Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതാണ് കൊച്ചി മെട്രോ, ടെക്നോളജി ട്രാക്കിൽ ഒന്നാമത്, എല്ലാം അത്യാധുനികം

metro-9

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോ ട്രെയിനുകൾ ഓടിത്തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രം. ഏറ്റവും മികച്ച സാങ്കേതിക വിദ്യയിൽ കുറഞ്ഞ ചെലവിൽ ഒരു മെട്രോ, അതാണ് കൊച്ചി മെട്രോ. പരീക്ഷണ ഓട്ടങ്ങളെല്ലാം വിജയകരമായി പൂർത്തിയാക്കിയ കൊച്ചി മെട്രോ ജൂൺ 17 ന് പൊതുജനങ്ങൾക്ക് സമ്മാനിക്കുകയാണ്. 

അല്‍സ്‌റ്റോമില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തില്‍ സിഗ്നല്‍, ശബ്ദം, വൈദ്യുത, സാങ്കേതിക, അനൗണ്‍സ്‌മെന്റ് സംവിധാനകളെല്ലാം പരിശോധന നടത്തി ഉറപ്പുവരുത്തിയിട്ടുണ്ട്. വൈദ്യുത, സാങ്കേതിക സജ്ജീകരണങ്ങളുടെ ജോലികളും പൂർത്തിയായി. 

ആധുനികതയും പാരമ്പര്യവും ഒരേ പോലെ സമന്വയിക്കുന്ന കൊച്ചി മെട്രോയ്ക്കായി ഫ്രഞ്ച് കമ്പനിയായ അൽസ്റ്റോം തയാറാക്കിയ കോച്ചുകൾ. തുടങ്ങാൻ ഒരൽപം വൈകിയെങ്കിലും ഒട്ടേറെ കാര്യങ്ങളിൽ ഒരുപിടി മുൻപിലാണു കൊച്ചി മെട്രോയുടെ കോച്ചുകൾ.

metro-1

വേഗത്തിലുള്ള നിർമാണം, കുറഞ്ഞ നിർമാണച്ചെലവ്, 70% തദ്ദേശീയമായ ഭാഗങ്ങൾ, അത്യാധുനിക സാങ്കേതികവിദ്യ തുടങ്ങി ഒട്ടേറെ കാര്യങ്ങളിൽ കൊച്ചി മെട്രോ മുന്നിട്ടു നിൽക്കുന്നു. ആകാരഭംഗിയുടെ കാര്യമാണെങ്കിൽ പറയുകയേ വേണ്ട. പറഞ്ഞു വരപ്പിച്ചപോലെയാണ് ഹെഡ്‌ലൈറ്റുകൾ കൊണ്ടുള്ള ആനക്കൊമ്പ് എന്നു പറഞ്ഞാൽ പോലും ഒട്ടും അദ്ഭുതപ്പെടേണ്ട. ചെന്നൈ മെട്രോ ഉൾപ്പെടെ രാജ്യത്തെ പ്രമുഖ മെട്രോകൾക്കെല്ലാം കോച്ചുകൾ നിർമിച്ചു നൽകുന്ന സ്ഥാപനമാണ് അൽസ്റ്റോം.

ഒരു ട്രെയിനിൽ മൂന്നു കോച്ചുകൾ. ഒരു കോച്ചിന് 22 മീറ്റർ നീളം, 2.5 മീറ്റർ വീതി, 3.90 മീറ്റർ ഉയരം. ഒരു ട്രെയിനിൽ മൊത്തം 975 പേർക്ക് യാത്ര ചെയ്യാം. ഇരിക്കാനുള്ള സൗകര്യം 136 പേർക്ക്. ഓരോ കോച്ചിനും ഒരു വശത്ത് നാലു വാതിലുകൾ. വിശാലമായ ചില്ലു ജനലുകൾ. സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമിച്ച കോച്ചുകൾക്ക് 35 വർഷമാണ് ആയുസ്സ് പറയുന്നത്. അറ്റകുറ്റപ്പണികൾ എളുപ്പം, ഉറപ്പു കൂടുതൽ, ശബ്ദം കുറവ്; ട്രെയിൻ നീങ്ങുന്നത് അറിയുകയേ ഇല്ല.

metro-2

ഓരോ കോച്ചിലും രണ്ട് എസി യൂണിറ്റുകൾ, ഓരോ ട്രെയിനിലും മുൻ, പിൻ ഭാഗങ്ങളിൽ വീൽ ചെയറുകൾക്കായി പ്രത്യേക ഭാഗം. ഭിന്നശേഷിയുള്ളവർക്കായി മടക്കിവയ്ക്കാവുന്ന ടിപ് അപ് സീറ്റുകൾ, ഓരോ കോച്ചിലും ഗർഭിണികൾ ഉൾപ്പെടെ അതീവ പരിഗണന അർഹിക്കുന്നവർക്കായി കുഷ്യനുള്ള നാലു പ്രത്യേക സീറ്റുകൾ. ഓട്ടോമാറ്റിക് വാതിലുകൾ.

