Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിറ്റ്‌കോയിനല്ല, എതെറിയം ആണ് താരം, ഡിജിറ്റൽ കറൻസിയുടെ ഭാവി

bitcoin

ബിറ്റ്‌കോയിൻ എന്നൊരു ഡിജിറ്റൽ ക്രിപ്‌റ്റോകറൻസി ലോകത്തു പ്രചാരത്തിലുണ്ടെന്നും രൂപ, ഡോളർ പോലുള്ള ഔദ്യോഗിക കറൻസികളിൽ നിന്നു വ്യത്യസ്തമായാണ് അവയുടെ പ്രവർത്തനമെന്നും ഇനിയും അറിയാത്തവരുണ്ടാവില്ല. ബിറ്റ്‌കോയിനെപ്പറ്റി കൂടുതൽ അറിയാനും ബിറ്റ്‌കോയിനുണ്ടാക്കുന്ന വിദ്യ പഠിക്കാനും ആഗ്രഹിക്കുന്നവർ ഒരു നിമിഷം നിൽക്കുക. ബിറ്റ്‌കോയിനല്ല, ഏതേറിയം ആണ് താരം. ബിറ്റ്‌കോയിൻ വിപ്ലവത്തിനു പിന്നാലെ 2014ൽ അവതരിച്ച മറ്റൊരു ക്രിപ്‌റ്റോകറൻസിയാണ് എതെറിയം. അപ്പോൾ ബിറ്റ്‌കോയിനും എതെറിയവുമാണ് ഡിജിറ്റൽ കറൻസിയുടെ ഭാവി നിർണയിക്കുക എന്നും പറഞ്ഞുകൂടാ. 

ഉപയോഗത്തിലും പ്രചാരത്തിലും മൂല്യത്തിലും ഒന്നാം സ്ഥാനത്ത് ബിറ്റ്‌കോയിനും രണ്ടാം സ്ഥാനത്ത് എതെറിയവും ആണെന്നത് സത്യം. എന്നാൽ, ആ പട്ടികയിൽ ഇവ രണ്ടും പോലെ പ്രവർത്തിക്കുന്ന ക്രിപ്‌റ്റോകറൻസികൾ വേറെയുമുണ്ട്. ഒന്നും രണ്ടുമല്ല, 882 എണ്ണം. ദിവസം ഒന്നോ രണ്ടോ എണ്ണം എന്ന വീതം പുതിയവ വന്നുകൊണ്ടുമിരിക്കുന്നു. റിപ്പിൾ, ലൈറ്റ്‌കോയിൻ, എതെറിയം ക്ലാസിക്, നെം, ഡാഷ്, അയോട്ട, ബിറ്റ്‌ഷെയേഴ്‌സ്, മൊനീറോ എന്നിങ്ങനെ പോകുന്നു ക്രിപ്‌റ്റോകറൻസികളുടെ പേരുകൾ. 

ഓരോന്നിന്റെയും മൂല്യവും വ്യത്യസ്തമാണ്. ബിറ്റ്‌കോയിൻ ഒന്നിന് ഇന്നലത്തെ വില 1.67 ലക്ഷം രൂപയായിരുന്നെങ്കിൽ എതെറിയത്തിന് 24,089 രൂപയായിരുന്നു. മൂന്നാം സ്ഥാനത്തുള്ള റിപ്പിളിന് 18.19 രൂപയും. ഓഹരിവില പോലെ ഇവ അനുനിമിഷം മാറിക്കൊണ്ടുമിരിക്കും. യുഎസ് ഡോളറിനെ സൂചിപ്പിക്കാൻ USD, ഇന്ത്യൻ റുപ്പിയെ സൂചിപ്പിക്കാൻ INR എന്നൊക്കെ പറയുന്നതുപോലെ ഓരോ ക്രിപ്‌റ്റോകറൻസിക്കും സൂചകങ്ങളുണ്ട്. BTC എന്നാൽ ബിറ്റ്‌കോയിൻ, ETH എന്നാൽ എതെറിയം.

