Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിം ജോങ് ഉന്നിനെ ‘കൊലപ്പെടുത്തിയ’ സിഐഎക്ക് ഹാക്കർമാർ കൊടുത്തത് ‘എട്ടിന്റെ പണി’!

kim-jong

കോടികൾ മുടക്കിയെടുത്ത സിനിമ റിലീസിന് തൊട്ടുമുൻപ് സകലരുടെയും മൊബൈലിൽ എത്തിയാൽ എങ്ങനെയുണ്ടാകും? പ്രൊഡ്യൂസർമാരുടെ കാര്യത്തിൽ അതോടെ ഒരു തീരുമാനമാകും. ഏതാണ്ട് അതേ അവസ്ഥയിലാണിപ്പോൾ ലോകപ്രശസ്തമായ വാൾട്ട് ഡിസ്നി കമ്പനി. 345 ദശലക്ഷം ഡോളർ മുടക്കി നിർമിച്ച പൈററ്റ്സ് ഓഫ് ദ് കരീബിയൻ സീരീസിലെ അഞ്ചാമത്തെ ചിത്രം റിലീസാകുന്നതിന് ഒരാഴ്ച മുൻപു തന്നെ ഹാക്കർമാർ തട്ടിയെടുത്തിരിക്കുന്നു. ചിത്രം ഇതു തന്നെയാണെന്നു വ്യക്തമാക്കിയിട്ടില്ലെങ്കിലും ‘പണി കിട്ടിയ’ വിവരം ഡിസ്നി തന്നെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്. കോടിക്കണക്കിന് ഡോളറാണ് ചിത്രം പുറത്തുവിടാതിരിക്കാനായി ഹാക്കർമാർ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ എന്തുതന്നെ സംഭവിച്ചാലും പണം നൽകില്ലെന്ന് ഡിസ്നി വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ നാലു സീരീസ് പൈററ്റ്സ് ഓഫ് ദ് കരീബിയൻ ചിത്രങ്ങളുടെ തിയറ്റർ കലക്‌ഷനായിത്തന്നെ 370 കോടിയിലേറെ ഡോളർ ലഭിച്ചിട്ടുണ്ട്. പുതിയ ചിത്രം ചോർന്നാലും തിയറ്റർ വരുമാനത്തിൽ ഇടിവുണ്ടാകില്ലെന്ന വിശ്വാസത്തിലാണ് ഡിസ്നി. 

ഏറ്റവുമൊടുവിലായി ഡിസ്നിയിലേക്കു വന്ന ഹാക്കർമാരുടെ ഭീഷണി ഇങ്ങനെയാണ്– ആദ്യം അഞ്ചു മിനിറ്റുള്ള ചിത്രത്തിന്റെ ഭാഗം പുറത്തിറക്കും. പിന്നെ 20 മിനിറ്റ് വീതമുള്ള ഭാഗങ്ങളായി ഇറക്കിക്കൊണ്ടേയിരിക്കും. ആവശ്യപ്പെട്ട പണം കിട്ടുന്നതു വരെ ഇത് തുടരുമെന്നും ഹാക്കർമാർ പറയുന്നു. അടുത്തിടെ നെറ്റ്ഫ്ലിക്സ് വഴി വിതരണം ചെയ്യുന്ന ‘ഓറഞ്ച് ഈസ് ദ് ന്യൂ ബ്ലാക്ക്’ ടെലീസീരീസിന്റെ സീസൺ 5ഉം ഹാക്കർമാർ ഇത്തരത്തിൽ പൊക്കി പുറത്തുവിട്ടിരുന്നു. ചെറിയ പ്രൊഡക്‌ഷൻ ഹൗസുകൾക്കു നേരെ ഇത്തരം ആക്രമണങ്ങൾ പലപ്പോഴായി നടക്കുന്നുണ്ട്. ഡിസ്നിക്ക് പണി കൊടുത്തത് ഉത്തരകൊറിയൻ ഹാക്കര്‍മാരാണെന്നു സംശയിക്കാനുമുണ്ട് കാരണം. മൂന്നു വർഷം മുൻപ്, 2014 ഡിസംബറിൽ, ഉത്തരകൊറിയ സമാനമായ രീതിയിലൊരു ആക്രമണം സോണി പിക്ചേഴ്സിനു നേരെയും നടത്തിയിരുന്നു. അതിന് കാരണമായതാകട്ടെ ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനെ കളിയാക്കിക്കൊണ്ടുള്ള ‘ദി ഇന്റർവ്യൂ’ എന്ന സിനിമ പുറത്തിറക്കിയതും!

