ADVERTISEMENT

കോവിഡ്- 19 രോഗമുണ്ടാക്കുന്ന സാർസ് -കോവ് -2 വൈറസിനുണ്ടാകുന്ന ജനിതകമാറ്റങ്ങൾ ( mutations ) നിരവധി പുതിയ വൈറസ് വകഭേദങ്ങളെ ( variants ) സൃഷ്ടിക്കുന്നു. ഇവയിൽ ചിലതെങ്കിലും വലിയ രീതിയിൽ ആശങ്കയുണ്ടാക്കുന്നവയാണെന്ന് നാം മനസ്സിലാക്കുന്നു. കൂടുതൽ വ്യാപനശേഷി, രോഗബാധയുണ്ടാക്കാനുള്ള കൂടിയ കരുത്ത്, ശരീരത്തിന്റെ രോഗ പ്രതിരോധത്തെ മറികടക്കാനുള്ള സാമർഥ്യം എന്നിവയിലാണ് പല വകഭേദങ്ങളുടെയും മിടുക്ക്. ഇപ്പോഴിതാ രോഗപ്രതിരോധത്തിന്റെ ഭാഗമായി നമ്മുടെ ശരീരം ഉത്പാദിപ്പിക്കുന്ന ആന്റിബോഡികളിൽ നിന്ന്  കോവിഡ്- 19 വൈറസിന്റെ വകഭേദങ്ങൾ രക്ഷപെടുന്നതെങ്ങനെയെന്നതു സംബന്ധിച്ച പുതിയ ഗവേഷണഫലങ്ങൾ പുറത്തുവരുന്നു. കുറച്ചുകൂടി വിശാലമായ ഫലപ്രാപ്തിയുള്ള വാക്സീനുകളും ചികിൽസാ രീതികളും വികസിപ്പിച്ചാൽ മാത്രമേ വകഭേദങ്ങൾക്കെതിരെയുള്ള യുദ്ധം പൂർണ്ണവിജയമാകുകയുള്ളൂ എന്ന സൂചനയാണ് പുതിയ പഠനങ്ങൾ നൽകുന്നത്.

കൊറോണ വൈറസിന്റെ ശരീരത്തിൽ മുള്ളുകൾ പോലെ കാണപ്പെടുന്ന സ്പൈക്ക് പ്രോട്ടീനുകൾ (spike protein )  ഉപയോഗിച്ചാണ് അവ ആതിഥേയ കോശങ്ങളെ തിരിച്ചറിയുകയും അവയിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നത്. വൈറസുകൾക്ക് മ്യൂട്ടേഷൻ സംഭവിച്ചുണ്ടായ പുതിയ വകഭേദങ്ങളിൽ സ്പൈക്ക് പ്രോട്ടീന്റെ മർമ്മ പ്രധാനമായ ഒരു ഭാഗത്തിന് മാറ്റങ്ങളുണ്ടായിരിക്കുന്നു. റിസപ്റ്റർ ബൈൻഡിങ്ങ് സൈറ്റ് ( RBS ) എന്നാണ് ഈ ഭാഗം അറിയപ്പെടുന്നത്.  വാക്സീൻ സ്വീകരിക്കുന്നതുകൊണ്ടോ, കോവിഡ് രോഗബാധ വന്നു പോയതുകൊണ്ടോ നമ്മുടെ ശരീരത്തിന് ഭാവിയിൽ വൈറസ് ബാധ തടയാൻ കഴിയുന്ന ആന്റിബോഡികൾ ഉത്പാദിപ്പിക്കാൻ കഴിവുണ്ടാകും. വാക്സീനിൽ ഉപയോഗിച്ച അല്ലെങ്കിൽ നമുക്ക് രോഗം വരുത്തിയ വൈറസ് വർഗത്തിനെതിരെയായിരിക്കും ഈ ആന്റിബോഡികൾ പൂർണ്ണമായും ഫലപ്രദമായിരിക്കുക. എന്നാൽ വകഭേദം വന്ന വൈറസാണ് ശരീരത്തെ ആക്രമിക്കുന്നതെങ്കിൽ ഈ ആന്റിബോഡികൾ പൂർണ്ണമായും ഫലപ്രദമാവുമോ എന്നതിൽ സംശയമുണ്ട്. ഇക്കാര്യങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ് പുതിയ പഠനം.

