Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് ഫെയ്സ്ബുക്ക് കോടീശ്വരന്റെ പ്രണയകഥ, പാവങ്ങൾക്കായി നീക്കിവെച്ചത് 2,89,937 കോടി രൂപ!

mark-zuckerberg

പ്രണയത്തിലാവുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. ആര്‍ക്കും ആരോടു വേണമെങ്കിലും എപ്പോഴും തോന്നാവുന്ന ഒന്നാണത്. എന്നാല്‍ രണ്ടുപേര്‍ തമ്മില്‍ മിണ്ടിയില്ലെങ്കിലും കാര്യങ്ങള്‍ മനസ്സിലാക്കുകയും ഒരാള്‍ മറ്റൊരാളുടെ പ്രവൃത്തികള്‍ക്ക് ഊര്‍ജ്ജമാവുകയും ചെയ്യുക എന്നത് ചില്ലറ കാര്യമൊന്നുമല്ല. ബാഹ്യമായ ബന്ധത്തിനപ്പുറം ആത്മാവു കൊണ്ട് ഒന്നായവര്‍ക്കേ അത് സാധിക്കൂ. ഇവിടെ സംഭവിച്ചതും അതാണ്.

ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരൻമാരില്‍ ഒരാളാണ് ഫെയ്സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കർബർഗ്. നിശ്ചയദാര്‍ഢ്യവും കൃത്യമായ ലക്ഷ്യബോധവുമുള്ള ആധുനിക ടെക് കച്ചവടക്കാരൻ‍. ഫെയ്സ്ബുക്ക് എന്ന മോഹിപ്പിക്കുന്ന മായാപ്രപഞ്ചത്തിന്റെ ചക്രവര്‍ത്തി. എന്നാല്‍ പ്രണയത്തിലാവുമ്പോള്‍ ഇക്കാര്യങ്ങളെല്ലാം അപ്രസക്തമാവുന്നു. അയാള്‍ ഹൃദയം നിറയെ പ്രകാശവും സ്‌നേഹവുമുള്ള സാദാ മനുഷ്യനായി മാറുന്നു.

വാഷ്‌റൂം ക്യൂവിലെ കണ്ടുമുട്ടല്‍ 

പ്രിസില്ല രണ്ടാംവര്‍ഷ കോളേജ് വിദ്യാര്‍ഥിനി ആയിരിക്കുമ്പോഴാണ് മാര്‍ക്ക് സക്കർബർഗ് അവളെ ആദ്യമായി കാണുന്നത്. വര്‍ഷം  2003. വേദി മാര്‍ക്കിന്റെ സുഹൃത്തുക്കള്‍ സംഘടിപ്പിച്ച ഒരു പാര്‍ട്ടി. രണ്ടുപേരും കാത്തിരിപ്പിലായിരുന്നു; വാഷ്‌റൂം ഉപയോഗിക്കുന്നതിനായുള്ള ക്യൂ ലൈനില്‍! എപ്പോഴാണ്, എവിടെ വച്ചാണ് പ്രണയം മുളപൊട്ടുകയെന്നു ആര്‍ക്കും പറയാനാവില്ലല്ലോ. ഇവിടെ അതങ്ങ് സംഭവിക്കുക തന്നെ ചെയ്തു. അന്ന് ആ വരിയില്‍ തന്റെ കൂടെ നിന്ന പ്രിസില്ലയും മാര്‍ക്കും തമ്മില്‍ പ്രണയത്തിലായി. പിന്നീട് ഹവാര്‍ഡില്‍ ഒരുമിച്ചുള്ള ദിനങ്ങള്‍... രണ്ടുപേരുടെയും സ്‌നേഹം പൂത്തുലഞ്ഞു.

അങ്ങനെയിരിക്കെയാണ് മാര്‍ക്ക് സക്കബർഗ് തന്റെ ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായകമായ ഒരു തീരുമാനം എടുക്കുന്നത്. തന്റെ വലിയൊരു സ്വപ്നം പൂര്‍ത്തീകരിക്കാനായി മാര്‍ക്ക് പഠനം ഉപേക്ഷിച്ചു. ഹവാര്‍ഡിനോട് എന്നെന്നേക്കുമായി ബൈ പറഞ്ഞ് ഇറങ്ങി. ആ പടിയിറക്കം ലോകത്തിന്റെ നെറുകയിലേയ്ക്കുള്ള പടികയറ്റമായി മാറാന്‍ അധികകാലം വേണ്ടിവരില്ലെന്ന് മാര്‍ക്കിന് മനസ്സില്‍ നല്ല ഉറപ്പുണ്ടായിരുന്നു. 'ഫെയ്സ്ബുക്ക്' എന്ന ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിന്റെ കഥ അവിടെ നിന്നാരംഭിക്കുന്നു.

