Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എക്സ്–37ബി വീണ്ടും ബഹിരാകാശത്ത്, റോക്കറ്റ് തിരിച്ചിറക്കി, ആർക്കുമറിയില്ല ആ വ്യോമ രഹസ്യം!

x-37b

അമേരിക്കൻ വ്യോമ സേനയുടെ മിക്ക നീക്കങ്ങളും നിഗൂഢവും രഹസ്യവുമായിരിക്കും. യുഎസ് വ്യോമസേനക്ക് ബഹിരാകാശത്ത് വരെ വൻ സാന്നിധ്യമുണ്ടെന്നത് രഹസ്യമായ പരസ്യമാണ്. ഇതിലൊന്നാണ് എക്സ്–37ബി എന്ന രഹസ്യ ബഹിരാകാശ പേടകം. സമാനമായ പേടകങ്ങൾ ബഹിരാകാശത്തു നിന്നു വരുന്നതും അവിടേക്ക് പോകുന്നതും കാണാം. എന്നാൽ ഈ പേടകത്തെ സംബന്ധിച്ചുള്ള രഹസ്യങ്ങളൊന്നും ഇന്നും ആർക്കുമറിയില്ല.

അതെ, എക്സ്–37ബി വീണ്ടും ബഹിരാകാശത്ത് എത്തി കഴിഞ്ഞു തിരിക്കുകയാണ്. പുതിയ രഹസ്യങ്ങൾ തേടി. സ്പേസ് എക്സിന്റെ ഫാൽക്കൽ 9 റോക്കറ്റാണ് എക്സ്–37ബി ബഹിരാകാശത്ത് എത്തിച്ചത്. പിന്നീട് വിജയകരമായി തന്നെ റോക്കറ്റ് ഭൂമിയിൽ തിരിച്ചിറക്കി.

ഈ പേടകം എല്ലാ റെക്കോർഡുകളും തകർത്ത് കഴിഞ്ഞ മേയിലാണ് ഭൂമിയിൽ ഇറങ്ങിയത്. 718 ദിവസം ബഹിരാകാശത്ത് ചെലവിട്ടാണ് പേടകം ഫ്ലോറിഡയിൽ വിജയകരമായി ലാൻഡ് ചെയ്തത്. ഭ്രമണപഥത്തിൽ ഏറ്റവും കൂടുതൽ സമയം ചെലവിട്ട ബഹിരാകാശ വിമാനം എന്ന റെക്കോർഡും നേരത്തെ മറികടന്നിരുന്നു. നിലവിലെ റെക്കോർഡ് 674 ദിവസമായിരുന്നു. മാർച്ച് 25നാണ് ഈ റെക്കോർഡ് തകർത്തത്. 

എന്താണ് എക്സ്–37ബി ?  

വർഷങ്ങളായി നമ്മുടെ തലയ്ക്കു മുകളിൽ ആ പേടകം സഞ്ചരിക്കുന്നുണ്ട്. എന്താണതിന്റെ ലക്ഷ്യം? ചാര ഉപഗ്രഹങ്ങളെ തകർക്കുകയോ? ബഹിരാകാശത്തു നിന്ന് ശത്രുരാജ്യത്തേക്കുള്ള നിരീക്ഷണമാണോ? അതോ പുത്തൻ ആയുധപരീക്ഷണമോ? ആർക്കും അറിയില്ല. കാരണം അത്രമാത്രം രഹസ്യാത്മകമായിട്ടാണ് എക്സ്-37 ബി എന്ന ആ ബഹിരാകാശ വിമാനത്തെ അമേരിക്ക വിന്യസിച്ചിരുന്നത്.   

ബഹിരാകാശത്തെ വിവിധ പരീക്ഷണങ്ങൾക്കുള്ള ‘ഓർബിറ്റർ ടെസ്റ്റ് വെഹിക്കിൾ’ എന്ന നിലയിൽ 1999ലാണ് എക്സ് 37 എന്ന പദ്ധതി നാസ ആരംഭിക്കുന്നത്. സ്പേസ് ഡ്രോൺ എന്നും ഈ വെഹിക്കിൾ അറിയപ്പെടുന്നു. അഞ്ചു വർഷത്തിനു ശേഷം പദ്ധതി യുഎസ് പ്രതിരോധ വകുപ്പിനു കൈമാറി. പക്ഷേ സാങ്കേതിക സഹായം നാസയുടേതാണിപ്പോഴും. എക്സ്-37 പദ്ധതി പ്രകാരം ഇതുവരെ നാലു സ്പേസ് ഡ്രോണുകൾ വിജയകരമായി വിക്ഷേപിച്ച് തിരിച്ചെത്തിച്ചു. റോക്കറ്റിലേറി വിക്ഷേപണവും തിരികെ വിമാനത്തിന്റേതിനു സമാനമായ ‘ലാൻഡിങ്ങു’മാണ് ഈ പേടകങ്ങളുടെ പ്രത്യേകത. കാഴ്ചയിൽ നാസയുടെ സ്പേസ് ഷട്ടിലിനെപ്പോലെയിരിക്കുമെങ്കിലും വളരെ ചെറുതാണിവ. അതിനാൽത്തന്നെ മനുഷ്യനെ വഹിച്ചുള്ള യാത്രയും സാധ്യമല്ല. 