ഡൈനമിക് റൂട്ട് മാപ്പുകൾ, മലയാളം, ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിലുള്ള അനൗൺസ്മെന്റ്, അറിയിപ്പിനും പരസ്യങ്ങൾക്കുമായി വലിയ എൽസിഡി ഡിസ്പ്ലേ, യാത്രക്കാരുടെ സുരക്ഷയ്ക്കായി ഒരു കോച്ചിൽ നാലു സിസിടിവി ക്യാമറകൾ, ഓരോ കോച്ചിന്റെയും പുറം ഭാഗത്തും യാത്രാ ദിശ സംബന്ധിച്ച സൂചനകൾ, അടിയന്തര ഘട്ടങ്ങളിൽ യാത്രക്കാർക്കു ഡ്രൈവറുമായി ആശയവിനിമയം നടത്താൻ വാതിലിനടുത്ത് എമർജൻസി ഇന്റർകോം, അഗ്നിബാധ മുന്നറിയിപ്പു സംവിധാനം, മൊബൈൽ, ലാപ്ടോപ് ചാർജിങ് യൂണിറ്റ്.

metro-5

ഓപ്പറേഷൻ കൺട്രോൾ സെന്റർ  

മെട്രോയുടെ നാഡീ വ്യവസ്ഥയാണ് ഓപ്പറേഷൻ കൺട്രോൾ സെന്റർ. ഇവിടെയിരുന്നു ട്രെയിനുകൾ നിരീക്ഷിക്കാം, നിയന്ത്രിക്കാം. കമ്യൂണിക്കേഷൻ ബേസ്ഡ് ട്രാൻസ്പോർട്ട് കൺട്രോൾ സിസ്റ്റം (സിബിടിസി) അനുസരിച്ചാണു കൊച്ചി മെട്രോയുടെ പ്രവർത്തനം. സുരക്ഷ വർധിപ്പിച്ച്, ട്രെയിനുകൾ കൂടുതൽ ഓടിക്കാൻ കഴിയുമെന്നതാണു പ്രത്യേകത. പരമ്പരാഗത സമ്പ്രദായത്തിൽ ഡ്രൈവർ തന്നെയാണു സിഗ്നൽ പ്രവർത്തിപ്പിക്കുന്നത്.

എന്നാൽ സിബിടിസിയിൽ ഓപ്പറേഷൻ കൺട്രോൾ സെന്ററിൽ നിന്ന് ഓരോ ട്രെയിനിനും സിഗ്നൽ നൽകുന്നു, നിയന്ത്രിക്കുന്നു. ഒരേ ട്രാക്കിൽ സമയം നഷ്ടപ്പെടുത്താതെ തന്നെ കൂടുതൽ ട്രെയിനുകൾ ഓടിക്കാം. വെറുമൊരു കെട്ടിടം മാത്രമല്ല ഇത്. പുറത്തു പുൽത്തകിടിയും പൂന്തോട്ടവും അകത്തു ചുമർചിത്രങ്ങളും വെർട്ടിക്കൽ ഗാർഡനുമെല്ലാം ചേർന്ന ഓഫിസ്. 

സിബിടിസി സംവിധാനത്തിലൂടെ ട്രെയിനുകളുടെ പ്രവർത്തന 90 സെക്കൻഡ് മാത്രം ഇടവേളയിട്ടു ഓടിക്കാൻ കഴിയും. ഓവർഹെഡ് വൈദ്യുതി കേബിളുകൾക്കു പകരം താഴെ ട്രാക്കിനോടു ചേർന്നുള്ള തേർഡ് റയിൽ ലൈനിലൂടെയാണു വൈദ്യുതി വിതരണം. ബ്രേക്ക് ചെയ്യുമ്പോൾ ഉൽപാദിപ്പിക്കപ്പെടുന്ന അധിക വൈദ്യുതി ഗ്രിഡിലേക്കു തിരിച്ചു നൽകുകയും ചെയ്യും.

metro-15

ഡ്രൈവറിന്റെ സഹായമില്ലാതെ സർവീസ് നടത്തുന്ന ആദ്യ മെട്രോ ട്രെയിനും കൊച്ചി മെട്രോയാണ്. കമ്മ്യൂണിക്കേഷൻ ബേസ്ഡ് ട്രെയിൻ കൺട്രോൾ (സിബിടിസി) സംവിധാനമാണ് കൊച്ചി മെട്രോയിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇന്ത്യയിൽ ആദ്യമായാണ് ഈ സംവിധാനം പരീക്ഷിക്കുന്നത്. ട്രെയിന്റെ സഞ്ചാരവും നിയന്ത്രണവും പ്രത്യേകം സജ്ജമാക്കിയ കൺട്രോൾ റൂമിലായിരിക്കും. എന്നാൽ കൊച്ചി മെട്രോയുടെ തുടക്കത്തിൽ സിബിടിസി ഉപയോഗിക്കുന്നില്ല. ഡ്രൈവർ തന്നെയാകും ട്രെയിൻ നിയന്ത്രിക്കുക.

