Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിങ്ങൾ അറിഞ്ഞിരിക്കണം, വാട്ട്സാപ് വിട പറയും 30 ദിവസത്തിനുള്ളിൽ; പക്ഷേ...

whatsapp-new

ഒടുവിൽ അതും സംഭവിക്കുന്നു; നമ്മുടെ പഴ്സനൽ വിവരങ്ങൾ ഒന്നും തന്നെ ആർക്കും ചോർത്തിക്കൊടുക്കില്ലെന്ന ആറു വർഷം നീണ്ടു നിന്ന വാട്ട്സാപ്പിന്റെ പ്രതിജ്ഞ തെറ്റുകയാണ്. മാത്രവുമല്ല 100 കോടി ഉപയോക്താക്കളുടെ ജീവിതത്തിന്റെ തന്നെ ഭാഗമായി മാറിയ വാട്ട്സാപ്പിനെ മുൻനിർത്തി ഒരുഗ്രൻ ‘ഭീഷണി’യും കമ്പനി മുഴക്കുന്നു-‘ലോകത്തിലെ ഈ നമ്പർ വൺ മെസേജിങ് ആപ്ലിക്കേഷന്റെ പുതിയ സ്വകാര്യതാനയം അംഗീകരിച്ചില്ലെങ്കിൽ നിങ്ങൾക്ക് എന്നന്നേക്കുമായി വാട്ട്സാപ്പിനോടു വിട പറയാം’ എന്നതാണത്. ഇന്ത്യയിലാണെങ്കില്‍ അതിന് ഇനി ഏകദേശം 30 ദിവസത്തിനടുത്തേ സമയമുള്ളൂ.

എൻക്രിപ്ഷനിലൂടെ നമ്മുടെ സന്ദേശങ്ങളെയെല്ലാം ‘നുഴഞ്ഞുകയറ്റക്കാരി’ൽ നിന്നു സംരക്ഷിച്ചു നിർത്തി സ്വകാര്യതയുടെ പുതുലോകം സമ്മാനിച്ചതിനു തൊട്ടുപിറകെയാണ് വാട്ട്സാപിന്റെ ഈ കളംമാറ്റിച്ചവിട്ടൽ. തങ്ങൾ പറഞ്ഞതനുസരിച്ചില്ലെങ്കിൽ ഇനി ഉപയോക്താക്കള്‍ വാട്ട്സാപ് ഉപയോഗിക്കേണ്ടതില്ലെന്നതിന്റെ നോട്ടിഫിക്കേഷനുകൾ ഇപ്പോൾത്തന്നെ ഓരോ യൂസറുടെയും മൊബൈലുകളിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ടാകും. മാതൃകമ്പനിയായ ഫെയ്സ്ബുക്കിന് ഉപയോക്താക്കളുടെ ഫോൺ നമ്പറും മറ്റ് ‘അനലിറ്റിക്സ് ഡേറ്റ’യും നൽകുന്നതു സംബന്ധിച്ച് അനുവാദം നൽകണമെന്നാവശ്യപ്പെട്ടാണ് വാട്ട്സാപ്പിന്റെ ഈ മെസേജ്. വാട്ട്സാപ് കോളിങ് ഉൾപ്പെടെ കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ നിങ്ങളിലേക്ക് എത്തിക്കാനാണിതെന്നാണ് കമ്പനി അവകാശവാദം.