pirates-of-the-caribbean-at-worlds-end

‘ദി ഇന്റർവ്യൂ’വിനൊടുവിൽ 

ജപ്പാൻ ആസ്‌ഥാനമായ സോണി കോർപറേഷന്റെ കീഴിലുള്ള സോണി പിക്‌ചേഴ്‌സ് എന്റർടെയിന്മെന്റ് വിതരണത്തിനെത്തിക്കുന്ന ‘ദി ഇന്റർവ്യൂ’ എന്ന ചിത്രത്തിനായിരുന്നു ഹാക്കർമാരുടെ വക ദുർവിധി. 2014 ഡിസംബർ 25നു റിലീസ് ചെയ്യാനിരുന്ന സിനിമ നവംബർ അവസാനവാരം ഓൺലൈനിൽ ‘റിലീസ്’ ചെയ്യപ്പെടുകയായിരുന്നു. സോണിയുടെ കംപ്യൂട്ടർ ശൃംഖലയിൽ നുഴഞ്ഞു കയറിയ ഹാക്കർമാർ ‘ദി ഇന്റർവ്യൂ’ മാത്രമല്ല ആനി, സ്‌റ്റിൽ ആലിസ്, മി.ടേണർ, ടു റൈറ്റ് ലവ് ഓൺ ഹെർ ആംസ് തുടങ്ങി റിലീസ് ചെയ്യാനിരിക്കുന്ന പല ചിത്രങ്ങളും ചോർത്തിയെടുത്തു ഓൺലൈനിലെത്തിച്ചു. അതുംപോരാതെ സോണിയിലെ ജീവനക്കാരുടെ ശമ്പളവിവരങ്ങൾ, ചലച്ചിത്രപ്രവർത്തകരുമായി കമ്പനി നടത്തിയ ഇ-മെയിൽ ഇടപാടുകൾ, നടന്മാരുടെയും നടിമാരുടെയും ഇ-മെയിലുകൾ, ഫോൺ നമ്പർ, രഹസ്യവിളിപ്പേരുകൾ, അവർക്ക് നൽകുന്ന പ്രതിഫലം അങ്ങിനെ പലതും ഓരോരോ ദിവസങ്ങളിലായി പുറത്തുവന്നു കൊണ്ടേയിരുന്നു! അതുംപോരാതെ വ്യക്‌തിപരമായി പലർക്കുമുണ്ടായ നഷ്‌ടം വേറെ. ബ്രാഡ് പിറ്റ്, ആഞ്‌ജലീന ജോളി, സിൽവർസ്‌റ്റർ സ്‌റ്റാലൻ തുടങ്ങി ഹോളിവുഡിലെ മുൻനിര താരങ്ങളുടെ വരെ വ്യക്‌തിവിവരങ്ങൾ ചോർത്തപ്പെട്ടതായാണ് റിപ്പോർട്ടുകൾ. എന്തായാലും അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്‌ബിഐ തന്നെ സംഭവത്തെപ്പറ്റി അന്വേഷണം തുടങ്ങിക്കഴിഞ്ഞു. അമേരിക്കയ്‌ക്ക് എന്താണിതിലിത്ര താൽപര്യമെന്നു ചോദിക്കുമ്പോഴാണ് ‘ദി ഇന്റർവ്യൂ’ എന്ന സിനിമയെപ്പറ്റി അറിയേണ്ടത്. അമേരിക്കൻ ചാരസംഘടനയായ സിഐഎയുടെ സഹായത്തോടെ രണ്ടു പേർ ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനെ വധിക്കാൻ ശ്രമം നടത്തുന്ന കഥ ഹാസ്യാത്മകമായി അവതരിപ്പിക്കുന്ന ചിത്രമാണ് ‘ദി ഇന്റർവ്യൂ’. ചിത്രത്തിന് പാരയായതും അതുതന്നെ. 

kim-jong-un

റിലീസ് ചെയ്‌താൽ പടം പൊളിക്കും!

