Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തരകൊറിയുടെ ഈ ആയുധം 90% അമേരിക്കക്കാരുടെയും ജീവനെടുക്കുമെന്ന് മുന്നറിയിപ്പ്

north-korea-emp

ഒക്ടോബർ 12ന് നടന്ന യുഎസ് ഭരണകൂട പ്രതിനിധികളുടെ ചർച്ചയിൽ പ്രധാനമായും ചർച്ച ചെയ്തത് ഉത്തരകൊറിയൻ ഭീഷണി തന്നെയാണ്. കിം ജോങ് ഉന്നിന്റെ പുതിയ നീക്കങ്ങളെ കുറിച്ചും അമേരിക്ക ഉൾപ്പെടുന്ന, ദക്ഷിണകൊറിയയുടെ യുദ്ധതന്ത്രങ്ങൾ ചോർന്നതും ചർച്ചയായി. ഇതിൽ പ്രധാനമായി ചർച്ച ചെയ്ത വിഷയമായിരുന്നു ന്യൂക്ലിയാർ ഇഎംപി ബോംബ്. കിം ജോങ് ഉന്നിന്റെ സാങ്കേതിക വിദഗ്ധർ ഇത്തരമൊരു ആയുധം പ്രയോഗിച്ചാൽ അമേരിക്കയിലെ 90 ശതമാനം പേരും കൊല്ലപ്പെടുമെന്നാണ് മുന്നറിയിപ്പ്.

ആണവ ഇഎംപി ബോംബ് സ്ഫോടനത്തിൽ നിന്നും ഏറ്റവും വലിയ അസ്വാസ്ഥ്യ ഭീഷണി ഉണ്ടായേക്കാമെന്നാണ് യുഎസ് ഹൗസ് പ്രതിനിധികൾ മുന്നറിയിപ്പ് നൽകിയത്. ഇങ്ങനെ ഒരു ദുരന്തം സംഭവിച്ചാൽ ഒരു വർഷത്തിനുള്ളിൽ 90 ശതമാനത്തോളം പേരെ ഇല്ലാതാക്കാൻ കഴിയും.

ആധുനിക ലോകത്ത് ഹൈഡ്രജൻ ബോംബിനേക്കാൾ ഭീഷണിയായ ആയുധമാണ് ഇഎംപി. റഷ്യ, ചൈന, ഇറാൻ, ഉത്തരകൊറിയ തുടങ്ങി രാജ്യങ്ങളുടെ കൈവശം ഇത്തരം ആയുധങ്ങൾ ഉണ്ടെന്നാണ് അമേരിക്കൻ സാങ്കേതിക വിദഗ്ധർ പറയുന്നത്. ഈ ആയുധമാണ് ഇലക്ട്രോമാഗ്നറ്റിക് പൾസ് (ഇഎംപി). ഹോളിവുഡ് സിനിമികളിൽ മാത്രം കണ്ടുപരിചയമുള്ള ഈ ആയുധം അതിഭീകരനാണ്.

ലോകത്തിനു തന്നെ ഭീഷണിയായ ഉത്തരകൊറിയക്ക് ഇഎംപി ആക്രമണത്തിനുള്ള ശേഷിയുണ്ടെന്ന് നേരത്തെ തന്നെ അമേരിക്കയിലെ ടെക് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. അത്തരമൊരു ആക്രമണം നേരിടാനുള്ള ശേഷി അമേരിക്കയ്ക്ക് പോലും ഇല്ലെന്നും സൂചനയുണ്ട്. ഒരു രാജ്യം ഒന്നടങ്കം, അല്ലെങ്കിൽ സമീപ രാജ്യങ്ങൾ വരെ ഇഎംപിയുടെ ദുരിതം അനുഭവിക്കേണ്ടിവരും. ഇത്തരമൊരു ആക്രമണം നടന്നാൽ എന്തൊക്കെ മുൻകരുതലുകൾ സ്വീകരിക്കണമെന്നത് സംബന്ധിച്ച് ഗവേഷകർ ഇപ്പോഴും പഠിച്ചുക്കൊണ്ടിരിക്കുകയാണ്. 

