Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

9000 രൂപ ക്യാഷ്ബാക്ക്, നിരവധി ക്യാഷ് പ്രൈസുകളും, ഗൂഗിൾ തേസ് 50 ലക്ഷം കടന്നു!

google-tez

സെർച്ച് എൻജിൻ ഗൂഗിളിന്റെ പുതിയ മൊബൈൽ വലെറ്റ് തേസ് ഡൗൺലോഡ് 50 ലക്ഷം കടന്നു. തേസ് അവതരിപ്പിച്ച് 24 മണിക്കൂറിനിടെ തേസിന്റെ ജിഎംവി 1.8 കോടി എത്തിയിരുന്നു. നാലു ലക്ഷം സ്ഥിരം ഉപയോക്താക്കളെയും ലഭിച്ചു. കഴിഞ്ഞ മാസം മൂന്നു കോടിയുടെ ഇടപാടുകളാണ് നടന്നത്. ഓഗസ്റ്റിൽ ഇത് കേവലം 1.66 കോടിയായിരുന്നു.

ഒദ്യോഗിക മൊബൈൽ വലെറ്റ് ആയ ആൻഡ്രോയ്ഡ് പേ ഇന്ത്യയിലെത്താൻ ഇനിയും ഏറെ വൈകുമെന്ന സൂചന നൽകിയാണ് ഇന്ത്യയ്ക്കു വേണ്ടി ഗൂഗിൾ പുതിയ മൊബൈൽ വലെറ്റ് അവതരിപ്പിച്ചത്. ഗൂഗിൾ തേസ് സൗജന്യമായി  പ്ലേ സ്റ്റോറിൽ നിന്നു ഡൗൺ‌ലോഡ് ചെയ്യാം. ആൻഡ്രോയ്ഡ് പേയിൽ നിന്നു വ്യത്യസ്തമായി ഐഫോൺ ഉപയോക്താക്കൾക്കായി തേസിന്റെ ഐഒഎസ് ആപ്പും ലഭ്യമാണ്.

തേസ് എന്ന ഹിന്ദി വാക്കിന് വേഗം എന്നാണർഥം. കേന്ദ്രസർക്കാരിന്റെ ഭീം ആപ്പിന്റെ അതേ പ്രവർത്തനശൈലിയാണ് ഗൂഗിൾ തേസിനും. യുപിഐ സംവിധാനത്തിൽ പ്രവർത്തിക്കുന്ന തേസിന് ഐസിഐസി ബാങ്കാണ് സാങ്കേതിക സഹായം നൽകുന്നത്.  

മൊബൈൽ നമ്പർ ഉപയോഗിച്ച് റജിസ്റ്റർ ചെയ്ത ശേഷം ഗൂഗിൾ അക്കൗണ്ട് ലിങ്ക് ചെയ്യാം. തുടർന്ന് യുപിഐ വഴി ബാങ്ക് അക്കൗണ്ടുകൾ തേസിൽ അറ്റാച്ച് ചെയ്യാം. തുടർന്ന് പണമിടപാടുകൾ നടത്താം. ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളും തേസുമായി പ്രത്യേകം സഹരിക്കുന്നുണ്ട്..

ആദ്യഘട്ടത്തിൽ പ്രോൽസാഹനത്തിനായി കാഷ്ബാക്ക് ഓഫറുകളും നിരവധി ക്യാഷ് പ്രൈസുകളും ഗൂഗിൾ അവതരിപ്പിച്ചിട്ടുണ്ട്. സുഹൃത്തുക്കളെ തേസിലേക്ക് ക്ഷണിക്കാം. നിങ്ങൾ ക്ഷണിക്കുന്ന സുഹൃത്ത് തേസ് ഇൻസ്റ്റാൾ ചെയ്ത ആദ്യ ഇടപാട് നടത്തുമ്പോൾ നിങ്ങൾക്കും സുഹൃത്തിനും 51 രൂപ വീതം കാഷ്ബാക്ക് ലഭിക്കും. 

ഇതിനു പുറമെ കൂപ്പൺ സ്ക്രാച്ച് ചെയ്തും 1000 രൂപ വരെ സ്വന്തമാക്കാം. ഇത്തരത്തിൽ ഒരാൾക്ക് 9000 രൂപ വരെ കാഷ്ബാക്ക് നേടാൻ അവസരമുണ്ട്. കാഷ് ബാക്ക് ഓഫർ ഉൾപ്പെടെ ഗൂഗിൾ തേസ് ഉപയോക്താക്കൾക്ക് വേറെയും ഓഫറുകൾ നൽകുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: tez.google.com