Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

1,285 കോടി നഷ്ടം, 4,524 കോടി കടം, അംബാനി സഹോദരന് ജിയോ കൊടുത്തത് വൻ നഷ്ടങ്ങൾ!

Anil-Mukesh

ഓഫറുകളുടെ പെരുമഴയുമായി എത്തിയ ജിയോയുടെ കടന്നുവരവ്, റിലയൻസ് കുടുംബത്തിൽ തന്നെ പാരയായി. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോയിൽ തട്ടിവീണ് സഹോദരൻ അനിൽ അംബാനിയുടെ നഷ്ടങ്ങൾ കുമിഞ്ഞുകൂടി. ബാങ്കുകൾ പോലും ആർകോമിന് റെഡ് സിഗ്നൽ കാണിച്ചു കഴിഞ്ഞു.

പല പേരുകളിലായി സൗജന്യ ഓഫറുകൾ തുടരുന്ന ജിയോ കാരണം മറ്റ് വലിയ ടെലികോം കമ്പനികൾ വലയുന്നത് വാർ‌ത്തയാണ്. അപ്പോഴാണ് കുടുംബത്തിനകത്തു തന്നെ സംഭവിച്ച നഷ്ടക്കഥകൾ പുറത്തുവരുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ റിപ്പോർട്ടുകൾ പുറത്തുവന്നപ്പോൾ ആർകോമിന്റെ ഓഹരികൾ 21 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ചരിത്രത്തിൽ ആദ്യമായാണ് ആർകോം ഇത്രയും വലിയ നഷ്ടം നേരിടുന്നത്.

കഴിഞ്ഞ വർഷത്തെ റിപ്പോർട്ടുകൾ പ്രകാരം കമ്പനിയുടെ നഷ്ടം 1,285 കോടി രൂപയാണ്. മുൻ വര്‍ഷം 660 കോടി രൂപ ലാഭമുണ്ടാക്കിയ ആർകോമാണ് ജിയോ വന്നതോടെ കുത്തനെ നഷ്ടത്തിലേക്ക് പോയത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ കമ്പനിയുടെ നഷ്ടം 966 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇക്കാലയളവിൽ ഇത് 90 കോടി രൂപ ലാഭമായിരുന്നു.

കഴിഞ്ഞ 20 വർഷത്തിനിടെ ഇത് ആദ്യമായി ടെലികോം മേഖല ഒന്നടക്കം വൻ നഷ്ടത്തിലായി. കഴിഞ്ഞ സാമ്പത്തിക വർഷം നാലാം പാദത്തിൽ ആർകോമിന്റെ മൊത്തവരുമാനം 4524 കോടി രൂപയായിരുന്നു. തൊട്ടു മുൻവർഷം ഇത് 5980 കോടി രൂപയായിരുന്നു. കമ്പനി നഷ്ടത്തിലായതോടെ പത്തോളം ബാങ്കുകൾ മുന്നറിയിപ്പ് നല്‍കിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ആർകോം ടെലികോം വിഭാഗത്തിനു മാത്രമായി 42,000 കോടി രൂപ കടമുണ്ടെന്നാണ് അറിയുന്നത്. ഈ തുകയെല്ലാം വിവിധ ബാങ്കുകൾക്ക് നൽകാനുള്ളതാണ്. ജിയോ വിപണിയിൽ എത്തിയതിനു ശേഷം മാത്രം അനിൽ അംബാനിയുടെ കമ്പനിയായ റിലയൻസ് കമ്മ്യൂണിക്കേഷൻസിന് (RCom) ഇതുവരെ 1,600 കോടിയുടെ നഷ്ടമുണ്ടായി എന്നാണ് പ്രാഥമിക കണക്ക്. ഇന്ത്യയിൽ വരിക്കാരുടെ എണ്ണത്തിൽ നാലാം സ്ഥാനത്ത് നിൽക്കുന്ന കമ്പനിയാണ് ആർകോം. വരുന്ന രണ്ട് സാമ്പത്തിക വർഷങ്ങളിലും ഈ പോക്ക് തുടരുമെന്നും 2,250 കോടി രൂപയായി നഷ്ടം കൂടുമെന്നുമാണ് വിപണിയിൽ നിന്നുള്ള വിവരം.

പ്രമുഖ ടെലികോം കമ്പനികളായ എയർടെൽ, ഐഡിയ തുടങ്ങിയവയും ജനുവരി– മാർച്ച് കാലയളവിൽ കനത്ത നഷ്ടം നേരിട്ടു. എയർസെല്ലുമായി സംയോജിക്കുമെന്ന് കഴിഞ്ഞ സെപ്റ്റംബറിൽ ആർകോം പ്രഖ്യാപിച്ചിരുന്നു. അതേസമയം, അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് മറ്റു കമ്പനികളിൽ നിന്ന് ടവർ വാടകയിനത്തിൽ നല്ലൊരു തുക കിട്ടുന്നുണ്ടെന്നും കണക്കുകൾ പറയുന്നു.

related stories