എക്സ്-37 സീരീസിൽപ്പെട്ട അഞ്ചാമത്തെ പേടകമാണ് ബഹിരാകാശ വാസത്തിനായി കഴിഞ്ഞ ദിവസം തിരിച്ചത്. 29 അടിയാണ് നീളം, വീതി ഒൻപതര അടിയും. 4990 കിലോഗ്രാമാണ് ഭാരം. ഈ സ്പേസ് ഡ്രോണിന്റെ രൂപരേഖ നാസ ലഭ്യമാക്കിയിട്ടുണ്ട്. പക്ഷേ അകത്തുള്ള ഒരു കണ്ടെയ്നറിനോളം പോന്ന രഹസ്യ അറയെക്കുറിച്ചു മാത്രം വിവരമില്ല- Experiment bay എന്നു മാത്രമേയുള്ളൂ അതിനെക്കുറിച്ചു നൽകിയിരിക്കുന്ന വിവരം. 2015 മേയ് 20നാണ് യുഎസ് എയർഫോഴ്സിന്റെ പരീക്ഷണപദ്ധതിയായി എക്സ്-37 ബിയെ ബഹിരാകാശത്തേക്കയച്ചത്.   

ബോയിങ് കമ്പനി ആണ് എക്സ്-37ബിയുടെ നിർമാണം. ഭൂമിയിൽ നിന്ന് 177 മുതൽ 800 കിലോമീറ്റർ വരെ മാത്രം ഉയരത്തിലായിരുന്നു ഈ സ്പേസ് ഡ്രോണിന്റെ ഭ്രമണം. ഒട്ടേറെ രാജ്യങ്ങളുടെ കൂട്ടായ്മയിലുണ്ടായ രാജ്യാന്തര ബഹിരാകാശ നിലയമാകട്ടെ (ഐഎസ്എസ്) 350 കിലോമീറ്റർ ഉയരത്തിലുമാണ്. ഐഎസ്എസിലെ സകലവിവരങ്ങളും ലോകത്തിനു മുന്നിൽ വ്യക്തമാണെങ്കിലും എക്സ്-37 ബിയിലേക്കു മാത്രം അമേരിക്ക ആരെയും അടുപ്പിക്കുന്നില്ല. ‘ബഹിരാകാശ യുദ്ധ’ത്തിൽ അമേരിക്കയുടെ പ്രധാന എതിരാളിയായ ചൈനയ്ക്കു പോലും പിടിച്ചെടുക്കാനായിട്ടില്ല ഭൂമിയെ ചുറ്റുന്ന ഈ പേടകത്തിനകത്തെ രഹസ്യം എന്നു പറയുമ്പോഴാണ് ആ ‘സീക്രട്ടി’നെക്കുറിച്ചുള്ള സംശയങ്ങളേറുന്നത്.   

