sections
MORE

സംഭവിച്ചത് ലോകാദ്ഭുതം, മസ്കിന്റെ സ്വപ്നം പൂവണിഞ്ഞു, ഭീമൻ റോക്കറ്റ് വൻ വിജയം

heavy-rocket
SHARE

ലോക കോടീശ്വരനും സ്വകാര്യ ബഹിരാകാശ ഗവേഷണ കേന്ദ്രം സ്പേസ്എക്സിന്റെ മേധാവിയുമായ എലൻ മസ്കിന്റെ ആ സ്വപ്നം പൂവണിഞ്ഞു. ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും നോക്കിയിരുന്ന, ലോകത്തിലെ തന്നെ ഭീമൻ റോക്കറ്റ് വിക്ഷേപിക്കുക എന്ന ആ വലിയ ദൗത്യം വിജയകരമായി പൂർത്തിയാക്കി.

ലോകത്തെ ഏറ്റവും വലിയ റോക്കറ്റാണ് വിക്ഷേപിച്ചത്. യുഎസ് സമയം ചൊവ്വാഴ്ച വൈകിട്ട് 3.15നാണ് (ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ) ഭീമൻ റോക്കറ്റ് കുതിച്ചുയർന്നത്. ടെസ്‌ല കാറും വഹിച്ചായിരുന്നു ഭീമൻ റോക്കറ്റിന്റെ ആദ്യ പരീക്ഷണ കുതിപ്പ്. ഫ്ലോറിഡയിലെ കെന്നഡി സ്പെയ്സ് സെന്ററിലെ 39എ ലോഞ്ച് പാഡിൽ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്.

പരീക്ഷണ വിക്ഷേപണത്തില്‍ ഫാല്‍ക്കണ്‍ ഹെവിയില്‍ 27 എൻജിനുകളാണ് ഉപയോഗിച്ചത്. പുനരുപയോഗിക്കാവുന്ന മൂന്ന് ഭാഗങ്ങളും ഇതിലുണ്ടായിരുന്നു. ഇത് ഭൂമിയിലേക്ക് തിരിച്ചിറങ്ങിയതും ഫാല്‍ക്കണ്‍ ഹെവിയുടെ വൻ വിജയമായി കരുതുന്നു. സ്‌പേസ് എക്‌സിന്റെ സാങ്കേതിക തികവ് പരീക്ഷിക്കുന്നതായിരുന്നു ഈ വിക്ഷേപണവും തിരിച്ചിറങ്ങലുകളും. 

18 ബോയിംങ് 747 വിമാനങ്ങള്‍ക്ക് തുല്യമായ 2500 ടണ്‍ ഊര്‍ജ്ജമാണ് ഈ കൂറ്റന്‍ റോക്കറ്റിന്റെ വിക്ഷേപണത്തിനിടെ എരിഞ്ഞു തീർന്നത്. 63,500 കിലോഗ്രാം ചരക്ക് ഭൂമിയില്‍ നിന്നും പുറത്തെത്തിക്കാനുള്ള ശേഷി ഈ ഫാല്‍ക്കണ്‍ ഹെവിക്കുണ്ട്. 2002ലാണ് എലോണ്‍ മസ്‌ക് സ്‌പേസ് എക്‌സ് എന്ന കമ്പനി സ്ഥാപിക്കുന്നത്. കുറഞ്ഞ ചെലവില്‍ ബഹിരാകാശത്തേക്കുള്ള ചരക്കു നീക്കങ്ങള്‍ നടത്തുകയാണ് കമ്പനിയുടെ പ്രധാന ദൗത്യങ്ങളിലൊന്ന്. ഇതുവരെയുള്ള സ്‌പേസ് എക്‌സിന്റെ ഏറ്റവും വലിയ ദൗത്യമാണ് ഇന്നലെ വിജയകരമായി പൂർ‌ത്തിയാക്കിയത്.  

spacex-launch

എലോണ്‍ മസ്‌കിന്റെ 2008 മോഡല്‍ ടെസ്‌ല റോഡ്‌സ്റ്റര്‍ കാറിന്റെ റോക്കറ്റിനുള്ളിലെ ചിത്രം ഡിസംബറിൽ തന്നെ പുറത്തുവിട്ടിരുന്നു. അസാധാരണമായ ഈ ചരക്ക് റോക്കറ്റില്‍ ഉള്‍പ്പെടുത്താനുള്ള കാരണവും എലോണ്‍ മസ്‌ക് തന്നെ വെളിപ്പെടുത്തിയിരുന്നു. സാധാരണനിലയില്‍ കോണ്‍ക്രീറ്റിന്റേയോ ഉരുക്കുകട്ടകളോ ആയിരിക്കും പരീക്ഷണ പറക്കലിനിടെ ഭാരമായി ഉപയോഗിക്കുക. വിരസമായ ഈ ചരക്കിന് ബദലായാണ് തനിക്ക് വ്യക്തിപരമായി അടുപ്പമുള്ള ഒരു വസ്തുവിനെ തന്നെ റോക്കറ്റിനൊപ്പം വിടാന്‍ തീരുമാനിച്ചതെന്ന് എലോണ്‍ മസ്‌ക് പറഞ്ഞു.  

ബഹിരാകാശത്തെത്തുന്നതിന് മുൻപെ ദൗത്യം പൂര്‍ത്തിയായ രണ്ട് ബൂസ്റ്റര്‍ റോക്കറ്റുകള്‍ ഭൂമിയിലേക്ക് തിരിച്ചിറങ്ങി. കേപ് കാനവരില്‍ സജ്ജീകരിച്ച തിരിച്ചിറങ്ങല്‍ സ്ഥലത്താണ് ഇവ മടങ്ങിയെത്തിയത്. കാര്‍ ഉള്‍പ്പെട്ട ഭാഗം റോക്കറ്റിന്റെ പ്രധാനഭാഗത്തു നിന്നും വേര്‍പെട്ട് ഭൂമിയിലേക്ക് തിരിച്ചുവന്നു. പസഫിക് സമുദ്രത്തിലെ പ്രത്യേകം സജ്ജീകരിച്ച ഭാഗത്താണ് എലോണ്‍ മസ്‌കിന്റെ കാറുള്ള ഭാഗം തിരിച്ചിറങ്ങിയത്.   

spacex-land

ലോകത്തെ ഏറ്റവും ശക്തിയേറിയ റോക്കറ്റിന്റെ പരീക്ഷണ വിക്ഷേപണത്തിനും മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത തിരിച്ചിറങ്ങലുകള്‍ക്കും സാക്ഷ്യം വഹിക്കാൻ നിരവധി പേരാണ് കെന്നഡി സ്പെയ്സ് സെന്ററിൽ എത്തിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA