ADVERTISEMENT

ഫൈസർ, മൊഡേണ എന്നീ അമേരിക്കൻ വാക്സീനുകൾ കൂടി താമസമില്ലാതെ ഇന്ത്യയിൽ എത്തിയേക്കും. കൂടാതെ ജോൺസൺ ആൻഡ് ജോൺസണുമായും ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് വാർത്തകൾ വരുന്നത്. നിലവിൽ കോവിഷീൽഡ്, കോവാക്സിൻ, സ്പുട്നിക് V  എന്നീ വാക്സീനുകൾക്കാണ് ഇന്ത്യയിൽ ഉപയോഗിക്കുന്നതിന് അനുമതി ലഭിച്ചിട്ടുള്ളത്.

 

വിദേശവാക്സീനുകൾക്ക് അനുമതി നൽകുന്നതുമായ ബന്ധപ്പെട്ട നിബന്ധനകളിൽ ഡ്രഗ് കൺട്രോൾ ഇളവു നൽകാൻ തീരുമാനിച്ചതോടെയാണ് പുതിയ വാക്സീനുകൾക്ക് വഴി തുറന്നിരിക്കുന്നത്. വിദേശ വാക്സീനുകളുടെ ഇന്ത്യയിലെ പരീക്ഷണട്രയൽ പൂർണമായി ആദ്യമേ തന്നെ ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു. ഇന്ത്യയിൽ ഉപയോഗിക്കുന്ന വിദേശ വാക്സീനുകളുടെ ഓരോ ബാച്ചും ഹിമാചൽ പ്രദേശിലെ കസൗളിയിലുള്ള സെൻട്രൽ ലബോറട്ടറിയിൽ പരിശോധിക്കണമെന്ന മറ്റൊരു നിബന്ധനയുണ്ടായിരുന്നു. കൂടാതെ ഇന്ത്യയിൽ ഉപയോഗിക്കാൻ അനുമതി ലഭിച്ചാൽ പ്രാദേശികമായി മൂന്നാം ഘട്ട പരീക്ഷണട്രയൽ നടത്തണമെന്ന നിബന്ധനയും മുന്നോട്ടു വച്ചിരുന്നു. ഈ രണ്ടു നിബന്ധനകളും കൂടി ഇപ്പോൾ ഇളവു ചെയ്തിരിക്കുകയാണ്. 

 

വാക്സീൻ ഉപയോഗത്തിനിടെ മാരകമായ പ്രശ്നങ്ങളുണ്ടായാൽ നഷ്ടപരിഹാരം കമ്പനികൾ നൽകണമെന്ന നിബന്ധനയിൽ ഇതുവരെ തീരുമാനമായിട്ടില്ല. എങ്കിലും വാക്സീൻ അടിയന്തരമായി ലഭിക്കേണ്ടതിനാൽ ഉപയോഗത്തേത്തുടർന്ന് കേസുണ്ടായാൽ നഷ്ടപരിഹാരം നൽകേണ്ട ബാധ്യത ഏറ്റെടുക്കാൻ കഴിയില്ലെന്ന വാക്സീൻ നിർമാതാക്കളുടെ ആവശ്യവും അംഗീകരിക്കപ്പെട്ടേക്കാം. ലോകാരോഗ്യ സംഘടനയും ഒട്ടനവധി രാജ്യങ്ങളും അംഗീകരിച്ച ഈ വാക്സീനുകൾ ഇതിനകം ലോകമെമ്പാടുമുള്ള  കോടിക്കണക്കിന് ജനങ്ങൾക്ക് നൽകിക്കഴിഞ്ഞതിനാൽ ഇളവുകൾ നൽകുന്നതിൽ തെറ്റില്ലെന്നാണ് അധികൃതർ പറയുന്നത്. വാക്സീൻ ലഭ്യതക്കുറവെന്ന പ്രശ്നത്തിന് പുതിയ വാക്സീനുകൾക്ക് അനുമതി ലഭിക്കുന്നതോടെ പരിഹാരമാകുമെന്ന് കരുതാം.

pfizer-vaccine

 

∙ പുതിയ വാക്സീനുകളുടെ വിശേഷങ്ങൾ

 

