Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്ത് വർഷം, 11 വേർഷൻ, ഐഫോൺ ഐഒഎസിന്റേത് ടെക് ലോകത്തെ മാറ്റിമറിച്ച ചരിത്രം

ios

ഇപ്പോള്‍ പത്താം പിറന്നാള്‍ ആഘോഷിക്കുന്ന ഐഫോണിനൊപ്പം 2007ല്‍ എത്തിയതാണ് ആപ്പിളിന്റെ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റം. ഐഫോണ്‍ ഒഎസ് അല്ലെങ്കില്‍ പില്‍ക്കാലത്ത് അറിയപ്പെട്ടതു പോലെ, ഐഒഎസ്, മൊബൈല്‍ കംപ്യൂട്ടിങ്ങില്‍ കൊണ്ടുവന്ന ഫീച്ചറുകള്‍ എഴുതി തീര്‍ക്കണമെങ്കില്‍ പേജുകള്‍ വേണം. എന്നാല്‍, ഇതാ ഒഎസിന്റെ ഓരോ പുതുക്കിയ വേര്‍ഷനും കൊണ്ടുവന്ന ഓര്‍ത്തിരിക്കേണ്ട ചില മാറ്റങ്ങള്‍:

ഐഫോണ്‍ ഒഎസ് 1

ബഹളം വച്ചെത്തിയ ആദ്യ ഐഫോണ്‍ അത്ര വലിയ ഒരു സംഭവമൊന്നുമായിരുന്നില്ല. അന്ന് ആപ് സ്‌റ്റോര്‍ നിലവിലില്ല. ഫോണിനൊപ്പം കിട്ടിയ ആപ്പുകളായിരുന്നു മിക്ക ഉപയോക്താക്കളുടെയും ആശ്രയം. നെറ്റ്‌വര്‍ക്ക് ലോക്ഡ് ആയി എത്തിയ ഐഫോണുകളെ ജെയില്‍ ബ്രെയ്ക് (jail break) ചെയ്യുക എന്നത് ലോകം മുഴുവന്‍ ഒരു കലയായി വളര്‍ന്നു. കൊച്ചിയില്‍ പോലും വിരുതന്മാര്‍ ജെയിൽ ബ്രെയ്ക് ചെയ്ത് 2007ല്‍ 500 രൂപ വാങ്ങി കീശയിലിട്ടു. (ഇന്ത്യയില്‍ ആദ്യ ഐഫോണ്‍ ഔദ്യോഗികമായി അവതരിപ്പിച്ചില്ല.) ജെയിൽ ബ്രെയ്ക് ചെയ്ത ഐഫോണില്‍ സീഡിയയുടെ (Cydia) ആപ്പുകള്‍ ലഭ്യമായി. ആദ്യ ഐഫോണിന്റെ 2 മെഗാപിക്സൽ ക്യാമറയ്ക്ക് ആപ്പിള്‍ വിഡിയോ റെക്കോഡിങ് ശേഷി നല്‍കിയിരുന്നില്ല. എന്നാല്‍ എടുത്ത ഒരു ഫോട്ടോ രണ്ടു വിരല്‍ കൊണ്ട് സൂം ചെയ്യാമെന്നത് ചെറിയ വിപ്ലവമൊക്കെ ആയിരുന്നു. തൊടുന്ന സ്ഥലത്ത് ഫോക്കസാകും എന്ന സവിശേഷതയും ഉണ്ടായിരുന്നു. എന്നാല്‍ ജെയിൽ ബ്രെയ്ക്കിലൂടെ 15fps വിഡിയോ റെക്കോഡിങ് ശേഷി ലഭിച്ചു. ജെയിൽ ബ്രെയ്ക് ചെയ്യുന്നവര്‍ക്ക് ഔദ്യോഗിക ഫോണില്‍ ലഭിക്കുന്നതിനേക്കാള്‍ ഫീച്ചറുകള്‍ ലഭിക്കുമെന്ന, ആപ്പിളിനു നാണം കെട്ട, അവസ്ഥ നിലനിന്നു.