ഇന്ത്യയിൽ സെപ്റ്റംബർ 26 വരെ അതിന് സമയം നൽകിയിട്ടുണ്ട്. ഫോൺ നമ്പർ നൽകാൻ താൽപര്യമില്ലെങ്കിൽ സെറ്റിങ്സിൽ അക്കാര്യത്തിനും സൗകര്യമൊരുക്കിയിട്ടുണ്ട്. എന്നാൽ നോട്ടിഫിക്കേഷനിലുള്ള Agree ബട്ടണിൽ ക്ലിക്ക് ചെയ്ത് ഫോൺനമ്പർ കൈമാറ്റത്തിന് അനുമതി നൽകിയില്ലെങ്കിൽ വാട്ട്സാപ് ഉപയോഗിക്കാനാകില്ലെന്ന സൂചന വ്യക്താണിവിടെ. പക്ഷേ സെപ്റ്റംബർ 26 വരെയേ അതും ഉള്ളൂവെന്നാണറിയുന്നത്. ഇത്തരത്തിൽ ഇന്ത്യയിൽ നൽകുന്ന നോട്ടിഫിക്കേഷൻ മെസേജ് അവ്യക്തമാണെങ്കിലും വാട്ട്സാപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ FAQ സെക്‌ഷനിൽ കൃത്യമായിത്തന്നെ എല്ലാം പറയുന്നുണ്ട്. ‘വാട്ട്സാപ്പിന്റെ പുതിയ സ്വകാര്യതാനയം അംഗീകരിച്ചില്ലെങ്കിൽ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നത് നിർത്തേണ്ടി വരുമെന്നു’ തന്നെയാണത്. (ചിത്രം കാണുക)

whatsapp-main വാട്ട്സാപിന്റെ ഔദ്യോഗിക വെബ്ൈസറ്റിലുള്ള നോട്ടിഫിക്കേഷൻ ഇമേജ് (ഇടത്). ഇന്ത്യയിലെ ഫോണുകളിൽ വരുന്ന സന്ദേശം(വലത്) രണ്ടിലും വ്യക്തമാണ് വാട്ട്സാപ് തുടർന്നും ഉപയോഗിക്കണമെങ്കിൽ പുതിയ സ്വകാര്യതാ നയം അംഗീകരിക്കണമെന്നത്.

ചതിച്ചത് വാട്ട്സാപ്പോ ഫെയ്സ്ബുക്കോ?

ഒരു പരസ്യം പോലുമില്ലാതെ എങ്ങനെയാണ് ടെക്നോ‌ലോകത്ത് വാട്ട്സാപ് പിടിച്ചു നിൽക്കുന്നത്? 45 കോടിയോളം ഉപയോക്താക്കളുമായി മുന്നേറുന്നതിനിടെ കമ്പനിക്ക് ഏറ്റവുമധികം തവണ നേരിടേണ്ടി വന്നത് ഈ ചോദ്യമായിരിക്കാം. അതുകൊണ്ടുതന്നെയാണ് 2012 ജൂൺ 18ന് വാട്ട്സാപ് സ്ഥാപകരിലൊരാളായ ജാൻ കോം തങ്ങളുടെ ഔദ്യോഗിക ബ്ലോഗിൽ ഒരു കുറിപ്പിട്ടത്. ‘എന്തുകൊണ്ട് വാട്ട്സാപ്പിൽ പരസ്യമില്ല?’ എന്നതിനുള്ള ഉത്തരമായിരുന്നു അത്.
''Advertising has us chasing cars and clothes, working jobs we hate so we can buy shit we don’t need...''

