Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആളിക്കത്തുന്ന ചിത്രങ്ങളുമായി അണയാൻ പോകുന്ന കാസിനി, 15ന് അന്ത്യനിദ്ര

cassini

സെപ്റ്റംബർ 15ന് അവസാനിക്കുന്ന ‘കാസിനി’ ദൗത്യത്തിൽനിന്ന് ശനിവലയങ്ങളുടെ അതിസമീപ ദൃശ്യങ്ങൾ ലഭിച്ചു. നാരോ ആംഗിൾ ക്യാമറ ഉപയോഗിച്ച് 76,000 കിലോമീറ്റർ അകലത്തിൽ നിന്നാണു ചിത്രങ്ങൾ കാസിനി പകർത്തിയത്. ജൂലൈ മാസത്തിലാണു പകർത്തിയതെങ്കിലും ഇപ്പോഴാണ് അയയ്ക്കുന്നത്. 

ശനിവലയങ്ങളി‍ൽ ഉള്ളിൽ നിന്നു മൂന്നാമത്തേതായ ബി വലയത്തിലെ ജാനസ് 2:1 എന്ന പിരിയൻ സാന്ദ്രതരംഗത്തിന്റെ (സ്പൈറൽ ഡെൻസിറ്റി വേവ്) ഘടന ചിത്രങ്ങളിൽ വ്യക്തമാണ്. ശനിയുടെ ഉപഗ്രഹങ്ങളിൽ വ്യത്യസ്തമായ ഭ്രമണരീതിയുള്ള ജാനസാണ് ഈ തരംഗത്തിനു കാരണം. സൗരയൂഥത്തിൽ ശനിക്കു മാത്രമുള്ള പ്രത്യേകതയാണു നിഗൂഢമായ വലയങ്ങൾ. ഹിമകണങ്ങളും പാറക്കഷണങ്ങളുമുൾപ്പെടെയുള്ള വസ്തുക്കൾ ചുറ്റും കറങ്ങുന്നതാണ് വലയമായി കാണുന്നത്.

20 വർഷം ചുറ്റികറങ്ങിയ കസീനിക്ക് 15ന് അന്ത്യനിദ്ര

ശനി ഗ്രഹത്തെക്കുറിച്ചുള്ള പഠനത്തിന് അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസി നാസയും യൂറോപ്യൻ സ്പേസ് അസോസിയേഷനും അയച്ച കസീനി പേടകം 15നു ദൗത്യം അവസാനിപ്പിക്കും. ഇന്ധനം തീരാറായ പേടകം ശനി വളയങ്ങളിലൂടെ തെന്നിയിറങ്ങി ഗ്രഹപ്രതലത്തിൽ ഇടിച്ചാണു തകരുക. 

ശനിയുടെ ഉപഗ്രഹമായ ടൈറ്റന്റെ ഗുരുത്വാകർഷണം ഉപയോഗിച്ചു ശനിയിലേക്കു കസീനിയെ തള്ളിവിടാനാണു ശാസ്ത്രജ്ഞരുടെ പദ്ധതി. തുടർന്ന് 22 ഭ്രമണങ്ങൾ പൂർത്തിയാക്കിയ ശേഷം ഗ്രഹപ്രതലത്തിലേക്ക് ഇടിച്ചിറങ്ങും. അന്ത്യയാത്രയ്ക്കിടയിലും ശനിയുടെ വലയങ്ങൾ തമ്മിലുള്ള അക‌ലത്തെക്കുറിച്ചുള്ള വിവരങ്ങൾ കസീനി ഭൂമിയിലേക്ക് അയച്ചുകൊണ്ടിരിക്കും. ഇന്ധനം തീർന്നശേഷം കസീനി ബഹിരാകാശത്ത് ഒഴുകി നടന്നാൽ ശനിയുടെ ഉപഗ്രഹങ്ങളായ ടൈറ്റനിലേക്കോ എൻസെലാദസിലേക്കോ ഇടിച്ചിറങ്ങാൻ സാധ്യതയുണ്ട്. വാസയോഗ്യമെന്നു കരുതപ്പെടുന്ന ഈ ഉപഗ്രഹങ്ങൾ മലിനപ്പെടാതിരിക്കാനാണ് ഉപഗ്രഹത്തെ വഴിതിരിച്ചുവിട്ട് ശനിയിലേക്ക് ഇടിച്ചിറക്കുന്നത്.  

∙ 20 വർഷങ്ങളുടെ പ്രയാണം  

ശനിയെക്കുറിച്ചും അതിന്റെ ഗ്രഹങ്ങളെക്കുറിച്ചുമുള്ള പഠന ദൗത്യങ്ങളിൽ നാലാമത്തേതായ കസീനി ശനിയെ ഭ്രമണം ചെയ്യുന്ന ആദ്യ ഉപഗ്രഹമാണ്. 1997 ഒക്ടോബറിൽ കേപ് കനവറലിൽനിന്നാണു കസീനി വിക്ഷേപിച്ചത്. 2004 ൽ ഗ്രഹത്തിന്റെ ഭ്രമണപഥത്തിലെത്തി. ശനിയുടെ പ്രതലത്തിൽ പഠനം നടത്താനായി ഹൊയ്ഗൻസ് എന്ന ലാൻഡർ പ്രോബും ഒപ്പം ഉണ്ടായിരുന്നു. 

ശനിയുടെ മണ്ഡലത്തിൽ 13 വർഷം പഠനഗവേഷണങ്ങളുമായി ചെലവഴിച്ച കസീനി മുഖ്യഉപഗ്രഹമായ ടൈറ്റനെക്കുറിച്ചു നൽകിയ വിവരങ്ങൾ വിസ്മയിപ്പിക്കുന്നതായിരുന്നു. ടൈറ്റനും മറ്റൊരു ഉപഗ്രഹമായ എൻസെലാദസും വാസയോഗ്യമാണെന്നു കണ്ടെത്തിയതും കസീനി തന്നെ. ശനിയുടെ വലയങ്ങളുടെ ത്രിമാന സ്വഭാവം, ഗ്രഹത്തിന്റെ ദക്ഷിണാർധത്തിലെ വമ്പൻ ചുഴലിക്കാറ്റ് തുടങ്ങിയവയുടെ വിവരങ്ങളും ഫോട്ടോകളും കസീനി ശാസ്ത്രജ്ഞർക്ക് അയച്ചുകൊടുത്തിരുന്നു. കസീനി അയച്ച 635 ജിബി യോളം ഡേറ്റ ഉപയോഗിച്ചു 4000 ശാസ്ത്ര ലേഖനങ്ങൾ എഴുതപ്പെട്ടു.

related stories