Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അതൊരു നരകമാണ്, തിരിച്ചുവരവില്ലാത്ത മരണക്കെണി, ദയവായി ആരും കെണിയിൽ വീഴരുത്’

blue-whale

ബ്ലൂവെയ്‌ലിന്റെ മരണമുഖത്തു നിന്നു ജീവിതത്തിലേക്കു തിരിച്ചുവന്ന അലക്സാണ്ടർ പറയുന്നു: ‘അതൊരു നരകമാണ്. ദയവായി ആരും കെണിയിൽ വീഴരുത്.’ ബ്ലൂവെയ്ൽ ഗെയിമിന് അടിമപ്പെട്ട പുതുച്ചേരി കാരയ്ക്കൽ സ്വദേശി അലക്സാണ്ടറെ (21) കഴിഞ്ഞ ദിവസമാണു പൊലീസ് രക്ഷപ്പെടുത്തിയത്. കൗൺസലിങ്ങിലൂടെ ‘ബാധ’ വിട്ടൊഴിഞ്ഞപ്പോൾ ഒരാഗ്രഹം. തന്റെ അനുഭവം എല്ലാവരും അറിയണം. ഇനിയാരും കുടുങ്ങരുത്. അങ്ങനെയാണ്, പൊലീസിനൊപ്പം അലക്സാണ്ടർ മാധ്യമപ്രവർത്തകർക്കു മുന്നിലെത്തിയത്.

ചെന്നൈയിലെ കുറിയർ കമ്പനിയിൽ ജീവനക്കാരനാണ് അലക്സാണ്ടർ. രണ്ടാഴ്ച മുൻപു സഹപ്രവർത്തകർ അംഗങ്ങളായ വാട്സാപ് ഗ്രൂപ്പിൽ നിന്നാണു ബ്ലൂവെയ്ൽ ലിങ്ക് ലഭിച്ചത്. ജോലിത്തിരക്കു കാരണം ചെന്നൈയിൽ കളിക്കാനായില്ല. അവധിക്കു നാട്ടിലെത്തി കളി തുടങ്ങിയതോടെ ആളാകെ മാറി. നാലുദിവസത്തെ അവധി കഴിഞ്ഞു മടങ്ങിയില്ല. വീട്ടുകാരോടു സംസാരിക്കാതെ മുറിയിൽ കതകടച്ച് ഒറ്റയിരിപ്പ്. രാത്രി രണ്ടിനു ശേഷമാണു ടാസ്കുകൾ പൂർത്തീകരിക്കേണ്ടത്. ആദ്യ ദിനങ്ങളിൽ വ്യക്തിപരമായ വിവരങ്ങൾ പോസ്റ്റ് ചെയ്യുക, ഫോട്ടോയ്ക്കു പോസ് ചെയ്യുക തുടങ്ങിയ ലളിത ഘട്ടങ്ങൾ. ഉൾഭയം മാറ്റി എന്തിനും സജ്ജമാക്കുകയാണ് അഡ്മിൻ ആദ്യം ചെയ്യുന്നത്. ഇതിനായി എന്നും പ്രേത സിനിമകൾ കാണണം. അർധരാത്രി സമീപത്തെ സെമിത്തേരിയിൽ പോയി സെൽഫിയെടുക്കുകയായിരുന്നു ആദ്യ വലിയ ടാസ്ക്.

ഇതിനിടെ വീട്ടുകാർ മാറ്റം തിരിച്ചറിഞ്ഞു. വില്ലൻ ബ്ലൂവെയ്ൽ ആണെന്നു തിരിച്ചറിഞ്ഞ സഹോദരൻ അജിത് ഉടൻ കാരയ്ക്കൽ പൊലീസിൽ വിവരമറിയിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ നാലിനു പൊലീസ് വീട്ടിലെത്തിയപ്പോൾ കയ്യിൽ കത്തി ഉപയോഗിച്ചു തിമിംഗലത്തിന്റെ രൂപം വരയ്ക്കാനുള്ള ശ്രമത്തിലായിരുന്നു അലക്സാണ്ടർ. കയ്യോടെ പൊക്കി സ്റ്റേഷനിലെത്തിച്ചു ദീർഘനേരം കൗൺസലിങ് നൽകി. സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ അലക്സാണ്ടറിനു പറയാനുള്ളത് ഇത്രമാത്രം: ‘മരണക്കെണിയാണത്. തിരിച്ചുകയറണമെന്ന് ആഗ്രഹിച്ചാലും പറ്റിയെന്നു വരില്ല. അതിനാൽ, അക്കളി വേണ്ട.’

related stories