Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമേരിക്കന്‍ നയതന്ത്രജ്ഞര്‍ക്കു നേരെ സോണിക് ആക്രമണം, രക്തം വന്നു, എല്ലാം ദുരൂഹം!

sonic-attack

അമേരിക്കന്‍ നയതന്ത്രജ്ഞര്‍ക്കു നേരെ ക്യൂബയില്‍ വെച്ച് സോണിക് ആക്രമണം. എല്ലാം നടന്നത് രാത്രിയാണെന്നാണ് ഇരകള്‍ പറയുന്നത്. പലരും വിചിത്രമായ ശബ്ദങ്ങളോ വിറയലുകളോ അനുഭവിച്ചു. വലിയ മുഴക്കങ്ങളോ ചീവീടുകളുടേത് പോലുള്ള അസഹ്യമായ ശബ്ദങ്ങളോ ആണ് ഇവര്‍ കേട്ടത്. ഒരു മിനിറ്റോളം ഇത് നീണ്ടു നിന്നെന്നും ഇതിന് ശേഷം കേള്‍വിക്കുറവും ഓര്‍മക്കുറവും സംഭവിച്ചെന്നും ഇരകള്‍ പറയുന്നു. 

ഹവാനയിലെ ഒരു ഹോട്ടല്‍ മുറിയില്‍ തങ്ങുന്നതിനിടെയാണ് ഒരു നയതന്ത്ര ഉദ്യോഗസ്ഥന് എന്തോ വിചിത്ര ശബ്ദം അനുഭവപ്പെട്ടത്. അസ്വസ്ഥതയോടെ മുറിവിട്ട് പുറത്തെത്തിയപ്പോള്‍ ആ ശബ്ദം നിലച്ചു. മുറിയിലേക്ക് വീണ്ടും വന്നപ്പോള്‍ ശബ്ദം കേള്‍ക്കുകയും ചെയ്തു.

വിചിത്ര ശബ്ദങ്ങള്‍ കേട്ടവരും അല്ലാത്തവരും അനുഭവിച്ച പരിണിത ഫലങ്ങള്‍ ഏകദേശം തുല്യമായിരുന്നുവെന്നതും നടന്നത് സോണാര്‍ ആയുധങ്ങള്‍ കൊണ്ടുള്ള ആക്രമണമാണെന്ന സൂചന നല്‍കുന്നുണ്ട്. പലര്‍ക്കും മൂക്കില്‍ നിന്നും രക്തം വന്നു, ഛര്‍ദ്ദിയും തലവേദനയുമുണ്ടായി, തല കറങ്ങുന്നതുപോലെയും തോന്നി ചിലര്‍ക്ക് ചെറിയ തോതില്‍ തലച്ചോറിന് ക്ഷതമേല്‍ക്കുകയും കേള്‍വി നഷ്ടമാവുകയും ഓര്‍മശക്തി നശിച്ചതായി അനുഭവപ്പെടുകയും ചെയ്തു. ക്യൂബയില്‍ നിന്നും തിരിച്ചെത്തിയപ്പോള്‍ ഇവര്‍ക്ക് ഇത്തരം അനുഭവങ്ങള്‍ അവസാനിച്ചെന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു. 

അമേരിക്കയില്‍ നിന്നുള്ള 21 നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും കാനഡയില്‍ നിന്നുള്ള ചില ഉദ്യോഗസ്ഥര്‍ക്കുമാണ് വിചിത്രമായ അനുഭവമുണ്ടായത്. ഉപയോഗിച്ചത് ശബ്ദതരംഗങ്ങളെ ഉപയോഗിച്ചുള്ള സോണിക് ആയുധങ്ങളാണെന്ന് സൂചന നല്‍കുമ്പോഴും ആരാണ് ആക്രമണത്തിന് പിന്നിലെന്നത് സംബന്ധിച്ച് അമേരിക്കയ്ക്കും വ്യക്തമായ അറിവില്ല. 

ആര്‍ക്കും ജീവന്‍ നഷ്ടമായില്ലെങ്കിലും ഇവര്‍ക്ക് അനുഭവപ്പെടേണ്ടി വന്ന അവസ്ഥ ഭീതിജനകമാണ്. മാസങ്ങള്‍ക്കു ശേഷവും ഇരയാക്കപ്പെട്ടവര്‍ക്ക് ഏതെങ്കിലും കാര്യത്തില്‍ ശ്രദ്ധിക്കുക അസാധ്യമായിരിക്കുന്നു. അതി സാധാരണമായി ഉപയോഗിച്ചിരുന്ന വാക്കുകള്‍ പോലും ഓര്‍മയില്‍വരുന്നില്ല. ഈ സംഭവത്തെ തുടര്‍ന്നാണ് അമേരിക്ക ക്യൂബയുമായുള്ള ബന്ധം വീണ്ടും കൂടുതല്‍ കടുപ്പിച്ചത്. അമ്പത് വര്‍ഷത്തോളം നീണ്ട വൈര്യം അവസാനിപ്പിച്ച് അമേരിക്കയും ക്യൂബയും 2015ലാണ് നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചത്. 

