Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതാണ് ടെക്നോളജി, ഇതാവണം സെർച്ചിങ്, അത്ഭുതം കുറിച്ച് ഗൂഗിള്‍ ലെന്‍സ്, എല്ലാം മാറ്റിമറിക്കും 5 ചുവടുവയ്പ്പുകൾ!

google-io-conference

ലോകത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) പിടിമുറുക്കുന്നു എന്നതിന്റെ കൃത്യമായ സൂചനകള്‍ നല്‍കുന്നതാണ് സെർച്ച് എൻജിൻ ഭീമൻ ഗൂഗിളിന്റെ പുതിയ പ്രഖ്യാപനങ്ങള്‍. ചില പ്രധാനപ്പെട്ടവ പരിശോധിക്കാം:

ഗൂഗിള്‍ ലെന്‍സ്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ നാളിതുവരെ ലോകം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന പ്രകടനമാണ് ഗൂഗിള്‍ ലെന്‍സിലൂടെ ലോകം കണ്ടത്. എന്നാല്‍ ഇതു ശൈശവദശയില്‍ തന്നെയാണ് എന്നത് ഒരു പക്ഷേ പലര്‍ക്കും ആശ്വാസം നല്‍കുന്നതാണ്. കാരണം അധികം താമസിയാതെ AI മനുഷ്യരുടെ ജോലികള്‍ ഒന്നൊന്നായി ഇല്ലാതാക്കുമെന്ന് പ്രവചിക്കപ്പെട്ടിട്ടുണ്ടല്ലോ. 

ഗൂഗിള്‍ ലെന്‍സ് ഒരു ഹാര്‍ഡ്‌വെയര്‍ അല്ല. പക്ഷെ ഇതിനെ വേണമെങ്കില്‍ ഗൂഗിള്‍ മറ്റൊരു രീതിയില്‍ ജനിക്കാന്‍ ശ്രമിക്കുന്നതായി കാണാം. ഇന്നും കംപ്യൂട്ടര്‍ സെര്‍ച്ച് തന്നെയാണല്ലോ ഗൂഗിള്‍ (ആല്‍ഫബറ്റ്) കമ്പനിയുടെ പ്രാധാന്യം നിലനിറുത്തുന്നത്. അതെ, 'ലെന്‍സ്' ഒരു പുതിയ തരം സെര്‍ച്ച് ആണ്. ലെന്‍സ് ആപ്പിലൂടെ സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറ വിടര്‍ന്നു നില്‍ക്കുന്ന ഒരു പൂവിനു മുകളില്‍ കാണിച്ചാല്‍ അത് എന്തു പൂവാണെന്ന് ഗൂഗിള്‍ പറയും. വാക്കുകള്‍ വേണ്ടാത്ത, കാഴ്ചയെ ആശ്രയിച്ചുള്ള സെര്‍ച്ച് അതാണ് ലെന്‍സിലൂടെ ഗൂഗിള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. വെബിലുള്ള ചിത്രത്തെ പറ്റിയും മൊബൈലില്‍ പ്ലേ ചെയ്യുന്ന വിഡിയോയെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ തരാന്‍ ഇതിനു സാധിക്കും. ഒരു ഹോട്ടലിന്റെ പേരിനു നേരെ ചൂണ്ടിയാല്‍ അതിനെ പറ്റി ആരെങ്കിലും റിവ്യൂ നടത്തിയിട്ടുണ്ടെങ്കില്‍ അതും മറ്റു വിവരങ്ങളും സ്‌ക്രീനിലെത്തും. 

sundar-pichai-

ഗൂഗിള്‍ ലെന്‍സിലൂടെ നോക്കുമ്പോള്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ നിങ്ങള്‍ കാണുന്നതല്ല കാണുന്നത്. നിങ്ങളുടെ സഹായമില്ലാതെ നിങ്ങള്‍ കാണുന്നത് എന്തെന്നു മനസിലാക്കാനും അതിനു കഴിയും– ഗൂഗിള്‍ പറയുന്നു.