ചിത്രത്തിന്റെ റിലീസ് നടപടികളുമായി മുന്നോട്ടുപോവുകയാണെങ്കിൽ തിരിച്ചടി നേരിടുമെന്ന് ഹാക്കിങ്ങിന് ഏതാനും ദിവസങ്ങൾക്കു മുൻപു തന്നെ ഗാർഡിയൻസ് ഓഫ് പീസ് (ജിഒപി) എന്ന പേരിലുള്ള അഞ്‌ജാത സംഘടന സോണി അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ കമ്പനി ആ ഇ-മെയിൽ കാര്യമായെടുത്തില്ല. തൊട്ടുപിറകെ പണി വരികയും ചെയ്‌തു. അമേരിക്കയിലെ രണ്ട് പത്രപ്രവർത്തകർ കിം ജോങ് ഉന്നിനെ ഇന്റർവ്യൂ ചെയ്യുന്നതിനായി ഉത്തരകൊറിയയിലേക്കു പോകുന്നതാണ് ചിത്രത്തിന്റെ കഥ. ഈ പത്രപ്രവർത്തകരുടെ ടിവി പരിപാടി ഏറെ ഇഷ്‌ടപ്പെടുന്ന കിം ജോങ് അവരെ രാജ്യത്തേക്കു ക്ഷണിക്കുകയാണ്. അങ്ങിനെ പോകാൻ ഇരുവരും തയാറെടുത്തു. അതിനിടെയാണ് അപ്രതീക്ഷിതമായി അവർക്കിടയിലേക്ക് സിഐഎ കടന്നുവരുന്നത്. ഒരു ആവശ്യവുമുണ്ടായിരുന്നു-ഇന്റർവ്യൂ നടത്തുക മാത്രമല്ല കിം ജോങ് ഉന്നിനെ കൊലപ്പെടുത്തുകയും വേണം. അതിനു വേണ്ട നിർദേശങ്ങളും നൽകി. തുടർന്നുണ്ടാകുന്ന സംഭവങ്ങൾ ഹാസ്യത്തിലൂടെ അവതരിപ്പിക്കുകയാണ് ചിത്രം. സിനിമ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതും രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദത്തെ തകർക്കുന്നതുമാണെന്ന് ആരോപിച്ചായിരുന്നു ഹാക്കർമാരുടെ ആക്രമണം. ഇക്കാര്യം തങ്ങൾ മാത്രമല്ല ലോകം മുഴുവൻ കണ്ടറിയട്ടെ എന്നും കൂട്ടിച്ചേർത്തായിരുന്നു ഹാക്കിങ്. 

ഹാക്കിങ്ങിനു തൊട്ടുപിറകെ ഉത്തരകൊറിയൻ സർക്കാരാണ് ഇതിനു പിന്നിലെന്ന് സംശയിക്കുന്നതായി അമേരിക്കൻ ദേശീയസുരക്ഷാവിഭാഗം തന്നെ ആരോപണമുന്നയിച്ചു. എന്നാൽ തങ്ങൾക്ക് ഇക്കാര്യത്തിൽ യാതൊരു പങ്കുമില്ലെന്നായിരുന്നു ഉത്തരകൊറിയൻ വക്‌താവിന്റെ മറുപടി. കക്ഷി ഒന്നു കൂടിപ്പറഞ്ഞു-ഏത് രാജ്യക്കാരാണെങ്കിലും ഹാക്കർമാർ ചെയ്‌തതൊരു നല്ല കാര്യമാണെന്ന്. കൃത്യമായിപ്പറഞ്ഞാൽ ‘സമാധാനത്തിന്റെ കാവൽക്കാർ’ (ജിഒപി) എന്ന ഹാക്കിങ് സംഘം ഒറ്റയടിക്ക് രാജ്യസ്‌നേഹികളുടെ തലത്തിലേക്കുകയരുകയായിരുന്നു. ഇതുവരെ സോണിയിലെ ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവർ ആരാണെന്ന് കൃത്യമായി ആർക്കുമറിയില്ല. ഒന്നുകിൽ ഉത്തരകൊറിയയുടെ സ്വന്തം രഹസ്യപ്പോരാളികൾ അല്ലെങ്കിൽ അവിടെത്തന്നെയുള്ള ഹാക്‌ടിവിസ്‌റ്റുകൾ. എന്താണെങ്കിലും ആക്രമിക്കപ്പെട്ടത് ദി ഇന്റർവ്യൂ എന്ന സിനിമയാണെങ്കിൽ അതിനു പിന്നിൽ ഉത്തരകൊറിയ തന്നെ എന്ന കാര്യത്തിൽ അന്വേഷണ ഏജൻസികൾക്കു പോലും സംശയമില്ലായിരുന്നു. അതേസമയം, റിലീസ് ചെയ്യും മുൻപ് സിനിമ ലോകമെമ്പാടും സൗജന്യമായെത്തുന്ന തരത്തിലുള്ള പുതിയ ഭീഷണിയെ എങ്ങിനെ നേരിടുമെന്ന ആശങ്കയിലാണ് ചലച്ചിത്രലോകം. കോടികൾ മറിയുന്ന ബിസിനസാണ് ഏതാനും പേരുടെ കൈവിരൽത്തുമ്പിലെ കളികളിലൂടെ ചോർന്നു പോകുന്നത്. ഈ സാഹചര്യത്തിൽ സകല സ്റ്റുഡിയോകളും വിതരണക്കമ്പനികളും തങ്ങളുടെ സൈബർ സുരക്ഷാസംവിധാനങ്ങൾ ശക്‌തിപ്പെടുത്താനുള്ള തത്രപ്പാടിലാണിപ്പോൾ!