Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവതികളുമായി സെക്സ് വിഡിയോ കോൾ; നിഷാന്തിനെ കുടുക്കിയത് മൂന്നു പേർ

honey-trap-

പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐക്ക് അതീവ രഹസ്യങ്ങൾ ചോർത്തി നൽകിയ കേസിൽ നാഗ്പൂരിലെ ബ്രഹ്മോസ് യൂണിറ്റിലെ സിസ്റ്റം എൻജിനീയർ നിഷാന്ത് അഗർവാൾ കഴിഞ്ഞ ദിവസം അറസ്റ്റിലായി. ഇതോടെ ഐഎസ്ഐ വലവിരിക്കുന്ന രീതികൾ സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും തുടക്കം കുറിച്ചിരിക്കുകയാണ്. വനിതകളുടെ വ്യാജ പ്രൊഫൈൽ സൃഷ്ടിച്ച്, യുവശാസ്ത്രജ്ഞൻമാർക്കായി തേൻക്കെണി ഒരുക്കിയാണ് ഐഎസ് പ്രവർത്തിക്കുന്നത്. വ്യാജ പ്രൊഫൈലുകളിൽ വിശ്വാസ്യത വരുത്താനായി ഡമ്മി മോഡലുകളെ ഉപയോഗിച്ച് ലൈംഗിക അതിപ്രസരമുള്ള വിഡിയോ കോളുകൾ വരെ പാക് ചാരസംഘടന ഒരുക്കാറുണ്ട്. 

നിഷാന്ത് അഗർവാളിനെ കുരുക്കിയത് വ്യാജ ഫെയ്സ്ബുക് അക്കൗണ്ടുകൾ വഴിയുള്ള സെക്സ് വിഡിയോ കോൾ, ചാറ്റിങിലൂടെയാണ്. നേഹ ശർമ, പൂജ രഞ്ജൻ എന്നീ പേരുകളിലുള്ള വ്യാജ ഫെയ്സ്ബുക് അക്കൗണ്ടുകളിലേക്കാണ് ചാറ്റിങ് വഴി വിവരങ്ങൾ കൈമാറിയിരുന്നതെന്നാണ് അന്വേഷണ സംഘം വെഴിപ്പെടുത്തിയിട്ടുള്ളത്. ഈ പ്രൈഫൈലുകളെല്ലാം വ്യാജമാണെന്ന് വ്യക്തമാണ്. യുകെ, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ളവരാണെന്ന് കാണിച്ചാണ് യുവതികൾ യുവ ഗവേഷകരെ വീഴ്ത്തുന്നത്.

ഐപി മാസ്കിങ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇത്തരത്തിലുള്ള ചാറ്റുകൾ നടക്കുന്നത്. യഥാര്‍ഥ ഐപി അഡ്രസ് മറച്ചുവയ്ക്കാൻ ഇതുവഴി സാധിക്കും. കാനഡയിൽ പ്രതിമാസം 30,000 ഡോളർ പ്രതിഫലമുള്ള ജോലി വാഗ്ദാനം ചെയ്താണ് നിഷാന്ത് അഗർവാളിനായി സേജൽ കപൂർ എന്ന വ്യാജ യുവതി കെണിയൊരുക്കിയത്. ബ്രഹ്മോസ് മിസൈൽ പദ്ധതിയുമായി ബന്ധപ്പെട്ടു നടത്തിയ പ്രവർത്തനങ്ങളുടെ വിവരങ്ങൾ പങ്കുവയ്ക്കാൻ ആവശ്യപ്പെടുമ്പോൾ ഇതിനു പിന്നിലെ കെണി നിഷാന്ത് തിരിച്ചറിഞ്ഞിരുന്നില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. 