ഫൈറ്റ് ക്ലബ് നോവലിലെ കഥാപാത്രം ടൈലർ ഡര്‍ഡന്റെ ഈ ചീറുന്ന ഡയലോഗോടെയായിരുന്നു കുറിപ്പിന്റെ തുടക്കം. നമുക്കാവശ്യമില്ലാത്ത ഉൽപന്നങ്ങൾ കൊതിപ്പിച്ച് നമ്മളിൽ അടിച്ചേൽപ്പിക്കുന്ന ആഗോള കച്ചവടവത്കരണനയത്തിനെതിരെ ഒരുപക്ഷേ ലോകം കണ്ടിട്ടുള്ള ഏറ്റവും മികച്ച വാക്കുകളുമാണിത്. പക്ഷേ വാട്ട്സാപ് ഉപയോക്താക്കൾക്ക് ഒരിക്കലും പരസ്യം കണികണ്ടുണരേണ്ടി വരില്ലെന്നു പറഞ്ഞ അതേ വ്യക്തി തന്നെ ഇപ്പോൾ നയം മാറ്റിയിരിക്കുന്നു. ഒരിക്കൽപ്പോലും ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ ചോദിക്കില്ലെന്നും വിൽക്കില്ലെന്നും പറഞ്ഞ കമ്പനി 100 കോടി യൂസർമാരെ സ്വന്തമാക്കിയതിനു തൊട്ടുപിറകെയാണ് കളംമാറ്റിച്ചവിട്ടിയിരിക്കുന്നത്. പക്ഷേ വാട്ട്സാപ് നിസ്സഹായരാണ്. 1900 കോടി ഡോളർ മുടക്കി ഈ മെസേജിങ് കമ്പനിയെ ഏറ്റെടുത്ത ഫെയ്സ്ബുക്ക് തങ്ങളുടെ കുരുക്ക് മുറുക്കുന്നതിന്റെ ‘പരസ്യ’മായുള്ള നീക്കങ്ങളുടെ തുടക്കം മാത്രമാണിതെന്നേ പറയാനാകൂ.

jan-koum ജാന്‍ കോം

ഈ കുറിപ്പെഴുതിയത് ജാന്‍ കോമോ ബ്രയാനോ ആയിരിക്കില്ല...!

നാലു വര്‍ഷത്തിനു ശേഷം ഇതാദ്യമായി തങ്ങളുടെ സ്വകാര്യതാ നയത്തിൽ മാറ്റം വരുത്തുകയാണെന്നു കാണിച്ച് വാട്ട്സാപ് ബ്ലോഗിൽ ഓഗസ്റ്റ് 25ന് വന്ന കുറിപ്പിൽ തന്നെ പ്രകടമാണ് എഫ്ബിയുടെ ‘ഏകാധിപത്യ’ നീക്കം. തങ്ങളുടെ ഓരോ പുതിയ തീരുമാനങ്ങൾക്കൊപ്പവും വാട്ട്സാപ്പിന്റെ ബ്ലോഗിൽ സ്ഥാപകരായ ജാൻ കോമും ബ്രയാൻ ആക്റ്റനും കുറിച്ചിരുന്ന വാക്കുകളുടെ സ്വഭാവമല്ല പുതിയതിന്. വാട്സാപ്പിനെ നിരന്തരമായി പിന്തുടരുന്നവർക്കു മനസ്സിലാകും വാക്കുകൾക്കിടയിൽ ഉപയോക്താക്കളോടുള്ള ആ ‘ഇന്റിമസി’ നഷ്ടപ്പെട്ടിരിക്കുന്നതായി. ജാൻ കോം തന്നെ പണ്ടു പറഞ്ഞിരിക്കുന്നതു പോലെ
'Remember, when advertising is involved you the user are the product...'

അതെ, ഇത്രയും നാൾ ഇല്ലെന്നു കരുതിയ ഉപയോക്താക്കളെ ഉൽപന്നങ്ങളാക്കുന്ന ‘പരസ്യക്കച്ചവട’ ലോകത്തേക്ക് വാട്ട്സാപ്പും നീങ്ങുകയാണ്. അതിനുള്ള നീക്കങ്ങൾ ഓരോ വാട്ട്സാപ് യൂസറുടെയും മൊബൈലിൽ നോട്ടിഫിക്കേഷനായി എത്തിക്കഴിഞ്ഞു. ഉപയോക്താക്കളുടെ ഫോൺനമ്പറും മറ്റ് ‘അനലിറ്റിക്സ് ഡേറ്റ’യും ഫെയ്സ്ബുക്കിന് കൈമാറുന്നതിന് അനുവാദം ചോദിച്ചിട്ടുള്ള സന്ദേശമാണിത്. താത്പര്യമുള്ളവർ മാത്രം ഫോൺ നമ്പർ കൈമാറ്റത്തിന് അനുമതി നൽകിയാൽ മതി. അല്ലാത്തവർക്ക് ഒന്നുകിൽ Agree ചെയ്യാതെ ഒഴിവാക്കാം. ഇനി അഥവാ സമ്മതിച്ചു കൊടുത്തെങ്കിൽ വാട്ട്സാപ് സെറ്റിങ്സിൽ പോയി Share my account info എന്ന ഓപ്ഷൻ ‘അൺ ടിക്ക്’ ചെയ്താലും മതി. പക്ഷേ പിന്നീടൊരിക്കലും ഫോൺനമ്പർ ഫെയ്സ്ബുക്കിനു കൈമാറാനാകില്ലെന്ന ‘ഭീഷണി’യുമുണ്ട് ഒപ്പം.