ഐഫോണ്‍ ഒഎസ് 2

ആദ്യ ഐഫോണ്‍ അല്ലെങ്കില്‍ ഒറിജിനല്‍ ഐഫോണ്‍ 2G ആയിരുന്നു. അതു കൊണ്ട് രണ്ടാമത്തെ ഫോണിന്റെ പ്രധാന ഫീച്ചര്‍ വിളംബരം ചെയ്താണ് രണ്ടാം തലമുറ ഫോണ്‍ 2008ല്‍ എത്തിയത്- ഐഫോണ്‍ 3G. പല സുപ്രധാന ഫീച്ചറുകള്‍ക്കുമൊപ്പം ആപ്‌സ്റ്റോര്‍ നിലവില്‍ വന്നു. ഒഎസ് തേഡ് പാര്‍ട്ടി ആപ്പ് നിര്‍മാതാക്കള്‍ക്കായി തുറന്നിട്ടു. ഇന്നത്തെ ആപ് പ്രളയം തുടങ്ങുന്നത് അന്നു മുതലാണ്. എപ്പോഴുമുള്ള പുഷ് ഇ–മെയിൽ‍, ഗൂഗിള്‍ മാപ്‌സ് സ്ട്രീറ്റ് വ്യൂ എന്നിയും എത്തി. ഈ വേര്‍ഷനിലും ക്യാമറയ്ക്ക് വിഡിയോ റെക്കോഡിങ് ഉണ്ടായിരുന്നില്ല.

steve-jobs

ഐഫോണ്‍ ഒഎസ് 3

പുതിയ ഒഎസിനൊപ്പം, അവസാനം, ആപ്പിള്‍ ക്യാമറയില്‍ വിഡിയോ റെക്കോഡിങ് ക്യാമറിയില്‍ കൊണ്ടുവന്നു. MMS, സ്‌പോര്‍ട്‌ലൈറ്റ് സേര്‍ച്ച്, വോയ്‌സ് കണ്ട്രോള്‍ എന്നിവയും കൊണ്ടുവന്നു. പുതിയ ഒഎസില്‍ എന്തൊക്കെ ഫീച്ചറുകളാണ് വേണ്ടത് എന്ന ചോദ്യത്തിന് കൂടുതല്‍ പേര്‍ പറഞ്ഞത് കോപ്പി പെയ്സ്റ്റ് എന്നതായിരുന്നു. അതും ആപ്പിള്‍ മൂന്നാം തലമുറ ഒഎസില്‍ കൊണ്ടുവന്നു. ഇന്ന് അതൊരു സംഭവമേയല്ലെങ്കിലും ഒരു മൊബൈല്‍ ഉപകരണത്തില്‍ ആദ്യമായി ഈ ഫീച്ചര്‍ ഉപയോഗിക്കുമ്പോള്‍ അതൊരു അനുഭവം തന്നെ ആയിരുന്നു. SMS, സഫാരി, നോട്‌സ് തുടങ്ങിയ ആപ്പുകളിലെല്ലാം കോപ്പി, അല്ലെങ്കില്‍ കട് ആന്‍ഡ് പെയ്സ്റ്റ് സാധ്യമാക്കി. ഷെയ്ക് റ്റു അണ്‍ഡു ഫീച്ചറും ഈ ഒഎസിലാണ് എത്തിയത്.

