Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മായികലോകത്തേക്കുള്ള ടിക്കറ്റ്; ഇതാണ് ബാഹുബലിയുടെ വിജയ രഹസ്യവും

camera-360

ബ്ലാക് ആന്‍ഡ് വൈറ്റ് സിനിമകള്‍ ഇന്ന് എത്ര പേര്‍ക്ക് കണ്ടിരിക്കാനാകും? മിക്കവര്‍ക്കും അവ പുരാതനമായി കഴിഞ്ഞു. ഇനി ഒരു രണ്ടു പതിറ്റാണ്ടൊക്കെ കഴിയുമ്പോള്‍ ഇന്നത്തെ സിനിമകള്‍ക്കും ഈ ഗതി വരുമോ? വരാം. പുതിയ സാങ്കേതിക വിദ്യകളായ വെര്‍ച്വല്‍ റിയാലിറ്റിയും (VR) ഓഗ്‌മെന്റഡ് റിയാലിറ്റിയുമായിരിക്കും വിനോദ വ്യവസായത്തെയടക്കം 'തട്ടിക്കൊണ്ടു പോകുക'. 

ഹെഡ്‌സെറ്റുകളുടെ സഹായത്തോടെ വെര്‍ച്വല്‍ റിയാലിറ്റി നമ്മെ നമ്മുടെ ചുറ്റുപാടുകളില്‍ നിന്ന് പൂര്‍ണ്ണമായും പിഴുതെടുത്ത് പുതിയ, നിമഗ്നമായ ഒരു യാഥാര്‍ഥ്യം അല്ലെങ്കില്‍ അനുഭവം പകരം തരാന്‍ ശ്രമിക്കുന്നു. സ്മാര്‍ട്ട്‌ഫോണുകളില്‍ VR കണ്ടന്റ് പ്ലേ ചെയ്ത ശേഷം, അധികം വിലയില്ലാത്ത കാര്‍ഡ്‌ബോര്‍ഡ് ഹെഡ്‌സെറ്റുകള്‍ ഉപയോഗിച്ച് കാണാം. അതല്ല പ്രത്യേകമായി നിര്‍മിച്ച ഹെഡ്‌സെറ്റാണ് വേണ്ടതെങ്കില്‍ സോണി പ്ലേസ്റ്റേഷന്‍ വിആര്‍, എച്ച്ടിസി വൈവ്, ഒക്യുലസ് റിഫ്റ്റ്, ഗൂഗിൾ ഡേഡ്രീം വ്യൂ, സാംസങ് ഗിയര്‍ വീആര്‍ (2017) തുടങ്ങിയവയെ ആശ്രയിക്കാം. 

google-daydream-view-vr

വിആര്‍ ഹെഡ്‌സെറ്റുകള്‍ ആളുകളെ മുഴുവനായും യാഥാര്‍ഥ്യത്തില്‍ നിന്ന് അകറ്റി കൃത്രിമ പ്രപഞ്ചത്തിലൂടെ നടത്തുന്നു. എന്നാല്‍, ഓഗ്‌മെന്റഡ് റിയാലിറ്റി ശരിക്കും രണ്ടു വള്ളത്തിലും ചവിട്ടിയുള്ള ഒരു യാത്രയാണ്-യഥാരർഥ ലോകത്തും കൃത്രിമ ലോകത്തും ഓരോ കാല്‍. പ്രോഡക്ഷന്‍ നിറുത്തി വച്ചിരിക്കുന്ന ഗൂഗിൾ ഗ്ലാസ്, മൈക്രോസോഫ്റ്റ് ഹോളോലെന്‍സ്  തുടങ്ങിയവയെല്ലാം ഓഗ്‌മെന്റഡ് റിയാലിറ്റിയുടെ വരവറിയിച്ചവയാണ്. യാഥാര്‍ഥ്യത്തിനു മേല്‍ പതിച്ച പുതിയ ഒരു അടരായി ആണ് ഓഗ്‌മെന്റഡ് റിയാലിറ്റിയുടെ സ്ഥാനം. ചെറിയ മാറ്റത്തോടെ, ഹൈബ്രിഡ് റിയാലിറ്റി, മിക്‌സ്ഡ് റിയാലിറ്റി തുടങ്ങിയ പേരുകളിലും ഹെഡ്‌സെറ്റുകള്‍ ഇറങ്ങുന്നു.

വിആറും എആറും വിനോദ വ്യവസായത്തില്‍ ചലനങ്ങള്‍ സൃഷ്ടിച്ചു തുടങ്ങിയതു കൂടാതെ ഗെയ്മിങ് പ്രേമികളെ ഇളക്കി മറിച്ച് വിസ്മയകരമായ പുതിയ സാധ്യതകളും കൊണ്ടുവരുന്നു. എന്നാല്‍, ഇവയെല്ലാം ആളുകളെ 'വഴിതെറ്റിക്കാന്‍' മാത്രമല്ലേ ഉപകരിക്കൂ എന്നു ചോദിക്കുന്നവരുടെ എണ്ണവും ധാരാളം കണ്ടേക്കും. 