ഫൈസർ ആൻഡ് ബയോടെക്ക് വാക്സീൻ mRNA വിഭാഗത്തിൽ പെടുന്ന വാക്സീനാണ്. 21 ദിവസത്തെ ഇടവേളയിൽ രണ്ട് ഡോസുകൾ എടുക്കണം. 90-94 ശതമാനം ഫലപ്രാപ്തിയുണ്ടെന്ന് പഠനങ്ങൾ പറയുന്നു. യുഎസ്, ജർമനി എന്നിവരുടെ സംയുക്ത ശ്രമത്തിന്റെ ഫലമായ വാക്സീനാണിത്. മൊഡേണ വാക്സീനും mRNA വിഭാഗത്തിൽ പെടുന്നു. രണ്ട് ഡോസുകൾ 28 ദിവസം ഇടവേളയിൽ എടുക്കണം.90-94 ശതമാനം ഫലപ്രാപ്തിയുള്ള വാക്സീൻ യുഎസിന്റെ സ്വന്തമാണ്. മേൽപറഞ്ഞ രണ്ട് വാക്സീനുകളും ലോകത്തെ ബഹുഭൂരിപക്ഷം രാജ്യങ്ങളുടെയും അംഗീകാരമുള്ളവയാണ്. ഗർഭിണികളിലും, 12 വയസിനു മുകളിലുള്ള കുട്ടികളിലും ഇവ സുരക്ഷിതമാണെന്ന പഠനങ്ങളുണ്ട്. mRNA, DNA വാക്സീനുകൾ ന്യൂക്ലിക് ആസിഡ് വാക്‌സീനുകൾ എന്നാണ് അറിയപ്പെടുന്നത്. ഇവയുടെ നിർമാണ രീതികൾ താഴെ പറയുന്നു.

 

വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീന്‍ നിര്‍മിക്കാന്‍ നിര്‍ദ്ദേശം നല്‍കുന്ന ജനിതക പദാര്‍ഥത്തെ (ആര്‍എന്‍എ അല്ലെങ്കില്‍ ഡിഎന്‍എ) മനുഷ്യകോശങ്ങളിലേക്ക് കടത്തിവിടുന്നു. ഇലക്‌ട്രോപൊറേഷന്‍ (Electroporation) എന്ന രീതി ഉപയോഗിച്ച് കോശസ്തരങ്ങളില്‍ ഉണ്ടാക്കുന്ന ചെറുദ്വാരങ്ങള്‍ ഡിഎന്‍എ യുടെ കോശത്തിലേക്കുള്ള പ്രവേശനം എളുപ്പമാക്കുന്നു. കൊഴുപ്പുകൊണ്ടുണ്ടാക്കിയ ഒരു കവചം നല്‍കുന്നതിനാല്‍ ആര്‍എന്‍എയ്ക്കും കോശപ്രവേശനം സാധ്യമാവുന്നു. ഇങ്ങനെ കോശങ്ങളിലെത്തുന്ന (RNA/DNA) നല്‍കുന്ന നിര്‍ദ്ദേശമനുസരിച്ച് വൈറസ് പ്രോട്ടീന്റെ അനേകം പകര്‍പ്പുകള്‍ ഉണ്ടാക്കിയെടുക്കുന്നു. ഇത് സ്‌പൈക്ക് പ്രോട്ടീനുകള്‍ക്ക് രോഗപ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കാന്‍ കഴിയുന്നു. സുരക്ഷിതവും വികസിപ്പിക്കാന്‍ അനായാസവുമാണ് DNA/RNA വാക്‌സീനുകള്‍. വൈറസിന്റെ ആവശ്യം ഇവിടെയില്ല. പകരം ജനിതക പദാര്‍ഥം മാത്രം മതി. 

 

moderna

∙ ഇന്ത്യയിൽ നിലവിലുള്ള വാക്സീനുകൾ

 

കോവിഷീൽഡ് ( ഓക്സ്ഫഡ്ആസ്ട്രസെനക്ക) എന്നത് വൈറൽവെക്ടർ ( മോഡിഫൈഡ് ചിമ്പാൻസി അഡിനോ) ഇനത്തിൽ പെടുന്ന വാക്സീനാണ്. രണ്ട് ഡോസുകൾ 84 ദിവസം ഇടവേളയിൽ എടുക്കണം. 70- 90 ശതമാനം (ആദ്യ ഡോസ് 70 ശതമാനം, രണ്ടാം ഡോസ് - 90 ശതമാനം) ഫലപ്രാപ്തിയുണ്ടെന്ന് പഠനങ്ങൾ പറയുന്നു. യുകെ, സ്വീഡൻ, ഇന്ത്യ എന്നീ രാജ്യങ്ങളുടെ ശ്രമഫലം. സീറം ഇൻസ്റ്റിറ്റ്യൂട്ടാണ് കോവിഷീൽഡ് ഉത്പാദിപ്പിക്കുന്നത്.