brian-acton ബ്രയാൻ

വാട്ട്സാപ്പിനു നേരെ കല്ലേറും

പ്രത്യക്ഷത്തിൽ ‘ഇതെന്താണിത്ര വലിയ സംഗതി’ എന്നു തോന്നുമെങ്കിലും ടെക്നോലോകം ഇന്ന് ഏറ്റവുമധികം ചർച്ച ചെയ്യുന്ന വിഷയമായി ഈ ‘നമ്പർ കൈമാറ്റം’ മാറിക്കഴിഞ്ഞു. സ്വകാര്യതാനയത്തിലെ വാട്ട്സാപ്പിന്റെ ഈ നിർണായക മാറ്റത്തിനെതിരെ യുകെയിൽ ഇൻഫര്‍മേഷൻ കമ്മിഷണർ(ഐസിഒ) അന്വേഷണത്തിനൊരുങ്ങുകയാണ്. പുതിയ നയങ്ങൾ രാജ്യത്തെ ഡേറ്റ പ്രൊട്ടക്‌ഷൻ നിയമത്തെ ബാധിക്കുന്നുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുക. ഡേറ്റ പ്രൊട്ടക്‌ഷൻ ആക്ടിന് വിരുദ്ധമായാണു പ്രവർത്തനമെന്നു തെളിഞ്ഞാൽ ബന്ധപ്പെട്ട കമ്പനിക്ക് അഞ്ചു ലക്ഷം പൗണ്ടാണ് പിഴ. ഒരു കൂട്ടർ വാട്ട്സാപ്പിന്റെ ഈ നീക്കം തങ്ങൾക്ക് കൂടുതൽ മികച്ച സൗകര്യങ്ങളൊരുക്കിത്തരുമെന്നാണ് വിശ്വസിക്കുന്നത്. മറുവിഭാഗത്തിനാകട്ടെ തങ്ങളുടെ ഏതെല്ലാം വിവരങ്ങളായിരിക്കും ചോർത്തപ്പെടുക എന്ന ആശങ്കയും. ഈ സാഹചര്യത്തിൽ ജനങ്ങൾക്ക് കൃത്യമായൊരു ഉത്തരം നൽകുകയെന്ന ലക്ഷ്യവും ഐസിഒയ്ക്കുണ്ട്.

വാഷിങ്ടൺ ആസ്ഥാനമായുള്ള റിസർച്ച് ഗ്രൂപ്പ് ‘ഇലക്ട്രോണിക് പ്രൈവറ്റ് ഇൻഫർമേഷൻ സെന്ററും(ഇപിഐസി)’ വാട്ട്സാപ്പിനെതിരെ നിയമത്തിന്റെ വഴിയിലൂടെ നീങ്ങുകയാണ്. ഇന്റർനെറ്റിൽ ഇടപെടുന്ന ഓരോ വ്യക്തിയുടെയും സ്വകാര്യ വിവരങ്ങളും അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്ന ആവശ്യമാണ് ഇവരുന്നയിക്കുന്നത്. 2014ൽ ഫെയ്സ്ബുക്കിനു വിൽക്കുന്ന സമയത്ത് തങ്ങളുടെ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ആർക്കും കൈമാറില്ലെന്ന് വാട്ട്സാപ് വ്യക്തമാക്കിയതാണ്. അതിൽ നിന്നു മാറി ഇപ്പോൾ ജനങ്ങളെ വഞ്ചിക്കുകയാണെന്നു കാണിച്ചാണ് ഇപിഐസി നിയമനടപടികളിലേക്കു നീങ്ങുന്നത്. വാട്ട്സാപ് സ്വകാര്യതാനയത്തിൽ മാറ്റം വന്നതിനു പിറകെ മറ്റ് മെസേജിങ് സർവീസുകളിൽ ഉപയോക്താക്കളുടെ എണ്ണം കൂടുന്നുവെന്ന വാർത്തയും എത്തിയിട്ടുണ്ട്. ടെക്നോവിദഗ്ധരുൾപ്പെടെ ‘സിഗ്നൽ’ പോലുള്ള മെസേജിങ് ആപ്പുകളിലേക്കു മാറാനാണ് നിർദേശം നൽകുന്നത്.