apple-vr

മിക്‌സഡ് റിയാലിറ്റി ശാസ്ത്ര ഗവേഷണത്തിലും ആരോഗ്യ പരിപാലനത്തിലും മറ്റും ഗൗരവമുള്ള മാറ്റത്തിനു തുടക്കമിടും എന്നു കരുതുന്നു. ഒരു രോഗിയുടെ അള്‍ട്രാസൗണ്ട് സ്‌കാനിനെ അടിസ്ഥാനമാക്കി ഒാപ്പറേഷനു തയാറെടുക്കുന്ന സര്‍ജന്റെ കാര്യം എടുക്കാം. ഇപ്പോള്‍ ഡോക്ടര്‍ക്ക് സ്‌കാന്‍ പ്രിന്റ് ഓപ്പറേഷന്‍ റൂമില്‍, രോഗിയുടെ അടുത്തു പതിപ്പിച്ചു വച്ച ശേഷം പണി തുടങ്ങണം. അദ്ദേഹം മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റുകള്‍ ധരിച്ചെത്തുന്ന കാലത്ത് രോഗം ബാധിച്ച ഭാഗത്തിന്റെ അള്‍ട്രാസൗണ്ട് സ്‌കാന്‍ റിസള്‍ട്ട്, രോഗിയുടെ ശരീരത്തിന്റെ മേല്‍ മറ്റൊരു അടരായി നലകൊള്ളുകയും, അത് ഡോക്ടറെ ഓപ്പറേഷന്‍ കൂടുതല്‍ കൃത്യമായി ചെയ്യാന്‍ സഹായിക്കുകയും ചെയ്യും!

ഏതാനും ദിവസം മുമ്പ് മൈക്രോസോഫ്റ്റ് തങ്ങളുടെ പങ്കാളികളായ ഡെല്‍, അസ്യൂസ്, എയ്‌സര്‍ തുടങ്ങിയവരുടെ സഹകരണത്തോടെ മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റുകള്‍ അവതരിപ്പിച്ചിരുന്നു. വിന്‍ഡോസ് 10 നുമായി ബന്ധിപ്പിക്കാവുന്ന എയ്‌സറിന്റെ ഹെഡ്‌സെറ്റിന് മുപ്പതിനായിരം രൂപയില്‍ താഴെ ആയിരിക്കും വില. 

ആപ്പിള്‍ കമ്പനിയുടെ ഓഗ്‌മെന്റഡ് റിയാലിറ്റിയോടുള്ള സമീപനം ഇതില്‍ നിന്ന് വ്യത്യസ്ഥമാണെന്ന് നമ്മള്‍ ഇവിടെ കണ്ടിരുന്നല്ലോ. ഐഫോണുകളും ഐപാഡുകള്‍ക്കും ഓഗ്‌മെന്റഡ് റിയാലിറ്റിയുടെ ശേഷി പകരുകയാണ് കമ്പനി ചെയ്യുന്നത്. 

ഈ സാങ്കേതികവിദ്യളെല്ലാം വരും കാലത്ത് പിടിച്ചു നില്‍ക്കുമെന്നു കരുതുന്നില്ല. യഥാര്‍ഥലോകവും സാങ്കല്‍പ്പിക ലോകവും ഒന്നിക്കുന്ന മിക്‌സ്ഡ് റിയാലിറ്റി എന്ന മായികലോകം എത്തുമെന്ന് ഉറപ്പായിരിക്കെ ഏതു കമ്പനിയായിരിക്കും, അല്ലെങ്കില്‍ ഏതു സാങ്കേതികവിദ്യയാരിക്കും മുന്‍കൈ നേടുക എന്നത് ഇപ്പോള്‍ പ്രവചനാതീതമാണ്.  

virtual-reality

360-ഡിഗ്രി വിഡിയോ 

ഇത്തരം വിഡിയോ സൃഷ്ടിക്കുന്നതിന് പല വീക്ഷണകോണില്‍ നിന്നും ഒരേ സമയം ഷൂട്ടു ചെയ്യുകയാണു ചെയ്യുന്നത്. ലക്ഷക്കണക്കിന് 360 ഡിഗ്രി വിഡിയോ ക്ലിപ്പുകള്‍ യൂട്യൂബില്‍ ലഭ്യമാണ്. ഇവയെ ഫോണില്‍, VR ഹെഡ്‌സെറ്റിന്റെ സഹായത്തോടെ കാണാവുന്നതാണ്. 

bahubali-2

ഏകദേശം അറുപതു കൊല്ലത്തിനു മുൻപ് തെലുങ്കു സിനിമയായ എന്‍ടി രാമറാവു നായകനായെത്തിയ മായാ ബസാറില്‍ സ്‌പെഷ്യല്‍ എഫെക്ടുകളുടെ തുടക്കം ഇന്ത്യന്‍ സിനിമാ പ്രേക്ഷകരില്‍ എത്തിയെന്നു വിശ്വസിക്കപ്പെടുന്നു. സ്‌പെഷ്യല്‍ എഫക്ടുകളുടെ അകമ്പടിയോടെ എത്തിയ ബാഹുബലിയ്ക്കു വേണ്ടി 3D കണ്ടന്റ് സൃഷ്ടിച്ചത് പ്രമുഖ ചിപ് നിര്‍മാതാക്കളായ AMDയാണ്. വിവിധ ദിശയില്‍ വച്ച 24 ക്യാമറകള്‍ ഒരേ സമയത്തു ഷൂട്ടു ചെയ്താണ് ഇതു സാധ്യമാക്കിയത്. ചെറിയ 360-ഡിഗ്രി ക്യാമറകളും ഇന്നു ലഭ്യമാണ്. ഈ സാങ്കേതികവിദ്യകളെല്ലാം അവയുടെ പ്രാരംഭ ദശയിലാണ്.