പ്രണയത്തിന് ദൂരം എന്നത് ഒരുകാലത്തും ഒരു വിഷയമല്ലായിരുന്നു. ഇവിടെയും അതുതന്നെ ആവര്‍ത്തിച്ചു. മാര്‍ക്ക് സക്കർബർഗ് തന്റെ തിരക്കേറിയ ജോലിയില്‍ മുഴുകുമ്പോഴും യാതൊരുവിധ പരാതികളുമില്ലാതെ അങ്ങേയറ്റം കരുതലോടെ പ്രിസില്ല കൂടെത്തന്നെ നിന്നു. മാര്‍ക്ക് കാലിഫോര്‍ണിയയിലേയ്ക്ക് താമസം മാറിയപ്പോൾ അധികം വൈകാതെ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ വൈദ്യശാസ്ത്ര വിദ്യാര്‍ഥിനിയായി പ്രിസില്ലയും അവിടെ എത്തിച്ചേര്‍ന്നു.

ഇന്ന് മള്‍ട്ടി ബില്ല്യനയര്‍ ആയി നില്‍ക്കുമ്പോഴും പ്രിസില്ലയും മാര്‍ക്ക് സക്കർബര്‍ഗും തമ്മിലുള്ള ബന്ധത്തിന് ഒരു ഇടിവും സംഭവിക്കാതെ മനോഹരമായി തന്നെ മുന്നോട്ടു പോവുന്നു. നാലു കാശോ പ്രശസ്തിയോ വരുമ്പോള്‍ കാമുകിയെയും കാമുകനെയുമെല്ലാം പെട്ടെന്ന് മറക്കുന്ന മൂന്നാംതരം പ്രേമമായിരുന്നില്ല അതെന്ന് പിന്നീട് കാലം തെളിയിച്ചു. പ്രണയം എന്നതിലുപരി പരസ്പരം ആഴത്തില്‍ മനസിലാക്കുന്ന ഒരു സൗഹൃദം അവര്‍ക്കിടയിലുണ്ടായിരുന്നു. അതു തന്നെയായിരുന്നു അവരുടെ ജീവിതത്തിലെ വലിയ വിജയവും.

Zuckerberg-wedding

പീഡിയാട്രിക്‌സില്‍ സ്‌പെഷ്യലൈസ് ചെയ്ത പ്രിസില്ലയുടെ സ്വാധീനമായിരുന്നു ഫെയ്സ്ബുക്കിലൂടെയുള്ള അവയവദാന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍. മാര്‍ക്ക് സക്കർബർഗ് ഫെയ്സ്ബുക്ക് തുടങ്ങിയപ്പോള്‍ അതില്‍ ആദ്യമായി ചേര്‍ന്ന വ്യക്തികളില്‍ ഒരാളും പ്രിസില്ല ആയിരുന്നു (2005 ഫെബ്രുവരി 2).

പ്രണയത്തിന്റെ യാത്ര 

യുവാക്കളുടെ ഇന്നത്തെ മാതൃകയാണ് പ്രിസില്ല-മാര്‍ക്ക് സക്കർബർഗ് ബന്ധം. ജീവിതത്തിലെ ഏറ്റവും മനോഹാരിതയേറിയ നിമിഷങ്ങള്‍ ഇരുവരും ലോകവുമായി എപ്പോഴും പങ്കുവയ്ക്കുന്നു. ഇരുവരുടെയും ഫെയ്സ്ബുക്ക് പ്രൊഫൈലുകളില്‍ തന്നെയുണ്ട് ആ പ്രണയകഥയുടെ വിശദാംശങ്ങള്‍. ഇരുവരും ഒന്നിച്ചുള്ള ചില നിമിഷങ്ങള്‍, പ്രിസില്ലയുടെ ഗ്രാജ്വേഷന്‍, ഒന്നിച്ചുള്ള യാത്രകള്‍, സുഹൃത്തുക്കളുമൊന്നിച്ചുള്ള പാര്‍ട്ടികള്‍, അവരുടെ പ്രിയപ്പെട്ട ബീസ്റ്റ് എന്ന പട്ടിക്കുട്ടി... എല്ലാം അവിടെ കുറിക്കപ്പെടുന്നു.