ഐഫോണ്‍ ഓഎസ് 4

മള്‍ട്ടി ടാസ്‌കിങ്, സ്‌പെല്‍ ചെക് തുടങ്ങിയവയുമായാണ് പുതിയ ഒഎസ് എത്തിയത്. തന്നെ എടുത്ത ചിത്രം അല്ലെങ്കില്‍ ഇഷ്ടമുള്ള ഏതെങ്കിലും ചിത്രം ഫോണില്‍ വോള്‍പെയ്പര്‍ ആക്കേണ്ടവരും ഇതു വരെ ജെയിൽ ബ്രെയ്ക് ചെയ്യേണ്ടിയിരുന്നു. ഇഷ്ടമുള്ള ചിത്രം വോള്‍പെയ്പര്‍ ആക്കാന്‍ അനുവദിക്കുന്നതും ഐഒഎസ് 4 ആണ്. വൈഫൈയിലൂടെ നടത്താവുന്ന വിഡിയോ കോണ്‍ഫെറന്‍സ് കോളായ ഫെയ്‌സ്‌ടൈമും ഐഒഎസ് 4ലാണ് എത്തുന്നത്.

steve-jobs

ഐഒഎസ് 5

സിറി പിറക്കുന്നത് 2011ല്‍ എത്തിയ ഈ വേര്‍ഷനിലാണ്. ഐഫോണ്‍ 4sല്‍ മാത്രമാണ് ആപ്പിളിന്റെ വോയ്‌സ്-ആക്ടിവേറ്റഡ് അസിസ്റ്റന്റ് ആദ്യം ലഭ്യമാക്കിയത്. മറ്റൊരു പുതുമ വയര്‍ലെസ് അപ്‌ഡേറ്റാണ്. ഇതുവരെ ഐട്യൂണ്‍സുമായും കംപ്യൂട്ടറുമായി ബന്ധിപ്പിക്കാതെ ഓപ്പറേറ്റിങ് സിസ്റ്റം അപ്‌ഡേറ്റ് ചെയ്യാനാകുമായിരുന്നില്ല. വൈഫൈയിലൂടെ ഐഒഎസ് ഉപയോക്താക്കള്‍ക്കു തമ്മില്‍ മള്‍ട്ടിമീഡിയ കൈമാറാവുന്ന ഐമെസേജ് പുതിയ ഒഎസില്‍ എത്തി. ഐക്ലൗഡ് ഫീച്ചര്‍ ആദ്യമായി അവതരിപ്പിക്കുന്നത് ഈ വേര്‍ഷനിലാണ്. എല്ലാ ഐഒഎസ് ഉപയോക്താക്കള്‍ക്കും 5 ജിബി ക്ലൗഡ് സ്റ്റോറേജ് സ്‌പെയ്‌സ് ആണ് ആപ്പിള്‍ ഫ്രീ ആയി നല്‍കിയത്. ഇത് കോണ്‍ടാക്ടുകള്‍, നോട്‌സ് മുതലായ സ്വകാര്യ ഡേറ്റ ക്ലൗഡില്‍ സൂക്ഷിക്കാന്‍ അനുവദിച്ചു. 15 ജിബി സ്ഥലം ആവശ്യമുള്ളവര്‍ക്ക് 20 ഡോളറായിരുന്നു നല്‍കേണ്ടിയിരുന്നത്.

ഈ ഒഎസിന് നിരാശയുടെ ഒരു കഥ കൂടെയുണ്ട്. ആപ്പിള്‍ കമ്പനിയുടെ നട്ടെല്ലായിരുന്ന സ്റ്റീവ് ജോബ്‌സ് എന്ന് അറിയപ്പെട്ടിരുന്ന സ്റ്റീവ്ന്‍ പോള്‍ ജോബ്‌സ് അവതരിപ്പിച്ച അവസാനത്തെ ഒഎസ് ആയിരുന്നു. 3.5 ഇഞ്ച് വലിപ്പമുള്ള 4എസ് ആയിരുന്നു ജോബ്‌സിന്റെ അവസാന ഐഫോണ്‍ കുട്ടി എന്നു പറയാം. (പക്ഷേ അത് അവതരിപ്പിച്ചത് ടിം കുക്കായിരുന്നു. ജോബ്‌സ് മരണശയ്യയിലായിരുന്നു.) ഐഫോണിനു വലിപ്പം കൂടുമെന്നു കാത്തിരുന്നവരെ നിരാശരാക്കി, ഈ വലിപ്പമാണ് കൈക്കിണങ്ങുക എന്ന നിര്‍ബന്ധബുദ്ധിയോടെയുള്ള ജോബ്‌സിന്റെ അവകാശവാദം ആവര്‍ത്തിക്കപ്പെട്ടു.

