ADVERTISEMENT

ലണ്ടൻ നഗരത്തിലെ സലൂണിനു മുകളിലുള്ള ഒറ്റമുറി ഫ്ലാറ്റിൽ ഇന്ത്യൻ വംശജനായ സഞ്ജീവ് ഗുപ്ത എന്ന പ്രഫസർ താമസിക്കുന്നുണ്ട്. മുഴുവൻ സമയവും വർക് ഫ്രം ഹോം രീതിയിൽ ജോലിയിലാണ് കക്ഷി. പക്ഷേ, പഠിപ്പിക്കുകയല്ല. പഠിക്കുകയാണ്. പഠനവിഷയം ചൊവ്വയുടെ ഉപരിതലവും. പ്രഫസറായ സഞ്ജീവ് ആ ഒറ്റമുറി ഫ്ലാറ്റിലിരുന്നു നിയന്ത്രിക്കുന്നത് അടുത്തിടെ നാസ ചൊവ്വയുടെ ഉപരിതലത്തിൽ ഇറക്കിയ പെഴ്സിവീയറൻസ് എന്ന റോവറിലെ യന്ത്രങ്ങളാണ്. 

ചൊവ്വയിലെ വടക്കൻ മേഖലയായ ജെസീറോ ക്രേറ്ററിൽ ഇറങ്ങിയ റോവറിനെ നിയന്ത്രിക്കേണ്ടത് സതേൺ കാലിഫോർണിയയിലെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിൽ നിന്നാണ് എങ്കിലും ടീമിന്റെ ഭാഗമായ സഞ്ജീവ് കോവിഡ് കാലത്ത് ലണ്ടനിൽ കുടുങ്ങിപ്പോകുകയായിരുന്നു. ഇതോടെ നിയന്ത്രണം ഒറ്റമുറി ഫ്ലാറ്റിൽ ക്രമീകരിച്ച ലാപ്ടോപിൽ നിന്നായി. ഇന്ത്യൻ വംശജനായ സഞ്ജീവ് (55) ബ്രിട്ടിഷ് പൗരനായ ഭൗമശാസ്ത്രജ്ഞനാണ്. ലണ്ടനിലെ ഇംപീരിയൽ കോളജിലെ പ്രഫസറായ സഞ്ജീവ്, കോളജും നാസയുമായുള്ള സഹകരണത്തിന്റെ ഭാഗമായാണ് റോവർ ടീമിൽ എത്തിയത്. ക്യൂരിയോസിറ്റി റോവർ ചൊവ്വാദൗത്യം ഏറ്റെടുത്തപ്പോൾ മുതൽ സഞ്ജീവും നാസയോട് സഹകരിക്കുന്നുണ്ട്. 

Persevarancenasafirstpicture

ചൊവ്വയിലെ പുരാതന നദീപാളിയെ കുറിച്ച് തയാറാക്കിയ പുസ്തകത്തിന്റെ സഹ എഴുത്തുകാരനുമാണ് സഞ്ജീവ്. ചൊവ്വയിലും സമാനമായ പഠനമാണ് ലക്ഷ്യമാക്കുന്നതെന്ന് സഞ്ജീവ് ബ്രിട്ടീഷ് ദിനപത്രത്തോട് വ്യക്തമാക്കിയിരുന്നു. ജെസീറോ ക്രേറ്ററിൽ ഉണങ്ങി വരണ്ടുപോയ ജലപാളിയുണ്ടെന്ന നിഗമനത്തെ കുറിച്ചാണ് സഞ്ജീവും സംഘവും അന്വേഷിക്കുന്നത്. 5 കമ്പ്യൂട്ടറുകളും വലിയ രണ്ടു സ്ക്രീനുകളും സൂമിനു സമാനമായ കോൺഫറൻസിങ് സംവിധാനവുമാണ് റൂമിൽ ക്രമീകരിച്ചിട്ടുള്ളത്. 24 മണിക്കൂറും നിരീക്ഷണത്തിലാണ് സംഘം.

പെഴ്സിവീയറൻസ് ചൊവ്വയുടെ ഉപരിതലത്തിൽ നിന്ന് പകർത്തിയ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. ചൊവ്വയുടെ ഉപരിതലത്തിൽ തൊടുന്നതിനു മുൻപായി ദൗത്യത്തിന്റെ സൂപ്പർ സോണിക് പാരഷൂട്ടുകൾ വിടരുന്നതും ഇറങ്ങുന്ന സ്ഥലമായ ജെസീറോ ക്രേറ്റർ മേഖലയിൽ നിന്നും ചുവന്ന പൊടി പറക്കുന്നതും വിഡിയോകളിൽ കാണാം. ചൊവ്വയിലെ കാറ്റിന്റെ ശബ്ദവും റെക്കോർഡ് ചെയ്തിട്ടുണ്ട്. ഇവിടെ നിന്ന് ശബ്ദം റെക്കോർഡ് ചെയ്യുന്നത് ആദ്യമായിട്ടാണ്. അന്തരീക്ഷത്തിൽ പ്രവേശിച്ച ശേഷം ഉപരിതലം വരെയുള്ള ‘നെഞ്ചിടിപ്പിന്റെ 7 മിനിറ്റുകൾ’ എന്നറിയപ്പെടുന്ന ദുഷ്കരയാത്ര നവീന  സാങ്കേതികവിദ്യയാലാണ് 270 കോടി യുഎസ് ഡോളർ ചെലവുള്ള ദൗത്യം തരണം ചെയ്തത്. ജെസീറോയിൽ ജീവന്റെ തെളിവുകൾ അന്വേഷിക്കുകയാണ് ദൗത്യത്തിന്റെ പ്രധാനലക്ഷ്യം.

ഇൻജെന്യൂയിറ്റി എന്ന ചെറു ഹെലിക്കോപ്റ്ററിനെയും റോവർ വഹിക്കുന്നുണ്ട്.അനുയോജ്യമായ സമയത്ത് ഇതു പറത്തും. 2020 ജൂലൈ 30നു വിക്ഷേപിച്ച ദൗത്യം 7 മാസം കൊണ്ട് 48 കോടി കിലോമീറ്റർ സഞ്ചരിച്ചാണു ചൊവ്വയിലെത്തിയത്. ഇതോടെ സോജണർ,ഓപ്പർച്യൂണിറ്റി,സ്പിരിറ്റ്, ക്യൂരിയോസിറ്റി എന്നിവയ്ക്കു ശേഷം  ചൊവ്വയിലെത്തുന്ന അഞ്ചാമത്തെ റോവറായി പെഴ്സിവീയറൻസ്. പുതിയ ചില കണ്ടെത്തലുകളുണ്ടെന്നും നാസയുടെ അനുമതിയോടെ ഇവ പുറത്തുവിടുമെന്നും സഞ്ജീവ് പറയുന്നു.

A panorama made up of six individual images taken by the Navigation Cameras, or Navcams, aboard NASA?s Perseverance Mars rover shows the Martian landscape February 20, 2021. Images taken February 20, 2021.  NASA/JPL-Caltech/Handout via REUTERS  MANDATORY CREDIT. THIS IMAGE HAS BEEN SUPPLIED BY A THIRD PARTY.
A panorama made up of six individual images taken by the Navigation Cameras, or Navcams, aboard NASA?s Perseverance Mars rover shows the Martian landscape February 20, 2021. Images taken February 20, 2021. NASA/JPL-Caltech/Handout via REUTERS MANDATORY CREDIT. THIS IMAGE HAS BEEN SUPPLIED BY A THIRD PARTY.

English Summary: Who is controlling Nasa's Mars rover? Indian-origin scientist from his flat in London

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com