Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൂഗിൾ സേർച്ച് എൻജിന്‍‌ അഴിച്ചു പണിയുന്നു, പുതിയ ടെക്നോളജി, പുത്തൻ സൂത്രവിദ്യ!

google-search

ഗൂഗിളിൽ നിന്നു ആവശ്യമായ വിവരങ്ങൾ സേർച്ച് ചെയ്തെടുക്കാൻ സൂത്രവിദ്യകളും ഷോട്കട്ടുകളുമൊക്കെ ഉപയോഗിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് എല്ലാ സൂത്രവിദ്യകളും ഗൂഗിളിന്റെ കൈവശം തന്നെയുണ്ട്. പുതിയവ അനുദിനമെന്നോണം അവതരിപ്പിക്കുന്നുമുണ്ട്. അത്തരത്തിലൊന്നാണ് കഴിഞ്ഞ ദിവസം ഇന്തോനേഷ്യയിൽ അവതരിപ്പിച്ച ഗൂഗിൾ സേർച്ച് ലൈറ്റ് ആപ്പ്. ആൻഡ്രോയ്ഡ് ഫോണുകളിലെ ഗൂഗിൾ ആപ്പിന്റെ പ്രധാന സവിശേഷതകളെല്ലാമുള്ളതാണ് പുതിയ ഗൂഗിൾ സേർച്ച് ലൈറ്റ്.  

ഗൂഗിൾ ആപ്പിന് ഏകദേശം 100 എബിയോളം ഫയൽ സൈസുള്ളപ്പോൾ ഗൂഗിൾ സേർച്ച് ലൈറ്റിന് 3.5 എംബി മാത്രമാണ് ഫയൽ സൈസ്. കുറഞ്ഞ റാമുള്ള ഫോണുകളെ ഉദ്ദേശിച്ചാണ് പുതിയ ലൈറ്റ് ആപ്പ്. പരീക്ഷണ  ഘട്ടത്തിലുള്ള ആപ്പ് വൈകാതെ ഇന്ത്യയിലും അവതരിപ്പിക്കും. വെബ് സേർച്ച്, ഇമേജ് സേർച്ച്, വാർത്തകൾ, കാലാവസ്ഥ തുടങ്ങിയ ഗൂഗിൾ സേർച്ച് സേവനങ്ങളെല്ലാം ഹോം പേജിൽ തന്നെ ഒരുക്കിയിട്ടുള്ള സേർച്ച് ലൈറ്റ് ആപ്പ് പ്ലേ സ്റ്റോറിലെത്തിയിട്ടില്ലെങ്കിലും മറ്റു വെബ്സൈറ്റുകളിൽ ലഭ്യമാണ്. ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. 

അതേ സമയം, ഫോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടില്ലാത്ത ആപ്പുകൾ തൽസമയം ഉപയോഗിക്കുന്നതിനായി ഗൂഗിൾ അവതരിപ്പിച്ച ആൻഡ്രോയ്ഡിലെ ഇൻസ്റ്റന്റ് ആപ്പ്സ് ഉപയോഗിക്കുന്ന ഫോണുകളുടെ എണ്ണം 50 കോടിയായി. സേർച്ച് പേജിൽ നിന്ന് ഒരു ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ആ ലിങ്കുമായി ബന്ധപ്പെട്ട ആപ്പ് ഫോണിലില്ലെങ്കിൽ അതിന്റെ ലൈറ്റ് വേർഷൻ തൽസമയം ഉപയോഗിക്കാൻ വഴിയൊരുക്കുന്നതാണ് ഇൻസ്റ്റന്റ് ആപ്പ്സ്.

