ADVERTISEMENT

കൊക്കെയിന്‍ പോലുള്ള മയക്കു മരുന്നുകള്‍ തൊടുകയോ കഴിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഇനി വിരലടയാളത്തില്‍ നിന്നും തിരിച്ചറിയാനാകുമെന്ന് പുതിയ പഠനം. ബെന്‍സോലിസിഗനനീന്റെ സാന്നിധ്യം തിരിച്ചറിഞ്ഞാണ് ഇക്കാര്യം മനസ്സിലാക്കാന്‍ സാധിക്കുന്നതെന്ന് സറെ സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നു. കൊക്കെയിന്‍ ഉള്ളിലെത്തിയാല്‍ ശരീരം പുറത്തുവിടുന്ന സൂഷ്മകണികകളാണ് ബെന്‍സോലിസിഗനീനുകള്‍.

 

മയക്കുമരുന്നുകള്‍ ആരെല്ലാമാണ് ഉപയോഗിച്ചതെന്നത് പല കുറ്റകൃത്യങ്ങളിലും നിര്‍ണായക വിവരമാവാറുണ്ട്. മയക്കുമരുന്ന് കൈകാര്യം ചെയ്തവരേയും കഴിച്ചവരേയും കണ്ടെത്തുക പലപ്പോഴും ബാലികേറാമലയായി മാറുകയും ചെയ്യാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ വിദഗ്ധസഹായം തേടുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സാധാരണ ചെയ്യാറ്. പല രാജ്യങ്ങളിലേയും പ്രധാന മയക്കുമരുന്ന് കൊക്കെയിനാണ്. അതുകൊണ്ടുതന്നെ മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ നടത്തുന്ന കുറ്റകൃത്യങ്ങളില്‍ കൊക്കെയിന്റെ സാന്നിധ്യത്തിനും പ്രാധാന്യമുണ്ട്. 

 

സറെ സര്‍വകലാശാലയിലെ ഗവേഷകര്‍ നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറിയുമായി ചേര്‍ന്നാണ് ഈ പഠനം നടത്തിയിരിക്കുന്നത്. വിരലടയാളങ്ങളിലെ സൂഷ്മ രാസവസ്തുക്കളെ വേര്‍തിരിച്ചറിയാനായിരുന്നു ശ്രമം. 'ഏത് സാഹചര്യത്തിലാണ് ഓരോ വിരലടയാളവും സൃഷ്ടിക്കപ്പെടുന്നത് എന്നതിന് ഫോറന്‍സിക് സയന്‍സില്‍ പ്രാധാന്യമുണ്ട്' സറെ സര്‍വകലാശാലയിലെ ഡോ. മെലാനിയ ബെയ്‌ലി പറയുന്നു. പഠനത്തിന്റെ പൂര്‍ണരൂപം അനലിസ്റ്റ് ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇതേക്കുറിച്ച് വന്ന പഠനത്തിന്റെ തുടര്‍ച്ചയാണിത്.

 

കൊക്കെയിന്‍ കൈകൊണ്ട് തൊട്ടവര്‍ പലപ്പോഴും വിരലടയാളത്തിലെ സാന്നിധ്യം ഒഴിവാക്കാനായി കൈ കഴുകുന്ന പതിവുണ്ട്. ഇങ്ങനെ ചെയ്താല്‍ പോലും കൊക്കെയിന്‍ ശരീരത്തിനുള്ളിലെത്തിയിട്ടുണ്ടെങ്കില്‍ അക്കാര്യം വിരലടയാളത്തിലൂടെ തിരിച്ചറിയാനാവുമെന്നതാണ് പുതിയ കണ്ടെത്തലിന്റെ പ്രാധാന്യം. എന്നാല്‍ കൊക്കെയിന്‍ തൊട്ട ശേഷം കൈ കഴുകിയില്ലെങ്കില്‍ കഴിച്ചവരുടേയും തൊട്ടവരുടേയും വിരലടയാളത്തില്‍ ബന്‍സോലിസിഗനീനുകളെ ലഭിക്കും. 

 

മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന് സംശയിക്കുന്ന പ്രതികള്‍ കസ്റ്റഡിയിലുണ്ടെങ്കില്‍ ഇക്കാര്യം തെളിയിക്കുന്നതിന് ഇനി വിരലടയാളം മതിയാകും. ഫോറന്‍സിക് തെളിവുകളെക്കുറിച്ച് ധാരണയുള്ള കുറ്റവാളികള്‍ കയ്യുറകള്‍ ധരിക്കാന്‍ സാധ്യതയുണ്ട്. ഇത്തരം രീതികള്‍ കുറ്റവാളികള്‍ പിന്തുടര്‍ന്നില്ലെങ്കില്‍ നിരവധി വിവരങ്ങള്‍ വിരലടയാളങ്ങളില്‍ നിന്നു തന്നെ ലഭിക്കുമെന്നാണ് ഫോറന്‍സിക് വിദഗ്ധയായ ഡോ. ബെയ്‌ലി ചൂണ്ടിക്കാണിക്കുന്നത്.

 

English Summary: Single fingerprint crime scene detects cocaine usage study shows

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com