ലോകത്തെ 90 ശതമാനം സർവീസുകളും ഇലക്ട്രോണിക് സംവിധാനങ്ങളുടെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്. ഇഎംപി ആക്രണം നടന്നാൽ നിമിഷങ്ങൾക്കുള്ളിൽ എല്ലാ സാങ്കേതിക സംവിധാനങ്ങളും തകർന്ന് നിശ്ചലമാകും. വിമാനങ്ങൾ, വാഹനങ്ങൾ, ടെലി കമ്മ്യൂണിക്കേഷൻ, ട്രാഫിക്, എയർഫോഴ്സ്, മറ്റു ഡിഫൻസ് ആയുധങ്ങൾ അങ്ങനെ രാജ്യത്തെ ഒന്നടങ്കം ഇലക്ട്രോണിക് ഉപകരണങ്ങൾ പണിമുടക്കും. രാജ്യം ഇരുട്ടിലാകും. അങ്ങനെ സംഭവിച്ചാൽ ഒരു രാജ്യവും അവിടത്തെ ഭരണവും നിശ്ചലമാകും. 

അതേസമയം, ഇഎംപി ആക്രമണത്തെ നേരിടാൻ ശേഷിയുണ്ടെന്നാണ് യുഎസ് പ്രതിരോധ, സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത്. ഒരു ഇഎംപി ആക്രമണം രാജ്യത്താകമാനം വളരെ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഞങ്ങൾ തിരിച്ചറിയുന്നുണ്ട്, പക്ഷേ ആ വെല്ലുവിളി എത്രയാണെങ്കിലും നേരിടാൻ തയാറാണെന്നും അമേരിക്കൻ പ്രതിരോധ, സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. 

ആഴ്ചകൾക്ക് മുൻപാണ് കിം ജോങ് ഉൻ ഇഎംപി മുന്നറിയിപ്പ് നൽകിയത്. ഉത്തരകൊറിയൻ വാർത്താ ഏജൻസി പുറത്തുവിട്ട റിപ്പോർട്ടിൽ ഇഎംപി സൂചിപ്പിക്കുന്നുണ്ട്. ഇഎംപി ആക്രമണത്തിലൂടെ അമേരിക്കയെ ഇല്ലാതാക്കുമെന്നാണ് കൊറിയൻ മുന്നറിയിപ്പ്. ആകാശത്ത് വെച്ച് പൊട്ടിത്തെറിക്കുന്ന ഹൈഡ്രജൻ ബോംബിനൊപ്പമാണ് ഇഎംപിയും പ്രവർത്തിക്കുക. തുടർന്ന് ഇതിന്റെ പരിധിയിൽ വരുന്ന ഇലക്ട്രിക്കൽ ഗ്രിഡുകളുടെ ശേഷി ഇല്ലാതാക്കും. 

ഇഎംപിയെ കുറിച്ച് 2001ൽ അമേരിക്ക റിപ്പോർട്ട് തയാറാക്കിയിരുന്നു. റിപ്പോർട്ട് പ്രകാരം അമേരിക്കയ്ക്കു നേരെ ഇഎംപി ആക്രമണം നടന്നാൽ ഒരു വർഷത്തിനകം 90 ശതമാനം ജനങ്ങളും മരിച്ചുവീഴുമെന്നാണ് വ്യക്തമാക്കുന്നത്. ആശുപത്രികൾ, ജലം, മാലിന്യങ്ങൾ, ഗതാഗതം, ടെലികമ്മ്യൂണിക്കേഷൻസ്, എയർ കണ്ടീഷൻ, വൈദ്യസഹായം എന്നിവയെല്ലാം ഇല്ലാതാകും. ആക്രമണം സംഭവിച്ചതിനു ശേഷം ദിവസങ്ങളോ ആഴ്ചകളോ മാസങ്ങളോ കഴിഞ്ഞു മാത്രമേ പഴയ സ്ഥിതിയിലേക്ക് തിരിച്ചെത്താൻ കഴിയൂ. ഇതിനെല്ലാം പുറമെ റേഡിയേഷൻ കാരണം ജനങ്ങൾ മാറാരോഗങ്ങൾ അടിപ്പെടും. 

ഉത്തര കൊറിയയുടെ ഭീഷണിക്ക് പുറമെ, ഇറാൻ, റഷ്യ, ചൈന എന്നിവരും ഇഎംപി ആയുധത്തെ അവരുടെ സൈനിക സംവിധാനങ്ങളിൽ ഉൾപ്പെടുത്തിക്കൊണ്ടിരിക്കുന്നുവെന്നും വിദഗ്ധർ പറയുന്നു. ലോകത്തിന്റെ നിലനിൽപ്പ് അപകടത്തിലാണ്. എന്തും ചെയ്യാൻ മടിക്കാത്ത ഉത്തരകൊറിയ അമേരിക്കക്കെതിരെ ഇഎംപി ഉപയോഗിക്കുമെന്ന ഭീതിയിലാണ്. ഇത്തരം ആയുധങ്ങൾ മറ്റു ശത്രുക്കളുടെ കൈകളിലെത്താൻ സാധ്യതയുണ്ടെന്നും സാങ്കേതിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.