ഇന്നും തുടരുന്ന പ്രണയത്തിനു പിന്നിലെ രഹസ്യം

എപ്പോഴും ജോലി, ജോലിയെന്നു മനസ്സില്‍ പറഞ്ഞ് ഓടി നടക്കുന്ന വ്യക്തിയായിരുന്നു മാര്‍ക്ക് സക്കർബർഗ്. പ്രിസില്ലയാകട്ടെ ആ തിരക്ക് തങ്ങളുടെ ബന്ധത്തെ ബാധിക്കാന്‍ ഒരിക്കലും സമ്മതിച്ചില്ല. ഇതിനായി തങ്ങളുടെ പ്രണയകാലത്ത് പ്രിസില്ല കുറച്ചു നിബന്ധനകള്‍ വച്ചു. എല്ലാ ആഴ്ചകളിലും ഒരു രാത്രി ഒരുമിച്ചുണ്ടാവുക. ഇരുവര്‍ക്കും ഒറ്റയ്ക്ക് ഇരിക്കാന്‍ മിനിമം നൂറു മിനിറ്റ് എങ്കിലും സമയം നല്‍കുക എന്നിവയെല്ലാമായിരുന്നു അതില്‍ പ്രധാനപ്പെട്ടവ. മാര്‍ക്ക് സക്കർബർഗ് ആവട്ടെ അവയെല്ലാം സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു. 

ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ ലോകത്തെ അറിയിക്കാന്‍ ഇന്ന് എല്ലാവരും ഉപയോഗിക്കുന്നത് ഫെയ്സ്ബുക്കാണല്ലോ. മാര്‍ക്കും ആ പതിവ് തെറ്റിച്ചില്ല. പ്രസില്ല എന്നെന്നേയ്ക്കുമായി തന്റെ ജീവിതത്തിലേയ്ക്ക് കടന്നുവന്ന ദിവസം മാര്‍ക്ക് ഫെയ്സ്ബുക്കിലൂടെ തന്നെ ലോകത്തെ അറിയിച്ചു. ആദ്യ കുഞ്ഞിന്റെ വിശേഷങ്ങൾ ഓരോ നിമിഷവും കൂട്ടുകാരുമായി പങ്കുവെക്കുമ്പോൾ തന്നെ രണ്ടാം കുഞ്ഞു പിറക്കാൻ പോകുന്നുവെന്ന വാർത്തയും ഫെയ്സ്ബുക്കിലൂടെയാണ് പ്രിസില്ലയും സക്കർബർഗും വെളിപ്പെടുത്തിയത്.

Mark-Zuckerberg-Priscilla-Chan

പ്രണയകഥയിലൂടെ 

2012 ലാണ് മെഡിക്കല്‍ സ്‌കൂളില്‍ നിന്നും പ്രിസില്ല ബിരുദം നേടുന്നത്. തങ്ങളുടെ പ്രണയം ലോകത്തെ അറിയിക്കാന്‍ ഇരുവരും ഈ സന്ദര്‍ഭം തന്നെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചു. പ്രിസില്ലയുടെ വിജയം ആഘോഷിക്കാന്‍ എന്ന പേരില്‍ സുഹൃത്തുക്കള്‍ക്കായി ഒരു പാര്‍ട്ടി സംഘടിപ്പിച്ചു. നൂറു പേരോളം വരുന്ന ആ പാര്‍ട്ടിയില്‍ വച്ച് മാര്‍ക്ക് സക്കർബർഗ് പ്രഖ്യാപിച്ചു; ഇന്ന് തങ്ങള്‍ വിവാഹിതരാവുകയാണ്!

