Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ബ്ലുവെയ്‌ല്‍ ശരിക്കും ഒരു ഗെയിമല്ല, കില്ലർ മിഷൻ മാത്രം, നിയന്ത്രിക്കുക അസാധ്യം’

blue-whale

കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളെ ഭീതിപ്പെടുത്തുന്ന ബ്ലുവെയ്‌ൽ ഗെയിം ശരിക്കും ഒരു ഗെയിമല്ല. ഡൗൺലോഡ് ചെയ്ത് കളിക്കുന്ന ഗെയിമോ, പ്ലേ സ്റ്റോർ, ഐസ്റ്റോർ പോലുള്ള ഇടങ്ങളിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്ന കളിയല്ല ബ്ലുവെയ്‌ൽ. മറിച്ച് ചാറ്റ്, ഫോറങ്ങൾ, സോഷൽമീഡിയ വഴിയാണ് ഈ കില്ലർ മിഷൻ വ്യാപിക്കുന്നത്.

ഇതിനാൽ തന്നെ നിരോധനംകൊണ്ട് ബ്ലുവെയ്‌ല്‍ മരണക്കളി നിയന്ത്രിക്കാനാവില്ലെന്ന് ഐ.ടി.രംഗത്തെ വിദഗ്ധര്‍. ഇന്റർനെറ്റും സോഷ്യൽമീഡിയകളും നിലനിൽക്കുന്ന കാലത്തോളം ഇത്തരം കില്ലർ ഗെയിമുകളും തുടരും. നിരോധനം കൊണ്ടുമാത്രം പൂർണമായും മറികടക്കാന്‍ കഴിയുന്നതുമല്ല ബ്ലൂവെയ്‍ൽ എന്ന കൊലയാളി ഗെയിമിന്റെ ഭീഷണി. റഷ്യ അടക്കമുള്ള രാജ്യങ്ങളിൽ ഗെയിമിന്റെ വ്യാപനം തടയാൻ നടപടിയെടുത്തിരുന്നു എങ്കിലും അതിനുശേഷവും ബ്ലുവെയ്‍ൽ ആത്മഹത്യ റിപ്പോർട്ട് ചെയ്തിരുന്നു. അതിനാൽ, കുട്ടികളില്‍ ബോധവൽക്കരണവും, ജാഗ്രതയും നൽകേണ്ടത് അത്യാവശ്യമാകുന്നു. 

blue-whale

ജീവനെടുക്കുന്ന കളിയെ അകറ്റിനിർത്താൻ നിരോധനത്തേക്കാളുപരി ബോധവൽക്കരണമാണ് ആവശ്യം എന്നത് ബ്ലൂവെയ്‍ല്‍ ഇതിനോടകം പിടിമുറുക്കിയ രാജ്യങ്ങൾ മനസിലാക്കികഴിഞ്ഞതാണ്. 2014ന് ശേഷം, റഷ്യ, ബ്രിട്ടൺ തുടങ്ങി വിവിധരാജ്യങ്ങൾ ഇതുസംബന്ധിച്ച് കാര്യമായ പഠനങ്ങൾ നടത്തിയിരുന്നു. കൊലയാളി ഗെയിമിന്റെ വ്യാപനം തടയുന്നതിനായി സേർച്ച് എൻജിനുകൾക്കും, സമൂഹമാധ്യമങ്ങൾക്കും നിർദേശവും നൽകി. 

ഏതാണ്ട് മുപ്പതോളം രാജ്യങ്ങളില്‍ ഗെയിം പൂർണമായി നിരോധിക്കുകയും ചെയ്തു. എന്നാൽ, ഗെയിം വ്യാപിച്ചുതുടങ്ങിയ റഷ്യയിൽ പോലും ഇത്തരം നടപടിക്കു ശേഷവും ബ്ലൂവെയ്‍ൽ കളിച്ച കൗമാരക്കാർ ആത്മഹത്യചെയ്തതായി രാജ്യാന്തരമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതായത്, നിരോധനത്തിന് ശേഷവും, ബ്ലൂവെയ്‍ൽ ലിങ്കുകൾ ഒരാൾക്ക് ലഭിച്ചാൽ അതിനെ പൂർണമായും, അവഗണിക്കുകയെന്നതാണ് പ്രധാന പ്രതിരോധ മാർഗം. 

blue-whale

ഒപ്പം, കുട്ടികളിൽ ബോധവൽക്കരണം തുടരുക. മഹാരാഷ്ട്ര, ബെംഗളൂരു എന്നിവിടങ്ങളിലെ ചില സ്കൂളുകളിലും, കേരളത്തിൽ കൊല്ലത്തെ ചില സ്കൂളുകളിലും കുട്ടികള്‍ക്ക് ബോധവൽക്കരണം നടത്തിയിരുന്നു. ഇത് രാജ്യത്തെമ്പാടും വ്യാപിപ്പിക്കേണ്ടത് അനിവാര്യമാകുന്നുവെന്നും പുതിയസംഭവങ്ങൾ സൂചിപ്പിക്കുന്നു. ആദ്യഘട്ടത്തിൽ ഗെയിം കളിക്കുന്നതിനായി ഗെയിം മാസ്റ്റര്‍ നൽകുന്ന സമയം അർധരാത്രിയും പുലർച്ചെയുമാണ്. അതിനാൽ അധികനേരം സ്മാർട്ട്ഫോണിലും കംപ്യൂട്ടറിലും ചെലവഴിക്കുന്ന കുട്ടികളും ബ്ലുവെയ്ൽ ഉയർത്തുന്ന ഭീഷണി അറിഞ്ഞിരിക്കണമെന്ന് ചുരുക്കം.