Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൈനിക രഹസ്യം വരെ ചോർത്തുന്ന രാജ്യാന്തര ഹാക്കിങ്ങിൽ ബ്രിട്ട്നി സ്പിയേഴ്സും!

instagram-britney

തലക്കെട്ടിലെ ചോദ്യം ഒരു സംശയം മാത്രമാണ്. അതിന്റെ ഉത്തരം തേടുകയാണെങ്കിൽ ഒരുപക്ഷേ വഴി തുറക്കുക ഹാക്കർമാരുടെ നിഗൂഢ വഴികളിലേക്കും. സെലിബ്രിറ്റികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്കിങ്ങിനുള്ള പുതിയ ‘ടൂൾ’ ആയി ഉപയോഗപ്പെടുത്തുന്നതാണ് പുതിയ തന്ത്രം. കേരളത്തിലേക്ക് ഇതെത്തിയോ എന്ന് പറയാറായിട്ടില്ല. പക്ഷേ പാശ്ചാത്യലോകം തങ്ങളുടെ സെലിബ്രിറ്റികളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉൾപ്പെടെ ഇനി അതീവശ്രദ്ധയോടെ നിരീക്ഷിക്കേണ്ടി വരും. ഗായിക ബ്രിട്ട്നി സ്പിയേഴ്സിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് റഷ്യൻ ഹാക്കർമാരുടെ ഏറ്റവും പുതിയ ഹാക്കിങ് ടൂൾ അഥവാ ‘വഴികാട്ടി’. 

ബ്രിട്ട്നി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകൾക്കു താഴെ പ്രത്യേക തരം കമന്റുകളിട്ടാണ് ഹാക്കർമാരുടെ ആശയവിനിമയം. റഷ്യൻ സർക്കാരിന്റെ പിന്തുണയുണ്ടെന്നു കരുതപ്പെടുന്ന ‘ടുർല’ ഹാക്കിങ് ഗ്രൂപ്പാണ് ഈ നീക്കത്തിനു പിന്നിൽ. ഇതിന്റെ തെളിവും കഴിഞ്ഞ ദിവസം സ്‌ലൊവേക്യൻ സൈബർ സെക്യൂരിറ്റി കമ്പനിയായ ഇഎസ്ഇടി പുറത്തുവിട്ടു. ബ്രിട്ട്നിയുടെ ചിത്രങ്ങളിലൊന്നിലുണ്ടായിരുന്ന #2hot make loved to her, uupss #Hot #X എന്ന കമന്റാണ് ഹാക്കർമാരുടെ നിഗൂഢസന്ദേശമായി വായിച്ചെടുത്തത്. യാതൊരു അർത്ഥവുമില്ലാത്ത ഈ കമന്റ് asmith2155 എന്ന യൂസറുടെ പേരിലാണ് വന്നിരിക്കുന്നത്. ഒറ്റനോട്ടത്തിൽ നിർദോഷമെന്നു തോന്നിക്കുമെങ്കിലും ഹാക്കിങ്ങിലെ രഹസ്യകോഡാണ് അവയെന്നാണ് പറയപ്പെടുന്നത്. 

അതിനുള്ള തെളിവ് ഇങ്ങനെ: ഓരോ കംപ്യൂട്ടറും ഹാക്ക് ചെയ്ത് കീഴ്പ്പെടുത്തിയതിനു ശേഷം അവയ്ക്ക് പുതിയ നിർദേശങ്ങൾ നൽകുന്നതിനും കംപ്യൂട്ടറിലെ ഡേറ്റ ചോർത്തുന്നതിനും ഒരു വഴി കണ്ടെത്തേണ്ടതുണ്ട്. അതിനായി ഒരു കമാൻഡ് ആൻഡ് കൺട്രോൾ സെർവർ തയാറാക്കുകയാണ് ഹാക്കർമാർ ചെയ്യുക. ഇതുവഴിയായിരിക്കും ഡേറ്റ കൈമാറ്റം. ഈ സെർവർ കണ്ടെത്തി ഷട്ട് ഡൗൺ ചെയ്താണ് സൈബർ സെക്യൂരിറ്റി വിദഗ്ധർ ഹാക്കിങ്ങിനിരയായ കംപ്യൂട്ടർ നെറ്റ്‌വർക്കിനെ സംരക്ഷിച്ചെടുക്കുന്നത്. കമാൻഡ് ആൻഡ് കൺട്രോൾ സെർവറിന്റെ ലൊക്കേഷൻ എവിടെയാണെന്നുള്ള രഹസ്യകോഡ് ആണ് ബ്രിട്ട്നിയുടെ ഫോട്ടോയ്ക്ക് താഴെ ഹാക്കർമാർ പോസ്റ്റ് ചെയ്യുന്നത്. ഓരോ തവണ സെർവർ ഷട്ട് ഡൗൺ ചെയ്യപ്പെടുമ്പോഴും പുതിയതിന്റെ ഐപി അഡ്രസ് ഇത്തരത്തിൽ കമന്റുകളാക്കി പോസ്റ്റ് ചെയ്യും. ഡീകോഡ് ചെയ്തെടുക്കുമ്പോഴാകട്ടെ കൃത്യം ഐപി അഡ്രസായി മാറുന്നതും കാണാം. 

