ADVERTISEMENT

ട്വിറ്ററിൽ സജീവമായി ഇടപെടുന്ന സ്പേസ് എക്സ് മേധാവി ഇലോൺ മസ്ക് പലരുടെയും ട്വീറ്റുകള്‍ക്ക് രസകരവും ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതുമായ മറുപടി നൽകാറുണ്ട്. പലപ്പോഴും ഇത്തരം ട്വീറ്റുകൾ രാജ്യാന്തര മാധ്യമങ്ങളിൽ ചർച്ചയാകുകയും വിപണിയിൽ വൻ മാറ്റങ്ങൾക്ക് വരെ ഇടവരുത്താറുണ്ട്. അത്തരത്തിലുള്ള ഒരു ട്വീറ്റാണ് ഇപ്പോൾ മാധ്യമങ്ങളിൽ വാർത്തയായിരിക്കുന്നത്.

 

ഇന്ത്യക്കാരനും ക്രെഡിറ്റ് കാർഡ് പേയ്മെന്‍റ്സ് ആപ്പായ ക്രെഡിന്‍റെ സ്ഥാപകനുമായ കുണാൽ ഷായുടെ ട്വീറ്റിനു മറുപടിയായാണ് മസ്ക് രസകരമായ, വിചിത്രമായ ഉത്തരം നൽകിയിരിക്കുന്നത്. ‘താരതമ്യേന ചെറിയ പ്രായത്തിൽ തന്നെ ഇലോൺ മസ്ക് 50,000 കോടി ഡോളർ മൂല്യമുള്ള നാലിൽ കൂടുതൽ കമ്പനികൾ ഒരേസമയം വിജയകരമായി മുന്നോട്ട് കൊണ്ടുപോവുന്നു. ഞാൻ ശരിക്കും മനസ്സിലാക്കാൻ ആഗ്രഹിക്കുന്നത്: അദ്ദേഹം എങ്ങനെയാണ് അത് ചെയ്യുന്നത് ? സാഹചര്യത്തിനനുസരിച്ച് എങ്ങനെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. അദ്ദേഹം എങ്ങനെയാണ് സ്വന്തം സ്ഥാപനങ്ങൾ രൂപകൽപ്പന ചെയ്യുന്നത് ? അങ്ങനെ വളരെയധികം ചോദ്യങ്ങളുണ്ട്’ എന്നായിരുന്നു കുണാൽ ഷായുടെ ട്വീറ്റ്.

 

ആരാധകരുടെ ചോദ്യങ്ങൾക്കെല്ലാം കൃത്യമായി മറുപടി നൽകി വാർത്തകളിൽ ഇടംനേടുന്ന വ്യക്തിയാണ് ഇലോൺ മസ്ക്. കുണാൽ ഷായുടെ ട്വീറ്റിന് മറുപടിയായി ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ കോടീശ്വരനായ മസ്ക് ഒറ്റയടിക്ക് മറുപടി പറഞ്ഞത് ഞാനൊരു ഏലിയൻ (അന്യഗ്രഹ ജീവി) ആണെന്നാണ്. ഇതോടെ മസ്കിന്റെ ആ ചെറിയൊരു മറുപടി ടെക് ലോകത്ത് വൻ ചർച്ചയായി.

 

ട്വിറ്ററിലൂടെ ചെറിയ പ്രഖ്യാപനങ്ങൾ നടത്തി നിരവധി അറിയപ്പെടാത്ത കമ്പനികളെ രക്ഷിക്കുന്നതും ഇലോൺ മസ്കിന്റെ ഹോബിയാണ്. ഒരു രാജ്യവും അംഗീകരിച്ചിട്ടില്ലാത്ത ബിറ്റ്‌കോയിനിനെ രക്ഷിച്ചതും ഇലോൺ മസ്കിന്റെ ട്വീറ്റ് തന്നെയായിരുന്നു. ക്ലബ്ഹൗസ്, സിഗ്നൽ ആപ്പ്, ബിറ്റ്കോയിൻ തുടങ്ങി നിരവധി സംരംഭങ്ങളുടെ ഭാവി തന്നെ ഒരു നിമിഷംകൊണ്ട് മാറ്റിമറിച്ച ഇലോൺ മസ്ക് ശരിക്കും അന്യഗ്രഹ ജീവിയാണോ എന്നാണ് ചിലരെങ്കിലും ട്വീറ്റിലൂടെ ചോദിക്കുന്നത്. തന്റെ കുഞ്ഞിന് പോലും വിചിത്ര പേരിട്ട അച്ഛനാണ് മസ്ക്.

 

English Summary: Elon Musk says 'I am an alien' when asked how he manages so many things

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com