ഐഒഎസ് 6

ജോബ്‌സിനു ശേഷമുള്ള ആപ്പിള്‍ തകരുമോ, നവരീതികള്‍ അവതരിപ്പിക്കുന്നതില്‍ പിന്നോട്ടു പോകുമോ എന്ന ആശങ്കയൊക്കെ ഇല്ലാതെയാക്കിയാണ് കമ്പനി മുന്നോട്ടു പോയത്. എന്നാല്‍ ഐഫോണുകള്‍ക്ക് വലിപ്പം കൂടി. നാല് ഇഞ്ച് വലിപ്പമുള്ള ഐഫോണ്‍ 5 നിര്‍മിക്കാന്‍ ജോബ്‌സിനു ശേഷമെത്തിയ ആപ്പിളിന്റെ മേധാവി ടിം കുക്കും കൂട്ടരും തീരുമാനമെടുത്തപ്പോള്‍ ജോബ്‌സിനൊപ്പം അദ്ദേഹത്തിന്റ പിടിവാശിയും മണ്ണടിഞ്ഞു. സാംസങും മറ്റും വലിയ സ്‌ക്രീന്‍ ഇറക്കി നേരത്തെ തന്നെ ശ്രദ്ധ പിടിച്ചപ്പോള്‍ ആപ്പിളിന് നോക്കിയിരിക്കാന്‍ ആകുമായിരുന്നില്ല. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ രസമായി തോന്നുന്ന ഒരു കാര്യം ജോബ്‌സ് ജീവിച്ചിരുന്നെങ്കില്‍ സ്വന്തം വാക്കുകളെ വിഴുങ്ങി കൂടുതല്‍ വലിപ്പമുള്ള സ്‌ക്രീനുള്ള ഫോണ്‍ അവതരിപ്പിക്കാനേത്തുന്ന സീനാണ്! കാരണം സ്‌ക്രീന്‍ വലിപ്പം കൂട്ടുക എന്നത് അനിവാര്യമായിരുന്നു എന്നതു തന്നെ.

ഐഒഎസിലേക്ക് ഫെയ്‌സ്ബുക്ക് ആഴത്തില്‍ സംയോജിപ്പിക്കുന്നത് ഈ വേര്‍ഷനിലാണ്. പാസ്ബുക്കും, പാനോറാമിക് ഫോട്ടോസ് എടുക്കാനുള്ള ശേഷിയും ഈ ഒഎസിലാണ് എത്തിയത്. ഫെയ്സ്ടൈം കോളുകള്‍ സെല്ല്യുലര്‍ നെറ്റ്‌വര്‍ക്കിലൂടെ നടത്താനും പുതുക്കിയ ഒഎസ് അനുവദിച്ചു. ഗൂഗിളിനെതിരെ പടയൊരുക്കം നടത്തിയ ജോബ്‌സിന്റെ നീക്കം പിന്തുടര്‍ന്ന് ആപ്പിള്‍ സ്വന്തം 'മാപ്‌സ്' ഇറക്കി. ഐഒഎസിന്റെയും ആപ്പിളിന്റെയും ചരിത്രത്തിലെ ഒരു കറുത്ത ഏടായിരുന്നു അത്. ധാരാളം തെറ്റായ വിവരങ്ങളും ഗ്രാഫിക്‌സ് ബഗുകളും കമ്പനിയെ പരിഹാസ്യമാക്കി. ജോബ്‌സിനു ശേഷം പ്രളയമെന്നു പ്രവചിച്ചവര്‍ക്ക് ആഘോഷിക്കാനുള്ള വക നല്‍കുയായിരുന്നു മാപ്‌സ്.