യുഎസിലെ നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഹെൽത്തിന്റെ ( NIH ) ഭാഗമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫക്ഷ്യസ് ഡിസീസിന്റെ ധനസഹായത്തോടെ നടന്ന ഗവേഷണഫലം 2021 മെയ് 20-ലെ സയൻസ് ജേണലിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. എങ്ങനെ/ എന്തുകൊണ്ടാണ് ചില ജനിതക മാറ്റങ്ങൾ അല്ലെങ്കിൽ മ്യൂട്ടേഷൻ വൈറസുകളെ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തിൽ നിന്ന് രക്ഷപെടാൻ സഹായിക്കുന്നതെന്ന വിഷയത്തേക്കുറിച്ചാണ് സ്ക്രിപ്പ്സ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. ഇയാൻ വിൽസൺ നേതൃത്വം നൽകിയ സംഘം പരിശോധിച്ചത്.

covid_covid19

 

മറ്റു പ്രോട്ടീൻ തന്മാത്രകൾ പോലെ സ്പൈക്ക് പ്രോട്ടീനുകളും അമിനോ ആസിഡുകൾ കൊണ്ടാണ് നിർമിക്കപ്പെട്ടിരിക്കുന്നത്. കൃത്യമായ എണ്ണത്തിലും ക്രമത്തിലും നിശ്ചിത അമിനോ ആസിഡുകൾ ഒരു ചങ്ങലപോലെ കൂട്ടിച്ചേർക്കപ്പെടുകയും, ഒരു പ്രത്യേക ആകൃതിയിൽ ചുരുട്ടിവയ്ക്കപ്പെടുകയും ചെയ്യുന്നു. മ്യൂട്ടേഷൻ മൂലം ജനിതകമാറ്റം ഉണ്ടാകുമ്പോൾ ഈ ചങ്ങലയിലെ ഏതെങ്കിലും അമിനോ ആസിഡുകൾക്ക് പകരക്കാരായി തികച്ചും വ്യത്യസ്തമായ മറ്റൊരു അമിനോ ആസിഡ് വരുന്നു. തന്മൂലം പ്രോട്ടീന്റെ രൂപത്തിലും ധർമത്തിലും മാറ്റമുണ്ടാകും. ഉദാഹരണത്തിന് ദക്ഷിണാഫ്രിക്കയിലും ബ്രസീലിലും കണ്ടെത്തിയ വൈറസ് വകഭേദങ്ങളിൽ മൂന്നിടത്ത് ജനിതകമാറ്റം കണ്ടെത്തിയിട്ടുണ്ട്. RBS: 417,484,501 എന്നീ സ്ഥാനങ്ങളാലാണ് മാറ്റം വന്നത്.

 

kerala-covid-19-testing

മേൽപറഞ്ഞ വിധത്തിലുള്ള മ്യൂട്ടേഷൻ സംഭവിച്ച വൈറസ് വകഭേദങ്ങളെ കോവിഡ് രോഗികളുടെ   ശരീരത്തിലുണ്ടാകുന്ന ആന്റിബോഡികൾ പിടികൂടുന്നത് എങ്ങനെയെന്നാണ് ഗവേകസംഘം പരിശോധിച്ചത്. സാർസ് കോവ് - 2 വൈറസിനെതിരായി ഉത്പാദിപ്പിക്കപ്പെടുന്ന ബഹുഭൂരിപക്ഷം ആന്റിബോഡികളെയും രണ്ടു വിഭാഗങ്ങളായി തിരിക്കാം. 417,484 എന്നീ സ്ഥാനങ്ങളിൽ മ്യൂട്ടേഷൻ സംഭവിച്ച വൈറസുകൾ മേൽപറഞ്ഞ രണ്ടു വിഭാഗങ്ങളിൽ നിന്നുള്ള ആന്റിബോഡികളെ തടയാനുള്ള കഴിവ് നേടിയിരുന്നു. 417 -ൽ സംഭവിച്ച മാറ്റം മൂലം ആതിഥേയ കോശങ്ങളിൽ ബന്ധം സ്ഥാപിക്കാനുള്ള വൈറസിന്റെ കഴിവിലും കുറവുണ്ടാക്കിയെങ്കിലും, 501 ലെ മാറ്റം കോശ പ്രവേശനത്തിന് കൂടുതൽ കഴിവ് നൽകുന്നതായതിനാൽ ആ കുറവ് പരിഹരിക്കപ്പെട്ടു. മ്യൂട്ടേഷനുകൾ ഗുണവും ദോഷവും ഉണ്ടാക്കാമെന്നതും ഓർക്കുക.