ചാരപ്രവർത്തനത്തിനുപയോഗിക്കുന്ന ഡ്രോണാണ് ഇതെന്നാണ് പ്രധാന സംശയം. ലോകം മുഴുവൻ നിരീക്ഷിക്കാനുള്ള അമേരിക്കൻ വഴികൾ കുപ്രസിദ്ധമാണെന്നതിനാൽ ഈ സംശയത്തെ ബലപ്പെടുത്തുന്ന തെളിവുകളും ഒട്ടേറെ. ബഹിരാകാശത്തു നിന്നു വിക്ഷേപിക്കാവുന്ന ബോംബുകളെപ്പറ്റിയുള്ള പരീക്ഷണമാണ് എക്സ്-37ബിയിൽ നടക്കുന്നതെന്നാണ് മറ്റൊരു തിയറി. പക്ഷേ ഇത് വെറുമൊരു ആരോപണം മാത്രമായിട്ടാണ് ശാസ്ത്രലോകം പോലും കരുതുന്നത്. ബഹിരാകാശത്തെ മറ്റ് കൃത്രിമ ഉപഗ്രഹങ്ങളെ നശിപ്പിക്കാനായുള്ള വഴിയായും ചിലരിതിനെ കണക്കാക്കുന്നുണ്ട്. പക്ഷേ അക്കാര്യം കൃത്യമായി ‘ട്രാക്ക്’ ചെയ്യാമെന്നതിനാൽ ആ വാദത്തിനും വലിയ കഴമ്പില്ല. ഈ സ്പേസ് ഡ്രോണിനകത്ത് ഒരു സ്പൈ സാറ്റലൈറ്റാണെന്ന വാദവും ശക്തമാണ്. കാരണം വിവിധ രാജ്യങ്ങളെ ഏറ്റവും കൃത്യമായി നിരീക്ഷിക്കാൻ നിലവിൽ വിന്യസിച്ചിരിക്കുന്ന സാറ്റലൈറ്റുകളുടെ അതേ ഭ്രമണപഥത്തിലാണ് എക്സ്-37ബിയുടെ സ്ഥാനം.   

ബഹിരാകാശത്തെ ‘അതിരു’വിട്ടുള്ള യാത്രയിൽ സാറ്റലൈറ്റുകൾക്ക് പരിമിതികളേറെയുണ്ട്. സ്പേസ് ഡ്രോണിനകത്ത് സാറ്റലൈറ്റ് ഒളിപ്പിച്ചു വിക്ഷേപിച്ചാൽ ആ പ്രശ്നം മറികടക്കാനാകും. അതിനു പക്ഷേ എത്രകാലം ബഹിരാകാശത്ത് തുടരാനാകും എന്നതാണറിയേണ്ടത്. ഈ Durability Test ആണ് നിലവിൽ നടക്കുന്നതെന്ന വാദവുമുണ്ട്. അതേസമയം പുതിയ പ്രൊപ്പൽഷൻ സംവിധാനങ്ങൾ പരീക്ഷിക്കുകയാണ് തങ്ങളുടെ പ്രധാനലക്ഷ്യമെന്നാണ് നാസയും യുഎസ് എയർഫോഴ്സും പലപ്പോഴായി നൽകിയിരിക്കുന്ന സൂചനകൾ. നിലവിൽ ‘ലൈറ്റ്സെയില്‍’ എന്ന സാങ്കേതികവിദ്യയാണ് എക്സ്-37 പേടകങ്ങളിൽ ഉപയോഗിക്കുന്നത്. സൂര്യനിൽ നിന്നുള്ള ഫോട്ടോണുകളുടെ മർദം ഉപയോഗപ്പെടുത്തിയാണ് ഈ സാങ്കേതികവിദ്യ പ്രകാരം സ്പേസ് ഡ്രോണ്‍ പ്രവർത്തിച്ചിരുന്നത്.   

ഇതുവരെ അയച്ചതിൽ കൂടുതൽ കാലം ബഹിരാകാശത്തു നിന്ന മറ്റൊരു പേടകം എക്സ്-37ന്റെ മൂന്നാം ദൗത്യമായിരുന്നു. യുഎസ്എ-240 എന്നു പേരിട്ട പദ്ധതിയിലെ പേടകം 2012 ഡിസംബർ 11ന് വിക്ഷേപിച്ച് 2014 ഒക്ടോബർ 17നു തിരിച്ചെത്തി- ആകെ 674 ദിവസങ്ങൾ. എക്സ്-37 ബി ഡ്രോൺ അതിനേക്കാളുമേറെ നാൾ നിലനിന്നു, 718 ദിവസങ്ങൾ. അതോടൊപ്പം തന്നെ നാസ പറയുന്നുണ്ട്- യുഎസിന്റെ ‘ദി എയർഫോഴ്സ് റാപിഡ് കേപബിലിറ്റീസ് ഓഫിസി’ന്റെ ചില advance materials ഉം ഡ്രോണിലുണ്ടെന്ന്. അതെന്താണെന്നു മാത്രം പക്ഷേ ചോദിക്കരുത്. മുൻപത്തെ മൂന്ന് ദൗത്യങ്ങളും പോലെ എക്സ്-37ബിയും ഭൂമിയിലേക്ക് ലാൻഡ് ചെയ്തിരിക്കുന്നു, ഒട്ടേറെ ബഹിരാകാശ രഹസ്യങ്ങളുമായിട്ടായി.  

related stories