Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിക്ഷേപണത്തിന് പിന്നാലെ സാറ്റ്‌ലൈറ്റിന്റെ നിയന്ത്രണം നഷ്ടമായി, മാനം പോയി റഷ്യ

russian-sat

റഷ്യയുടെ ബഹിരാകാശ പദ്ധതികള്‍ക്ക് ക്ഷീണമായിക്കൊണ്ട് വിക്ഷേപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ സാറ്റ്‌ലൈറ്റിന്റെ നിയന്ത്രണം നഷ്ടമായി. അവരുടെ പുതിയ റോക്കറ്റ് വിക്ഷേപണത്തറയായ വോസ്‌റ്റോച്‌നിയില്‍ സംഭവിച്ച ഈ പിഴവ് ബഹിരാകാശ രംഗത്തെ വന്‍ശക്തിയായ റഷ്യക്ക് തിരുത്താനാകാത്തതാണ്. റഷ്യന്‍ ഉപഗ്രഹത്തിനൊപ്പം മറ്റു രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും തകര്‍ന്ന സൊയൂസ് റോക്കറ്റിലുണ്ടായിരുന്നുവെന്നത് തിരിച്ചടിയുടെ ആഴം വര്‍ധിപ്പിക്കുന്നു. 

മെറ്റഡോര്‍ എം2-1 എന്ന കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹത്തിന്റെ വിക്ഷേപണമാണ് പരാജയപ്പെട്ടത്. അഞ്ചുവര്‍ഷത്തെ കാലാവധി കണക്കാക്കിയിരുന്ന മെറ്റഡോര്‍ എം2-1 ഉപഗ്രഹത്തിന്റെ വിക്ഷേപണ പരാജയം റഷ്യക്ക്  വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസ് വിക്ഷേപണം പരാജയമായിരുന്നുവെന്ന വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. മുന്‍ നിശ്ചയിച്ച ഭ്രമണപഥത്തിലേക്ക് മെറ്റഡോര്‍ എം2-1ന് എത്താനായില്ലെന്നും ഉപഗ്രഹവുമായുള്ള നിയന്ത്രണം നഷ്ടമായെന്നും റോസ്‌കോസ്‌മോസ് അറിയിച്ചു. എന്താണ് പരാജയത്തിന്റെ യഥാര്‍ഥ കാരണമെന്നത് സംബന്ധിച്ച അന്വേഷണങ്ങള്‍ നടന്നുവരികയാണ്. 

കസാക്കിസ്ഥാനിലെ ബൈകോനൂരില്‍ നിന്നാണ് റഷ്യ സാറ്റ‌്‌ലൈറ്റുകള്‍ വിക്ഷേപിച്ചിരുന്നത്. ഇത് റഷ്യയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് വോസ്‌റ്റോച്‌നിയില്‍ വിക്ഷേപണത്തറയൊരുക്കിയത്. റഷ്യയുടെ കിഴക്കന്‍ ഭാഗത്ത് ഒരുക്കിയ ഈ റോക്കറ്റ് വിക്ഷേപണത്തറ നിര്‍മാണഘട്ടം മുതല്‍ വിവാദങ്ങളുടേയും കുഴപ്പങ്ങളുടേയും പിടിയിലായിരുന്നു. ഈ പ്രശ്നങ്ങള്‍ ഇപ്പോഴും പിന്തുടരുന്നുവെന്നാണ് രണ്ടാമത്തെ വിക്ഷേപണം തന്നെ പരാജയപ്പെട്ടതോടെ തെളിയുന്നത്. 

ബഹിരാകാശ രംഗത്തെ വന്‍ശക്തിയെന്ന നിലയിലുള്ള റഷ്യയുടെ പ്രതിച്ഛായക്ക് പോലും കളങ്കം വരുത്തുന്നതാണ് ഈ വിക്ഷേപണ പരാജയം. ‌സാറ്റ്‌ലൈറ്റിന്റെ പരാജയത്തിനൊപ്പം സൊയൂസ് റോക്കറ്റിലുണ്ടായിരുന്ന മറ്റു രാജ്യങ്ങളുടെ വിവിധ ചെറു സാറ്റ്‌ലൈറ്റുകള്‍ തകര്‍ന്നതും റഷ്യയുടെ വിശ്വാസ്യതക്ക് കളങ്കമാകുന്നുണ്ട്. ഇന്ത്യയേയും ചൈനയേയും പോലുള്ള രാജ്യങ്ങള്‍ അതിവേഗം ബഹിരാകാശ രംഗത്ത് കുതിക്കുമ്പോള്‍ റഷ്യക്കുണ്ടായ ഈ തിരിച്ചടി പ്രാധാന്യത്തോടെയാണ് ലോകം നിരീക്ഷിക്കുന്നത്. 

പുതിയ വിക്ഷേപണത്തറയുടെ നിലവാരമില്ലായ്മയാണ് പരാജയത്തിനു പിന്നിലെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു. ബഹിരാകാശത്തേക്ക് ചരക്കുകളും സാറ്റ്‌ലൈറ്റുകളും സ്ഥിരമായി അയക്കുന്ന മൂന്ന് വന്‍ രാജ്യങ്ങളിലൊന്നാണ് റഷ്യ. അതുകൊണ്ടുതന്നെ ഈ തിരിച്ചടി മറികടന്ന് മുന്നേറാന്‍ റഷ്യക്ക് കഴിയുമെന്നു തന്നെയാണ് വിദഗ്ധരുടെ അഭിപ്രായം.

related stories