Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഖി ചുഴലിക്കാറ്റിന്റെ ആകാശക്കാഴ്ച ഭീകരം, ലക്ഷദ്വീപുകൾ എവിടെ?

ockhi

ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപംകൊണ്ട ന്യൂനമര്‍ദത്തെ തുടർന്നു കേരളവും ലക്ഷദ്വീപും ഭീതിയിലാണ്. മണിക്കൂറിൽ ശരാശരി 100 കിലോമീറ്റർ വേഗത്തിൽ വീശുന്ന ഓഖി ചുഴലിക്കാറ്റിന്റെ അതിഭീകര ആകാശക്കാഴ്ചകളാണ് അമേരിക്കൻ ബഹിരാകാശ കേന്ദ്രം നാസ പുറത്തുവിട്ടത്.

നാസ–എൻഒഎഎയുടെ ഉപഗ്രഹമായ സൗമി എൻപിപി പകർത്തിയ ഓഖി ചുഴലിക്കാറ്റിന്റെ ചിത്രമാണ് കഴിഞ്ഞ ദിവസം നാസ പുറത്തുവിട്ടത്. ചിത്രത്തിൽ ലക്ഷദ്വീപുകൾ വ്യക്തമായി കാണുന്നില്ല. കേരളത്തിലെ ഒരു ഭാഗവും ശ്രീലങ്കയും ഓഖിയുടെ പരിധിയിലാണെന്ന് ചിത്രത്തിൽ നിന്ന് വ്യക്തമാണ്. 

പ്രദേശത്ത് ശക്തമായ ഇടിയും മിന്നലും ഉണ്ടെന്നും നാസയുടെ കുറിപ്പിൽ പറയുന്നുണ്ട്. തെക്കൻ കേരളത്തിൽ കനത്ത നാശനഷ്ടം വിതച്ച ഒാഖി ചുഴലിക്കാറ്റ് തീരം വിെട്ടങ്കിലും അടുത്ത 36 മണിക്കൂറിൽ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. മണിക്കൂറിൽ 80-100 കിലോമീറ്റർ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ നാലുമീറ്റർ ഉയരത്തിൽ തിരയടിക്കാൻ സാധ്യതയുണ്ട്.

അതേസമയം, നാസ ഉൾപ്പടെയുള്ള ബഹിരാകാശ ഏജൻസികൾ ഓഖി ചുഴലിക്കാറ്റിന്റെ നീക്കം നേരത്തെ കണ്ടെത്തിയിരുന്നെങ്കിലും ഐഎസ്ആർഒയുടെ ഭാഗത്തു നിന്ന് കാര്യമായ മുന്നറിയിപ്പ് ഉണ്ടായില്ല. ചുഴലിക്കാറ്റ് ശക്തമായതിനു ശേഷമാണ് മുന്നറിയിപ്പ് വന്നതെന്ന് ആരോപണമുണ്ട്.

കാലാവസ്ഥാ നിരീക്ഷണവുമായി ബന്ധപ്പെട്ട് ദിവസവും എട്ട് ഉപരിതല നിരീക്ഷണ മാപ്പുകളും ഡേറ്റകളും കേന്ദ്ര കാലാവസ്ഥാ വിഭാഗം പുറത്തുവിടാറുണ്ട്. ഹൈഡ്രജന്‍ ബലൂണുകളില്‍ റേഡിയോ ജിപിഎസ് ഉപകരണങ്ങൾ ഘടിപ്പിച്ചു മറ്റു സാങ്കേതിക സംവിധാനങ്ങളുടെയും സഹായത്തോടെയും ഉപരി-വായുമണ്ഡല നിരീക്ഷണങ്ങൾ നടത്താറുണ്ട്. എന്നിട്ടും ഒന്നും കണ്ടെത്താനായില്ലെന്നത് ഞെട്ടിപ്പിക്കുന്നതാണ്. മൽസ്യബന്ധനത്തിനു പോകുന്നവർക്ക് സമയത്തിന് കൃത്യമായ നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും നൽകേണ്ട കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്‍ വൻ പരാജയം തന്നെയാണ്.

ബുധനാഴ്ച വൈകീട്ട് തുടങ്ങിയ മഴയുടെ തീവ്രത മനസിലാക്കാന്‍ കാലാവസ്ഥാ വിഭാഗത്തിന് വ്യാഴ്ച്ച ഉച്ചവരെ വേണ്ടിവന്നു. കന്യാകുമാരി-ലങ്കന്‍ തീരത്ത് സംഭവിക്കുന്ന എല്ലാ ന്യൂനമര്‍ദ്ദങ്ങളുടെയും വ്യാപ്തിയും നീക്കവും തിരിച്ചറിയാല്‍ തുമ്പയില്‍ ഐഎസ്ആര്‍ഒയുടെ സംവിധാനങ്ങളുണ്ട്. വ്യോമസേന ആസ്ഥാനത്തും സംവിധാനങ്ങളുണ്ട്. എന്നാൽ മുന്നറിയിപ്പു നൽകുന്നതിൽ എല്ലാവരും പരാജയപ്പെട്ടു.

related stories