Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗരയൂഥത്തിൽ ആ ഒൻപതാം ‘നിഗൂഢ’ ഗ്രഹമുണ്ട്; കൃത്യമായ തെളിവുകളുമായി ഗവേഷകർ

9th-planet

2016 ജനുവരിയിൽ ‘ആസ്ട്രോണമിക്കൽ ജേണലിൽ’ വന്നൊരു പഠനറിപ്പോർട്ട് ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട് അതുവരെയുണ്ടായിരുന്ന ഒട്ടേറെ നിഗമനങ്ങളെയാണ് അട്ടിമറിച്ചത്. ഒരുപക്ഷേ പ്ലൂട്ടോയെ ‘കുള്ളൻഗ്രഹ’മായി തരം താഴ്ത്തിയതിനു ശേഷമുണ്ടായ ഏറ്റവും വിപ്ലവകരമായ ‘തിയറി’ കൂടിയായിരുന്നിരിക്കണം അത്. സൗരയൂഥത്തിലെ എട്ടാമത്തെ ഗ്രഹമായ നെപ്ട്യൂണിനും ഏറെ അപ്പുറത്ത്, കാണാമറയത്ത്, ഒരു കൂറ്റൻ ഗ്രഹമുണ്ടെന്നതായിരുന്നു ആ പഠനം. കാണാൻ സാധിക്കില്ലെങ്കിലും സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ സ്ഥാനത്തെ വരെ സ്വാധീനിക്കാൻ തക്ക ശക്തിയുള്ളതാണ് ആ ഗ്രഹമെന്നായിരുന്നു നിഗമനം. ഭൂമിയേക്കാളും പത്തുമടങ്ങ് വലുപ്പമുണ്ട് പ്ലാനറ്റ് 9 എന്നറിയപ്പെടുന്ന ആ ഗ്രഹത്തിന്. സൂര്യനിൽ നിന്ന് നെപ്ട്യൂൺ എത്ര അകലെയാണോ അതിനും പത്തുമടങ്ങ് ദൂരെയാണ് പുതിയ ഗ്രഹത്തിന്റെ സ്ഥാനമെന്നും കലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ രണ്ട് ഗവേഷകർ തങ്ങളുടെ പഠന റിപ്പോർട്ടിലൂടെ വാദിച്ചു. 

അവരിൽ ഒരാൾ, മൈക് ബ്രൗൺ, ആണ് പ്ലൂട്ടോയ്ക്ക് ഗ്രഹങ്ങളുടെ സ്വഭാവമില്ലെന്നും സൗരയൂഥത്തിൽ നിന്നു പുറത്താക്കി കുള്ളൻ ഗ്രഹമായി ‘തരംതാഴ്ത്തണ’മെന്നും ആവശ്യപ്പെട്ടിരുന്നത്. അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു. അന്ന് മൈക്കിനൊപ്പമുണ്ടായിരുന്ന കോൺസ്റ്റന്റൈൻ ബാറ്റിജിൻ എന്ന ഗവേഷകനാണ് ഇപ്പോൾ പുതിയ റിപ്പോർട്ടുമായെത്തിയിരിക്കുന്നത്. ഒൻപതാം അദൃശ്യ ഗ്രഹമുണ്ടെന്നത് ആദ്യത്തെ റിപ്പോർട്ടിൽ നിഗമനം മാത്രമായിരുന്നെങ്കില്‍ ഇത്തവണ കൃത്യമായ അഞ്ച് തെളിവുകളാണ് അദ്ദേഹം പുറത്തെത്തിച്ചിരിക്കുന്നത്. അദൃശ്യമാണ് ഈ അഞ്ചുതെളിവുകളും. പക്ഷേ ആ അഞ്ച് തെളിവുകളും ബഹിരാകാശത്ത് ഒരു ‘സിഗ്നേച്ചർ’ സാന്നിധ്യമായി നിലനിൽക്കുന്നുണ്ട്. 

