Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒടുവില്‍ ആ രഹസ്യം കണ്ടെത്തി, അവര്‍ കടലുകടന്നത് സൂര്യകാന്തക്കല്ലുമായി!

viking-glass

പണ്ട് കാലത്ത് നാവികര്‍ കടല്‍യാത്രകളില്‍ ദിശയറിയാന്‍ സൂര്യനേയും നക്ഷത്രങ്ങളേയുമാണ് കൂട്ടുപിടിച്ചത്. എന്നാല്‍ സൂര്യനെയും നക്ഷത്രങ്ങളെയും കാണാനാവാത്തവിധം നിബിഡമായ മഞ്ഞിലകപ്പെട്ടാലോ. അതായിരുന്നു വൈക്കിങ്ങുകള്‍ നേരിട്ട പ്രതിസന്ധി. ഈ പ്രതിസന്ധി അവര്‍ മറികടന്നത് സൂര്യകാന്തക്കല്ല് ഉപയോഗിച്ചായിരുന്നു. പൊട്ട് വെളിച്ചത്തെ പോലും ചിതറി തെറിപ്പിക്കാന്‍ ശേഷിയുളള കല്ലിന്റെ സഹായത്തോടെ അവര്‍ കടല്‍യാത്രകള്‍ നടത്തി. 

എട്ടാം നൂറ്റാണ്ടിന്റെ അവസാന കാലം മുതല്‍ പതിനൊന്നാം നൂറ്റാണ്ടിന്റെ ആദ്യ കാലഘട്ടം വരെ യൂറോപ്പിലെ പലഭാഗങ്ങളിലും പോരാളികളായും പര്യവേഷകരായും വ്യാപാരികളായും കടല്‍ക്കൊള്ളക്കാരായും ജീവിച്ചവരാണ് വൈക്കിങ്ങുകള്‍. നോര്‍സ് (സ്‌കാന്‍ഡിനേവിയന്‍) ജനതയിലെ ഒരു വിഭാഗമാണിവര്‍. ഇവര്‍ അതിസാഹസികമായി കടല്‍യാത്രകള്‍ നടത്തിയിരുന്നു. എന്നാല്‍ നിബിഡമായ മഞ്ഞിനിടയിലൂടെയുളള യാത്രകളില്‍ ദിശയറിയാന്‍ എന്താണ് ഉപയോഗിച്ചിരുന്നത് എന്നുളളത് അജ്ഞാതമായിരുന്നു. അതാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

viking-travel

ഹംഗറിയിലുളള ഇയോറ്റ്വോസ് ലോറണ്ട് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ വര്‍ഷങ്ങള്‍ നീണ്ട പഠനത്തിലാണ് പ്രകാശം പല ദിശയില്‍ ചിതറിക്കാന്‍ കഴിവുളള സൂര്യകാന്തക്കല്ല് അഥവാ സണ്‍സ്റ്റോണ് വൈക്കിങ്ങുകള്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയത്. കാല്‍ഷ്യം കാര്‍ബണേറ്റ് സ്ഥടികങ്ങളാണ് വൈക്കിങ്ങുകള്‍ ഉപയോഗിച്ചിരുന്നത്. ഇതിലൂടെ ധ്രുവീയ പ്രകാശത്തെ അരിച്ചെടുക്കാന്‍ അവര്‍ക്കു സാധിച്ചിരുന്നു. സണ്‍സ്റ്റോണിലൂടെ വരുന്ന പ്രകാശത്തെ ഒരു സോളാര്‍ കോമ്പസിന്റെ സഹായത്തോടെ കണക്കുകൂട്ടി സമയവും ദിശയും അവര്‍ മനസ്സിലാക്കി. 

ഡാനിഷ് പുരാവസ്തു ഗവേഷകനായ തോര്‍ഹില്‍ഡ് റംസ്‌കോയാണ് ആധുനിക ഗവേഷകരില്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. വൈക്കിങ്ങുകളിലെ കരകൗശലവിദഗ്ധര്‍ക്ക് ലഭ്യമായിരുന്ന വിവിധതരം കല്ലുകളെ കുറിച്ചായിരുന്നു തോര്‍ഹില്‍ഡ് റംസ്‌കോ അടങ്ങുന്ന ഗവേഷകസംഘം പഠനം നടത്തിയിരുന്നത്. മേഘങ്ങള്‍ക്കിടയില്‍പെട്ടാലും സൂര്യന്റെ പ്രകാശം പ്രതിഫലിപ്പിക്കാന്‍ കഴിയുന്ന കല്ലുകളെയാണ് അവര്‍ പരിശോധിച്ചത്. ഇതിന് വൈക്കിങ്ങുകള്‍ ജീവിച്ചിരുന്ന പ്രദേശത്തെ ലഭ്യമായ പലതരം സ്ഫടികക്കല്ലുകളും പരിശോധിച്ചു. ഇങ്ങനെയാണ് കാല്‍ഷ്യം കാര്‍ബണേറ്റ് സ്ഥടികക്കല്ലിലേയ്ക്ക് എത്തിയത്. 

viking

മധ്യകാല ചരിത്ര രേഖകളില്‍ ഇത്തരത്തിലുളള കല്ലുകള്‍ ദിശയറിയാന്‍ ഉപയോഗിച്ചിരുന്നതായി പരാമര്‍ശമുണ്ടെങ്കിലും അതുസംബന്ധിച്ച കൂടുതല്‍ തെളിവുകളൊന്നും ഇതുവരെയും കണ്ടെത്താനായിട്ടില്ല. മാത്രമല്ല സൂര്യകാന്തക്കല്ലിന്റെ അവശിഷ്ടങ്ങളോ വൈക്കിങ്ങുകള്‍ ഉപയയോഗിച്ചതായി പറയുന്ന സോളാര്‍ കോമ്പസിന്റെ എന്തെങ്കിലും ഭാഗങ്ങളോ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഏതായാലും പുതിയ കണ്ടെത്തല്‍ തുടര്‍പഠനങ്ങള്‍ക്ക് വഴികാട്ടിയാകുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍.