Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലിതുള്ളി ഇർമ, കടൽ മരുഭൂമിയായി, ഭയന്നുവിറച്ച് ജനം, നഗരങ്ങൾ പുഴയും, ഫ്ലോറിഡ നിശ്ചലം

ocean

ഫ്ലോറിഡയിലും സമീപ ദ്വീപുകളിലും ഇർമ ചുഴലിക്കാറ്റ് എല്ലാം തകർത്ത് മുന്നേറിയപ്പോൾ പ്രകൃതി ഒന്നടങ്കം മാറിമറിയുന്ന ദൃശ്യങ്ങളാണ് കണ്ടത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഫ്ലോറിഡി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ അപൂർവമായ പ്രതിഭാസങ്ങളാണ് ദൃശ്യമായത്. കടൽ ഉള്ളോട്ടു വലിഞ്ഞു, കിലോമീറ്ററുകളോളം മരുഭൂമിയായി കിടക്കുന്ന കാഴ്ച സോഷ്യൽമീഡിയ വിഡിയോകളിൽ കാണാം.

പണ്ട് സുനാമി ദുരന്തം സംഭവിച്ചപ്പോഴും കടൽ പിന്നോട്ടുവലിഞ്ഞിരുന്നു. എന്നാൽ ചില ഭാഗങ്ങളിൽ കടൽ കരയിലേക്ക് കയറുന്ന കാഴ്ചയും കാണാമായിരുന്നു. കഴിഞ്ഞ ദിവസം ഇര്‍മ ഒരുഭാഗത്ത് തകർത്ത് മുന്നേറുമ്പോൾ തന്നെ കടലിനെ ഓരോ നിമിഷവും പിന്നോട്ടു വലിച്ചു കൊണ്ടു പോകുന്ന ദൃശ്യം ജനങ്ങളെ ഭയപ്പെടുത്തി. ഈ പിൻമാറ്റം സുനാമിയുടെ സൂചന ആണെന്ന് പോലും ചിലർ ഭയന്നു.

വൻ ആഴമുള്ള കടൽതീരങ്ങൾ പോലും വരണ്ടു കിടക്കുന്ന ചിത്രങ്ങളും വിഡിയോയും സോഷ്യല്‍മീഡിയയില്‍ ലക്ഷക്കണിക്ക് പേരാണ് ഷെയർ ചെയ്യുന്നത്. കടൽ അപ്രത്യക്ഷമായി, ഇവിടെ ഇപ്പോൾ മരുഭൂമിയാണ്, ഭീതിയുണ്ട് എന്നെല്ലാം ട്വീറ്റുകളിൽ കാണാം. ബഹാമാസില്‍ കടല്‍ അപ്രത്യക്ഷമായി എന്ന ട്വീറ്റ് നിരവധി പേരാണ് റീട്വീറ്റ് ചെയ്തത്.

മണിക്കൂറുകൾക്ക് മുൻപ് കരയിലേക്ക് അടിച്ചുകയറിയിരുന്ന ആഴകടലിലൂടെ തീരദേശക്കാരും ടൂറിസ്റ്റുകളും ഭീതിയോടെ നടക്കുന്ന കാഴ്ചയും കാണാമായിരുന്നു. കടലും ബീച്ചും എല്ലാം ഒരുനിമിഷം മരുഭൂമിയെ പോലെ ആകുകയായിരുന്നു. പിന്നീട് രാത്രി ഏറെ വൈകിയാണ് ബഹാമാസ് ഭാഗത്തെ കടൽ തിരിച്ചെട്ടിയത്.

sea

അതേസമയം, ഇത് പുതിയ പ്രതിഭാസമല്ലെന്നും 'നെഗറ്റീവ് സര്‍ജ്' എന്നാണ് ഇത് അറിയപ്പെടുന്നതെന്നും ദേശീയ കാലാവസ്ഥാ സേവനകേന്ദ്രം അറിയിച്ചു. ഒരു ഭാഗത്ത് കടൽ പിന്നോട്ടു പോയെങ്കിൽ നഗരം ഒന്നടങ്കം പുഴയായി മാറിയിരുന്നു. വൻ പേമാരിയിലും കാറ്റിലും നഗരം വെള്ളത്തിലായി.