Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിമ്മിന്റെ ഹൈഡ്രജൻ ബോംബ് പരീക്ഷണം: ഭൂമി പിളരുമോ? ചൈനയിലെ ലക്ഷങ്ങൾ ഭീതിയിൽ!

h-bomb

ഉത്തരകൊറിയ ആറാം ആണവപരീക്ഷണം കൂടി നടത്തിയതോടെ ഭൂമി പിളർന്ന് അതിര്‍ത്തിയിലെ അഗ്നിപര്‍വ്വതം പൊട്ടിത്തെറിക്കുമെന്ന ഭീതിയിലാണ് ചൈന. കഴിഞ്ഞ ദിവസങ്ങളിൽ ചൈനീസ് മാധ്യമങ്ങളിൽ ഇത് സംബന്ധിച്ചുള്ള മുന്നറിയിപ്പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വൻ പ്രഹരശേഷിയുള്ള ഹൈഡ്രജൻ ബോംബാണ് ഉത്തരകൊറിയ പരീക്ഷിച്ചത്. ജപ്പാനിലെ ഹിരോഷിമയിൽ യുഎസ് ബോംബർ വിമാനങ്ങൾ വർഷിച്ച ‘ലിറ്റിൽ ബോയ്’ അണുബോംബിന്റെ (15 കിലോ ടൺ) എട്ടിരട്ടി (120 കിലോ ടൺ) സംഹാരശേഷിയുള്ളതാണ് ഈ ബോംബ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭൂചലനമാപിനികളിൽ ഉത്തരകൊറിയൻ അതിർത്തിയിലെ സ്ഫോടനം 6.3 തീവ്രതയാണ് രേഖപ്പെടുത്തിയത്. 

ആണവപരീക്ഷണം മൂലം ഭൂമിക്കടിയിലേക്കുണ്ടാകുന്ന വന്‍ ഊര്‍ജ്ജപ്രവാഹം മറ്റൊരു വൻ ദുരന്തത്തിനു കാരണമാകുമെന്നാണ് ചൈനീസ് മാധ്യമങ്ങൾ മുന്നറിയിപ്പ് നല്‍കുന്നത്. ഹൈഡ്രജൻ ബോംബ് സ്ഫോടനം 6.3 തീവ്രത രേഖപ്പെടുത്തിയതിന്റെ അനന്തരഫലമായി ഉത്തരകൊറിയ–ചൈന അതിർത്തിയിലെ അഗ്നിപര്‍വ്വതം പൊട്ടിത്തെറിക്കുന്നതിലേക്ക് നയിക്കുമെന്നാണ് കരുതപ്പെടുന്നത്. ഉത്തരകൊറിയ ആറാമത് ആണവ പരീക്ഷണം നടത്തിയതോടെ ചൈനയെ കൂടുതല്‍ ആശങ്കയ്ക്കിടയാക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. 

ചൈന ഉത്തരകൊറിയ അതിര്‍ത്തിയിലെ അഗ്നിപര്‍വ്വതമായ മൗണ്ട് പേക്ടു വൈകാതെ തന്നെ പൊട്ടിത്തെറിക്കുമെന്നാണ് കരുതപ്പെടുന്നത്. ചൈനക്കാര്‍ ഈ പര്‍വ്വതത്തെ ചാങ് ബെയ്ഷാന്‍ എന്നാണ് വിളിക്കുന്നത്. അങ്ങനെയൊരു ദുരന്തം സംഭവിച്ചാല്‍ ചൈനയിലേയും ഉത്തരകൊറിയയിലേയും പതിനായിരങ്ങള്‍ക്ക് ജീവന്‍ നഷ്ടമാവുമെന്നാണ് കരുതപ്പെടുന്നത്. കിം ജോങ് ഉന്നിന്റെ ആണവ പരീക്ഷണം ഇത്തരമൊരു ദുരന്തത്തിലേക്ക് നയിക്കുമെന്ന ആശങ്ക ചൈനക്ക് നേരത്തെ തന്നെയുണ്ട്.  