 

കോവാക്സിൻ വൈറസ് വാക്സീനുകൾ ( inactivated virus vaccines ) എന്ന ഇനത്തിൽ പെടുന്നു. 28 ദിവസത്തെ ഇടവേളയിൽ രണ്ട് ഡോസുകൾ എടുക്കണം. ഫലപ്രാപ്തി - 70-80 ശതമാനം, പൂർണമായും ഇന്ത്യയിൽ നിർമിക്കപ്പെട്ട വാക്സീനാണിത്. ഭാരത് ബയോടെക്കും, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും പങ്കാളികൾ.

 

സ്പുട്നിക്ക് V എന്ന റഷ്യൻ വാക്സീനും ഒരു വൈറൽ വെക്ടർ ( മോഡിഫൈഡ് അഡിനോ ) ഇനത്തിലുള്ളതാണ്. രണ്ട് ഡോസുകൾ  28 ദിവസം ഇടവേളയിൽ രണ്ട് ഡോസുകൾ നൽകണം.85- 90 ശതമാനം ഫലപ്രാപ്തി ലഭിക്കാം.

 

ഇന്ത്യയിൽ നിലവിൽ ഉപയോഗിക്കുന്ന കോവിഷീൽഡും, സ്പുട്നിക് V ഉം വൈറല്‍-വെക്ടര്‍ വാക്‌സിനുകളാണ്.

അഡിനോ എന്നയിനം വൈറസിനെ ജനിതക എൻജിനീയറിംഗിനെ വിധേയമാക്കുകയാണ് ഇവിടെ ചെയ്യുന്നത്. തല്‍ഫലമായി ഈ വൈറസുകള്‍ക്ക് ശരീരത്തില്‍ കൊറോണ വൈറസിന്റെ പ്രോട്ടീനുകള്‍ നിര്‍മിക്കാന്‍ കഴിയുന്നു. ദുര്‍ബലമാക്കപ്പെടുന്നതിനാല്‍ വൈറസുകള്‍ രോഗമുണ്ടാക്കുകയുമില്ല. വൈറല്‍-വെക്ടര്‍ വാക്‌സീനുകള്‍ രണ്ടുതരമുണ്ട്. കോശങ്ങളില്‍ പെരുകാന്‍ ശേഷിയുള്ളവയും. (ദുര്‍ബ്ബലമാക്കിയ അഞ്ചാംപനി വൈറസ് പോലെ) നിര്‍ണായക ജീനുകള്‍ നിശബ്ദമാക്കപ്പെട്ടതിനാല്‍ കോശങ്ങളില്‍ പെരുകാൻ സാധിക്കാത്തവയും. സുരക്ഷിതവും, ശക്തമായ രോഗപ്രതിരോധ പ്രവര്‍ത്തനം ശരീരത്തിലുണ്ടാക്കാന്‍ കഴിയുന്നവയുമാണ് ഇത്തരം വാക്‌സീനുകള്‍. എന്നാല്‍ വാഹക വൈറസിനിതിനെ (Vector virus) നിലവിലുള്ള ശരീരത്തിലെ പ്രതിരോധശക്തിയുമായി ചേരുമ്പോള്‍ ഫലപ്രാപ്തി കുറയുന്ന പ്രശ്‌നമുണ്ട്. ഇത്തരം വാക്‌സീനുകള്‍ക്ക് രോഗപ്രതിരോധശേഷി നിലനിര്‍ത്താന്‍ ബൂസ്റ്റര്‍ ഡോസുകളും വേണ്ടിവരും. 

 