അമേരിക്കയുടെ എഫ്ബിഐയും സിഐഎയും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റുമൊക്കെ കിണഞ്ഞ് പരശ്രമിച്ചിട്ടും എന്താണ് സംഭവിച്ചതെന്നത് സംബന്ധിച്ച് വ്യക്തത വരുത്താനായിട്ടില്ല. ഇത് അമേരിക്കയ്ക്ക് കൂടുതല്‍ തലവേദന സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ കഴിഞ്ഞ മാസം വരെ ഇത്തരം അനുഭവങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തുവെന്നതും അന്വേഷകരെ കുഴയ്ക്കുന്നു. 

ഒട്ടുമിക്ക നയതന്ത്ര ജീവനക്കാരും ക്യൂബ നല്‍കിയ വീടുകളിലാണ് താമസിച്ചിരുന്നത്. ഒരാള്‍ മാത്രമാണ് ഹവാനയിലെ ഹോട്ടലില്‍ തങ്ങിയത്. ഹോട്ടലില്‍ തങ്ങിയ ആള്‍ക്കും വീടുകളില്‍ താമസിച്ചവര്‍ക്കും ഒരേ അനുഭവമാണുണ്ടായത്. ഹോട്ടലില്‍ ഉണ്ടായിരുന്ന മറ്റ് താമസക്കാരില്‍ ആര്‍ക്കും ഇങ്ങനെ ഒരനുഭവം ഉണ്ടായിട്ടുമില്ല. 

ശബ്ദം കൊണ്ട് ഇത്തരമൊരു ആക്രമണം നടത്തുകയും എളുപ്പമല്ല. സൗതാംപ്ടണ്‍ സര്‍വ്വകലാശാലയിലെ ഗവേഷകരുടെ അഭിപ്രായത്തില്‍ ഇത്തരമൊരു ആക്രമണം 50 അടി അകലെ നിന്ന് നടത്തണമെങ്കില്‍ പോലും ഒരു കാറിന്റെ വലിപ്പമുള്ള സോണിക് ഉപകരണം വേണം. ഇനിയങ്ങനെയൊന്ന് ഉപയോഗിച്ച് ആക്രമണം നടത്തിയാല്‍ തന്നെ ആരായിരിക്കും അതിന് പിന്നില്‍. 

ക്യൂബന്‍ സര്‍ക്കാരിന് ഈ ആക്രമണത്തില്‍ പങ്കില്ലെന്ന് ഫിദലിന്റെ സഹോദരനും പ്രസിഡന്റുമായ റൗള്‍ കാസ്‌ട്രോ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. നീണ്ട കാത്തിരിപ്പിനു ശേഷം അമേരിക്കയുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപച്ചത് തന്നെ വലിയ നേട്ടമായി കരുതുന്ന ക്യൂബന്‍ ഭരണകൂടം ഇങ്ങനെയൊരു സാഹസത്തിന് മുതിരുമെന്ന് കരുതുകവയ്യ. ക്യൂബന്‍ സര്‍ക്കാരിലെ ഏതെങ്കിലും അട്ടിമറിക്കാരോ രഹസ്യാന്വേഷണ വിഭാഗമോ ആകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അമേരിക്കയുമായുള്ള ബന്ധം ശക്തിപ്പെടുന്നതോടെ സ്വാധീനം നഷ്ടമാകുമെന്ന തോന്നലാകാം ഇതിന് പിന്നില്‍. 

മറ്റൊരു പ്രധാന സംശയം നീളുന്നത് റഷ്യയുടെ മേലേക്കാണ്. ശീതയുദ്ധകാലത്ത് അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ക്യൂബയുമായി റഷ്യക്ക് ഇപ്പോഴും നല്ല ബന്ധമാണ്. അമേരിക്കയുമായി ക്യൂബ അടുക്കുന്നതിനെ റഷ്യ എതിര്‍ക്കാനുള്ള സാധ്യതയും തള്ളാനാകില്ല. ഇത്തരമൊരു ആക്രമണത്തിനുള്ള ശേഷിയുള്ള രാജ്യമാണ് റഷ്യയെന്നതും ശ്രദ്ധേയം. 

സംശയങ്ങള്‍ പലവിധമുണ്ടെങ്കിലും ആര്‍ക്കുമെതിരെ വ്യക്തമായ തെളിവ് അമേരിക്കയ്‌ക്കോ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച ക്യൂബക്കോ ലഭിച്ചിട്ടില്ല.