ലെന്‍സിന്റെ മറ്റൊരു ശേഷി ഒരു വൈഫൈ റൂട്ടറിന്റെ സ്റ്റിക്കറിനു നേരെ ലെന്‍സ് ആപ്പുള്ള സ്മാര്‍ട്ട്‌ഫോണും മറ്റും പിടിച്ചാല്‍ അതിന് ഓട്ടോമാറ്റിക്കായി ആ നെറ്റ്‌വര്‍ക്കിലേക്കു കണക്ടു ചെയ്യാനാകുമെന്നതാണ്. ലെന്‍സ് വരാന്‍ പോകുന്ന ഒരു മ്യൂസിക് പ്രോഗ്രാമിന്റെ പരസ്യത്തിനു നേരെ പിടിച്ചാല്‍ അതു നിങ്ങളുടെ കലണ്ടറില്‍ ഇടം പിടിക്കുകയും ഈ പ്രോഗ്രാമിനു ടിക്കറ്റു ബുക്കു ചെയ്യാന്‍ സഹായിക്കുകയും ചെയ്യും. (ഇത്തരം ഫീച്ചറുകള്‍ എത്ര എണ്ണം ഇന്ത്യയില്‍ ഉടനെ വര്‍ക്കു ചെയ്യുമെന്നറിയില്ല.) 

നിങ്ങളുടെ 'ഗൂഗിള്‍ ഫോട്ടോസില്‍' ശേഖരിച്ചിരിക്കുന്ന ചിത്രങ്ങളുടെ നേരെ ലെന്‍സ് പിടിച്ചാല്‍ അതിനെ പറ്റിയുള്ള വിവരങ്ങളും ലെന്‍സ് പറഞ്ഞു തരും. ഇങ്ങനെ ഒരു ഫീച്ചര്‍ തരുന്നതിലൂടെ ഗൂഗിളിന് എന്തു കിട്ടുമെന്നും നോക്കാം- തങ്ങള്‍ക്ക് ലോകത്തെ പറ്റിയുള്ള വിവരമെല്ലാം ശേഖരിക്കാനും ചിട്ടപ്പെടുത്തിയെടുക്കാനുമുള്ള ഒരു വഴിയായാണ് കമ്പനി ഇതിനെ കാണുന്നത്. ഈ വിവരം ലോകത്തെവിടെ ഇരുന്നും പരിശോധിക്കാന്‍ സാധിക്കുന്ന രീതിയിലേക്ക് കൊണ്ടുവരിക എന്നതും അതിലൂടെ തങ്ങളുടെ ഡേറ്റബെയ്‌സ് വര്‍ധിപ്പിക്കാനുമാണ് ഗൂഗിളിന്റെ ശ്രമം. ഭാഷയെ പോലെ കാഴ്ചയ്ക്ക്, (കംപ്യൂട്ടര്‍ വിഷന്) പ്രാധാന്യം കൊണ്ടുവരാനുള്ള ശ്രമമായും ലെന്‍സിനെ കാണാം. 

sundar-pichai-google-photos

ലെന്‍സ് ഒരു തുടക്കം മാത്രമാണ്. സെര്‍ച്ചില്‍ വരാനിരിക്കുന്ന വിപ്ലവകരമായ മാറ്റങ്ങളുട മുഖവുര എന്നു വേണമെങ്കില്‍ പറയാം. AI-കേന്ദ്രീകൃതമായ ഡേറ്റാ സെന്ററുകള്‍ ഗൂഗിള്‍ പണിയുന്നുണ്ട്. ശബ്ദത്തിലൂടെ സെര്‍ച്ച് ചെയ്യാന്‍ അനുവദിക്കുന്ന ഗൂഗിള്‍ അസിസ്റ്റന്റിന്റെയും ലെന്‍സിന്റെയും സഹായം എത്തുന്നതോടെ ടൈപ്പു ചെയ്തു സെര്‍ച്ചു ചെയ്തിരുന്ന കാലം വിസ്മൃതിയിലായേക്കാം. 

ഗൂഗിള്‍ ലെന്‍സ് ആപ്പ് എന്ന് എത്തുമെന്ന് കമ്പനി പറയുന്നില്ല. എന്നാല്‍ ഈ ആപ്പിന്, ഗൂഗിള്‍ അസിസ്റ്റന്റ്, ഗൂഗിള്‍ ഫോട്ടോസ് എന്നീ ആപ്പുകള്‍ക്കൊപ്പം ചേരുമ്പോഴെ മുഴുവന്‍ ശക്തിയും ലഭിക്കൂ എന്നു കമ്പനി പറയുന്നു.