ethereum

ഐസിഒ വിപ്ലവം

ഇനിഷ്യൽ പബ്ലിക് ഓഫറിങ് അഥവാ ഐപിഒ വഴി വൻകിട കമ്പനികൾ ഓഹരികൾ വിറ്റഴിച്ച് മൂലധനസമാഹരണം നടത്തുന്ന രീതി എല്ലാവർക്കും പരിചിതമാണ്. ഇവിടെ ഓഹരി എന്നതു മാറ്റി ക്രിപ്‌റ്റോകറൻസി എന്നാക്കിയാൽ ഐസിഒ ആയി. ഇനിഷ്യൽ കോയിൻ ഓഫറിങ് എന്നാണ് പൂർണരൂപം. കമ്പനിയുടെ ഓഹരിയല്ല, ഏതെങ്കിലും ക്രിപ്‌റ്റോകറൻസിയുടെ ടോക്കണാണ് നമുക്കു ലഭിക്കുന്നത്. ഓഹരി പോലെ തന്നെ ഈ ടോക്കൺ നമുക്ക് കയ്യിൽ സൂക്ഷിക്കുകയോ മൂല്യം കൂടുമ്പോൾ വിറ്റഴിക്കുകയോ ഒക്കെ ചെയ്യാം. ഒരേയൊരു വ്യത്യാസം, ഓഹരിയുടമകൾ സാങ്കേതികമായി കമ്പനിയുടെ ഉടമസ്ഥാവകാശത്തിൽ പങ്കാളികളാവുമ്പോൾ ഐസിഒ വഴി നിക്ഷേപം നടത്തുന്നവർക്ക് ആ കമ്പനിയിൽ പങ്കാളിത്തമൊന്നും ലഭിക്കുന്നില്ല.

കഴിഞ്ഞ ഒരു വർഷമായി ചലനമുണ്ടാക്കി വന്ന ഐസിഒ ഇന്ന് വലിയൊരു വിപ്ലവമായി വിപണിയിൽ പുതിയ സമവാക്യങ്ങൾ തീർത്തുകൊണ്ടിരിക്കുന്നു. ആദ്യത്തെ ശ്രദ്ധേയമായ ഐസിഒ എതെറിയത്തിന്റേതു തന്നെയായിരുന്നു. 2014ൽ എതെറിയം വരുമ്പോൾ പ്രവർത്തനമൂലധനം സ്വീകരിച്ചത് ബിറ്റ്‌കോയിനിലായിരുന്നു. പിന്നീട്, പല പ്രശ്‌നങ്ങളിലും വിവാദങ്ങളിലും പെട്ട് ബിറ്റ്‌കോയിന്റെ വിശ്വാസ്യതയിലും മൂല്യത്തിലും ഏറ്റക്കുറച്ചിലുകളുണ്ടാവുകയും കൂടുതൽ മികച്ച സാങ്കേതികവിദ്യയുടെ പിൻബലം അവകാശപ്പെട്ട എതെറിയം കരുത്തു പ്രാപിക്കുകയും ചെയ്തതോടെ ഐസിഒകളുടെ നാണയമായി എതേറിയം മാറി. അതോടെ ഏതേറിയം ബിറ്റ്‌കോയിനെക്കാൾ മാന്യമായ സ്ഥാനം പിടിച്ചുപറ്റി വളർന്നു തുടങ്ങി. എതെറിയത്തിനു ശേഷം എത്തിയ ഓരോ ക്രിപ്‌റ്റോകറൻസിയും മൂലധനം സ്വീകരിച്ചത് ഐസിഒകൾ വഴിയായിരുന്നു.

