ADVERTISEMENT

കോവിഡ്- 19 മഹാമാരിക്കെതിരായ പോരാട്ടത്തിലെ സുപ്രധാനമായ ആയുധമായ വാക്സീനുകളുടെ നിരയിലേക്ക് ശക്തനായ മറ്റൊരു പോരാളി കൂടി ഉടൻ എത്തിച്ചേരുന്നു. യുഎസിലെ മേരിലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നോവവാക്സ് കമ്പനി വികസിപ്പിച്ച കോവിഡ്- 19 വാക്സീനായ ' NVX- CoV2373 ' ആണ് അവസാനഘട്ട പരീക്ഷണത്തിൽ 90.4 ശതമാനം ഫലപ്രാപ്തി കാണിച്ചിരിക്കുന്നത്. നിലവിൽ ഉപയോഗത്തിലിരിക്കുന്ന കോവിഡ് വാക്സീനുകളിൽ നിന്നു വ്യത്യസ്തമായി സാർസ്- കോവ് - 2 വൈറസിന്റെ ഒരു പ്രോട്ടീൻ ഉപയോഗിച്ചുള്ള ( protein based ) സാങ്കേതികവിദ്യയാണ് ഈ വാക്സീന്റെ പിന്നിലുളളത്. യുഎസിലും മെക്സിക്കോയിലുമായി 30,000 ത്തോളം പേരിലാണ് വാക്സീന്റെ സുപ്രധാന പരീക്ഷണം നടന്നത്. മൂന്നാഴ്ചത്തെ ഇടവേളയിൽ രണ്ടു ഡോസുകളായാണ് വാക്സീൻ നൽകിയത്. എട്ടോളം വൈറസ് വകഭേദങ്ങൾക്കെതിരെ ഫലപ്രദമാണെന്ന് കണ്ടെത്തിയ വാക്സീൻ സുരക്ഷിതമാണ്. ഇന്ത്യയിൽ വാക്സീന്റെ നിർമാണവും വിതരണവും സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് നിർവഹിക്കുക.

 

FILE PHOTO: Small bottles labeled with a "Vaccine COVID-19" sticker and a medical syringe are seen in this illustration taken taken April 10, 2020. REUTERS/Dado Ruvic/File Photo
FILE PHOTO: Small bottles labeled with a "Vaccine COVID-19" sticker and a medical syringe are seen in this illustration taken taken April 10, 2020. REUTERS/Dado Ruvic/File Photo

ലക്ഷണങ്ങളോടു കൂടിയ കോവിഡ്- 19 രോഗബാധയ്ക്കെതിരെ മൊത്തത്തിൽ 90.4  ഫലപ്രാപ്തി കാണിച്ച വാക്സീൻ അതിതീവ്രവും മിതവുമായ രോഗബാധയ്ക്കെതിരെ 100 ശതമാനവും ഫലപ്രദമാണെന്നും തെളിഞ്ഞിട്ടുണ്ട്. ആശങ്കയുണ്ടാക്കുന്നതും പ്രത്യേക താത്പര്യമുള്ളതുമായ എട്ടോളം വകഭേദങ്ങൾക്കെതിരെ ഇവയുടെ വിജയം 93.2 ശതമാനം വരും. രക്തം കട്ടപിടിക്കൽ ഹൃദ്രോഗലക്ഷണങ്ങൾ തുടങ്ങിയ ഗുരുതരമായ പാർശ്വഫലങ്ങളൊന്നും കാണിക്കാതിരുന്ന വാക്സീൻ സുരക്ഷിതമാണെന്നും കണ്ടെത്തിയിട്ടുണ്ട്. അസാധാരണവും ആശ്ചര്യകരവും സന്തോഷപ്രദവുമായ ഫലമെന്ന് വിദഗ്ധർ തന്നെ വിലയിരുത്തിയ പരീക്ഷണത്തിന്റെ മറ്റൊരു പ്രത്യേകത അവയിൽ പങ്കെടുത്ത ആൾക്കാരിലെ വൈവിധ്യമായിരുന്നു. വാക്സീൻ ട്രയലിൽ പങ്കെടുത്തവരിൽ 44 ശതമാനം പേരും വെളുത്ത വർഗക്കാരല്ലത്തവരായിരുന്നു.