ഐഒഎസ് 7

ടച്ച് ഐഡി ആദ്യമായി എത്തുന്നത് ഈ ഒഎസിലാണ്. ഈ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ആദ്യമായി അവതരിപ്പിച്ചത് ഐഫോണ്‍ 5എസിലാണ്. ആദ്യമായി ഇറങ്ങിയ 64ബിറ്റ് മൊബൈല്‍ ഒഎസ് ഐഒഎസ് 7 ആണ്. ഐഒഎസിന്റെ ദൃശ്യഭംഗിയിലുള്ള മാറ്റമാണ് ഈ ഒഎസിന്റെ പ്രത്യേകതകളിലൊന്ന്. മുന്‍ വേര്‍ഷനുകളിലെ ആപ്പ് ഐക്കണുകളിലെ പല എഫക്ടുകളെയും മാറ്റി കൂടുതല്‍ ക്ലീന്‍ ആയാണ് ഉപകരണങ്ങള്‍ എത്തിയത്. കണ്ട്രോള്‍ സെന്റര്‍, നോട്ടിഫിക്കേഷന്‍ സെന്റര്‍, എയര്‍ഡ്രോപ്, കാര്‍പ്ലേ, സിറിയുടെ ശബ്ദം പുരുഷന്റേതോ സ്ത്രീയുടെതോ എന്നു തീരുമാനിക്കാനുള്ള അവകാശം ഇതൊക്കെ പുതുമകളായിരുന്നു.

ഐഒഎസ് 8

ഐഫോണിന് എന്നല്ല, ഐഫോണുകള്‍ക്ക് എന്നു പറയണം, വലിപ്പം കൂടി. ഐഫോണ്‍ 6, 6 പ്ലസ് എന്നീ രണ്ടു ഫോണുകളാണ് പുതിയ ഓഎസോടെ ഇറങ്ങിയത്. അവയ്ക്ക് യഥാക്രമം 4.7, 5.5 ഇഞ്ച് എന്നീ വലിപ്പമായിരുന്നു. ആപ്പിളിന്റെ ഉപകരണങ്ങളായ മാക്, ഐഫോണ്‍, ഐപാഡ് തുടങ്ങിയവ തമ്മിലുള്ള സംവേദനം കൂടുതല്‍ സുഗമമാക്കി. ടൈപ്പിങില്‍ ക്വിക്‌ടൈപ് പ്രെഡിക്ഷന്‍, ഫാമിലി ഷെയറിങ്, വൈഫൈ കോളിങ്, ടൈംലാപ്‌സ് ഫോട്ടോസ്, നോട്ടിഫിക്കേഷന്‍ സെന്റര്‍ വിജിറ്റുകള്‍ തുടങ്ങിയ ഫീച്ചറുകള്‍ അവതരിപ്പിച്ചു. ബാറ്ററി യൂസെജ് ഫീച്ചര്‍ ബാറ്ററി ഊറ്റി കുടിക്കുന്ന ആപ്പുകളെ തിരിച്ചറിയാന്‍ അനുവദിച്ചു.

ഐഒഎസ് 8.1നുമുണ്ട് പ്രാധാന്യം. ഐഫോണ്‍ 6ല്‍ ആപ്പിള്‍ പേ അവതരിപ്പിച്ചത് ഈ അപ്‌ഡേറ്റിലൂടെയാണ്. ഐഒഎസ് 8.4ല്‍ ആണ് ആപ്പിള്‍ മ്യൂസിക്കിന്റെ സ്ട്രീമിങ് സബ്‌സ്‌ക്രിപ്ഷന്‍ അവതരിപ്പിച്ചത്.