അടുത്ത കാലത്തു നടന്ന ഐസിഒകളിൽ ഏറ്റവും ശ്രദ്ധേയമായത് ജാവസ്‌ക്രിപ്റ്റ് പ്രോഗ്രാമിങ് ലാംഗ്വേജിന്റെ സൃഷ്ടാവായ ബ്രെൻഡൻ ഐക് തന്റെ പുതിയ വെബ് ബ്രൗസറായ ബ്രേവിനു വേണ്ടി നടത്തിയതായിരുന്നു. ബേസിക് അറ്റൻഷൻ ടോക്കൺ (BAT) എന്ന പേരിൽ എതേറിയം അടിസ്ഥാനമാക്കി പുതിയൊരു ക്രിപ്‌റ്റോകറൻസി സൃഷ്ടിച്ചതിനു ശേഷമാണ് ബ്രെൻഡൻ ഐസിഒ നടത്തിയത്. 30 സെക്കൻഡ് കൊണ്ട് ബ്രെൻഡൻ സമാഹരിച്ചത് 225 കോടി രൂപ. ഐസിഒയ്ക്കായി സൃഷ്ടിച്ച കോയിനുകളെല്ലാം അരമിനിറ്റിനുള്ളിൽ വിറ്റുതീർന്നു. ക്രിപ്‌റ്റോകറൻസി സ്റ്റാർട്ട് അപ്പുകൾ മാത്രം ആശ്രയിച്ചിരുന്ന ഐസിയെ മറ്റു ബിസിനസ് മേഖലകളിലും ധനസമാഹരണത്തിന് ഉപയോഗിക്കുന്ന പുതിയ കാഴ്ച ഓഹരിവിപണിയിലും അതുവഴി സമ്പദ് വ്യവസ്ഥയിലും ചലനമുണ്ടാക്കുകയാണ്. മൈക്രോസോഫ്റ്റും ജെപി മോർഗനും ഉൾപ്പെടെയുള്ള കമ്പനികൾ എതേറിയത്തെ അംഗീകരിക്കുകയും ജെപി മോർഗൻ എതെറിയം അധിഷ്ഠിത വിനിമയങ്ങൾ സ്വീകരിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

ഇവിടെ ഏറ്റവും പ്രധാനമായ കാര്യം, സെൻട്രൽ ബാങ്കുകളും, സർക്കാരിന്റെ സാമ്പത്തികനയങ്ങളും ക്രിപ്‌റ്റോകറൻസി ഇടപാടുകളെ ബാധിക്കുന്നേയില്ല എന്നതാണ്. ഇന്ത്യയിൽ 500, 1000 രൂപ നോട്ടുകൾ പിൻവലിച്ച സമയത്ത് ബിറ്റ്‌കോയിനുണ്ടായ മൂല്യവർധനയുടെ പ്രധാന കാരണം ഇന്ത്യൻ യുവത്വം ബിറ്റ്‌കോയിനോട് ആഭിമുഖ്യം കാട്ടിത്തുടങ്ങിയതാണ്. മൈക്രോസോഫ്റ്റും ആപ്പിളും ഗൂഗിളുമൊക്കെ കുത്തകവൽക്കരിച്ച ഐടി രംഗത്ത് ലിനക്‌സ് വഹിക്കുന്ന പങ്കിനു തൂല്യമായാണ് ഡിജിറ്റൽ പണമിടപാടു രംഗത്തെ ക്രിപ്‌റ്റോകറൻസികളുടെ സാന്നിധ്യം വിദഗ്ധർ വിലയിരുത്തുന്നത്. ക്രിപ്‌റ്റോകറൻസി വിപ്ലവം ശാശ്വതമല്ലായിരിക്കാം. 

മൂല്യത്തിലെ വ്യതിയാനവും മറ്റു പരാധീനതകളും ഇടയ്ക്കിടെ വലിയ നഷ്ടങ്ങളുമുണ്ടാക്കുന്നുണ്ട്. എന്നാൽ, ക്രിപ്‌റ്റോകറൻസികൾക്ക് ആധാരമായ ബ്ലോക്‌ചെയിൻ സാങ്കേതികവിദ്യ നാളത്തെ ഇന്റർനെറ്റിന്റെ നന്മയായിരിക്കും എന്ന് അടിവരയിട്ടു പറയാം. കൂടുതലറിയാൻ ഒരു ക്രിപ്‌റ്റോകറൻസി വിപണി സന്ദർശിക്കുക. നിലവിലുള്ള എല്ലാ ക്രിപ്‌റ്റോകറൻസികളും അവയുടെ മൂല്യവും ഇതിലറിയാം: coinmarketcap.com