കാനഡക്കാരിയെന്ന് പരിചയപ്പെടുത്തിയ സേജൽ കപൂറുമായി നിഷാന്ത് ഫെയ്സ്ബുക്കിലൂടെ നിരന്തരം ചാറ്റ് ചെയ്തിരുന്നു. ഇവരാണ് മനംമയക്കുന്ന ഓഫർ ആദ്യം മുന്നോട്ടുവച്ചത്. പിന്നീട് തന്‍റെ മുതിർന്ന ഉദ്യോഗസ്ഥരുമായും സംസാരിക്കാമെന്ന് വ്യക്തമാക്കി ഇതിനായി സേജൽ കപൂർ നിഷാന്തിന് ഒരു ലിങ്ക് അയച്ചു കൊടുത്തു. ഈ ലിങ്ക് ക്ലിക് ചെയ്തതോടെ അതി ഭീകര മാൾവെയർ നിഷാന്തിന്‍റെ കംപ്യൂട്ടറിൽ ഡൗണ്‍ലോഡായി. ഇതുവഴിയാണ് നിർണായക വിവരങ്ങൾ പിന്നീട് നിഷാന്ത് പോലും അറിയാതെ ചോർത്തിയത്. നിഷാന്ത് പതിവായി ചാറ്റ് ചെയ്തിരുന്ന നേഹ ശർമയുടെ വേരുകൾ പാക്കിസ്ഥാനിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

തന്‍റെ കംപ്യൂട്ടറിൽ നിന്നും എത്രമാത്രം നിർണായക വിവരങ്ങൾ ഇതിനോടകം ചോർത്തിയിട്ടുണ്ടെന്നതിനെ കുറിച്ച് നിഷാന്തിനു പോലും ശരിയായ ധാരണയില്ലെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. യുവ ഇന്ത്യന്‍ ശാസ്ത്രജ്ഞർക്കായി ഐഎസ്ഐ ഒരുക്കുന്ന തേൻക്കെണി കുരുക്ക് ലക്ഷ്യത്തിലെത്തുന്നതിന്‍റെ സൂചനയായാണ് നിഷാന്തിന്‍റെ അറസ്റ്റിനെ അന്വേഷണ ഉദ്യോഗസ്ഥർ കാണുന്നത്.

ഇന്ത്യയുടെ രഹസ്യം ചോർത്താൻ പാക് ഐഎസ്ഐ സുന്ദരികളുടെ ഹണി ട്രാപ്, ചെലവിടുന്നത് കോടികൾ

ഇന്ത്യയുടെ സൈനിക രഹസ്യങ്ങളും നീക്കങ്ങളും ചോർത്താൻ പാക്കിസ്ഥാൻ യുവതി നടത്തിയ ഹണി ട്രാപ്പിന്റെ വാർത്ത വീണ്ടും പുറത്തുവന്നിരിക്കുന്നു. വ്യോമസേനയുടെ സുപ്രധാന വിവരങ്ങൾ ചോർത്തിയെന്ന റിപ്പോർട്ടും അടുത്തിടെയാണ് പുറത്തുവന്നത്.. ഹണി ട്രാപ്പിന് ഇരയായ മുതിർന്ന ഉദ്യേഗസ്ഥനെ ചോദ്യം ചെയ്തുവരികയാണ്.

സ്മാർട്ട് ഫോണിലെ മെസഞ്ചർ വഴിയാണ് അന്ന് രഹസ്യ ഡേറ്റകൾ ചോർത്തിയത്. ഓൺലൈൻ വഴി പരിചയപ്പെട്ട ‘വ്യാജ’ സുന്ദരി ഹണി ട്രാപ്പിലൂടെ വ്യോമസേനാ ഉദ്യോഗസ്ഥനെ തന്ത്രപരമായി കുടുക്കുകയായിരുന്നു. വാട്സാപ്പ് വഴിയാണ് ഡേറ്റകൾ കൈമാറിയതെന്നും റിപ്പോർട്ടുകളുണ്ട്.

ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട യുവതി ഉദ്യോഗസ്ഥനിൽ നിന്ന് മൊബൈൽ നമ്പറുകളും മറ്റു വ്യക്തി വിവരങ്ങളും സ്വന്തമാക്കി. തുടർന്ന് യുവതിയുമായുള്ള രഹസ്യ ബന്ധം വെളിപ്പെടുത്തുമെന്ന ഭീഷണിയെ തുടർന്നാണ് രേഖകൾ കൈമാറിയത്. കെണിയിൽ കുടുക്കാനായി വേണ്ട രഹസ്യ ചിത്രങ്ങളും വിഡിയോകളും നേരത്തെ തന്നെ യുവതി സ്വന്തമാക്കിയിരുന്നു. എന്നാൽ യുവതിയുടെ വ്യക്തമായ വിലാസമോ ചിത്രങ്ങളോ വെളിപ്പെടുത്തിയിരുന്നില്ല എന്നാണ് അറിയുന്നത്.

isi-pak

പാക്കിസ്ഥാനിൽ നിന്നുള്ള ‘വ്യാജ’ യുവതികൾ ഇന്ത്യയിലെ മുതിർന്ന ഉദ്യോഗസ്ഥരെ വലയിലാക്കി രഹസ്യവിവരങ്ങൾ ചോർത്തുന്നത് പതിവ് സംഭവമായിട്ടുണ്ട്. 2011 ൽ നാവികസേനാ കമാൻഡർ സുഖ്ജിന്ധർ സിങ്ങിന്റെ റഷ്യൻ യുവതിയുമായുള്ള രഹസ്യ ചിത്രങ്ങൾ ഓൺലൈനിൽ പ്രചരിച്ചിരുന്നു.

ചാറ്റ് ആപ്ലിക്കേഷൻ, സോഷ്യൽ മീഡിയ എന്നിവ ഉപയോഗിച്ചാണ് രഹസ്യങ്ങൾ ചോർത്തുന്നത്. ഇന്ത്യ–പാക്ക് സംഘർഷം രൂക്ഷമായതോടെ ഐഎസ്ഐ ചാരൻമാരുടെയും ഹാക്കർമാരുടെ സൈബർ ആക്രമണം ശക്തമായിട്ടുണ്ട്. സോഷ്യൽമീഡിയകളിൽ കെണിയൊരുക്കി രാജ്യത്തെ രഹസ്യങ്ങൾ ചോർത്താനാണ് ഇവരുടെ നീക്കം. സാധാരണക്കാരെ പോലും ഹണി ട്രാപിനായി ഇവർ ഉപയോഗപ്പെടുത്തുന്നുണ്ട്.

അടുത്തിടെ സാജിദ് റാണ, ആബിദ് റാണ എന്നീ രണ്ടു പാക്കിസ്ഥാനികൾ ഐഎസ്ഐയുടെ സഹായത്തോടെ ഇന്ത്യൻ രഹസ്യങ്ങൾ ചോർത്താൻ കെണിയൊരുക്കിയിരുന്നു. ചാറ്റിങ് ആപ്പുകളായിരുന്നു ഇവരുടെ പ്രധാന കെണി. എന്നാൽ ഈ നീക്കം ഇന്ത്യ നേരത്തെ കണ്ടെത്തി തകർത്തു.

ranjith-damini

ഡേറ്റാ ചോർത്താനുള്ള പ്രത്യേകം ആപ്പ് വരെ ഐഎസ്ഐ പ്രചരിപ്പിക്കുന്നുണ്ട്. ഇതിനു പുറമെ ഫെയ്സ്ബുക്കിൽ വ്യാജ പ്രൊഫൈലുകൾ നിർമിച്ചും ഹണി ട്രാപ് നടത്തുന്നു. ചില സൈനിക ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് ഇവരുടെ നീക്കം. പാക്ക് ഹാക്കർമാരുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ സ്മാർട്ട്ഫോണിലെ എല്ലാ ‍ഡേറ്റകളും ചോർത്താനാകും. നേരത്തെയും ഇത്തരം ആപ്പുകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ടു ഈ ആപ്പ് പ്ലേസ്റ്റോറിൽ നിന്നു നീക്കം ചെയ്തു. ബിഎസ്എഫ്, വ്യോമസേന, സിഐഎസ്എഫ് ഉദ്യോഗസ്ഥരില്‍ നിന്നും രഹസ്യങ്ങൾ ചോര്‍ത്തിയതായി രഹസ്യാന്വേഷണ ഏജൻസികളായ ഐബിയും റോയും നേരത്തെ കണ്ടെത്തിയിരുന്നു.

പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ രഹസ്യങ്ങൾ ചോർത്താൻ ചെലവാക്കുന്നത് കോടികളാണ്. ഹണിട്രാപിനു മാത്രമായി 4,000 കോടി രൂപയാണ് ഐഎസ്എയുടെ ബജറ്റ് തുക. ഐഎസ്ഐയുടെ മിക്ക ട്രാപ്പുകളും നടക്കുന്നത് ഓൺലൈൻ വഴിയാണ്.

തന്ത്രപ്രധാന മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ ഓൺലൈൻ നീക്കങ്ങൾ നിരീക്ഷിക്കാൻ ഐഎസ്ഐയ്ക്ക് പ്രത്യേക സംഘം തന്നെയുണ്ട്. സോഷ്യൽമീഡിയകൾ സജീവമായതോടെ രഹസ്യങ്ങൾ ചോർത്താൻ ഐഎസ്ഐയ്ക്ക് എളുപ്പമായി. സോഷ്യൽമീഡിയ ഉപയോഗിക്കുന്ന ഉദ്യോഗസ്ഥരെ പിന്തുടർന്നാൽ വിലപ്പെട്ട നിരവധി രഹസ്യങ്ങൾ ലഭിക്കും. ഇതുവഴി മറ്റുള്ളവരിൽ നിന്നും രഹസ്യം ചോർത്താനാകും.

ഇൻസ്റ്റാഗ്രാമും ട്വിറ്ററും സൈബർ ആക്രമണത്തിനായി ഐഎസ്ഐ ഉപയോഗിക്കുന്നു. മാസങ്ങളോളം നിലനിൽക്കുന്ന പ്രൊഫൈലുകൾ രഹസ്യങ്ങൾ ചോർത്തൽ പൂർത്തിയാകുന്നതോടെ അപ്രത്യക്ഷമാകുക പതിവാണ്. ഫെയ്സ്ബുക്ക് വ്യാജ പ്രൊഫൈലുകളിൽ വ്യാജ സുന്ദരിമാരുടെ ചിത്രങ്ങളാണ് ഉപയോഗിക്കുക. ചിലപ്പോൾ മോഡലുകളുടെ ചിത്രങ്ങളും ഉപയോഗിക്കുന്നു. വേണ്ടിവന്നാൽ മോഡലുകളുടെ നഗ്നന ചിത്രങ്ങൾ വരെ പകർത്തി ഉപയോഗിക്കുന്നു. വിവിധ സ്ഥലങ്ങളിൽ നിന്ന് പകർത്തിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതിലൂടെ വ്യാജൻ അല്ലെന്ന് വരുത്താൻ ശ്രമം നടക്കും. പെട്ടെന്ന് വീഴ്ത്താനായി മ്യൂച്ചൽ ഫ്രണ്ടിനെ ഉപയോഗിക്കാനും ഇവർ ശ്രമം നടത്തുന്നുണ്ട്. 

ബ്രിട്ടൻ, യുഎസ്, ഫ്രാൻസ് തുടങ്ങി രാജ്യങ്ങളിലെ സ്ഥലങ്ങളാണ് പ്രൊഫൈലിൽ നൽകുക. പ്രൊഫൈൽ നോക്കിയാൽ ഒരിക്കലും സംശയം തോന്നില്ല. ദിവസവും എന്തെങ്കിലും പോസ്റ്റിടാനും ഇവർ ശ്രദ്ധിക്കുന്നു.