സിറിക്കു പണികൊടുക്കാന്‍

ലെന്‍സാണ് ഏറ്റവും അധികം ശ്രദ്ധ പിടിച്ചു പറ്റിയ ഗൂഗിള്‍ പ്രഖ്യാപനമെങ്കിലും മറ്റു പല മാറ്റങ്ങളും അവതരിപ്പിക്കപ്പെട്ടു. വോയ്‌സ് അസിസ്റ്റന്റ് രംഗത്ത് ടെക് ഭീമന്മാര്‍ തമ്മിലുള്ള കടിപിടി വര്‍ധിക്കുകയാണ്. ഗൂഗിള്‍ അസിസ്റ്റന്റ്, ആമസോണ്‍ എക്കോ, ആപ്പിളിന്റെ സിറി, മൈക്രോസോഫ്റ്റിന്റെ കോര്‍ട്ടാന തുടങ്ങിയ സേവനങ്ങളാണ് പരസ്പരം മത്സരിക്കുന്നത്. iOS പ്ലാറ്റ്‌ഫോമിലേക്ക് കടന്നുകയറ്റം ലക്ഷ്യമിട്ടുള്ള ഗൂഗിളിന്റെ ആപ് കൂടുതല്‍ സ്മാര്‍ട്ട് ആകുന്നു. ഇത് സിറിക്കു വെല്ലുവിളി ഉയര്‍ത്തുമെന്നാണ് ഗൂഗിള്‍ കരുതുന്നത്.

ഡേഡ്രീം ഹെഡ്‌സെറ്റ്

കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ അവതരിപ്പിച്ച ഡേഡ്രീം വിആര്‍ ഹെഡ്‌സെറ്റിനും കൂടുതല്‍ കഴിവുകള്‍ കിട്ടും. സാംസങ്ങിന്റെ പുതിയ ഗ്യാലക്‌സി ഫോണുകള്‍ ഇറക്കിവച്ചാല്‍ കൂടുതല്‍ അനിര്‍ഗളമായ വിആര്‍ അനുഭവം കിട്ടും.

ഗൂഗിള്‍ ഫോട്ടോസ്

പ്രധാന മാറ്റങ്ങളിലൊന്ന് ഇവിടെയാണ്. യന്ത്ര ബുദ്ധി ഇവിടെ സ്പഷ്ടമാകുന്നു. ഗൂഗിള്‍ കാണിച്ച ഉദാഹരണത്തില്‍ ബെയ്‌സ്‌ബോള്‍ ബാറ്റുമായി ഒരു കമ്പി വലയ്ക്കപ്പുറം നില്‍ക്കുന്ന കുട്ടിയുടെ ചിത്രം ഗൂഗിള്‍ ഫോട്ടോസ് കമ്പിവല നീക്കം ചെയ്ത് കുട്ടിയെ മാത്രമായി കാണിച്ചു. ഫോട്ടോഷോപ് തുടങ്ങിയ എഡിറ്റിങ് സോഫ്റ്റ്‌വെയറിനു മുന്നിലിരുന്ന് ചെയ്യേണ്ടിയിരുന്ന കാര്യം ഒറ്റ ക്ലിക്കില്‍ സാധ്യമായി! 

sundar-pichai

ജിപിഎസില്‍ നിന്ന് വിപിഎസിലേക്ക്

നിലവില്‍ ഉപയോഗിച്ചു വരുന്ന ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റത്തിനു പകരം വിഷ്വല്‍ പൊസിഷനിങ് സിസ്റ്റമാണു ഗൂഗിള്‍ മുന്നോട്ടു വയ്ക്കുന്ന മറ്റൊരു ആശയം. ഗൂഗിളിന്റെ ടാങ്‌ഗോ (Tango) യുടെ 3D സാങ്കേതികവിദ്യയുടെ സഹായത്തോടെ വസ്തുക്കളുടെ സ്ഥലം ഏതാനും സെന്റീമീറ്റര്‍ വ്യത്യാസത്തോടെ കണ്ടെത്താം.‌