ADVERTISEMENT

സാധാരണ മനുഷ്യര്‍ കേള്‍ക്കാത്ത ശബ്ദങ്ങളും അശരീരികളും കേള്‍ക്കുന്നതായി പലരും അവകാശപ്പെടാറുണ്ട്. 'മരിച്ചവരുടെ ശബ്ദം' കേള്‍ക്കുമെന്നുള്ള ഇവരുടെ അവകാശവാദത്തെക്കുറിച്ച് നടത്തിയ വിശദമായ പഠനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മാനസിക രോഗത്തിന്റെ (സ്‌കിസോഫീനിയ) പരിധിയില്‍ വരുന്നതടക്കമുള്ള ഇത്തരം അവസ്ഥകളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതാണ് പഠനം. 

 

മരിച്ചവരുടെ ശബ്ദം കേള്‍ക്കുന്നുവെന്ന അവകാശവാദങ്ങള്‍ എക്കാലത്തും ശാസ്ത്രത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. ഇതില്‍ ആത്മീയ സ്വഭാവമുള്ളവയും കേള്‍ക്കുന്നവരെ അലോസരപ്പെടുത്തുന്നവയും ഉണ്ടാവാറുണ്ട്. അലോസരപ്പെടുത്തുന്ന സന്ദേശങ്ങള്‍ കേള്‍ക്കുന്നവരിലാണ് പലപ്പോഴും മാനസിക രോഗത്തിന്റെ ലക്ഷണങ്ങള്‍ കാണാറ്. ഇങ്ങനെ മറ്റുള്ളവര്‍ക്ക് കേള്‍ക്കാനാവാത്ത ശബ്ദങ്ങള്‍ കേള്‍ക്കുന്നതില്‍ തന്നെ വ്യത്യാസം വരുന്നതെങ്ങനെയെന്നും ഗവേഷകര്‍ പഠനവിധേയമാക്കി.

 

ശബ്ദങ്ങളും അശരീരികളും കേള്‍ക്കുന്നുവെന്ന് അവകാശപ്പെടാറുള്ള ആത്മീയവാദികളില്‍ ഭൂരിഭാഗവും ചെറിയ പ്രായത്തില്‍ തന്നെ ഇത്തരം അവകാശവാദങ്ങള്‍ നടത്താറുണ്ട്. മാത്രമല്ല ഇവര്‍ക്ക് പലപ്പോഴും ഇത്തരം അശരീരികള്‍ കേള്‍ക്കുന്നത് ഒരു പരിധി വരെ നിയന്ത്രിക്കാനും സാധിക്കാറുണ്ടെന്ന് ബ്രിട്ടനിലെ നോര്‍ത്തുംബ്രിയ സര്‍വകലാശാലയിലെ സൈക്കോളജിസ്റ്റ് പീറ്റര്‍ മോസ്‌ലെ പറയുന്നു. 

 

'മരിച്ചവരുടെ ശബ്ദം' കേള്‍ക്കുന്നുവെന്ന് അവകാശപ്പെട്ട ബ്രിട്ടനിലെ സ്പിരിച്വലിസ്റ്റ് നാഷണല്‍ യൂണിയനിലെ 65ഓളം പേരില്‍ നിന്നാണ് പീറ്റര്‍ മോസ്‌ലെയും സഹപ്രവര്‍ത്തകനും സൈക്കോളജിസ്റ്റുമായ ആദം പവലും ചേര്‍ന്ന് വിവരങ്ങള്‍ ശേഖരിച്ചത്. സോഷ്യല്‍മീഡിയയിലൂടെ 143 പേരെ വേറെയും തിരഞ്ഞെടുത്തു. ശബ്ദങ്ങള്‍ കേള്‍ക്കുന്നുവെന്ന് അവകാശപ്പെടുന്നവരുടേയും സാധാരണക്കാരുടേയും ചിന്തകളിലെ വൈരുധ്യം തിരിച്ചറിയുകയായിരുന്നു ലക്ഷ്യം.

 

എല്ലാദിവസവും ഇത്തരം അശരീരികള്‍ കേള്‍ക്കുന്നുണ്ടെന്നാണ് തിരഞ്ഞെടുക്കപ്പെട്ട 65 പേരില്‍ 44.6 ശതമാനവും അവകാശപ്പെട്ടത്. ആത്മീയവാദികളായ ഇത്തരക്കാരിലെ 79 ശതമാനം പേരും അവകാശപ്പെട്ടത് ഇത്തരം അനുഭവങ്ങള്‍ തങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമാണെന്നാണ്. തങ്ങളുടെ തലക്കുള്ളിലാണ് ശബ്ദം കേള്‍ക്കുന്നെതന്നാണ് ഭൂരിഭാഗവും അവകാശപ്പെട്ടതെങ്കില്‍ 31.7 ശതമാനം പേര്‍ പുറത്തുനിന്നും ശബ്ദം കേള്‍ക്കാറുണ്ടെന്ന് പറഞ്ഞു. 

 

സാധാരണക്കാരെ അപേക്ഷിച്ച് ഇത്തരം ആത്മീയവാദികള്‍ ശാസ്ത്രത്തിന് പുറത്തുള്ള അദ്ഭുതപ്രവര്‍ത്തികളില്‍ ഉറച്ചുവിശ്വസിക്കുന്നവരായിരുന്നു. മാത്രമല്ല തങ്ങളെക്കുറിച്ച് മറ്റുള്ളവര്‍ എന്തു ചിന്തിക്കുന്നുവെന്നത് കാര്യമാക്കാത്തവരുമായിരുന്നു ഇവര്‍. ശരാശരി 21.7 വയസുള്ളപ്പോഴാണ് ഇവര്‍ക്ക് ആദ്യമായി ഇത്തരം ശബ്ദങ്ങള്‍ കേള്‍ക്കാനായത്. 

 

അതീന്ദ്രിയ ശക്തികളിലുള്ള അചഞ്ചലമായ വിശ്വാസവും ഇത്തരം വിചിത്രമായ അനുഭവങ്ങള്‍ ഏറ്റുപറഞ്ഞവരില്‍ ഉണ്ടായിരുന്നു. ഏകാഗ്രത, വിശ്വാസം, ആത്മീയ അനുഭവം, ശബ്ദങ്ങള്‍ കേള്‍ക്കുന്നതുപോലുള്ള തോന്നല്‍ എന്നിവക്കെല്ലാം അടുത്ത ബന്ധമുണ്ടെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്. മെന്റല്‍ ഹെല്‍ത്ത്, റിലീജിയണ്‍ ആൻഡ് കള്‍ച്ചര്‍ ജേണലിലാണ് ഗവേഷണം പ്രസിദ്ധീകരിച്ചുവന്നിരിക്കുന്നത്.

 

English Summary: Scientists Are Figuring Out Why Some People Can 'Hear' The Voices of The Dead

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com