ADVERTISEMENT

ഇന്ത്യക്കാരെ ബഹിരാകാശത്ത് എത്തിക്കാൻ ഫ്രാൻസും സഹായിക്കും. ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ഗഗന്‍യാനില്‍ ഫ്രാന്‍സും പങ്കാളികളാകും‌മെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച കരാറില്‍ ഫ്രാന്‍സിന്‍റെ വിദേശകാര്യമന്ത്രി ജീന്‍ വെസ്‌ലെ ഡ്രിയാന്‍ ഒപ്പുവെച്ചു. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിൽ (ഇസ്രോ) വെച്ചാണ് ഫ്രഞ്ച് വിദേശകാര്യമന്ത്രി കരാറില്‍ ഒപ്പിട്ടത്.

 

ഇന്ത്യക്കാരെ ബഹിരാകാശത്ത് എത്തിക്കാൻ ഇസ്‌റോയും ഫ്രഞ്ച് ബഹിരാകാശ ഏജൻസിയും (സിഎൻഇഎസ്) ചില കാര്യങ്ങളിലാണ് ഒന്നിച്ചുപ്രവർത്തിക്കുക. ബഹിരാകാശ മെഡിഡിനില്‍ ഇരുരാജ്യങ്ങളും സഹകരിക്കും. സിഎന്‍ഇഎസും ഇസ്രോയിലെ ഹ്യൂമന്‍ സ്‌പേസ് ഫ്‌ളൈറ്റ് സെന്‍ററുമാണ് പരസ്പരം സഹകരിക്കുക. ബഹിരാകാശ യാത്രയുമായി ബന്ധപ്പെട്ട ഫുഡ് പാക്കേജിങ്ങിന്റെയും ന്യൂട്രീഷന്‍ പദ്ധതിയുടെയും വിവരങ്ങള്‍ കൈമാറാനും ഇരുരാജ്യങ്ങളും ധാരണയായി.

 

ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പരിണാമവും നേട്ടങ്ങളും ഇന്ത്യ-ഫ്രാൻസ് ബഹിരാകാശ സഹകരണവും അടുത്തിടെ ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ച ബഹിരാകാശ പരിഷ്കരണങ്ങളുടെ വിശദാംശങ്ങളും ഫ്രഞ്ച് മന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചുവെന്നും ഇസ്രോയുടെ പ്രസ്താവനയിൽ പറയുന്നു.

 

ഗഗൻയാൻ ബഹിരാകാശ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട നാല് ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥർ റഷ്യയിലെ ഒരു വർഷത്തെ പരിശീലനം പൂർത്തിയാക്കി കഴിഞ്ഞ മാസം തിരിച്ചെത്തിയിരുന്നു. ഒരു ഗ്രൂപ്പ് ക്യാപ്റ്റനും മൂന്ന് വിങ് കമാൻഡർമാരും ഉൾപ്പെടുന്ന ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥരെയുമാണ് പരിശീലിപ്പിച്ചത്. ഗഗൻയാൻ 2022 ഓഗസ്റ്റിൽ യാഥാർഥ്യമാകുമെന്നാണ് റിപ്പോർട്ട്. 3 സഞ്ചാരികളെ ബഹിരാകാശത്ത് 7 ദിവസം പാർപ്പിക്കാനുള്ള ഗഗൻയാൻ പദ്ധതിയുടെ വിക്ഷേപണം 2021 ഡിസംബറിൽ നടത്താനാണു ലക്ഷ്യമിട്ടിരുന്നതെങ്കിലും കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളെത്തുടർന്ന് നീളുകയായിരുന്നു. 

 

പദ്ധതിയുടെ മുന്നോടിയായി 2 ആളില്ലാ പേടകങ്ങൾ വിക്ഷേപിക്കാനുള്ള പദ്ധതികളും നടക്കുന്നുണ്ട്. ഇന്ത്യയുടെ 75–ാം സ്വാതന്ത്ര്യദിന സമ്മാനമായി ഗഗൻയാൻ ബഹിരാകാശത്തെത്തിക്കാനാണ് ഇസ്രോ ലക്ഷ്യമിടുന്നത്. ഇതോടെ യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്കൊപ്പം മനുഷ്യനെ ബഹിരാകാശത്തേയ്ക്കയച്ച 4–ാമത്തെ രാജ്യമായി ഇന്ത്യ മാറും.

 

ഇന്ത്യയുടെ പ്രഥമ ബഹിരാകാശ സഞ്ചാര പേടക പദ്ധതിയാണ് ഗഗൻയാൻ. 2014ലാണ് പദ്ധതിക്കു തുടക്കമിട്ടത്. 2018ൽ കേന്ദ്രമന്ത്രിസഭ പദ്ധതിക്ക് അംഗീകാരം നൽകി.  ജിഎസ്എൽവി മാർക്ക് -3 റോക്കറ്റ് ഉപയോഗിച്ച് 2021 ഡിസംബറിൽ വിക്ഷേപിക്കാനാണു ലക്ഷ്യമിട്ടിരുന്നത്. ഭാവിയിൽ ഇന്ത്യൻ സഞ്ചാരികൾക്ക് തങ്ങാൻ ബഹിരാകാശ കേന്ദ്രം കൂടി ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. 10,000 കോടി രൂപയാണ് പദ്ധതിക്ക് ചെലവു പ്രതീക്ഷിക്കുന്നത്.

 

ഗുരുത്വാകർഷണവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളാണ് സംഘം പ്രധാനമായി നടത്തിയത്. ഗഗൻയാൻ പേടകത്തിന്റെ ഭാരം 3735 കിലോയായിരിക്കും. ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് പേടകം ഭ്രമണം ചെയ്യുക. പേടകം നിർമിക്കുന്നത് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിലാണ്. പേടകത്തിനുള്ളിലെ സാങ്കേതികസൗകര്യങ്ങളൊരുക്കുന്നത് ഡിഫെൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷനുമാണ്.

 

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നുള്ള ജിഎസ്എൽവി മാർക്ക് 3 റോക്കറ്റ് വിക്ഷേപണത്തിന്റെ 16–ാം മിനിറ്റിൽ പേടകത്തെ ഭ്രമണപഥത്തിലെത്തിക്കും. 7 ദിവസത്തിനുശേഷം ബംഗാൾ ഉൾക്കടലിലാണ് പേടകം തിരിച്ചിറക്കുക. പേടകത്തിലെ സർവീസ് മൊഡ്യൂളും സോളാർ പാനലുകളും തിരിച്ചിറങ്ങുന്നതിനു മുൻപ് വേർപെടുത്തും. പാരച്യൂട്ട് ഉപയോഗിച്ച് വേഗം കുറച്ചാണ് പേടകം തിരിച്ചിറക്കുക.

 

English Summary: ISRO, French space agency to share expertise on human spaceflight

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com