Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാദനെ വീഴ്ത്തിയ അമേരിക്കൻ ‘സൂത്രധാരൻ’ ഇന്ത്യയ്ക്കാരെയും ലക്ഷ്യമിടുന്നു, ഞെട്ടിക്കും വെളിപ്പെടുത്തൽ

cross-match-laden

ക്രോസ് മാച്ച് - രഹസ്യാന്വേഷണത്തിനും നിയമപാലനത്തിനുമായി ബയോമെട്രിക് സ്കാനിങ് ഉപകരണങ്ങൾ നിർമിക്കുന്ന ഫ്ലോറിഡയിലെ കമ്പനി. യുഎസ് പ്രതിരോധ വകുപ്പ്, ആഭ്യന്തരസുരക്ഷാ വിഭാഗം, സംസ്ഥാന ഭരണകൂടങ്ങൾ എന്നിവ ക്രോസ് മാച്ചിന്റെ ഉപയോക്താക്കളാണ്. ഇന്ത്യയിൽ ആധാർ പദ്ധതിയുമായി ബന്ധപ്പെട്ടു ബയോമെട്രിക് ഉപകരണങ്ങൾ ആരംഭ ഘട്ടത്തിൽ നൽകിയത് ക്രോസ് മാച്ച് ആയിരുന്നു. 2011ൽ സർക്കാരിന്റെ അനുമതി ലഭിച്ചു. ഡൽഹി നോയിഡയിലുള്ള സ്മാർട് ഐഡി എന്ന സ്ഥാപനമായിരുന്നു ഇന്ത്യയിലെ പങ്കാളി.

2012ൽ ഫ്രാൻസിസ്കോ പാർട്നേഴ്സ് എന്ന യുഎസ് കമ്പനി ക്രോസ് മാച്ചിനെ ഏറ്റെടുത്തു. ഇസ്രയേലിലെ ആയുധവ്യാപാര കമ്പനിയായ എഎസ്ഒ ഫ്രാൻസിസ്കോയുടെ പങ്കാളിയാണ്. പെഗാസസ് എന്ന പേരിൽ മാൽവെയർ ഉപയോഗിച്ചു മെക്സികോയിലെ ഒരു മാധ്യമപ്രവർത്തകന്റെ ഐഫോൺ ഇവർ തകർത്തതു വാർത്തയായിരുന്നു.

രാജ്യാന്തര ടെലികോം കമ്പനികൾ തകർക്കുന്ന എസ്എസ്സെവൻ എന്ന കമ്പനിയുമായും ഫ്രാൻസിസ്കോയ്ക്കു ബന്ധമുണ്ട്. ഇന്റർനെറ്റിലൂടെ പ്രവഹിക്കുന്ന ഡേറ്റാ പാക്കറ്റുകൾ സൂക്ഷ്മമായി പരിശോധിക്കുന്ന ഡീപ്പ് പാക്കറ്റ് ഇൻസ്പെക്‌ഷൻ രീതിയും ഇവരുടെ ഭാഗമാണ്. ഈ സംവിധാനമാണു ചൈന സെൻസറിങ്ങിനായി ഉപയോഗിക്കുന്നത്. 

അതു ലാദനെന്ന് ഉറപ്പിച്ചത് ക്രോസ് മാച്ച്

ക്രോസ് മാച്ച് യുഎസ് സൈന്യത്തിനായി വികസിപ്പിച്ചു നൽകിയ സീക്ക് 2 (സെക്യുവർ ഇലക്ട്രോണിക് എൻറോൾമെന്റ് കിറ്റ്) എന്ന ബയോമെട്രിക് ഉപകരണമുപയോഗിച്ചാണു ബിൻ ലാദനെ കുടുക്കിയതെന്നാണു സൂചന. ക്രോസ് മാച്ച് വാർത്താതാരമാകുന്നതും ഇതോടെയാണ്. 2011 മേയ് ഒന്നിനു പാക്കിസ്ഥാനിൽ അമേരിക്ക നടത്തിയ സൈനിക നടപടിയിലാണു ബിൻ ലാദൻ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടതു ലാദൻ തന്നെയെന്ന് ഉറപ്പു വരുത്താൻ ബയോമെട്രിക് വിവരശേഖരമാണ് ഉപയോഗിച്ചത്.

60,000 കൊടുംകുറ്റവാളികളുടെ ബയോമെട്രിക് വിവരങ്ങൾ സീക്കിൽ സൂക്ഷിച്ചിരുന്നതായാണു കണക്ക്. വിരലടയാളം രേഖപ്പെടുത്തിയതോടെ യുഎസിലെ സിഐഎ ആസ്ഥാനത്തേക്ക് ഉപഗ്രഹം വഴി ബന്ധിപ്പിക്കുകയും ലോകമെങ്ങമുള്ള ബയോമെട്രിക് വിവരശേഖരവുമായി ചേർത്തു പരിശോധിക്കുകയും ചെയ്തു. ഇത്തരമൊരു ബയോമെട്രിക് ഡേറ്റാബേസ് യുഎസ് സൂക്ഷിക്കുന്നുണ്ടെന്ന വിവരം ആദ്യം പുറത്തുവന്നതും ഇങ്ങനെയായിരുന്നു. 

നമ്മുടെ ആധാർ അമേരിക്ക ചോർത്തുമോ?