സൈബർ ഹണിട്രാപുകൾക്കായി വാർഷിക ബജറ്റ് തുക 3,500 കോടിയാണ്. ചില കേസുകളിൽ ഹണിട്രാപിനായി സ്ത്രീകളെയും ഉപയോഗപ്പെടുത്താറുണ്ട്. ഇതിനായി ഐഎസ്ഐയ്ക്ക് വനിതകളുടെ സംഘം തന്നെയുണ്ടെന്നാണ് റിപ്പോർട്ട്.

ഓരോ ഹണിട്രാപിനും അഞ്ചു മുതൽ 25 ലക്ഷം വരെയാണ് പാക്കിസ്ഥാൻ ചെലവാക്കുന്നത്. വിവരങ്ങളുടെ സ്വഭാവം അനുസരിച്ച് ചില സമയങ്ങളിൽ ചെലവ് കൂട്ടാറുമുണ്ട്. ഓരോ ട്രാപിനും മാസങ്ങൾ ചെലവിടാറുണ്ട്. വിവരങ്ങൾ കിട്ടി കഴിഞ്ഞാൽ ഫെയ്സ്ബുക്ക് പ്രൊഫൈലും മൊബൈൽ നമ്പറും പിന്നെ കണ്ടെന്ന് വരില്ല.

കൂടുതൽ കേസുകളിലും പുരുഷൻ തന്നെയാണ് സ്ത്രീയായി ആശയവിനിമയം നടത്തുക. ഓഡിയോ ചാറ്റിങ്ങിനായി സ്ത്രീകളെ ഉപയോഗപ്പെടുത്തും. കൊച്ചു വർത്തമാനങ്ങൾക്ക് വൃത്തിക്കെട്ട ഭാഷ വരെ ഇവർ ഉപയോഗിക്കുന്നുണ്ട്. മുഖം വ്യക്തമല്ലാതെ വിഡിയോ ചാറ്റ് വരെ നടത്തി വ്യാജമല്ലെന്ന് ബോധ്യപ്പെടുത്തും.

ബന്ധം വളരുന്നതോടെ ‌വ്യാജ സുന്ദരിമാർ സെക്സി ചിത്രങ്ങളും വിഡിയോകളും അയച്ചു കൊടുക്കും. ഇതോടെ ഇരകളും അവരുടെ രഹസ്യ ചിത്രങ്ങളും വിഡിയോയും പകർത്തി വാട്സാപ്, ഫെയ്സ്ബുക്ക് മെസഞ്ചർ വഴി അയച്ചുകൊടുക്കും. എന്നാൽ ചതിയാണെന്ന് മനസ്സിലായി പിൻമാറാൻ ശ്രമിച്ചാൽ നഗ്നന വിഡിയോകളും ചിത്രങ്ങളും സോഷ്യൽമീഡിയകളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതും പതിവാണ്.

Inter-Services Intelligence (ISI)

മുതിർന്ന ഉദ്യേഗസ്ഥൻമാരുടെ ഭാര്യമാരേയും കാമുകിമാരെയും ബന്ധുക്കളെയും സോഷ്യൽമീഡിയകൾ വഴി ചൂഷണം ചെയ്ത് രഹസ്യങ്ങൾ ചോർത്തുന്നുണ്ട്. രാജ്യത്തെ മിക്ക സർക്കാർ വെബ്സൈറ്റുകളും ഐഎസ്ഐയുടെ നിരീക്ഷണത്തിലാണ്. എന്നാൽ സൈബർ ആക്രമണം ശക്തമായതോടെ ഇന്ത്യ ഓൺലൈൻ ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കി.

26/11 ലെ മുംബൈ ആക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദ് ഇന്ത്യയ്ക്കെതിരെ സൈബർ യുദ്ധം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയെ ആക്രമിക്കുക എന്ന് ഒറ്റ ലക്ഷ്യത്തോടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന സൈബർ സെല്ലിന് ഹാഫിസ് തുടക്കമിടുകയും ചെയ്തിരുന്നു.

related stories