ഇന്ത്യയിൽ നിലവിൽ ഉപയോഗിക്കുന്ന മൂന്നാമത്തെ വാക്സീനായ കോവാക്സിൻ ,ഒരു നീർവീര്യമാക്കപ്പെട്ട വൈറൽ വാക്സീനാണ്. ഇത്തരത്തിലുള്ള വൈറസ് വാക്‌സീനുകള്‍ രണ്ടുരീതിയിലാണ് വികസിപ്പിക്കുന്നത്. ഒന്നാമത്തെ വഴി വൈറസിനെ പരമ്പരാഗതമായി തുടര്‍ന്നുവരുന്ന രീതിയിലൂടെ ദുര്‍ബലമാക്കുകയാണ് (weakened virus). ഇതിനുവേണ്ടി വൈറസിനെ മൃഗങ്ങളുടെ അല്ലെങ്കില്‍ മനുഷ്യകോശങ്ങളിലൂടെ ആവര്‍ത്തിച്ചു കയറ്റിവിടുന്നു. തല്‍ഫലമായി വൈറസുകള്‍ക്ക് സംഭവിക്കുന്ന ജനിതക മാറ്റം (Mutation) മൂലം രോഗമുണ്ടാക്കാനുള്ള കഴിവ് അവര്‍ക്ക് നഷ്ടമാവുന്നു. ജനിതക കോഡില്‍ വ്യതിയാനം വരുത്തി വൈറല്‍ പ്രോട്ടീനുകളുടെ ഉത്പാദനം കാര്യക്ഷമമല്ലാതാക്കി കൊറോണ വൈറസിനെ ദുര്‍ഭലമാക്കുന്ന വഴിയാണത്രേ ഇവര്‍ പിന്‍തുടരുന്നത്. വൈറസ് വാക്‌സീനുകള്‍ ഉണ്ടാക്കുന്ന രണ്ടാമത്തെ വഴി നിര്‍വീര്യമാക്കപ്പെട്ട (Inactivated) വൈറസുകള്‍ ഉപയോഗിച്ചുള്ളതാണ്. ഫോര്‍മാല്‍ ഡിഹൈഡ് പോലുള്ള രാസവസ്തുക്കള്‍ അല്ലെങ്കില്‍ താപം ഉപയോഗിച്ചാണ് വൈറസിന്റെ രോഗമുണ്ടാക്കാനുള്ള കഴിവ് നശിപ്പിക്കുന്നത്. 

 

∙ ഭാവിയിൽ ഇന്ത്യയിൽ വന്നേക്കാവുന്ന വാക്സീനുകൾ

 

1. ജോൺസൺ ആൻഡ് ജോൺസൺ വാക്സീൻ - വൈറൽ വെക്ടർ ഇനം, ഒറ്റ ഡോസ് മതിയാകും. 70-85 ശതമാനം ഫലം. യുഎസ്എ യും ബെൽജിയവുമായി ചേർന്ന് രൂപപ്പെടുത്തിയത്.

 

2. സിനോവാക്ക് - നിർവീര്യമാക്കപ്പെട്ട വൈറസ് വാക്സീൻ, 2 ഡോസ് 3-04 ആഴ്ച ഇടവേളയിൽ, 60-75 ശതമാനം ഫലപ്രാപ്തി. ചൈനയുടെ വാക്സീൻ.

 

3. നോവാവാക്സ് -പ്രോട്ടീൻ അടിസ്ഥാനമാക്കിയ ( Protein based) വാക്സീൻ രണ്ടു ഡോസുകൾ 28 ദിവസത്തെ ഇടവേളയിൽ. ഫലപ്രാപ്തി- 85- 90 ശതമാനം, യുഎസ് വാക്സീൻ

 

നോവാവാക്സ് പ്രോട്ടീന്‍ അടിസ്ഥാനമാക്കിയ വാക്‌സീനാണെന്ന് പറഞ്ഞല്ലോ? അവയുടെ പ്രവർത്തനതത്വം താഴെപറയുന്നു.

 

കൊറോണ വൈറസിന്റെ പ്രോട്ടീനുകളെ ശരീരത്തിലേക്ക് നേരിട്ട് കുത്തിവെക്കുന്ന രീതിയാണ് പല ഗവേഷകരും പിന്‍തുടരാന്‍ താല്‍പര്യപ്പെടുന്നത്. പ്രോട്ടീന്‍ ശകലങ്ങളോ, കൊറോണ വൈറസിന്റെ ഭാഹ്യാവരണത്തോട് സാമ്യമുള്ള പ്രോട്ടീന്‍ തോടുകളോ ഉപയോഗിക്കാം. സ്‌പൈക്ക് പ്രോട്ടീനിലോ അല്ലെങ്കില്‍ അവയുടെ റിസപ്റ്റര്‍ ബൈന്‍ഡിങ് ഭാഗത്തോ ശ്രദ്ധ കേന്ദ്രീകരിക്കാം. നിലവിലെ സാഹചര്യത്തിൽ ലഭ്യമാകുന്ന വാക്സീൻ കൃത്യതയോടെ സ്വീകരിക്കുകയാണ് പ്രധാനം. വാക്സീൻ ഏതെന്നതല്ല പൂർണമായി വാക്സീനേഷൻ എടുത്തോ എന്നതാണ് പ്രധാനം.

 

English Summary: Pfizer, Moderna doses may soon be available in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com