Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമേരിക്കയെ വിറപ്പിക്കുന്ന ഉത്തരകൊറിയയിൽ അടിസ്ഥാന സൗകര്യങ്ങളില്ല, എടിഎമ്മില്ലാത്ത എയർപോർട്ട്

kim-north-korea

അണ്വായുധങ്ങളുടെയും വൻ സാങ്കേതിക സംവിധാനങ്ങളുടെയും പേര് പറഞ്ഞ് ലോകശക്തികളെ വിറപ്പിച്ചു നിർത്തുന്ന ഉത്തരകൊറിയൻ മേധാവി കിം ജോങ് ഉന്നിന്റെ നാട്ടിലെ ശരിക്കുമുള്ള അവസ്ഥ എന്താണ്? വ്യക്തമായി ആർക്കും അറിയില്ല. അറിയാൻ എത്തുന്നവരെ റിപ്പോർട്ട് ചെയ്യാനും സമ്മതിക്കില്ല. എന്നാൽ അമേരിക്ക ഉൾപ്പടെയുള്ള ലോകശക്തികളെ വിറപ്പിച്ചുനിർത്തുന്ന ഉത്തരകൊറിയയിലെ ജീവിതം അതീവ ദയനീയം എന്നാണ് ന്യൂസ് ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. 

എടിഎമ്മുകളില്ലാത്ത ഏതെങ്കിലും രാജ്യാന്തര വിമാനത്താവളം സങ്കല്‍പ്പിക്കാനാകുമോ? ആകെയുള്ള രണ്ട് എടിഎമ്മുകള്‍ പോലും പ്രവര്‍ത്തിക്കാത്ത ഗതികേടിലാണ് ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോങ്‌യാങിലെ വിമാനത്താവളം. ചൈനീസ് അധികൃതര്‍ അനുമതി നല്‍കാത്തതിനാലാണ് എടിഎമ്മുകള്‍ പ്രവര്‍ത്തനരഹിതമായതെന്നാണ് ബാങ്കിന്റെ വിശദീകരണം. 

ലോകത്തെ മറ്റു രാജ്യങ്ങളുമായി പരമാവധി ഒറ്റപ്പെട്ടു കഴിയുന്ന ഉത്തരകൊറിയയുടെ പ്രധാന കച്ചവട പങ്കാളി ചൈനയാണ്. ചൈനയില്‍ നിന്നുള്ള ബിസിനസുകാര്‍ക്ക് വേണ്ടിയാണ് ഉത്തരകൊറിയന്‍ തലസ്ഥാനത്തെ സുനാന്‍ വിമാനത്താവളത്തില്‍ എടിഎമ്മുകള്‍ സ്ഥാപിച്ചതും. എടിഎമ്മുകളുടെ പ്രവര്‍ത്തനം വിശദീകരിക്കുന്ന വിഡിയോ വാളും സജ്ജീകരിച്ചിരുന്നു. 

ഉത്തരകൊറിയയില്‍ ആദ്യമായല്ല എടിഎമ്മുകള്‍ എത്തുന്നതെന്നത് വസ്തുതയാണ്. എങ്കിലും വലിയ തോതിലുള്ള പ്രചാരം എടിഎമ്മുകള്‍ക്ക് ഇപ്പോഴും ലഭിക്കുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്യോങ്‌യാങിലെ ഒരു ടൂറിസ്റ്റ് ഹോട്ടലില്‍ റൂങ്‌യോങ് ബാങ്ക് എടിഎമ്മുകള്‍ സ്ഥാപിച്ചിരുന്നു. ബാങ്കിന്റെ ഗോള്‍ഡ്, സില്‍വര്‍ കാർഡുള്ളവർക്ക് ഇറക്കുമതി ചെയ്യുന്ന ആഡംബര വസ്തുക്കള്‍ വില്‍ക്കുന്ന രണ്ട് കടകളില്‍ ഇളവ് ലഭിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം വിമാനത്താവളത്തില്‍ ഒരു എടിഎം സ്ഥാപിച്ചിരുന്നെങ്കിലും അത് അധികകാലം പ്രവര്‍ത്തിച്ചില്ല. 

ഇതിന് പുറമേ വിമാനത്താവളത്തില്‍ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച എടിഎം ഇപ്പോഴും 'പരീക്ഷണഘട്ട'ത്തിലാണെന്നാണ് ബാങ്ക് അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ചൈനീസ് അധികൃതര്‍ അനുമതി റദ്ദാക്കിയതാണ് യഥാര്‍ഥ പ്രതിസന്ധിക്ക് കാരണമെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. ഇക്കാര്യം സ്ഥിരീകരിക്കാന്‍ ചൈനീസ് അധികൃതര്‍ തയ്യാറായിട്ടില്ല. 

ഉത്തരകൊറിയയുടെ ആണവപദ്ധതിക്കെതിരെ നിലപാടെടുക്കാന്‍ ചൈനക്ക് വലിയ സമ്മര്‍ദ്ദമാണ് അമേരിക്കയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളത്. എടിഎമ്മുകളുടെ അനുമതി റദ്ദാക്കിയ നടപടിക്ക് പിന്നില്‍ ചൈനയുണ്ടെന്ന് വന്നാല്‍ ഇതുമായി കൂട്ടിവായിക്കാനും സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ ചൈന ഔദ്യോഗിക വിശദീകരണം നല്‍കാന്‍ തയ്യാറായിട്ടില്ല. 

ഉത്തരകൊറിയയില്‍ നിന്നുള്ള കല്‍ക്കരി ഇറക്കുമതി കഴിഞ്ഞ ഫെബ്രുവരിയില്‍ ചൈന റദ്ദാക്കിയിരുന്നു. എന്നാല്‍ ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ അളവുകോലായി വിലയിരുത്താനാകില്ല. കാരണം ഈ വര്‍ഷം ആദ്യ പാദത്തില്‍ ഉത്തരകൊറിയയും ചൈനയും തമ്മിലുള്ള കച്ചവട ബന്ധത്തില്‍ 37 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.