Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആപ്പിൾ ടെക്നോളജിയ്ക്ക് പുതിയ മുഖം, ഐഒഎസ് 11ലേത് കിടിലൻ ഫീച്ചറുകള്‍

apple-ios11

ഐഫോൺ, ഐപാഡ് എന്നീ ആപ്പിൾ ഗാഡ്ജറ്റ് ഉപഭോക്താക്കൾക്ക് സന്തോഷം നൽകുന്ന വാർത്തയാണ് കഴിഞ്ഞ ദിവസം ആപ്പിൾ അവതരിപ്പിച്ച ഐഒഎസ് 11. സാങ്കേതിക ലോകത്ത് വൻ മാറ്റങ്ങൾ കൊണ്ടുവരാനാകുന്ന ഐഒഎസ് 11 ലെ ചില പ്രധാന ഫീച്ചറുകളെ പരിചയപ്പെടാം.

ഓഗ്‌മെന്റഡ് റിയാലിറ്റി

ഒഎസിന്റെ പുതിക്കിയ പതിപ്പില്‍ ഓഗ്‌മെന്റഡ് റിയാലിറ്റിയുടെ മാന്ത്രിക സാന്നിധ്യവും ഉണ്ടാകും എന്നതിനാല്‍ ആപ്പ് നിര്‍മാതാക്കള്‍ക്ക് തങ്ങളുടെ ഭാവനയെ പുതിയ മേച്ചില്‍പ്പുറങ്ങളില്‍ അലയാന്‍ വിടാം. ഇത് വിസ്മയിപ്പിക്കുന്ന ആപ്പുകളുടെ നിര്‍മാണത്തിനു കാരണമായേക്കും. ആപ്പിള്‍ കാണിച്ച ഈ ഡെമോ കാണൂ.

സിറിക്കു കൂടുതല്‍ ബുദ്ധി

2011ല്‍ അവതരിപ്പിച്ച ആപ്പിളിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് സിറി ഇനി കൂടുതല്‍ ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിക്കും. ഉപയോഗിക്കുന്ന ആളിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ കൂടുതല്‍ മനസിലാക്കിയായിരിക്കും ഇനി സിറി ഉത്തരങ്ങള്‍ കണ്ടെത്തുക. ഒരാള്‍ ഉപയോഗിക്കുന്ന iOS ഉപകരണങ്ങളെ തമ്മില്‍ iCloud ലൂടെയും അക്കൗണ്ടിലൂടെയും ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ ഉപയോഗിക്കുന്നയാളുടെ ശീലങ്ങളെയും താത്പര്യങ്ങളെ കുറിച്ച് iOS, watchOS, tvOS, iCloud എന്നിവയിലെ അയാളുടെ ഉപയോഗരീതി പഠിച്ച ശേഷം ഏറ്റവും ഉതകുന്ന ഉത്തരം സിറി പറയും. (ഉപയോഗിക്കുന്നയാള്‍ കാനഡയെ കുറിച്ച് ബ്രൗസറില്‍ സേര്‍ച്ച് ചെയ്തു കൊണ്ടിരിക്കുകയാണെന്നു കരുതുക, അയാള്‍ 'ന്യൂസ്' തുറന്നാല്‍ കാനഡയെ പറ്റിയുള്ള വാര്‍ത്തകള്‍ അവിടെ കാണാന്‍ സാധിക്കും.)  

ആപ്പിള്‍ മ്യൂസിക്

ഉപയോഗിക്കുന്നയാളുടെ കൂട്ടുകാര്‍ എന്തു പാട്ടൊക്കെയാണു കേട്ടുകൊണ്ടിരിക്കുന്നത് എന്നു മനസിലാക്കാനുള്ള ശേഷിയും ഇനി ആപ്പിള്‍ മ്യൂസികിനുണ്ടായിരിക്കും. മറ്റ് ആപ്പുകള്‍ക്കും ഉപയോഗിക്കുന്നയാള്‍ക്ക് ഏതെല്ലാം തരം പാട്ടുകളാണ് ഇഷ്ടമെന്നു മനസിലാക്കാന്‍ അനുവദിക്കുന്നു. 

ക്യാമറയും ഫോട്ടോ ആപ്പും

ആപ്പിള്‍ ഫോട്ടോയും വിഡിയോയും സേവു ചെയ്യുന്ന ഫയല്‍ ഫോര്‍മാറ്റുകള്‍ക്കു മാറ്റം വരുത്തി. ഇതുവരെ ഉണ്ടായിരുന്നതിന്റെ പകുതി ഇടം മാത്രം മതിയാകും പുതിയ ഫോര്‍മാറ്റില്‍ എടുക്കുന്ന ചിത്രങ്ങള്‍ക്കും വിഡിയോയ്ക്കും. ജെയ്‌പെഗ് (JPEG) ആയി സ്റ്റോറു ചെയ്തിരുന്ന ഫോട്ടോ ഇനി HEIFല്‍ (High Efficiency Image File Format) ആയിരിക്കും സ്റ്റോറു ചെയ്യുക. അതേപോലെ ഇനി മുതല്‍ H.264 വിഡിയോ ഫോര്‍മാറ്റിനു പകരം ഇനി HEVC ഫോര്‍മാറ്റിലാകും വിഡിയോ സ്‌റ്റോറു ചെയ്യുക. ഈ ഫയലുകളുടെ കൈമാറ്റവും എളുപ്പമാക്കി എന്നും ആപ്പിള്‍ പറയുന്നു.