 

മ്യൂട്ടേഷനുകൾ എങ്ങനെയാണ് ആന്റിബോഡികളെ വൈറസുകളെ പിടികൂടുന്നതിൽ നിന്നും നിർവീര്യമാക്കുന്നതിൽ നിന്നും തടയുന്നതെന്നും പരിശോധിക്കപ്പെട്ടു. അതിനായി സാർസ് കോവ് 2 വൈറസിന്റെ സ്പൈക്ക് പ്രോട്ടീനെതിരെ  ശരീരം ഉത്പാദിപ്പിക്കുന്ന അൻപതോളം ആന്റിബോഡികളുടെ തന്മാത്രാഘടന അവർ പരിശോധിച്ചു. മുൻപു പ്രസ്താവിച്ച രണ്ടു വിഭാഗം ആന്റിബോഡികളും സ്പെക്ക് പ്രോട്ടീന്റെ 417,484 സ്ഥാനങ്ങളിലുള്ള അമിനോ ആസിഡുകളെയാണ്  വൈറസിനെ പിടികൂടാൻ എപ്പോഴും ലക്ഷ്യം വയ്ക്കുന്നത്. ഈ സ്ഥാനങ്ങളിലെ മാറ്റം അവരുടെ ലക്ഷ്യവും തെറ്റിച്ചു. വൈറസ് വകഭേദം പിടികിട്ടാപ്പുള്ളിയാവുകയും ചെയ്യുന്നു. ഒറിജിനൽ കോവിഡ് വൈറസിനെ ലക്ഷ്യമാക്കി നിർമിച്ച വാക്സീനെടുത്താലും സ്വാഭാവിക രോഗമുണ്ടായാലും ചില വൈറസ് വകഭേദങ്ങൾക്കെതിരെ ഫലപ്രദമായ രോഗപ്രതിരോധം പ്രതീക്ഷിക്കാൻ സാധിക്കാത്തതിന്റെ ഘടനാപരമായ വിശദീകരണമാണ് പഠനം നൽകുന്നത്.

 

അതിപ്രധാനവും രസകരവുമായ മറ്റൊരു വെളിപ്പെടുത്തൽ കൂടി ഈ ഗവേഷണഫലത്തിലുണ്ട്. സ്പൈക്ക് പ്രോട്ടീന്റെ  പരമപ്രധാനമായ റിസപ്റ്റർ മ്പൈൻഡിങ്ങ് ഭാഗത്തെയല്ലാതെ മറ്റു ഭാഗങ്ങളെ ലക്ഷ്യം വയ്ക്കുന്ന ആന്റിബോഡികളും ഡോക്ടർ വിൽസണും സംഘവും പരിശോധിച്ചിരുന്നു. വൈറസ് വകഭേദങ്ങളെ ബന്ധനത്തിലാക്കി നിർവീര്യമാക്കാനുള്ള ശേഷി ഇത്തരം ആന്റിബോഡികൾക്കുണ്ടായിരുന്നത്രേ! കൂടാതെ മറ്റു ചില കൊറോണ വൈറസുകൾക്കെതിരെ പോലും ഇവ ഫലപ്രദമായിരുന്നു.

 

എന്താണ് ഈ പുതിയ പഠനം ശാസ്ത്രലോകത്തിന് നൽകുന്ന പാഠം? അടുത്ത തലമുറ വാക്സീനുകളും ആന്റിബോഡി ചികിൽസയും രൂപകൽപന ചെയ്യുമ്പോൾ നാം മനസ്സിൽ കരുതേണ്ട പ്രധാന കാര്യമാണത്. വൈറസിന്റെ സ്പൈക്ക് പ്രോട്ടീനിൽ സ്ഥിരമായി ജനിതകമാറ്റം / മ്യൂട്ടേഷൻ സംഭവിക്കാൻ സാധ്യതയുള്ള RBS പോലെയുള്ള ഭാഗങ്ങളെ മാത്രം കേന്ദ്രീകരിക്കാതെ ആന്റിബോഡികൾ ഉന്നം വയ്ക്കുന്ന മറ്റു സ്ഥാനങ്ങളെക്കൂടി ഉൾപ്പെടുത്തുന്ന വാക്സീനുകളും ആന്റിബോഡികളുമായിരിക്കും വൈറസ് വകഭേദങ്ങൾക്കെതിരെ കൂടുതൽ ഫലപ്രദം. ചുരുക്കത്തിൽ സാർസ് കോവ് 2 വൈറസ് പൂർണ്ണമായും നിർമാർജ്ജനം ചെയ്യപ്പെടാതെ നമുക്കൊപ്പം കൂടുന്ന ഒരു ഭാവികാലമാണ് മാനവരാശിയുടെ മുൻപിലുള്ളതെങ്കിൽ കൂടുതൽ വിസ്തൃതമായ ഫലപ്രാപ്തിയുള്ള ( broadly effective) വാക്സീനുകളും ചികിൽസയുമാണ് നമുക്ക് വേണ്ടത്.

 

English Summary: Covid-19 virus: Varieties are very efficient and must be tackled with new strategies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com