Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആധാർ ശിൽപി ദൗത്യം പൂർത്തിയാക്കി തിരിച്ചുവന്നിരിക്കുന്നു, ഇൻഫോസിസിനെ രക്ഷിക്കാൻ

Nandan-Nilekani

ഇൻഫോസിസിലെ ആഭ്യന്തര കലഹങ്ങൾക്കും കലാപങ്ങൾക്കും അറുതിയുണ്ടാക്കാൻ പഴയ മേധാവി തിരികെ അമരത്ത്. രാജ്യത്തെ പ്രധാന തിരിച്ചറിയൽ രേഖയായ ആധാറിന്റെ ശിൽപിയാണ് ഇൻഫോസിസിന്റെ മുൻ സിഇഒ നന്ദൻ നിലേകനി. സിഇഒ സ്ഥാനത്തുനിന്നു വിശാൽ സിക്കയുടെ രാജിക്കു പിന്നാലെയാണ് ഇൻഫോസിസിന്റെ പുതിയ ചെയർമാനായി നിലേകനി തിരികെ വരുന്നത്. 

ചെയർമാൻ സ്ഥാനത്തുനിന്ന് ആർ. ശേഷസായിയും രാജിവച്ചതോടെയാണ്, സഹസ്ഥാപകരുടെ താൽപര്യപ്രകാരം നിലേകനിയുടെ തിരിച്ചുവരവ്. നോൺ–എക്സിക്യൂട്ടീവ് ചെയർമാനായും നോൺ–ഇൻഡിപെൻഡന്റ് ഡയറക്ടറായുമാണ് അടിയന്തര പ്രാബല്യത്തോടെ നിലേകനിയുടെ നിയമനം.

സിഇഒ സിക്കയുടെ രാജിക്കു പിന്നാലെ ശേഷസായിയും കോ–ചെയർമാൻ രവി വെങ്കടേശനും ഉൾപ്പെടെ നാലു ബോർഡംഗങ്ങൾ രാജി സമർപ്പിച്ചിരുന്നു. സ്ഥാപക ചെയർമാൻ എൻ.ആർ. നാരായണമൂർത്തിയും ബോർഡംഗങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണു കൂട്ട രാജിയിലേക്കു നയിച്ചത്. 

വിശാൽ സിക്ക ഇൻഫോസിസ് സിഇഒ സ്ഥാനം രാജിവച്ചതിനെ തുടർന്നുണ്ടായ പ്രതിസന്ധി മറികടക്കാൻ പ്രമുഖ നിക്ഷേപകർ സ്ഥാപക ചെയർമാൻ എൻ.ആർ. നാരായണ മൂർത്തിയുമായി ചർച്ച നടത്തിയിരുന്നു. നിലേകനി തിരിച്ചുവരുമെന്ന വാർത്ത കമ്പനി ഓഹരി വില 2.01% കൂടി 912.50 രൂപയിലെത്തി. ബിഎസ്ഇയിൽ 13.04 ലക്ഷം ഓഹരികളുടെ കൈമാറ്റം നടന്നു.

Aadhaar

2009 ലാണ് ഇന്‍ഫോസിസ് വിട്ടു നന്ദന്‍ നീലേകനി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയുടെ ചെയര്‍മാനായി സ്ഥാനമേറ്റത്. ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കിയാണ് നിലേകനി വീണ്ടും പഴയ ഇടത്തിൽ തന്നെ തിരിച്ചെത്തിയിരിക്കുന്നത്. ഐഐടി ഗ്രാജ്വേറ്റ് ആയ നിലേകനി 1981 ല്‍ നാരായണമൂര്‍ത്തിക്കും എന്‍.എസ്. രാഘവനും എസ്. ഗോപാലകൃഷ്ണനും ഷിബുലാലിനും മറ്റുമൊപ്പം ചേർന്നാണ് ഇന്‍ഫോസിസ് സ്ഥാപിച്ചത്. 2002 മുതല്‍ 2007 വരെ ഇന്‍ഫോസിസ് സിഇഒ ആയി പ്രവർത്തിച്ചു.