ചേർന്നുള്ള പ്രവർത്തനക്ഷമത എന്നിവ ഉറപ്പു വരുത്തുന്നതിനാണ് ഗഗാൻ വികസിപ്പിച്ചെടുത്തത്. ഇന്ത്യയുടെ ഉപഗ്രഹങ്ങളായ ജിഎസ്എടി–8, 10 എന്നിവ വഴിയാണ് ഇവയുടെ പ്രവർത്തനം. 

ജിഎസ്എടി–15 വഴി ഗഗാന്റെ മൂന്നാമതൊരു പതിപ്പു കൂടി 2015ൽ ഇന്ത്യ വ്യോമപഥത്തിലെത്തിച്ചിട്ടുണ്ട്.  2013 ഡിസംബർ മുതലാണ് വ്യോമഗതാഗതത്തിനായി ഗഗാൻ ഉപയോഗപ്പെടുത്താനാരംഭിച്ചത്. 2008 മുതൽ ആരംഭിച്ച പദ്ധതി 774 കോടി രൂപയുടേതാണ്. രാജ്യത്താകെ എട്ടു കേന്ദ്രങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന എട്ടു റഫറൻസ് സ്റ്റേഷനുകളും ബെംഗളൂരുവിലെ മാസ്റ്റർ കൺട്രോൾ സംവിധാനവും വഴിയാണിതിന്റെ പ്രവർത്തനം. റഫറൻസ് സ്റ്റേഷനുകൾ ഡൽഹി, ഗുവാഹത്തി, കൊൽക്കത്ത, അഹമ്മദാബാദ്, തിരുവനന്തപുരം, ബെംഗളൂരു, ജമ്മു, പോർട് ബ്ലെയർ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലാണ് സ്ഥാപിച്ചിരിക്കുന്നത്. 

ഗഗാൻ പൂർണതോതിൽ സജ്ജമാക്കിയ ശേഷം ഇതിലധിഷ്ഠിതമായ ഒരു വിമാന നിയന്ത്രണ സംവിധാനം സജ്ജമാക്കി. മറ്റു രാജ്യങ്ങൾ വികസിപ്പിച്ച സമാന സംവിധാനങ്ങളുമായി ചേർന്നു പ്രവർത്തിക്കുമെന്നതിനാൽ എല്ലാ ഭൂമേഖലകളിലും പ്രവർത്തനക്ഷമമാണ്. ട്രാൻസ്പോൻഡറുകളും ഡിഷ് ആന്റിനകളും വഴിയാണു സിഗ്നലുകൾ നൽകുന്നത്. 

റൺവേയിലേക്ക് പറന്നിറങ്ങുന്ന വിമാനത്തിന് അപകടമില്ലാതെ ഇറങ്ങത്തക്ക വിധത്തിൽ റൺവേ കൂടുതൽ കൃത്യതയോടെയും വ്യക്തമായും മനസ്സിലാക്കാൻ ഈ സംവിധാനം വഴി പൈലറ്റിനു കഴിയും. ഇന്ത്യയിലെ 80 വിമാനത്താവളങ്ങളിലും ഇരുനൂറോളം വരുന്ന നാവിക വിമാനത്താവളങ്ങളിലും ഇതിന്റെ സേവനം പ്രയോജനപ്പെടുത്താം. 500 വിമാനത്താവളങ്ങൾക്കു വരെ പ്രയോജനപ്പെടുത്താവുന്ന വിധത്തിലാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. ‌