Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിമെയിലിലെ അറിയപ്പെടാത്ത 10 എളുപ്പവഴികൾ, കുറുക്കുവിദ്യകളിലൂടെ സമയം ലാഭിക്കാം

gmail

കംപ്യൂട്ടര്‍ അനുബന്ധ തൊഴിലെടുക്കുന്നവര്‍ പ്രതിദിനം ശരാശരി രണ്ട് മണിക്കൂറോളം ഇമെയില്‍ ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. നിരവധി എളുപ്പവഴികളാണ് ജിമെയില്‍ അവരുടെ ഉപഭോക്താക്കള്‍ക്കായി നല്‍കുന്നതെങ്കിലും ഒട്ടുമിക്കവരും ഇതേക്കുറിച്ച് അറിവുള്ളവരല്ല. ഇത്തരം എളുപ്പവഴികള്‍ മനസിലാക്കിയാല്‍ ജിമെയില്‍ ഉപയോഗിക്കുന്ന സമയത്തില്‍ വലിയൊരളവ് കുറക്കാനാകും. അത്തരത്തിലുള്ള പത്ത് എളുപ്പവഴികള്‍ നോക്കാം.

∙ പുതിയ മെയില്‍ അയക്കാന്‍ : പുതിയൊരു മെയില്‍ അയക്കേണ്ടി വന്നാല്‍ നമ്മളെല്ലാം ചെയ്യുക കംപോസ് മെയില്‍ ബട്ടണില്‍ ഞെക്കുകയാകും. എന്നാല്‍ ജിമെയിലില്‍ അതിനൊരു എളുപ്പവഴിയുണ്ട്. c എന്ന അക്ഷരം മാത്രം ടൈപ്പു ചെയ്താല്‍ പുതിയ മെയില്‍ അയക്കാനുള്ള വിന്‍ഡൊ തെളിഞ്ഞുവരും. 

∙ തിരച്ചിലിന് : നേരത്തെ വന്ന സന്ദേശങ്ങളിലൊന്ന് തെരഞ്ഞുപിടിക്കല്‍ മെയില്‍ ഉപയോഗിക്കുമ്പോളുള്ള പ്രധാന പണികളിലൊന്നാണ്. ഇതിനും എളുപ്പവഴിയുണ്ട് ജിമെയിലില്‍. '/' കീ ഒന്ന് ഞെക്കിയാല്‍ തിരച്ചിലിനുള്ള കമാന്‍ഡായി. സെര്‍ച്ച് ബാറില്‍ നിങ്ങള്‍ക്ക് ആവശ്യമുള്ളത് തിരയുക മാത്രമാണ് പിന്നെയുള്ള പണി.

∙ വായിക്കാത്തവ : വായിച്ചതും വായിക്കാത്തതും നക്ഷത്ര ചിഹ്നം രേഖപ്പെടുത്തിയതുമായ മെയിലുകളെല്ലാം കൂടിക്കുഴഞ്ഞാണ് മെയിലില്‍ സാധാരണ കിടക്കുക. വായിക്കാത്ത ഇമെയിലുകള്‍ ഒരുമിച്ചിടുന്നതിനും മാര്‍ഗ്ഗമുണ്ട്. 'shiht+8+u' എന്ന ഷോട്ട് കീയാണ് വായിക്കാത്ത മെയിലുകള്‍ കൂട്ടിയോജിപ്പിക്കാനുള്ള മാര്‍ഗ്ഗം. 

∙ ആര്‍ക്കൈവ്: വായിക്കാത്ത മെസേജുകള്‍ ഒന്നായി തെരഞ്ഞെടുക്കാനുള്ള എളുപ്പമാര്‍ഗ്ഗം കണ്ടല്ലോ. ഇനി അങ്ങനെ തെരഞ്ഞെടുത്ത മെയിലുകള്‍ ആര്‍ക്കൈവ് ചെയ്യണമെങ്കില്‍ അതിനുമുണ്ട് ഷോട്ട് കട്ട്. ആവശ്യമുള്ള മെസേജുകള്‍ സെലക്ട് ചെയ്ത ശേഷം 'e' കീ ഞെക്കിയാല്‍ അവയെല്ലാം ആര്‍ക്കൈവിലേക്ക് മാറും.