അന്നു വാട്ട്സാപ് പറഞ്ഞു: ഞങ്ങൾ നിങ്ങളെ വിൽക്കില്ല...

വാട്ട്സാപ് സഹസ്ഥാപകനായ ബ്രയാനോടൊപ്പം യാഹൂവിൽ ചെലവഴിച്ച നാളുകളെ ഓർമിച്ചു കൊണ്ടായിരുന്നു 2012ലെ ജാൻ കോമിന്റെ ബ്ലോഗ് കുറിപ്പു തുടർന്നത്. ‘അന്ന് ജോലിക്കാർക്കെല്ലാം ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ, യാഹൂവിന്റെ യൂസർമാരുടെ പരമാവധി വ്യക്തിവിവരങ്ങൾ ശേഖരിക്കുക. ആ ഡേറ്റ പരസ്യക്കാർക്കായി വിൽക്കുക. പക്ഷേ യാഹൂവിന്റെ വിളനിലത്തിലേക്ക് വൈകാതെ ഗൂഗിൾ കയറി വന്നു. ഡേറ്റ ശേഖരണത്തിൽ ആ കരുത്തന്മാര്‍ക്കു മുന്നിൽ യാഹൂ മുട്ടുമടക്കുകയും ചെയ്തു. നിങ്ങളെപ്പറ്റി, നിങ്ങളുടെ താത്പര്യങ്ങളെപ്പറ്റി, നിങ്ങളുടെ കൂട്ടുകാരെപ്പറ്റി എല്ലാം കമ്പനികൾക്കറിയാം. അതെല്ലാം വിവിധ കമ്പനികൾക്ക് വിൽക്കും. അവർ നിങ്ങളുടെ താത്പര്യമുള്ള പരസ്യങ്ങളും നിങ്ങളിലേക്കെത്തിക്കും...’ ജാൻ കോം അന്ന് തുറന്നെഴുതി ഇത്തരത്തിൽ നിങ്ങളുടെ ഡേറ്റ ശേഖരിച്ച് മറ്റുള്ളവരിലേക്കെത്തിക്കാനുള്ള ഒരു ‘ആഡ് ക്ലിയറിങ്ഹൗസ്’ ആകാൻ താൽപര്യമില്ലാത്തതുകൊണ്ടാണ് വാട്ട്സാപ്പിൽ പരസ്യങ്ങളില്ലാത്തതെന്നും വ്യക്തമാക്കി അദ്ദേഹം. ഉറങ്ങിയെണീറ്റ് വാട്ട്സാപ് ഓണാക്കുന്ന ഒരാളുടെ കണ്മുന്നിലേക്ക് ഒരു കൂട്ടം പരസ്യങ്ങൾ ചാടി വരുന്ന പരിപാടി തങ്ങളിൽ നിന്നു പ്രതീക്ഷിക്കുകയേ വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertising isn't just the disruption of aesthetics, the insults to your intelligence and the interruption of your train of thought എന്നിങ്ങനെ ബ്ലോഗിൽ ആഞ്ഞടിച്ച അദ്ദേഹം ഓരോ കമ്പനികളും വ്യക്തികളുടെ ‘ഡേറ്റ മൈനിങ്ങി’നു വേണ്ടി നടത്തുന്ന ശ്രമങ്ങളും വിശദീകരിച്ചു. എൻജിനീയറിങ് സംഘത്തിൽ ഏറിയ പങ്കും ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഏറ്റവും ഫലപ്രദമായി ചോർത്താനുള്ള പുതിയ ‘കോഡുകളുടെ’ പണിപ്പുരയിലായിരിക്കും. കൂടാതെ ആ ഡേറ്റ മുഴുവൻ സൂക്ഷിച്ചുവയ്ക്കാനായി സെർവറുകൾ അപ്ഗ്രേ‍ഡ് ചെയ്യണം. ഓരോ ഡേറ്റയും ഇങ്ങനെ കൃത്യമായി ‘വെട്ടിയൊതുക്കി’ പാക്കേജ് ചെയ്ത് ഓരോ കമ്പനികൾക്കും അയക്കുകയും ചെയ്യുന്നതോടെ അന്നത്തെ ജോലി തീർന്നു. അതിന്റെ ഫലം കിട്ടുന്നത് ലോകമെമ്പാടുമുള്ള ജനങ്ങളുടെ മൊബൈലിലും കംപ്യൂട്ടറിലുമെല്ലാമായിരിക്കും-പരസ്യങ്ങളുടെ രൂപത്തിൽ. അതായത്, ഇവിടെ നിങ്ങളാണ് ഉൽപന്നം. നിങ്ങളെയാണ് വിവിധ കമ്പനികൾക്ക് യാഹൂ വിറ്റിരിക്കുന്നത്..!!

