ADVERTISEMENT

കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ മലയാളികൾക്കിടയിൽ തംഗമായ ക്ലബ്ഹൗസ് ചർച്ചകളെ സൂക്ഷിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ്. സമൂഹ മാധ്യമങ്ങൾ വഴിയാണ് പൊലീസിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ മലയാളി ഗ്രൂപ്പുകളിൽ നടന്ന ചില ചർച്ചകളിലെ അശ്ലീല ഓഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചില ഗ്രൂപ്പുകൾ അശ്ലീലം മാത്രമാണ് ചർച്ച ചെയ്യുന്നതെന്നാണ് അറിയുന്നത്. ക്ലബ് ഹൗസിലെ ചർച്ചകൾ റെക്കോർഡ് ചെയ്യരുതെന്ന് നിയമമുണ്ടെങ്കിലും ഒരു റൂമിൽ പ്രവേശിക്കുന്ന ആർക്കും ഇത്തരം ചർച്ചകൾ റെക്കോർഡ് ചെയ്യാം. പെൺകുട്ടികൾ കൈകാര്യം ചെയ്യുന്ന ഗ്രൂപ്പുകളിൽ പോലും അശ്ലീല ചർച്ചകൾ നടക്കുന്നുണ്ട്. ഇതെല്ലാം പുറത്തുവരാൻ തുടങ്ങിയതോടെയാണ് മുന്നറിയിപ്പുമായി പൊലീസും രംഗത്തെത്തിയത്. പൊലീസിന്റെ മുന്നറിയിപ്പ് പോസ്റ്റ്:

 

∙ സൂക്ഷിച്ചില്ലെങ്കിൽ വൈറൽ ആകും

 

സുരക്ഷിതമെന്ന് കരുതുന്ന നവമാധ്യമങ്ങളിലെ ഓഡിയോ ചാറ്റ് റൂമുകളിലെ നിങ്ങളുടെ പങ്കാളിത്തവും ഇടപെടലും അത്ര സുരക്ഷതിമല്ല എന്നോർക്കുക. തരംഗമാകുന്ന പുത്തൻ സമൂഹ മാധ്യമങ്ങളിലെ അശ്രദ്ധമായതും അമിത ആത്മവിശ്വാസത്തോടെയുള്ള ഇടപെടലും നിങ്ങൾക്ക് തന്നെ വിനയാകാതെ സൂക്ഷിക്കുക. 

 

ലൈവ് ഓഡിയോ റൂമുകളാണ് പുതിയ ട്രെൻഡ്. ഓരോ റൂമിലും സംസാരിക്കുന്ന 'സ്പീക്കർ’മാരുടെ അനുമതിയില്ലാതെ റെക്കോർഡ് ചെയ്യരുതെന്നാണ് ചട്ടമെങ്കിലും ഇത് പാലിക്കപ്പെടുന്നുണ്ടോ എന്നുറപ്പില്ല. ഓഡിയോ റൂമുകളിലെ ഇടപെടലും പങ്കാളിത്തവും സ്ക്രീൻ റെക്കോർഡ് ഓപ്ഷനിലൂടെ മറ്റൊരാൾക്ക് റെക്കോർഡ് ചെയ്ത് മറ്റ് സോഷ്യൽ മീഡിയകളിൽ  പോസ്റ്റ് ചെയ്യാനും കഴിയും.

 

സ്ക്രീൻ റെക്കോർഡ് ഓപ്ഷനിലൂടെ റൂമുകളിൽ ആരൊക്കെ പങ്കെടുക്കുന്നുവോ അവരുടെ മുഴുവൻ പ്രൊഫൈൽ ചിത്രങ്ങളും റെക്കോർഡ് ചെയ്യുന്ന വിഡിയോയിൽ പതിയുന്നു. ഇവ പിന്നീട് യുട്യൂബ്, വാട്സാപ് വഴി വ്യാപകമായി പ്രചരിക്കുന്നു. സഭ്യമല്ലാത്ത സംഭാഷണങ്ങൾക്കൊപ്പം റൂമിലെ പങ്കാളികളുടെ ചിത്രങ്ങളും പ്രൊഫൈലുകളും വിഡിയോയിൽ കാണുന്നത് കൊണ്ടുള്ള ദോഷങ്ങളെ കുറിച്ച് കൂടുതൽ പറയേണ്ട ആവശ്യമില്ല. റെക്കോർഡ് ചെയ്യുന്നില്ല എന്ന വിശ്വാസത്തിൽ സ്വകാര്യ റൂമുകളിൽ 'സെൻസറിങ്' ഇല്ലാതെ പറയുന്ന വിവരങ്ങൾ മണിക്കൂറുകൾക്കകം തന്നെ വൈറൽ ആകുന്നു. 

 

ഓഡിയോ റൂമുകളുടെ മറ്റൊരു പ്രത്യേകത എന്തെന്നാൽ ഒരാൾ ഒരു റൂമിൽ കയറിയാൽ ആ വിവരം അവരെ പിന്തുടരുന്നവർക്ക് നോട്ടിഫിക്കേഷനായി ലഭിക്കുമെന്നതാണ്. പ്രസ്തുത വ്യക്തി ഒരു പ്രത്യേക റൂമിലുണ്ടെന്ന് അവരെ പിന്തുടരുന്നവർക്ക് ഫീഡ് നോക്കിയാലും മനസ്സിലാകും. ഇവ സ്ക്രീൻഷോട്ടായി പ്രചരിക്കാനും ഇടയുണ്ട്.  

അതിനാൽ ശ്രദ്ധിക്കുക, സൂക്ഷിക്കുക.

#keralapolice

 

English Summary: Clubhouse audio chat rooms are not so private - Police Warn

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com