അത്രയും പേരുടെ മുന്നില്‍ വച്ച് പ്രിസില്ലയ്ക്കായി പ്രത്യേകം ഡിസൈന്‍ ചെയ്ത റൂബിയുടെ മോതിരം മാര്‍ക്ക് സക്കർബർഗ് ആ വിരലില്‍ അണിയിച്ചു. ഉടനെതന്നെ ഹണിമൂണിനായി ഇറ്റലിയിലേയ്ക്ക് പറന്നു. ജീവിതത്തിലെ മനോഹരമായ സന്ദര്‍ഭങ്ങള്‍ വരച്ചിടാന്‍ എല്ലാവരെയും പോലെതന്നെ മാര്‍ക്ക് സക്കർബർഗും ഫെയ്സ്ബുക്ക് ചുവര്‍ നിര്‍ലോഭം ഉപയോഗിച്ചു.

2014 നവംബര്‍ പതിനാലിന് മാര്‍ക്ക് തന്റെ ഫെയ്സ്ബുക്ക് വാളില്‍ ഇങ്ങനെ കുറിച്ചു. 'കൃത്യം പതിനൊന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഇതേ ദിവസമാണ് ഞാന്‍ അവളെ ആദ്യമായി കണ്ടത്, പ്രിസില്ല. എന്നെ ഇങ്ങനെ നിലനിര്‍ത്തുന്നതിനും ഒരുമിച്ചു വളരുമ്പോള്‍ ബോധമുള്ളവനായി തന്നെയിരിക്കുന്നതിനും നിനക്ക് നന്ദി'

zuckerberg

ജീവിതം കാരുണ്യപ്രവർത്തനങ്ങൾക്ക്

ലോകത്തെ ഒട്ടുമിക്ക ടെക്കികകളും കാരുണ്യപ്രവർത്തനങ്ങൾക്കായി കോടികളാണ് ചിലവഴിക്കുന്നത്. ഇക്കാര്യത്തിൽ ഫെയ്സ്ബുക്ക് മേധാവി മാർക്ക് സക്കർബർഗും ഭാര്യ പ്രിസില്ലയും ഒട്ടും പിറകിലല്ല. കാരുണ്യ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനായി കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഫെയ്സ്ബുക്കിലെ 7,60,000 ഓഹരികളാണ് വിൽക്കുമെന്ന് അറിയിച്ചത്. സക്കർബർഗിന്റെയും ഭാര്യയുടേയും പേരിലുള്ള ‘ചാൻ സക്കർബർഗ്’ പദ്ധതിക്ക് വേണ്ടി പണം കണ്ടെത്താനുള്ള ഒരു വഴിയായിരുന്നു അത്.

ആദ്യ കുഞ്ഞ് ജനിച്ച് പോസ്റ്റിട്ടപ്പോൾ അതിലെ പ്രധാനപ്പെട്ട പ്രഖ്യാപനം ഫെയ്സ്ബുക്കിലെ 99 ഓഹരികളും പാവങ്ങളെ സഹായിക്കാൻ വേണ്ടി ചെലവഴിക്കുമെന്നതായിരുന്നു. മാക്സ് എന്ന മകളുടെ ജനനത്തോടെ ചാറിറ്റി പ്രവർത്തനങ്ങളും സജീവമാക്കി പ്രിസില്ല രംഗത്തിറങ്ങി. പഠനം, രോഗികൾക്ക് ചികിത്സ, ഭക്ഷണം, ജനങ്ങളുടെ ബന്ധം ശക്തമാക്കുക തുടങ്ങി നിരവധി സാമൂഹ്യ സേനവങ്ങളാണ് ‘ചാൻ സക്കർബർഗ്’ ഇന്ന് ലക്ഷ്യമിടുന്നത്. 

zuckerberg-kid

4,500 കോടി ഡോളറാണ് (ഏകദേശം 2,89,937 കോടി രൂപ) ചാരിറ്റി ഫണ്ടിലേക്ക് നീക്കിവെച്ചത്. അതെ, ഇത്രയും മൂല്യമുള്ള ഫെയ്സ്ബുക്കിലെ 99 ശതമാനം ഓഹരികൾ അന്നു തന്നെ ചാൻ സക്കർബർഗ് ചാരിറ്റിയിലേക്ക് മാറ്റുകയാണ് ചെയ്തത്. വർഷവും 100 കോടി ഡോളറിന്റെ ഓഹരികൾ വിറ്റു വേണ്ടത്ര പണം കണ്ടെത്താനായിരുന്നു തീരുമാനം.