∙ മാഞ്ഞുപോവട്ടെ  വാട്ടർമാർക്ക്

ഗൂഗിളിൽ ചിത്രങ്ങൾ സേർച്ച് ചെയ്യുമ്പോൾ ലഭിക്കുന്ന ഫലങ്ങളിലെ വാട്ടർമാർക്ക് അതിപ്രസരം അവസാനിപ്പിക്കാൻ ഗൂഗിളിന്റെ ഇടപെടൽ. വെബ്സൈറ്റുകളും ഫൊട്ടോഗ്രഫർമാരും തങ്ങളുടെ ചിത്രങ്ങളുടെ പകർപ്പവകാശം സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ഇതു ചെയ്യുന്നതെങ്കിലും ചിത്രത്തിന്റെ ഭംഗി പൂർണമായും നശിപ്പിച്ചുകൊണ്ട് ചിത്രത്തെ ഉപയോഗശൂന്യമാക്കി അവതരിപ്പിച്ചുകൊണ്ട് പകർപ്പവകാശം സംരക്ഷിക്കുന്നതിന്റെ അർഥശൂന്യതയാണ് ഗൂഗിൾ ചൂണ്ടിക്കാണിക്കുന്നത്. ഇതിനായി ഗൂഗിൾ വികസിപ്പിച്ചെടുത്തത് ഒരു പുതിയ അൽഗൊരിതവും ഈ അൽഗൊരിതം എത്ര ഭീകര വാട്ടർമാർക്കുള്ള ചിത്രത്തെയും ഓട്ടമാറ്റിക്കായി വൃത്തിയാക്കും. വാട്ടർമാർക്ക് ഇല്ലാത്ത യഥാർഥ ചിത്രം റെഡി. ഈ സംവിധാനം ഗൂഗിൾ സേർച്ചിന്റെ ഭാഗമാക്കി എല്ലാ ചിത്രങ്ങളിലെയും വാട്ടർമാർക്ക് നീക്കി അവതരിപ്പിക്കുകയല്ല ഗൂഗിളിന്റെ ലക്ഷ്യം. മറിച്ച് വാട്ടർമാർക്ക് എന്ന പഴഞ്ചൻ രീതി കൈവിട്ട് പകർപ്പവകാശസ്ഥാപനത്തിന് കൂടുതൽ ക്രിയാത്മകമായ വഴി തേടാൻ വെബ്സൈറ്റുകളെ പ്രേരിപ്പിക്കുകയാണ് ഗൂഗിൾ. ഇത്തരത്തിൽ പകർപ്പവകാശം സംരക്ഷിച്ചുകൊണ്ട് വൃത്തിയുള്ള ചിത്രങ്ങൾ സേർച്ച് ഫലങ്ങളിൽ അവതരിപ്പിക്കാനാവുമെന്നാണ് ഗൂഗിളിന്റെ പ്രതീക്ഷ.

∙ വലുതല്ലെങ്കിലും ചെറുതല്ല ബിങ്

തങ്ങളുടെ സേർച്ച് എൻജിനായ ബിങ്ങിനെ ചെറുതായി കാണേണ്ടെന്നു മൈക്രോസോഫ്റ്റ്. പുതിയ കണക്കുകൾ പ്രകാരം യുഎസിലെ ആകെ ഇന്റർനെറ്റ് സേർച്ചുകളിൽ 30 ശതമാനവും ബിങ് സേർച്ച് എൻജിൻ വഴിയാണ്. യാഹു, എഒഎൽ സേർച്ചുകൾക്കു പിന്നിലും ബിങ് സേർച്ച് എൻജിനാണ്. മറ്റു രാജ്യങ്ങളിലും ബിങ്ങിന് ശക്തമായ സ്വാധീനമുണ്ട്. തയ്‍വാനിൽ 26 ശതമാനവും യുകെയിൽ 25 ശതമാനവുമാണ് ബിങ് സാന്നിധ്യം. എന്നാൽ, ആഗോളതലത്തിൽ ഗൂഗിൾ അടക്കിവാഴുന്ന ഇന്റർനെറ്റ് സേർച്ചിൽ ബിങ് സേർച്ച് എൻജിന് ഒൻപതു ശതമാനം സാന്നിധ്യമേയുള്ളൂ.