jan-koum-blog വാട്സാപ് ബ്ലോഗ്

‘പക്ഷേ വാട്ട്സാപ്പിലെ എൻജിനീയറിങ് സംഘത്തിന് ഇത്തരത്തിൽ ഡേറ്റ ശേഖരണത്തിന്റെ ബാധ്യതയുണ്ടാവില്ല. അവരുടെ വിലപ്പെട്ട സമയം ബഗ് ഫിക്സിങ്ങിനും വാട്ട്സാപ്പിൽ പുതിയ ഫീച്ചറുകൾ കൊണ്ടു വരാനും തുടങ്ങി ലോകത്തിലെ ഏതു ഫോണിനും ചേർന്ന ഏറ്റവും മികച്ച മെസേജിങ് സർവീസ് തയാറാക്കുന്നതിനു വേണ്ടിയായിരുന്നു. അതാണ് ഞങ്ങളുടെ ഉൽപന്നം, ഞങ്ങളുടെ ലക്ഷ്യവും..Your data isn't even in the picture. We are simply not interested in any of it...ഇപ്പോഴും കിടപ്പുണ്ട് വാട്ട്സാപ്പിന്റെ ഔദ്യോഗിക ബ്ലോഗിൽ കോമിന്റെ ഈ വാക്കുകൾ. ഡിജിറ്റൽ ശ്മശാനത്തിൽ മായാതെ കിടക്കുന്ന ഈ വാക്കുകൾ തന്നെയാണിപ്പോൾ വാട്ട്സാപ്പിനെ വേട്ടയാടുന്നതും. പരസ്യങ്ങൾക്കെതിരെ ഇത്രയും കനത്ത നിലപാടുകളെടുത്ത വാട്ട്സാപ്പിന് ഇപ്പോഴെന്താണു സംഭവിച്ചത്? ഫെയ്സ്ബുക്ക് എന്ന സമൂഹമാധ്യമ ഭീമന്റെ 1900 കോടി ഡോളർ മൂല്യമുള്ള തന്ത്രപരമായ ‘ചതി’യാണു അതിനു പിന്നിലെന്നു നിസ്സംശയം പറയാം.

(അതേക്കുറിച്ച് നാളെ)