ഈ അഗ്നിപര്‍വ്വതത്തിന്റെ നൂറ് കിലോമീറ്റര്‍ പരിധിയില്‍ 16 ലക്ഷം മനുഷ്യര്‍ താമസിക്കുന്നുണ്ട്. വടക്കന്‍ കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രമായ പുന്‍ഗ്യീ രിയില്‍ നിന്നും വെറും 115-130 കിലോമീറ്റര്‍ അകലെയാണ് ഈ അഗ്നിപര്‍വ്വതമുള്ളത്. ഉത്തരകൊറിയക്കാര്‍ക്ക് ചരിത്രപരമായി തന്നെ വലിയ പ്രാധാന്യമുള്ള പര്‍വ്വതമാണ് മൗണ്ട് പേക്ടു. ആദ്യ കൊറിയന്‍ രാജവംശത്തിന്റെ സ്ഥാപകനായ ഡാന്‍ഗുണിന്റെ ജന്മഗ്രാമം ഈ മലനിരകളിലാണെന്നാണ് കരുതപ്പെടുന്നത്.  

paektu

അതേസമയം, ഈ അഗ്നിപര്‍വ്വതത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറം ലോകത്തിന് ലഭ്യമല്ല. ഉത്തരകൊറിയ ഏറ്റവും ഒടുവിലായി പരീക്ഷിച്ച ആണവായുധം 120 കിലോ ടൺ ശേഷിയുള്ളതാണ്. ഇതേ ശേഷിയില്‍ ആണവപരീക്ഷണം നടത്തിയാല്‍ അഗ്നിപര്‍വ്വതം പൊട്ടിത്തെറിക്കുമെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു.

അഗ്നിപര്‍വ്വതമുഖത്തിന് പുറമേ ചെറു പുല്ലുകളും ശുദ്ധജല തടാകവും അടക്കം പ്രകൃതി സുന്ദരമായ പര്‍വ്വതമാണ് മൗണ്ട് പെക്ടു. ഉത്തരകൊറിയ ഭരിക്കുന്ന കിം കുടുംബത്തിന് അടുത്ത ബന്ധമുണ്ട് ഈ പര്‍വ്വതവുമായി. ഇവര്‍ തന്നെ പ്രചരിപ്പിക്കുന്ന കുടുംബചരിത്രത്തില്‍ പോലും പെക്ടു പര്‍വ്വതം പരാമര്‍ശിക്കപ്പെടുന്നു.  

ജാപ്പനീസ് അധിനിവേശക്കാലത്ത് കിം ഇല്‍ സുങ് ഒളിവു ജീവിതം നയിച്ചത് ഈ മലനിരകളിലായിരുന്ന. പെക്ടുവിലെ ഐതിഹാസിക നായകന്‍, പെക്ടുവിലെ അതീവബുദ്ധിശാലിയായ കമാന്‍ഡര്‍ എന്നൊക്കെയാണ് കിം ഇല്‍ സുങിനെ ഔദ്യോഗിക മാധ്യമം വിശേഷിപ്പിക്കുന്നത് തന്നെ. ഇത് പെക്ടു പര്‍വ്വതത്തിന് കൊറിയന്‍ സംസ്‌ക്കാരത്തിലുള്ള സ്വാധീനം തെളിയിക്കുന്നതാണ്.  

lava

ഉത്തരകൊറിയയുടെ ആദ്യത്തെ ആണവപരീക്ഷണം നടത്തിയ കിം ജോങ് ഇല്ലും പെക്ടുവിലാണ് ജനിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. അതേസമയം, ഇത് ശരിയല്ലെന്ന് വാദിക്കുന്ന ചരിത്രകാരന്മാരുമുണ്ട്. നിലവിലെ കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ കാലത്താണ് ആണവായുധ പദ്ധതി അതിവേഗതയിലായത്.