Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിയോയ്ക്ക് മുൻപെ 5ജി നെറ്റ്‌വർക്കിലേക്ക് എയർടെൽ, വരുന്നത് അത്യുഗ്രൻ ‘മിമൊ’ ടെക്നോളജി!

airtel-mimo

രാജ്യത്തെ മുൻനിര ടെലികോം സേവന ദാതാക്കളായ ഭാരതി എയർടെൽ (എയർടെൽ) മുഖ്യ എതിരാളികളായ റിലയൻസ് ജിയോയ്ക്ക് മുൻപെ ആദ്യമായി 5ജി നെറ്റ്‌വർക്ക് സാധ്യമാക്കാൻ പോകുകയാണ്. ഇതിനായി ബൃഹത്തായ അത്യാധുനിക മൾട്ടിപ്പിൾ -ഇൻപുട്ട് മൾട്ടിപ്പിൾ-ഒൗട്ട്പുട്ട് (എംഎെഎംഒ-മിമൊ) സാങ്കേതിക വിദ്യ നടപ്പിലാക്കുമെന്നും എയർടെൽ പ്രഖ്യാപിച്ചു. 

മിമൊ വിന്യാസത്തോടെ രാജ്യാന്തര തലത്തിൽ തന്നെ ഇന്ത്യ സാങ്കേതിക രംഗത്തും ഡിജിറ്റൽ വിപ്ലവത്തിലും പുതിയൊരു മാനം കൈവരിക്കും. ആദ്യ ഘട്ടത്തിൽ ബെംഗളൂരുവിലും കൊൽക്കത്തയിലും നടപ്പാക്കുന്ന സംവിധാനം, എയർടെൽ ഉടൻ തന്നെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കും.

എയർടെലിന്റെ നെറ്റ്‌വർക്ക് മാറ്റ പരിപാടിയായ പ്രൊജക്റ്റ് ലീപിന്റെ ഭാഗമായാണ് മിമൊ സാങ്കേതിക വിദ്യ വിന്യാസവും വ്യാപനവും നടപ്പിലാക്കുന്നത്. ഇതോടെ നിലവിലെ സ്പെക്ട്രത്തിൽ തന്നെ നെറ്റ്‌വർക്ക് ശേഷി അഞ്ചു മുതൽ ഏഴു മടങ്ങുവരെ വർധിക്കുകയും സ്പെക്ട്രൽ കാര്യക്ഷമത മെച്ചപ്പെടുകയും ചെയ്യും. 4ജി നെറ്റ്‌വർക്കിൽ ഉപഭോക്താക്കൾക്ക് 2-3 മടങ്ങുവരെ ഡേറ്റ വേഗം വർധിക്കും. അകത്തായാലും തിരക്കേറിയ ഇടങ്ങളിലും ഉയർന്ന കെട്ടിടങ്ങളിലും തടസമില്ലാത്ത ഡേറ്റാ വേഗം ലഭിക്കുന്നതിന് ഇത് സഹായിക്കും. ബഹുമുഖ ഉപഭോക്താക്കൾക്കും ഒന്നിലധികം ഉപകരണങ്ങളിലും, പ്രത്യേകിച്ച് ഹോട്ട്സ്പോട്ട് ലൊക്കേഷനുകളിൽ, തടസമില്ലാത്ത ഉപയോഗം സാധ്യമാകും.

ബൃഹത്തായ മിമൊ വരാനിരിക്കുന്ന സാങ്കേതിക വിപ്ലവങ്ങൾക്ക് അടിത്തറയാണ്. 5ജിക്ക് മുന്നോടിയായുള്ള സാങ്കേതിക വിദ്യയാണിത്. ഭാവിയിൽ ഇന്ത്യയിൽ ഉണ്ടാകുന്ന ഡേറ്റാ ഡിമാൻഡിനും ഡിജിറ്റൽ വിപ്ലവത്തിനുമുള്ള നെറ്റ്‌വർക്ക് കരുതലാണ് ബൃഹത്തായ മിമൊ വിന്യാസം. അപ്ഗ്രേഡിങോ പ്ലാൻ മാറ്റമോ കൂടാതെ തന്നെ ഉപഭോക്താക്കൾക്ക് കൂടുതൽ വേഗത്തിൽ ഡാറ്റ ആസ്വദിക്കാനാവും. ഹരിത സാങ്കേതിക വിദ്യയായതിനാൽ മിമൊ കാർബൺ കുറയ്ക്കുന്നതിനും സഹായിക്കും.

ക്രമാതീതവും അപ്രതീക്ഷിതവുമായ ഡേറ്റാ വളർച്ചയിലേക്കാണ് ഇന്ത്യ നീങ്ങികൊണ്ടിരിക്കുന്നതെന്നും ബൃഹത്തായ മിമൊ വിന്യാസം ഇൗ ഡിമാൻഡിന് പരിഹാരമാകുമെന്നും സ്പെക്ട്രം കാര്യക്ഷമമാകുന്നതോടെ ഉപഭോക്താക്കൾക്ക് കൂടുതൽ വേഗത്തിൽ ഡേറ്റാ ആസ്വദിക്കാനാവുമെന്നും ഭാരതി എയർടെൽ നെറ്റ്‌വർക്ക്സ് ഡയറക്ടർ അഭയ് സവർഗോങ്കർ പറഞ്ഞു.

ബൃഹത്തായ മിമൊ വിന്യാസത്തിലൂടെ കവറേജ് മെച്ചപ്പെടുകയും വ്യത്യസ്ത ബീമുകളുടെ ഇടപെടലുകൾ മൂലമുള്ള തടസങ്ങൾ ഒഴിവാകുകയും ചെയ്യും. സിഗ്നൽ നിലവാരം മെച്ചപ്പെടുന്നതും ഉപഭോക്താക്കൾക്ക് ഗുണം ചെയ്യും. കൊറിയൻ ടെലിക്കമ്മ്യൂണിക്കേഷൻ സേവന ദാതാക്കളായ എസ്കെ ടെലികോമുമായി സഹകരിച്ച് ഇന്ത്യയിൽ ആധുനിക നെറ്റ്‌വർക്ക് സംവിധാനം ഏർപ്പെടുത്താനുള്ള തീരുമാനം എയർടെൽ ഇൗയിടെയാണ് പ്രഖ്യാപിച്ചത്. 

5ജി, നെറ്റ്‌വർക്ക് ഫംഗ്ഷൻസ് വിർച്വലൈസേഷൻ (എൻഎഫ്വി), സോഫ്റ്റ്‌വെയർ-ഡിഫൈൻഡ് നെറ്റ്‌വർക്കിങ് (എസ്ഡിഎൻ), ഇന്റർനെറ്റ് ഒാഫ് തിങ്സ് (ഐഒടി) തുടങ്ങിയ സാങ്കേതിക വിദ്യകളുടെ അവതരണത്തിന് എയർടെൽ-എസ്കെടി സഹകരണം വഴിയൊരുക്കും.