എന്താണ് ബ്ലോക്‌ചെയിൻ

ലളിതമായി പറഞ്ഞാൽ ഫയലുകളും വിവരങ്ങളും ശേഖരിച്ചു വയ്ക്കുന്നതിനുള്ള ഒരു പുതിയ മാർഗമാണ് ബ്ലോക്‌ചെയിൻ സാങ്കേതികവിദ്യ. ഉദാഹരണത്തിന് ഇന്ത്യൻ രൂപയെ സംബന്ധിച്ച എല്ലാ വിവരങ്ങളും റിസർവ് ബാങ്കിന്റെ പക്കലാണ്. എന്നാൽ, ബിറ്റ്‌കോയിൻ പോലുള്ള ക്രിപ്‌റ്റോകറൻസികളെ സംബന്ധിച്ച മുഴുവൻ വിവരങ്ങളും സൂക്ഷിച്ചിരിക്കുന്നത് ബ്ലോക്‌ചെയിൻ സാങ്കേതികവിദ്യയിലാണ്. കംപ്യൂട്ടർ മെമ്മറിയിൽ നിന്നും ക്ലൗഡ് സെർവറിൽ നിന്നുമൊക്കെ വ്യത്യസ്തമാണ് ബ്ലോക്‌ചെയിൻ. പ്രധാനമായും അത് ഹാക്ക് ചെയ്യാനോ അതിലെ വിവരങ്ങൾ നശിപ്പിക്കാനോ കഴിയില്ല. ബിറ്റ്‌കോയിൻ പോലുള്ള നാണയങ്ങൾ മോഷ്ടിക്കപ്പെടുമ്പോഴും അതിന് അടിസ്ഥാനമായ ബ്ലോക്‌ചെയിൻ സാങ്കേതികവിദ്യ വഴിതെറ്റുന്നില്ല. മറ്റൊന്ന്, ബ്ലോക്‌ചെയിൻ സാങ്കേതികവിദ്യ ഏതെങ്കിലും വ്യക്തികളുടെയോ പ്രസ്ഥാനത്തിന്റെയോ ഉടമസ്ഥതയിലുള്ളതല്ല.

ethereum-

ക്രിപ്‌റ്റോകറൻസികളുടെ മാത്രം വിവരങ്ങൾ സൂക്ഷിക്കാനുള്ളതല്ല ബ്ലോക്‌ചെയിൻ സാങ്കേതികവിദ്യ. ഒരു പൊതുതിരഞ്ഞെടുപ്പിലെ വോട്ടിങ് വിവരങ്ങൾ പൂർണമായും ബ്ലോക്‌ചെയിനിൽ സൂക്ഷിക്കാം. ഒരാശുപത്രിയിലെ മുഴുവൻ ചികിൽസാ രേഖകളോ, ഒരു കോടതിയിലെ മുഴുവൻ വ്യവഹാരങ്ങളെ സംബന്ധിച്ച രേഖകളോ ഒക്കെ ബ്ലോക്‌ചെയിൻ സാങ്കേതികവിദ്യയിൽ സുരക്ഷിതമാക്കാം. വാനാക്രൈ പോലുള്ള റാൻസംവെയർ സൈബർ ആക്രമണങ്ങളിൽ നിന്ന് ഈ വിവരങ്ങൾ സുരക്ഷിതമായിരിക്കും. വാനൈക്രൈ അക്രമികൾ മോചനദ്രവ്യം ആവശ്യപ്പെട്ടത് ബിറ്റ്‌കോയിനിൽ ആണെന്നത് ശ്രദ്ധിക്കുമ്പോൾ, ഇനിയും ബ്ലോക്‌ചെയിൻ സാങ്കേതികവിദ്യയിലേക്കു വന്നിട്ടില്ലാത്ത നമ്മൾ സാധാരണക്കാരെ ബ്ലോക്‌ചെയിന്റെ സുരക്ഷിതത്വത്തിൽ നിന്നുകൊണ്ട് കുറ്റവാളികൾ ചൂഷണം ചെയ്യുകയാണ് എന്നതു മനസ്സിലാക്കാം.