Apple-ceo-tim-cook

ഐഒഎസ് 9

ബാറ്ററി ഒപ്റ്റിമൈസേഷന്‍ ആണ് പുതുക്കിയ ഒഎസ് കൊണ്ടുവന്ന മാറ്റങ്ങളില്‍ ഒന്ന്. പ്രോസസറിന് കൂടുതല്‍ ശക്തി വേണ്ട ആപ്പുകളെ തിരിച്ചറിയാന്‍ സാധിച്ചു. ശക്തി കുറച്ചു മതിയെങ്കില്‍ ഉപകരണം ലോപവര്‍ മോഡിലേക്കു മടങ്ങും. നൈറ്റ്ഷിഫ്റ്റ് മോഡില്‍ സ്‌ക്രീനിന്റെ നീല നിറത്തിനു കുറവു വരുത്തി കണ്ണിന് ആയാസം കുറച്ചു. വികസിത രാജ്യങ്ങളില്‍ പ്രത്യേകിച്ചു മാപ് ആപ് കുറച്ച് ആധികാരികത കൈവരിച്ചു. തുടക്കം മുതല്‍ ഒരു മാറ്റവുമില്ലാതെ തുടര്‍ന്ന നോട്‌സ് ആപ്പിനെയും പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി. ഈ വേര്‍ഷന്‍ മുതല്‍ നോട്‌സില്‍ ഉപയോക്താവിന് കൈവിരല്‍ കൊണ്ടു വരയ്ക്കാം. ആപ്പിള്‍ ന്യൂസ് എത്തിയതും ഈ വേര്‍ഷനിലാണ്.

ഐഒഎസ് 10

ഐഒഎസ് 11 ബീറ്റ ടെസ്റ്റ് നടത്താത്തവരുടെ ഇപ്പോഴത്തെ ഒഎസ്. മെസേജ് ആപ്പിന് ഒരു സ്റ്റിക്കര്‍ സ്റ്റോര്‍, പ്രെഡിക്ടീവ് ഇമോജി, എടുത്ത ചിത്രങ്ങളില്‍ നിന്ന് ഒരാളുടെ ചിത്രങ്ങള്‍ ഒരുമിപ്പിക്കാന്‍ സഹായിക്കുന്ന ഫേഷ്യല്‍ റെക്കഗ്നിഷന്‍ തുടങ്ങിയവ എത്തി. തങ്ങളുടെ ഉപകരണങ്ങളുമായി ഉറങ്ങാതിരിക്കുന്നവര്‍ക്ക് ഉറങ്ങാന്‍ പോകാന്‍ സമയമായി എന്നറിയിക്കുന്ന ബെഡ്‌ടൈം ഈ ഓഎസിലാണ് എത്തുന്നത്. ഹോം ആപ് അവതരിപ്പിക്കുന്നതും ഈ വേര്‍ഷനിലാണ്.

ഐഒഎസ് 11

അടുത്ത ഒഎസ്. ഈ ഒഎസുമായി മൂന്നു ഫോണുകള്‍ എത്തുമെന്നാണ് കരുതുന്നത്. ഐഫോണ്‍ 7/7s മോഡലുകള്‍ കൂടാതെ പത്താം വാര്‍ഷക ഫോണും. അതിന്റെ പേരെന്തായിരിക്കുമെന്നത് പറയുക എളുപ്പമല്ല. പക്ഷെ, മുഴുവന്‍ ഗ്ലാസ് നിര്‍മിതമായ ഈ ഫോണിന് 5.8 ഇഞ്ച്, bezel ഇല്ലാത്ത സ്‌ക്രീനും ലംബമായി ക്രമീകരിച്ച ഇരട്ട പിന്‍ക്യാമറകളും, 3D മുന്‍ ക്യാമറകളും, ഓഗ്‌മെന്റഡ് റിയാലിറ്റിയുടെ കഴിവുകളും കിട്ടുമെന്നു കരുതുന്നു. ഒരു ലക്ഷം രുപയോളമായിരിക്കും പത്താം എഡിഷന്‍ ഫോണിന്റെ വില.