ആപ് സ്റ്റോറിനു മാറ്റം

ലോകത്ത് ആപ് സംസ്‌കാരത്തിന്റെ കുത്തൊഴുക്കിനു തുടക്കമിട്ട ആപ്പിള്‍ ആപ്‌സ്റ്റോറിന്റെ മട്ടിനും ഭാവത്തിനും മാറ്റം വരും. പുതിയതായി ഒരു 'ടുഡെ' വിഭാഗവും വരും. ആ ദിവസം ലോഞ്ചു ചെയ്ത ആപ്പുകളെ അവിടെ കാണാം. ഗെയിംസ് സെക്‌ഷനും കൂടുതല്‍ വിഭാഗങ്ങള്‍ വരും. ഇഷ്ടമുള്ള ആപ്പുകളെ കണ്ടെത്തുക കൂടുതല്‍ എളുപ്പമാകുമെന്നു കരുതുന്നു. ആപ്പുകളെ കുറിച്ചുള്ള റിവ്യൂകളും റെയ്റ്റിങും പ്രദര്‍ശിപ്പിക്കുന്ന രീതിയ്ക്കും മാറ്റം വരും. നിങ്ങള്‍ക്കു വേണ്ട ഫീച്ചറുകള്‍ ആപ്പുകള്‍ക്കുണ്ടോ എന്ന് എളുപ്പത്തില്‍ മനസിലാക്കാന്‍ സാധിക്കും.

കണ്ട്രോള്‍ സെന്റര്‍

എല്ലാ കണ്ട്രോള്‍ സെന്റര്‍ ഐക്കണുകളും ഒറ്റ പേജില്‍ കാണാം. 3D ടച്ച് ഉപയോഗിച്ച് കൂടുതല്‍ നിയന്ത്രണം കൈവരിക്കാം. 

ആപ്പിള്‍ പേ

ഇനി ആപ്പിള്‍ പേ ഉപയോഗിക്കുന്ന രണ്ടു പേര്‍ക്ക് യഥേഷ്ടം കാശു കൈമാറാം. ടച്ച് ഐഡി ഉപയോഗിച്ചാണ് പണം കൈമാറ്റം എന്നതിനാല്‍ താരതമ്യേന സുരക്ഷിതവുമാണെന്നു കരുതുന്നു.

മാപ്പ് കൂടുതല്‍ സ്മാര്‍ട്ട്

ആപ്പിള്‍ മാപ്പും കൂടുതല്‍ സ്മാര്‍ട്ട് ആയതായി കമ്പനി പറയുന്നു. നിങ്ങള്‍ വാഹനത്തില്‍ സഞ്ചരിക്കുകയാണെങ്കിലും നടക്കുകയാണെങ്കിലും പഴയതിനേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ മാപ്പ് ഉപകാരപ്പെടുമെന്ന് കമ്പനി പറയുന്നു. ഷോപ്പിങ് സെന്ററുകളുടെയും എയര്‍പോര്‍ട്ടുകളുടെയും ഉള്ളിലേക്കും സൂം ചെയ്തു ചെല്ലാമത്രെ. (ഇപ്പോള്‍ ഇത് അമേരിക്കയില്‍ മാത്രമെ സാധിക്കൂ.) നാവിഗേഷനില്‍ എത്ര സ്പീഡ് ആകാമെന്നും ഏതു ലെയ്‌നാണ് ട്രാഫിക് കുറഞ്ഞത് എന്നുമൊക്കെ കാണിക്കും. ആപ്പിള്‍ കാര്‍ മോഡ് ആണ് ഉപയോഗിക്കുന്നതെങ്കില്‍ നോട്ടിഫിക്കേഷനുകള്‍ താത്കാലികമായി തടയുകയും മെസേജും മറ്റും അയയ്ക്കുന്ന ആളുകളോട് 'ഓട്ടോ-റിപ്ലൈ' ഉപയോഗിച്ച് നിങ്ങള്‍ ഡ്രൈവ് ചെയ്യുകയാണ് എന്ന് അറിയിക്കുകയും ചെയ്യും. എന്നാല്‍ ഒരു എമര്‍ജന്‍സി മോഡും ഉണ്ട്. അത്യാവശ്യക്കാര്‍ക്ക് ഈ കവചങ്ങള്‍ ഭേദിച്ച് നിങ്ങളോട് സമ്പര്‍ക്കം പുലര്‍ത്താം.

ആപ്പിള്‍ ഫയല്‍സ്

ആപ്പിളിന്റെ ഫയല്‍ മാനേജര്‍ ഡിവൈസിലുള്ള എല്ലാ ഫയലുകളെയും അതിനുള്ളില്‍ കാണിച്ചു തരും. ഡ്രോപ്‌ബോക്‌സ്, ഗൂഗിൾ ഡ്രൈവ് തുടങ്ങിയ ആപ്പുകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന ആപ്പിന് ഫയല്‍ തിരയല്‍ സുഗമമാക്കാന്‍ സാധിക്കും.

മുന്‍ വര്‍ഷങ്ങളില്‍ സംഭവിച്ചതു പോലെ ഈ ഫീച്ചറുകളെല്ലാം നിങ്ങളുടെ കൈയ്യില്‍ ഇപ്പോഴുള്ള iOS ഉപകരണങ്ങളില്‍ എത്തണമെന്നില്ല. ഐഫോണ്‍ 5എസ് മുതലുള്ള ഉപകരണങ്ങളില്‍ iOS 11 ലഭ്യമാക്കുമെങ്കിലും താരതമ്യേന പുതിയ ഉപകരണങ്ങളിലാകും കൂടുതല്‍ ഫീച്ചറുകള്‍ ഉണ്ടാകുക. എല്ലാ ഫീച്ചറുകളും ലഭ്യമാകുന്നത് ഈ വര്‍ഷം ഇറങ്ങാന്‍ പോകുന്ന ഐഫോണുകളില്‍ ഉറപ്പായും ലഭിക്കും.