∙ പ്രധാനം : മെയിലില്‍ വരുന്ന മെസേജുകളെല്ലാം തുല്യപ്രാധാന്യമുള്ളതാവില്ല. എന്നാല്‍ മറുപടി നല്‍കിയില്ലെങ്കില്‍ ഗുരുതരപ്രത്യാഘാതങ്ങളുണ്ടാകുന്നവയും കൂട്ടത്തിലുണ്ടാകും. ഇത്തരത്തില്‍ പ്രധാനപ്പെട്ട മെയിലുകള്‍ രേഖപ്പെടുത്താനും ജിമെയിലില്‍ എളുപ്പവഴിയുണ്ട്. '=' ചിഹ്നമാണ് ജിമെയിലില്‍ നിങ്ങള്‍ക്ക് പ്രധാനപ്പെട്ട മെയിലുകളെ രേഖപ്പെടുത്താന്‍ സഹായിക്കുന്നത്. 

∙ മറുപടി : ഇനി ഏതെങ്കിലും മെയിലിന് റിപ്ലേ അയക്കണമെങ്കില്‍ അതിന് 'r' എന്ന കീ ഒന്നു ഞെക്കിയാല്‍ മതി. ഇതോടെ റിപ്ലേ വിന്‍ഡോ തെളിഞ്ഞുവരും. 

∙ എല്ലാവര്‍ക്കുമുള്ള മറുപടി : റിപ്ലേക്ക് r ആണെങ്കില്‍ എല്ലാവര്‍ക്കുമുള്ള മറുപടിക്ക് 'a' യാണ് ഉപയോഗിക്കേണ്ടത്. ഈ അക്ഷരങ്ങളെല്ലാം ഇംഗ്ലീഷ് അക്ഷരമാലയിലെ ചെറിയ അക്ഷരങ്ങളാണെന്നത് മാത്രമാണ് ശ്രദ്ധിക്കേണ്ടത്. വന്ന മെയിലില്‍ ഉള്ള എല്ലാ ഫ്രം അഡ്രസുകള്‍ക്കും a ക്ലിക്ക് വഴി ഒറ്റയടിക്ക് മറുപടിയയക്കാം. 

∙ മുന്നോട്ടയക്കൽ : ലഭിച്ച ഒരു മെയില്‍ മറ്റാര്‍ക്കെങ്കിലും അയച്ചുകൊടക്കണമെങ്കില്‍ ഫോര്‍വേഡ് ബട്ടണിലേക്ക് പോകേണ്ട ആവശ്യമില്ല. മെയില്‍ എടുത്ത ശേഷം 'f' എന്ന ബട്ടണില്‍ ഒന്നു ഞെക്കിയാല്‍ മതി. മെസേജ് ഫോര്‍വേഡ് വിന്‍ഡോയിലേക്ക് മാറിയിരിക്കും.‌

∙ നിശ്ബ്ദമാക്കല്‍ : താത്പര്യമില്ലാത്ത, നിരന്തരം വന്നുകൊണ്ടിരിക്കുന്ന മെയിലുകളെ നിശബ്ദമാക്കാനും എളുപ്പവഴിയുണ്ട്. ആ ത്രഡില്‍ കയറി 'm' എന്ന് ഞെക്കിയാല്‍ മതി. ആ മെയിലില്‍ നിന്നുള്ള കൂടുതല്‍ സന്ദേശങ്ങള്‍ വരുമ്പോള്‍ നോട്ടിഫിക്കേഷന്‍ വരില്ല. അത് മാത്രമല്ല ഈ ത്രഡില്‍ ഭാവിയില്‍ വരുന്ന മെസേജുകള്‍ ഇന്‍ബോക്‌സിലേക്ക് വരാതെ ആര്‍ക്കൈവിലായിരിക്കും സൂക്ഷിക്കപ്പെടുക. 

∙ മെസേജ് അയക്കാൻ : സന്ദേശം തയ്യാറാക്കി കഴിഞ്ഞ് അയക്കണമെങ്കില്‍ അതിനുമുണ്ട് ജിമെയില്‍ വക എളുപ്പവഴി. 'Command' +'Enter' കീകളാണ് സന്ദേശം അയക്കാനായി ഉപയോഗിക്കേണ്ടത്. ഈ രണ്ട് കീകളും ഞെക്കിയാല്‍ സന്ദേശം നിങ്ങളുദ്ദേശിക്കുന്ന വിലാസത്തിലേക്ക് പോയിരിക്കും.