ഹാക്കിങ്ങിനിരയായ കംപ്യൂട്ടറുകൾ നിർദിഷ്ട ഇടവേളകളിൽ ബ്രിട്ട്നി സ്പിയേഴ്സിന്റെ ഇൻസ്റ്റഗ്രാം പേജിലെ കമന്റുകൾ സ്കാൻ ചെയ്യുന്ന വിധത്തിൽ പ്രോഗ്രാം ചെയ്തിട്ടുണ്ടാകും. അതിനാൽത്തന്നെ ഓരോ തവണയും ഏത് സെർവർ വഴിയാണ് ഡേറ്റ അയക്കേണ്ടതെന്ന വിവരവും കംപ്യൂട്ടറിന് സ്വയം മനസ്സിലാക്കാനാകും. എന്തുകൊണ്ടാണ് ബ്രിട്ട്നി സ്പിയേഴ്സിന്റെ അക്കൗണ്ട് തന്നെ ഹാക്കർമാർ ഇതിനായി തിരഞ്ഞെടുത്തത് എന്ന ചോദ്യവുമുണ്ട്. ഇൻസ്റ്റഗ്രാമിൽ പ്രതിദിനമെന്ന വണ്ണം യൂസർമാരുടെ എണ്ണം കൂടുകയാണ്. സെലിബ്രിറ്റികളുടെ ചിത്രങ്ങൾക്ക് കിട്ടുന്നതാകട്ടെ പതിനായിരക്കണക്കിന് ലൈക്കുകളും കമന്റുകളും. ബ്രിട്ട്നി സ്പിയേഴ്സിന് 16.9 ദശലക്ഷം ഫോളോവർമാരുണ്ട്. നേരത്തെ സൂചിപ്പിച്ച ബ്രിട്ട്നിയുടെ ഫോട്ടോയ്ക്ക് തന്നെ ലഭിച്ചതാകട്ടെ 4.2 ലക്ഷം ലൈക്കുകളും 2200ലേറെ കമന്റുകളും.

ബ്രിട്ട്നിയേക്കാളേറെ ഫോളോവർമാരുള്ള സെലിബ്രിറ്റികളുമുണ്ട്. ഇവരുടെ ഫോട്ടോകൾക്ക് വരുന്ന കമന്റുകൾക്കിടയിൽ ‘രഹസ്യ കോഡുകളും ലിങ്കുകളും’ ഒളിപ്പിക്കാൻ എളുപ്പമാണെന്നതാണ് പ്രധാന ഗുണം. അനേകം കമന്റുകൾക്കിടയിൽ ഒരെണ്ണം മാത്രം എന്തൊക്കെയോ കുത്തിക്കുറിച്ചതായാൽ ആരു ശ്രദ്ധിക്കാനാണ്. മലയാളത്തിലെ സെലിബ്രിറ്റികൾ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഫോട്ടോകൾക്കു പോലുമുണ്ട് ഇത്തരം കമന്റുകൾ. പക്ഷേ സംശയം തോന്നി ഏതെങ്കിലും സൈബർ സെക്യൂരിറ്റി സംഘം പരിശോധിച്ചാലേ ഇതിനു പിന്നിലുള്ള രഹസ്യം പിടികിട്ടുകയുള്ളൂ. 

ഓരോ രഹസ്യകോഡും എളുപ്പത്തിൽ ഡിലീറ്റ് ചെയ്ത് പുതിയത് പോസ്റ്റ് ചെയ്യാമെന്ന ഗുണവുമുണ്ട്. അതുവഴി നേരത്തേ പോസ്റ്റ് ചെയ്ത കോഡുകൾ ട്രാക്ക് ചെയ്യാനുള്ള സാധ്യതയും കുറയ്ക്കാം. വിവിധ സർക്കാർ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഹാക്ക് ചെയ്യുന്നതിൽ കുപ്രസിദ്ധരാണ് ടുർല. യുക്രെയ്ൻ, ൈചന, ജർമനി, യുഎസ് തുടങ്ങിയ രാജ്യങ്ങളിലെ വിവിധ എംബസികൾ നേരത്തെ ഇവർ ഹാക്ക് ചെയ്തിട്ടുണ്ട്. സൈനികരഹസ്യങ്ങളാണ് ഇവരുടെ പ്രധാനലക്ഷ്യം. അതിനാലാണ് ടുർലയ്ക്ക് റഷ്യയുടെ പിന്തുണയുണ്ടെന്ന സംശയം ബലപ്പെടുന്നതും. ഹാക്കർമാരുടെ പുതിയ കമ്യൂണിക്കേഷന്റെ ടെസ്റ്റിങ് ആയാണ് ബ്രിട്ട്നിയുടെ അക്കൗണ്ടിലെ രഹസ്യകോഡിങ് എന്നും ഇഎസ്ഇടി കരുതുന്നു. സെലിബ്രിറ്റികളുടെ ഫോട്ടോകമന്റുകളിൽ ഒളിച്ചിരിക്കുന്ന രഹസ്യകോഡുകൾക്കായുള്ള അന്വേഷണത്തിലാണിനി ഈ സൈബർ സെക്യൂരിറ്റി കമ്പനിയും.