Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഖത്തറിനെ ഒറ്റപ്പെടുത്തിയതിനു പിന്നിൽ റഷ്യയുടെ ഗൂഢാലോചന, കാരണം വ്യാജ വാർത്ത!

trump-qatar-amir

ജിസിസി രാജ്യമായ ഖത്തറിനെ ഇത്രയും വലിയ പ്രതിസന്ധിലാക്കിയതിനു പിന്നിൽ വൻ ഗൂഢാലോചന നടന്നതായി സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. വ്യാജ വാർത്തകളാണ് മറ്റു ജിസിസി രാജ്യങ്ങൾ ഖത്തറിനെ ഒറ്റപ്പെടുത്താൻ കാരണം. റഷ്യയിൽ നിന്നുള്ള ഹാക്കര്‍മാരാണ് ഇതിനു പിന്നിലെന്നും ആരോപണമുണ്ട്.

അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ടുകൾ പ്രകാരം ഇപ്പോഴത്തെ പ്രതിസന്ധിക്ക് പിന്നിൽ പ്രവർത്തിച്ചത് റഷ്യന്‍ ഹാക്കർമാർ ആണെന്നാണ്. ഖത്തർ വാർത്താ ഏജൻസിയെ ഉപയോഗപ്പെടുത്തിയാണ് റഷ്യൻ ഹാക്കര്‍മാർ വ്യാജ വാർത്തകൾ സൃഷ്ടിച്ചത്. ഗൾഫ് രാജ്യങ്ങളുമായുള്ള അമേരിക്കയുടെ അടുപ്പത്തെ തകർക്കാൻ ലക്ഷ്യമിട്ടാണ് റഷ്യൻ ഹാക്കര്‍മാർ ഈ നീക്കം നടത്തിയത്.

ഇത് സംബന്ധിച്ച് അന്വേഷിക്കാൻ ദോഹയിലേക്ക് എഫ്ബിഐ അന്വേഷണ ഉദ്യോഗസ്ഥരെ അയച്ചിട്ടുണ്ട്. ഖത്തറിനെ സഹായിക്കാനായി റഷ്യൻ ഹാക്കർമാരുടെ നീക്കം അന്വേഷിക്കുമെന്ന് എഫ്ബിഐ അറിയിച്ചു. രണ്ടാഴ്ച മുൻപ് പുറത്തുവിട്ട വ്യാജ വാർത്തകൾക്ക് പിന്നിലും റഷ്യൻ ഹാക്കര്‍മാരാണെന്നാണ് അമേരിക്കയുടെ രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ടുകൾ പറയുന്നത്. അമേരിക്കയുടെ വലിയൊരു സൈനിക ക്യാംപ് ഖത്തർ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

റഷ്യൻ ഹാക്കർമാരുടെ പുതിയ നീക്കങ്ങളെല്ലാം അമേരിക്കൻ ഇന്റലിജൻസ്, നിയമ നിർവ്വഹണ ഏജൻസികളുടെ ആശങ്കകൾ വർധിപ്പിക്കുകയാണ്. 2016 യുഎസ് തിരഞ്ഞെടുപ്പിലും റഷ്യൻ ഹാക്കർമാർ ഇടപ്പെട്ടതിനു തെളിവുകൾ ലഭിച്ചിരുന്നു. യുഎസ് രഹസ്യാന്വേഷണ ഏജൻസികളുടെ രഹസ്യ നീക്കങ്ങളെല്ലാം റഷ്യൻ ഹാക്കർമാർ ചോർത്തുന്നുവെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

അമേരിക്കയും സഖ്യകക്ഷികളും തമ്മിലുള്ള ബന്ധങ്ങളിൽ പിളർപ്പുണ്ടാക്കാനാണ് റഷ്യൻ ഹാക്കര്‍മാർ പ്രവര്‍ത്തിക്കുന്നത്. ഇതിനായി സൈബർ മേഖലയിൽ നിരവധി നീക്കങ്ങളാണ് റഷ്യൻ ഹാക്കർമാർ നടത്തുന്നത്. അടുത്തിടെ നടന്ന ഫ്രാൻസ്, ജര്‍മ്മനി തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതും ഇവർ തന്നെയായിരുന്നു. ഹാക്കർമാർക്ക് കൂട്ടുനിൽക്കുന്നത് റഷ്യൻ സർക്കാർ തന്നെയാണെന്നും സിഎൻഎൻ റിപ്പോർട്ടിലുണ്ട്.

എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങള്‍ പുറത്തുവിടാൻ എഫ്ബിഐയും സിഐഎയും വിസമ്മതിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും റിപ്പോർട്ട് ഉടൻ പ്രസിദ്ധീകരിക്കുമെന്നും വാഷിങ്ടണിലെ ഖത്തർ എംബസി വക്താവ് പറഞ്ഞു. മേയ് 23 നാണ് വ്യാജ വാർത്ത വരുന്നത്. ഖത്തർ സർക്കാരിന്റെ കീഴിലുള്ള ഖത്തർ ന്യൂസ് ഏജൻസി വഴിയാണ് വാർത്ത പ്രചരിച്ചത്. ഇറാനുമായും ഇസ്രായേലുമായി ഖത്തര്‍ അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്ന വ്യാജ വാർത്തയാണ് ഖത്തർ വാർത്താ ഏജൻസി നൽകിയത്. ഈ വാർത്തയ്ക്ക് പിന്നിൽ റഷ്യൻ ഹാക്കർമാരാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രിയും ആരോപിച്ചു.