Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാനാക്രൈ ആക്രമണത്തിനു പിന്നില്‍ ഉത്തരകൊറിയ, തെളിവുകളുമായി ഗൂഗിൾ ടെക്കി!

cyber-attack

ലോകത്തെ ഒന്നടങ്കം മുൾമുനയിൽ നിർത്തിയ വാനാക്രൈ ആക്രമണത്തിനു പിന്നില്‍ ഉത്തരകൊറിയ ആണെന്ന വാദവുമായി സാങ്കേതിക വിദഗ്ധർ രംഗത്ത്. ഇപ്പോഴത്തെ വാനാക്രൈ ആക്രമണത്തിനു ഉത്തരകൊറിയൻ ബന്ധങ്ങൾ ഏറെയുണ്ടെന്നാണ് വാർത്താ ഏജൻസികളും മുൻനിര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. ഇത് സംബന്ധിച്ചുള്ള തെളിവുകൾ ചില ടെക്കികൾ ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഗൂഗിൾ ടെക്കി നീൽ മേത്ത ഇതുമായി ബന്ധപ്പെട്ട കോഡിന്റെ ട്വീറ്റ് പോസ്റ്റ് ചെയ്തിരുന്നു. വാനാക്രൈ വൈറസും ഉത്തരകൊറിയ നടത്തുന്ന സൈബർ ആക്രമണ രീതികളും തമ്മില്‍ ഏറെ സാമ്യങ്ങളുണ്ടെന്ന് വിവിധ ടെക് വിദഗ്ധരെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. ബിബിസിയും ഇതുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വാനാക്രൈ വൈറസിന്റെ ആദ്യ വേർഷൻ ഉത്തരകൊറിയയിലെ കിം ജോങ് ഉന്നിന്റെ നേതൃത്വത്തിലുള്ള ലാസറസ് ഗ്രൂപ്പുമായി ഏറെ സാമ്യമുണ്ടെന്നും റഷ്യയിലെ കാസ്പര്‍സ്‌കൈ ചൂണ്ടിക്കാട്ടുന്നു. ആക്രമണത്തിനു പിന്നിൽ ഉത്തരകൊറിയൻ ടെക് വിദഗ്ധരാണെന്നാണ് ഇസ്രയേലിൽ നിന്നുള്ള ഇന്റസര്‍ ലാബ്‌സും പറയുന്നത്.

2014 ൽ സോണി പിക്ചേഴ്സിനെ ആക്രമിച്ചത് ഉത്തരകൊറിയയിൽ നിന്നുള്ള ലാസറസ് ഗ്രൂപ്പായിരുന്നു. 2016 ൽ‌ ബെംഗ്ലാദേശി ബാങ്കിങ് നെറ്റ്‌വർക്ക് ആക്രമിച്ചതും ലാസറസ് ഗ്രൂപ്പായിരുന്നു. വാനാക്രൈ വൈറസ് നിർമിച്ചിരിക്കുന്ന സമയം UTC +9 (ചൈനീസ് സമയം) ആണെന്നാണ് സുരക്ഷാ വിദഗ്ധൻ പ്രൊഫസർ അലൻ വുഡ്‍‌വാർഡ് പറയുന്നത്.