ആധാർ വിവരങ്ങൾ യുഎസ് ചാരസംഘടനയായ സിഐഎയുടെ കൈവശം എത്തിയേക്കാം എന്ന് കഴിഞ്ഞ ദിവസമാണ് വിക്കിലീക്സ് വെളിപ്പെടുത്തൽ വന്നത്. അത് എങ്ങനെ സംഭവിക്കും? ഇന്ത്യയിൽ ആധാറിനായി നേത്ര, വിരൽ അടയാളങ്ങൾ (ബയോമെട്രിക് വിവരങ്ങൾ) ശേഖരിക്കുന്ന ക്രോസ്‌മാച്ചും ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്നതിനു സിഐഎ ഉപയോഗിക്കുന്ന എക്സ്പ്രസ് ലെയിനും തമ്മിലുള്ള ബന്ധമാണ് അതിനു വഴിയൊരുക്കുന്നത്. അതിങ്ങനെ...

യുഎസ് ലക്ഷ്യം

ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ പൗരന്മാരുടെ ബയോമെട്രിക് വിവരങ്ങൾ ചേർത്തു കൂറ്റൻ വിവരശേഖരമൊരുക്കുക. യുഎസ് ഇന്റലിജൻസിന്റെ വിവിധ അന്വേഷണ ആവശ്യങ്ങൾക്കും നിരീക്ഷണങ്ങൾക്കും പ്രയോജനകരം. പദ്ധതി ആരംഭിച്ചത് 2009ൽ. 

എക്സ്പ്രസ് ലെയിൻ

ലോകമെങ്ങുമുള്ള കോടിക്കണക്കിനാളുകളുടെ ബയോമെട്രിക് വിവരങ്ങൾ ചോർത്തിയെടുക്കാനുള്ള സിഐഎയുടെ കുടില തന്ത്രം 

അവിശുദ്ധ കൂട്ടുകെട്ട്

മറ്റു രാജ്യങ്ങളിലെ വിവരങ്ങൾ ആരുമറിയാതെ അതിർത്തികടത്താൻ ബയോമെട്രിക് ഉപകരണങ്ങളുടെ നിർമാതാക്കളുമായി അവിശുദ്ധമായ ധാരണ. മിക്ക കമ്പനികളും വിവരങ്ങൾ സ്വമേധയാ പങ്കുവച്ചിരുന്നു. ഇല്ലെങ്കിൽ ചോർത്താൻ മറ്റു മാർഗം. ക്രോസ് മാച്ച് കമ്പനിയുടെ ഉപകരണങ്ങളായിരുന്നു എക്സ്പ്രസ് ലെയിനിന്റെ പ്രധാന സ്രോതസ്സുകൾ. 

സോഫ്റ്റ്‌വെയറിന്റെ പ്രായം സിഐഎ തീരുമാനിക്കും 

മാൽവെയർ പ്രവർത്തിക്കുന്നതോടെ ബയോമെട്രിക് സോഫ്റ്റ്‌വെയറിന്റെ കാലാവധി ആറുമാസമായി സിഐഎ തിരുത്തുന്നു. ഏജന്റ് ആ സമയത്തിനുള്ളിൽ തിരികെയെത്തിയില്ലെങ്കിൽ സോഫ്റ്റ്‌വെയർ പ്രവർത്തനരഹിതമാകും. ഏജന്റിനു വീണ്ടും ചെല്ലാൻ അനുവാദമില്ലെങ്കിലും ഉപകരണം ഉപയോഗിക്കുന്ന ഏജൻസി ഇവരെ വിളിക്കാൻ നിർബന്ധിതരാകും. ഇങ്ങനെ കൃത്യമായ ഇടവേളകളിൽ വിവരശേഖരണം നടക്കുന്നു.

പങ്കുവച്ചില്ലെങ്കിൽ

വിവരങ്ങൾ പങ്കുവച്ചില്ലെങ്കിൽ എക്സ്പ്രസ് ലെയിൻ സോഫ്റ്റ്‌വെയർ ഉപയോഗിച്ചു വിവരങ്ങൾ ചോർത്താനും വിദ്യയുണ്ട്. 

∙ ബയോമെട്രിക് ഉപകരണത്തിന്റെ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യാനെന്ന വ്യാജേന സിഐഎയുടെ പ്രത്യേക വിഭാഗമായ ഓഫിസ് ഓഫ് ടെക്നിക്കൽ സർവീസസിൽ (ഒടിഎസ്) നിന്ന് ഏജന്റ് സ്ഥലത്തെത്തുന്നു. യുഎസ്ബി ഡ്രൈവിൽ കൊണ്ടുവരുന്ന എക്സ്പ്രസ് ലെയിൻ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്നു. 

∙ സംശയം തോന്നാതിരിക്കാൻ ഇൻസ്റ്റലേഷൻ പുരോഗതി കാണിക്കുന്ന വ്യാജ പ്രോഗ്രാം ദൃശ്യമാക്കും. പുറമേ നോക്കുമ്പോൾ സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ, എങ്കിലും പിൻവാതിലിലൂടെ കയറ്റി വിടുന്നത് മാൽവെയർ.

∙ ഇന്റർനെറ്റ് കണക്‌ഷനുണ്ടെങ്കിൽ സിഐഎയുടെ മാൽവെയർ വിഭാഗവുമായി കംപ്യൂട്ടർ ബന്ധം സ്ഥാപിക്കുന്നു. 

∙ ഇൻസ്റ്റാൾ ചെയ്യുമ്പോൾ തന്നെ ബയോമെട്രിക് വിവരങ്ങൾ യുഎസ്ബി ഡ്രൈവിലേക്കു പകർത്തിയശേഷം ഏജന്റ് മടങ്ങുന്നു.