Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലപ്പുറത്തിന്റെ സ്വന്തം ‘ഐൻസ്റ്റീൻ’ അജിത്തിന് 64 ലക്ഷം രൂപയുടെ രാജ്യാന്തര അംഗീകാരം

p-ajith

ഗുരുത്വതരംഗങ്ങൾ കണ്ടെത്തിയ ലിഗോ സംഘത്തിലെ മലയാളി ഗവേഷകന് ഒരു ലക്ഷം ഡോളറിന്റെ (ഏകദേശം 64 ലക്ഷം രൂപ) ‌രാജ്യാന്തര അംഗീകാരം. മലപ്പുറം മേലാറ്റൂർ ചെമ്മാണിയോട് സ്വദേശി ഡോ. പി. അജിത് പരമേശ്വരനാണ് ഈ വലിയ അംഗീകാരം ലഭിച്ചത്. കനേഡിയൻ ഇൻസ്റ്റിറ്റ്യൂച്ച് ഫോര്‍ അഡ്വാൻസ്ഡ് റിസർച്ചിന്റെ ഗ്ലോബർ സ്കോളർ അംഗീകരമാണ് അജിതിനെ തേടിയെത്തിയത്.

ബെംഗളൂരു ഇന്റർനാഷണൽ സെന്റർഫോർ തിയറിറ്റിക്കൽ സയൻസിലെ ഫിസിക്സ് വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ് അജിത്. 15 പേർക്കാണ് പുരസ്കാരം. ഇതിൽ ഏക ഇന്ത്യക്കാരനും അജിത്താണ്.

ഗുരുത്വതരംഗം: മലപ്പുറത്തെ രണ്ടു ശാസ്ത്രപ്രതിഭകള്‍

ഗുരുത്വതരംഗങ്ങളുടെ സാന്നിധ്യം തെളിയിച്ച ശ്രദ്ധേയ കണ്ടുപിടിത്തത്തിൽ മലപ്പുറത്തിനു നക്ഷത്രശോഭ പകർന്നു ജില്ലക്കാരായ രണ്ടു ശാസ്ത്രപ്രതിഭകളുടെ പങ്കാളിത്തമുണ്ട്. മേലാറ്റൂർ ചെമ്മാണിയോട് സ്വദേശി ഡോ. പി. അജിത്, പൂക്കോട്ടൂർ പള്ളിപ്പടിയിലെ സി. മുഹമ്മദ് സലീം എന്നിവരാണ് ഇന്ത്യയിലിരുന്നുകൊണ്ട് ഈ ചരിത്രനേട്ടത്തിന്റെ ഭാഗമായത്. ആപേക്ഷികതാ സിദ്ധാന്തത്തിന്റെ ഭാഗമായാണ് ആൽബർട്ട് ഐൻസ്റ്റീൻ ഗുരുത്വ തരംഗം എന്ന ആശയം മുന്നോട്ടുവച്ചത്. കലിഫോർണിയയിലെ ലേസർ ഇന്റർഫെറോമീറ്റർ ഗ്രാവിറ്റേഷനൽ വേവ് ഒബ്സർവേറ്ററിയുടെ (ലിഗോ) നേതൃത്വത്തിൽ ഗുരുത്വ തരംഗവുമായി ബന്ധപ്പെട്ടു നടത്തിയ പരീക്ഷണത്തിൽ 15 രാജ്യങ്ങളിലെ ആയിരത്തോളംപേർ പങ്കാളികളായിരുന്നു.

അക്കൂട്ടത്തിൽ എട്ടു മലയാളികളും ഉൾപ്പെട്ടു. ബെംഗളൂരുവിലെ ഇന്റർനാഷനൽ സെന്റർ ഫോർ തിയററ്റിക്കൽ സയൻസസിൽ അധ്യാപകനാണ് അജിത്. ജർമനിയിൽനിന്ന് ഗ്രാവിറ്റേഷനൽ ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ കാലംമുതൽ അജിത് ലിഗോയുടെ ഒപ്പമുണ്ട്. ചെമ്മാണിയോട് ‘കാർത്തിക’യിൽ പരമേശ്വരൻ നമ്പൂതിരിയുടെയും നളിനിയുടെയും മകനായ അജിത് സ്കൂൾ പഠനം പൂർത്തിയാക്കിയതു മേലാറ്റൂർ ആർഎം ഹയർ സെക്കൻ‍ഡറിയിലാണ്. മണ്ണാർക്കാട് എംഇഎസിൽനിന്നു ഫിസിക്സിൽ ബിരുദവും കോട്ടയം എംജി സർവകലാശാലയിൽനിന്നു ബിരുദാനന്തരബിരുദവും നേടി.

തമോഗർത്തങ്ങൾ കൂട്ടിമുട്ടുമ്പോഴുണ്ടാകുന്ന തരംഗങ്ങളുടെ മാതൃക സൃഷ്ടിക്കുന്ന സംഘത്തിലായിരുന്നു ലിഗോയിൽ അജിത്തിന്റെ സേവനം. തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യൂക്കേഷൻ ആൻഡ് റിസർച്ചിൽ (ഐസർ) പിഎച്ച്ഡി ചെയ്യുകയാണു പൂക്കോട്ടൂർ പള്ളിപ്പടി അലവിയുടെയും ആമിനയുടെയും മകനായ സലീം. ഗുരുത്വ തരംഗങ്ങളിലാണു ഗവേഷണം. ഐസറിലെ അധ്യാപകർ വഴി ലിഗോയുടെ ഒപ്പംചേർന്നു.

gravity

കലിഫോർണിയയിലെ പരീക്ഷണശാലയിൽനിന്നു ലഭിക്കുന്ന ഡേറ്റ വിശകലനം ചെയ്യുന്ന ടീമിലാണു സലീമിന്റെ സ്ഥാനം. ലിഗോയുടെ കീഴിൽ വിവിധ സംഘങ്ങളായാണു ശാസ്ത്രസംഘം പ്രവർത്തിച്ചത്. ഓരോ ആഴ്ചയും ടെലികോൺഫറൻസിലൂടെ കാര്യങ്ങൾ ചർച്ച ചെയ്തു. ഒടുവിൽ വലിയ കണ്ടുപിടിത്തത്തിൽ എത്തിച്ചേരുകയും ചെയ്തു.