Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗിഫ്റ്റ് അയയ്ക്കാം, ഒരു ഫോട്ടോ വഴി; ഗിഫ്റ്റോ തയാർ

gifto

നല്ലൊരു ബാഗ് കണ്ടാൽ പെൺ സുഹൃത്തിനോ അമ്മയ്ക്കോ അയച്ചുകൊടുക്കാൻ ആഗ്രഹിക്കാത്ത ആരാണുള്ളത്? തിരിച്ചാണെങ്കിലും അങ്ങനെ തന്നെയല്ലേ. എന്നാൽ അകലെയിരിക്കുന്നവർക്കു പാഴ്സലായി അത് അയയ്ക്കേണ്ട ബുദ്ധിമുട്ട് ഓർക്കുമ്പോൾ പലരും ഗിഫ്റ്റിന്റെ കാര്യം സൗകര്യപൂർവം മറക്കും. അതല്ലെങ്കിൽ അവരെ കാണുന്ന സമയം വരെ മാറ്റിവയ്ക്കും. എന്നാൽ ഇനി അങ്ങനെ മാറ്റിവയ്ക്കേണ്ട. മൊബൈലെടുത്ത് ആ സമ്മാനത്തിന്റെ ഒരു ഫോട്ടോ എടുക്കൂ. ഗിഫ്റ്റ് എത്തേണ്ടിടത്ത് എത്തും. എത്തിക്കും ഈ ഗിഫ്റ്റോ (https://gifto.co) എന്ന സ്റ്റാർട്ടപ്പ്.

ഒരു ഫോട്ടോ എടുക്കൂ സാധനം വീട്ടിലെത്തും!

ഒരു സാധനം കണ്ട് ഇഷ്ടപ്പെട്ടാൽ ആകെ ചെയ്യേണ്ടത് ഇത്രമാത്രം. ഗിഫ്റ്റോ എന്ന മൊബൈൽ ആപ്ലിക്കേഷൻ എടുത്ത് ഒരു ഫോട്ടോ എടുക്കുക. അതിൽ ആ ഉൽപ്പന്നം ഗിഫ്റ്റ് ചെയ്യാനുള്ള ഓപ്ഷനുണ്ട്. ഗിഫ്റ്റ് ഓപ്ഷന്‍ സെലക്ട് ചെയ്ത് മൊബൈൽ വാലറ്റ് വഴി പണമടച്ച് സുഹൃത്തിന് ആ ലിങ്ക് ഫെയ്സ്ബുക്, വാട്ട്സാപ്പ് തുടങ്ങിയവ വഴി ഷെയർ ചെയ്യാം. അവരതിൽ വിലാസം നൽകുന്നതോടെ നിങ്ങളുടെ ഗിഫ്റ്റ് പ്രിയപ്പെട്ടവരുടെ അടുത്തെത്തും. സാധാരണഗതിയിൽ 24 മണിക്കൂറിനുള്ളിൽ സമ്മാനം എത്തേണ്ടിടത്ത് എത്തും. അതല്ലെങ്കിൽ സുഹൃത്ത് ആവശ്യപ്പെടുന്ന സമയത്ത് സമ്മാനം എത്തിയാൽ മതിയെങ്കിൽ വിലാസം നൽകുമ്പോൾ ആ പ്രത്യേക സമയം നൽകാം.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് മൊബൈൽ ആപ്ലിക്കേഷന്റെ പ്രവർത്തനം. ആൻഡ്രോയിലും ഐഫോണിലും ആപ്പ് ലഭ്യമാണ്. നിലവിൽ ബെംഗളൂരുവിലെ തിരഞ്ഞെടുക്കപ്പെട്ട മാളുകളിൽ തിരഞ്ഞെടുക്കപ്പെട്ട ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾക്കുമാത്രമേ സേവനം ലഭ്യമാകൂ. അടുത്ത വർഷത്തോടെ 50ൽ അധികം ബ്രാൻഡുകളിലും 500ൽ അധികം കടകളിലും ഗിഫ്റ്റോയുടെ സാന്നിധ്യമെത്തും. 

കർണാടകയുടെ സ്റ്റാർട്ടപ്പ്; അഭിമാനമായി മലയാളിയും

കർണാടകയുടെ സ്റ്റാർട്ടപ്പ് മിഷനാണ് ഗിഫ്റ്റോയെ ഇൻകുബേറ്റ് ചെയ്യുന്നത്. ഒരു സ്റ്റാർട്ടപ്പ് കമ്പനിക്കു ലഭിക്കാവുന്ന ഏറ്റവും വലിയ പ്ലാറ്റഫോമുകളിൽ ഒന്നായ ഗൾഫ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജി എക്സിബിഷനിൽ (GITEX) കർണാടകയെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്ന നാലു സ്റ്റാർട്ടപ്പുകളിൽ ഒന്നാണ് ഗിഫ്റ്റോ. മാത്രമല്ല, സാങ്കേതിക മേഖലയിലെ വലിയ കമ്പനികളുടെ മോധാവികൾ പങ്കെടുക്കുന്ന ഷാർക് ടാങ്ക് ഇവന്റിൽ കർണാടകയെ പ്രതിനിധീകരിക്കുന്നത് ഗിഫ്റ്റോ മാത്രമാണ്. മൂന്നുമിനിറ്റു നേരമാണ് ഈ ഇവന്റിൽ കമ്പനികൾക്ക് പ്രകടനം നടത്താനാകുക. മികച്ചവയെങ്കിൽ സ്റ്റാർട്ടപ്പ് മൊത്തമായോ ഓഹരികളോ വലിയ കമ്പനികൾ ഏറ്റെടുക്കും. 

UmaAjithPramod ഉമേഷ്, അജിത് നായർ, പ്രമോദ്

ബെംഗളൂരു ആസ്ഥാനമായ സ്റ്റാർട്ടപ്പിനു പിന്നിൽ മലയാളിയായ അജിത് നായരും ആന്ധ്രക്കാരനായ ഉമേഷും രാജസ്ഥാൻകാരനായ പ്രമോദ് സോളങ്കിയുമാണ്. ഐടി രംഗത്തെ ചലനങ്ങൾക്കു കണ്ണും കാതും തുറന്നുകൊടുത്ത് മുൻപ് പല സംരംഭങ്ങൾക്കും വഴിമരുന്നിട്ടവരാണിവർ. കോട്ടയംകാരനായ അജിത് ഹോസ്പിറ്റാലിറ്റി ആൻഡ് ട്രാവൽ സാങ്കേതികമേഖലയിൽ 20 വർഷത്തിലധികം പ്രവർത്തന പരിചയമുള്ളയാളാണ്. വിപ്രോ ടെക്നോളജീസിന്റെ എക്സിക്യൂട്ടീവ് ബ്രീഫിങ് സെന്റേഴ്സ് ആൻഡ് ഫോക്കസ് അക്കൌണ്ടസ് വിഭാഗം മേധാവിയായിരുന്നു. ഐടി മേഖലയിൽ 30 വർഷത്തിലധികം പ്രവർത്തനപരിചയമുള്ള ഉമേഷ് ഒടുവിൽ ആൻസർസോഴ്സ് ഇന്ത്യയുടെ (Ansrsource) സിഇഒ ആയാണ് പ്രവർത്തിച്ചത്. വെബ് ആപ്ലിക്കേഷനുകൾ നിർമിക്കുന്നതിൽ ഏഴുവർഷത്തിലധികം പ്രവർത്തനപരിചയമുള്ള പ്രമോദ് സോളങ്കി കരിയറിൽ വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്.