 

Photo credit : vovidzha / Shutterstock.com
Photo credit : vovidzha / Shutterstock.com

നോവവാക്സ് വികസിപ്പിച്ച പുതിയ വാക്സീന്റെ ഏറ്റവും പ്രധാനഗുണം അവയെ 2-8 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിച്ചാൽ മതിയെന്നതാണ്. സൂക്ഷിപ്പു സൗകര്യങ്ങൾ കുറവുള്ള വികസ്വര രാജ്യങ്ങളിലും ഒറ്റപ്പെട്ട വിദൂരപ്രദേശങ്ങളിലും വാക്സീനേഷൻ നിരക്ക് മെച്ചപ്പെടുത്താൻ ഇത് സഹായിക്കും. യഥാക്രമം 95, 94 ശതമാനം വീതം  ഫലപ്രാപ്തിയുള്ള അമേരിക്കൻ ഫൈസർ, മൊഡേണ വാക്സീനുകളോട് താരതമ്യപ്പെടുത്തുമ്പോൾ അൽപം താഴെ 90 ശതമാനമാനമാണ് പുതിയ വാക്സീന്റെ ഫലപ്രാപ്തി. പക്ഷേ വൈറസ് വിവിധ വകഭേദങ്ങളിൽ വ്യാപിക്കുന്ന സമയത്താണ് ഈ വാക്സീൻ ട്രയൽ നടന്നതെന്ന് ഓർക്കുക. mRNA വിദ്യ അടിസ്ഥാനപ്പെടുത്തി വികസിപ്പിച്ച ഫൈസർ, മൊഡേണ വാക്സീനുകളുടെ പരീക്ഷണ ട്രയലുകൾ വകഭേദങ്ങൾ പ്രത്യക്ഷപ്പെടുന്നതിനു മുൻപായിരുന്നു. അതിനാൽ നിലവിലുള്ള വാക്സീനുകൾക്ക് തുല്യമായ ശക്തിയുള്ളതാണ് പുതിയ വാക്സീനെന്നും നൂറു ശതമാനം രോഗത്തെ തടയുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ജൂലൈ - സെപ്റ്റംബർ മാസത്തോടെ അടിയന്തര ഉപയോഗത്തിനായുള്ള അനുമതി ലഭിക്കാനുള്ള നടപടികൾ ആരംഭിക്കുമെന്ന് കമ്പനി പറയുന്നു. സെപ്റ്റംബർ അവസാനത്തോടെ പ്രതിമാസം 100 ദശലക്ഷം ഡോസുകൾ നിർമിക്കാനാവുമെന്നും നോവവാക്സ് കണക്കു കൂട്ടുന്നു. വർഷാവസാനത്തോടെ ഇത് 150 ദശലക്ഷവുമാകും. അമേരിക്കയിൽ ആവശ്യത്തിലധികം വാക്സീൻ ഉത്പാദിപ്പിക്കുന്ന അവസ്ഥയുള്ളതിനാൽ കൂടുതൽ വരുന്ന ഡോസുകൾ വികസ്വര രാജ്യങ്ങൾക്ക് മുതൽകൂട്ടാകും. പാവപ്പെട്ട, ഇടത്തരം രാജ്യങ്ങൾക്ക് 1.1 ബില്യൺ ഡോസ് വാക്സീൻ നൽകാനുള്ള സമ്മതപത്രം കമ്പനിയും രാജ്യാന്തര വാക്സീൻ ലഭ്യതാ കൂട്ടായ്മയുമയും (GAVI) ഒപ്പുവച്ചിട്ടുണ്ട്. നോവവാക്സ് കോവിഡ്  വാക്സീന്റെ രണ്ട്/ മൂന്നാം ഘട്ട ട്രയലുകൾ ഇന്ത്യയിൽ നടത്താനുള്ള അനുമതി ജൂൺ തുടക്കത്തിൽ തന്നെ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ, സീറം ഇൻസ്റ്റിറ്റ്യൂട്ടിന് നൽകിയിട്ടുണ്ട്.

 

നോവവാക്സ് പ്രോട്ടീന്‍ അടിസ്ഥാനമാക്കിയ വാക്‌സീനാണെന്ന് പറഞ്ഞല്ലോ? നൊവവാക്സിന്റെ റിക്കോമ്പിനന്റ് നാനോ പാർട്ടിക്കിൾ ടെക്നോളജി ഉപയോഗിച്ച് നിർമിച്ചെടുത്ത വൈറസിന്റെ പ്രിഫ്യൂഷൻ സ്‌പെക്ക് പ്രോട്ടീനും, ഒരു അഡ്ജുവന്റും ചേർന്നതാണ് പുതിയ വാക്സീൻ.

 

നിർമിച്ചെടുത്ത കൊറോണ വൈറസിന്റെ പ്രോട്ടീനുകളെ ( synthetic viral protein ), രോഗപ്രതിരോധ പ്രതികരണം വർധിപ്പിക്കാൻ സഹായിക്കുന്ന ഒരു അഡ്ജുവന്റ് പദാർഥത്തോടൊപ്പം ചേർത്ത് ശരീരത്തിലേക്ക് വാക്സീനായി കുത്തിവെക്കുന്ന രീതിയാണ് ഇവിടെ പിന്‍തുടർന്നത്. ഇതു വഴി ശരീരത്തിന്റെ രോഗ പ്രതിരോധ സംവിധാനം കോവിഡ് വൈറസിനോടെന്ന പോലെ പ്രതികരിക്കുന്നു.

 

English Summary: Novavax covid-19 Vaccine more than 90 effective in US trial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com