ഗ്രഹങ്ങളുടെയും മറ്റ് ബാഹ്യാകാശ വസ്തുക്കളുടെയും ചലനങ്ങളെ സ്വാധീനിക്കുന്നതിലും ഇവയ്ക്ക് പങ്കുണ്ട്. നെപ്ട്യൂണിനപ്പുറത്തുള്ള ഒട്ടേറെ ബാഹ്യാകാശ വസ്തുക്കളുടെ (Trans-Neptunian objects) കൂട്ടങ്ങളെ നിരീക്ഷിച്ചാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്. നെപ്ട്യൂണിനപ്പുറത്തുള്ള ബഹിരാകാശത്തിന്റെ ഒരു ഭാഗത്തെ കിയ്പർ ബെൽറ്റ് എന്നാണു വിളിക്കുന്നത്. 2016ലെ റിപ്പോർട്ടിനു ശേഷം മേഖലയിൽ ഒട്ടേറെ പുതിയ ബഹിരാകാശ വസ്തുക്കളുടെ സാന്നിധ്യവും തെളിഞ്ഞിരുന്നു. അവയിൽ പലതും പ്ലാനറ്റ് 9ന്റെ ഗുരുത്വാകർഷണ ശക്തിയിലാണ് നിലനിൽക്കുന്നത് എന്നാണ് ഗവേഷകരുടെ നിഗമനം. തന്റെ റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ള അഞ്ച് അദൃശ്യ ശക്തികളും ഇല്ലെങ്കിൽ പിന്നെന്താണ് ബഹിരാകാശത്തെ ചില വസ്തുക്കളുടെയും സൗരയൂഥത്തിലെ ഗ്രഹങ്ങളുടെയും ചലനങ്ങളെ സ്വാധീനിക്കുന്നതെന്നാണ് ബാറ്റിജിന്റെ ചോദ്യം. 

മൈക്കിന്റെയും ബാറ്റിജിന്റെയും പഠനത്തിനു ശേഷം ഒട്ടേറെ പേരാണ് ടെലസ്കോപ്പുകളും കംപ്യൂട്ടേഷനൽ മോഡലുകളുമായി പ്ലാനറ്റ് നയന്റെ സാന്നിധ്യത്തിനു തെളിവു തേടിയത്. അടുത്തിടെ ഹവായിയിലെ ഒബ്സര്‍വേറ്ററിയിൽ അഞ്ചു ദിവസം പൂർണമായും വാനനിരീക്ഷണത്തിലായിരുന്നു മൈക്കും ബാറ്റിജിനും. തങ്ങൾക്ക് ആവശ്യമായ ആകാശത്തിന്റെ 20 ശതമാനവും നിരീക്ഷിച്ചെന്നും ഇവർ പറയുന്നു. മേഘങ്ങൾ പോലും ഇക്കാര്യത്തിൽ മാറി നിന്ന് സഹായിച്ചു. ഇതുവരെ ലഭിച്ച ഡേറ്റ തന്നെ വൻതോതിൽ അപഗ്രഥിച്ചെടുക്കാനുണ്ട്. അവ കൂടി കഴിഞ്ഞാൽ മാത്രമേ പ്ലാനറ്റ് 9ന്റെ സാന്നിധ്യത്തെപ്പറ്റി വ്യക്തമായ വിവരം ലഭിക്കുകയുള്ളൂ. 

എന്നാൽ ഈ അദൃശ്യഗ്രഹത്തിന്റെ ഭ്രമണപഥവും സൗരയൂഥത്തിലുള്ള അതിന്റെ സ്വാധീനവും സംബന്ധിച്ച് ഇതുവരെയുണ്ടായ ഏറ്റവും വ്യക്തമായ രേഖകളാണ് ബാറ്റിജിനും സഹപ്രവർത്തകരും പുറത്തുവിട്ടിരിക്കുന്നത്.  കഴിഞ്ഞ 170 വർഷമായി നെപ്ട്യൂണിനപ്പുറത്തെ വസ്തുക്കളെപ്പറ്റി പഠനം നടക്കുന്നു. അന്നുമുതൽ രേഖപ്പെടുത്തിയ വിവരങ്ങൾ പരിശോധിച്ചപ്പോഴും പല വസ്തുക്കളുടെയും ചലനത്തെപ്പറ്റി കൃത്യമായ വിവരം ലഭിച്ചു. അങ്ങനെയാണ് അവയെ നിയന്ത്രിക്കുന്ന, കൃത്യമായ ഭ്രമണപഥമുള്ള, ഒരു ഗ്രഹമുള്ളതിന്റെ സൂചനകളും ലഭിക്കുന്നത്. പക്ഷേ ആ ഗ്രഹത്തിന്റെ പ്രവർത്തനരീതി എപ്രകാരമാണെന്നത് ഇനിയും മരീചികയായി തുടരുകയാണ്.  കണ്ടുപിടിച്ചേ അടങ്ങുവെന്ന വാശിയിലാണ് ഗവേഷകരും.

related stories