സ്മാർട്ട് കാർഡ്

‘കൊച്ചി വൺ’ സ്മാർട് കാർഡ് മറ്റൊരു പ്രത്യേകതയാണ്. മെട്രോയിൽ യാത്രാ ടിക്കറ്റായും മറ്റിടങ്ങളിൽ ഡെബിറ്റ് കാർഡ് ആയും കൊച്ചി വൺ കാർഡ് ഉപയോഗിക്കാം. കാർഡ് േവണ്ടെങ്കിൽ ആപ്ലിക്കേഷൻ (ആപ്)  ഉപയോഗിക്കാം. സൂപ്പർ മാർക്കറ്റുകൾ, റസ്റ്ററന്റ്, ടാക്സി സർവീസുകൾ, തിയറ്ററുകൾ തുടങ്ങി ഒട്ടേറെ സേവന ദാദാക്കളുമായും ഷോറൂം ഉടമകളുമായും കാർഡ് ഇതിനകം ടൈഅപ് നടത്തിക്കഴിഞ്ഞു. കെഎംആർഎൽന് ഇൗ കാർഡ് ലാഭക്കച്ചവടമാണ്. 

ഓട്ടോമേറ്റഡ് ടിക്കറ്റ് ഫെയർ കളക്‌ഷനു മറ്റു മെട്രോകൾ കോടിക്കണക്കിനു രൂപ ചെലവിട്ടപ്പോൾ കൊച്ചി മെട്രോ ഇൗ ഇനത്തിൽ 120 കോടി രൂപ ലാഭിച്ചു. ഇൗ സംവിധാനത്തിന്റെ വാർഷിക അറ്റകുറ്റപ്പണിക്കു വേണ്ടിവരുമായിരുന്ന 60 കോടിയും ലാഭം. കാർഡിന്റെ റോയൽറ്റി ഇനത്തിൽ 209 കോടി രൂപ ലാഭം. കാർഡ് ഉപയോഗിച്ചു നടത്തുന്ന ഓരോ കച്ചവടവും കെഎംആർഎൽനു 0.02% കമ്മിഷൻ ലഭിക്കും. ആക്സിസ് ബാങ്കുമായി സഹകരിച്ചാണു കെഎംആർഎൽ കൊച്ചി വൺ കാർഡ് പുറത്തിറക്കുന്നത്.

മേൽക്കൂരയിൽ വൈദ്യുതി 

മെട്രോ ട്രെയിൻ ഓടിക്കുക മാത്രമല്ല, കെഎംആർഎൽ വൈദ്യുതിയും ഉൽപാദിപ്പിക്കും. മെട്രോയുടെ 22 സ്റ്റേഷനുകൾക്കു മുകളിലും മുട്ടത്തെ കോച്ച് റിപ്പയറിങ് യാഡിലെ കെട്ടിടങ്ങളിലുമായി സ്ഥാപിക്കുന്ന സോളർ പാനലുകളിൽ നിന്നു നാലു മെഗാവാട്ട് വൈദ്യുതിയാണ് ഉൽപാദിപ്പിക്കുന്നത്. ഇത് ഗ്രിഡിലേക്കു കൈമാറും. മെട്രോയുടെ ആദ്യഘട്ടത്തിൽ ഉൾപ്പെടുന്ന കെട്ടിടങ്ങളിൽ 27 കോടി രൂപ ചെലവിലാണു പദ്ധതി നടപ്പാക്കുന്നത്.

metro-10

സോളർ പാനലുകൾ സ്ഥാപിക്കുന്നതും 25 വർഷത്തേക്ക് അവയുടെ അറ്റകുറ്റപ്പണികൾക്കും നടത്തിപ്പിനും ഹീറോ കമ്പനിയുമായി കെഎംആർഎൽ കരാർ ഒപ്പുവച്ചിട്ടുണ്ട്. മെട്രോ ട്രെയിനുകൾ ബ്രേക്ക് ചെയ്യുമ്പോൾ ഉണ്ടാകുന്ന ഘർഷണത്തിൽ നിന്ന് ഉൗർജോൽപാദനത്തിനുള്ള പദ്ധതിയും നടപ്പാക്കുന്നുണ്ട്.