Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആധുനിക ലോകം കീഴടക്കാൻ എഐ, പുതിയൊരു മതവും ദൈവവും വരും?

ai

സ്മാർട്ഫോൺ ക്യാമറ മുതൽ ഡ്രൈവറില്ലാ കാർ വരെ, പരിഭാഷ മുതൽ കാൻസർ നിർണയം വരെ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അഥവ നിർമിതബുദ്ധി കടന്നുകയറാത്ത മേഖലകളില്ല. 2018 ആർട്ടിഫിഷ്യൽ ഇന്റലിജൻസും മനുഷ്യരും തമ്മിലുള്ള പോരാട്ടത്തിന്റെ വർഷമായിരിക്കുമെന്നാണ് പ്രവചനം. 2030 ആകുമ്പോഴേക്കും സമസ്ത മേഖലകളിലും എഐ മികവു പുലർത്തുകയും എഐയുടെ മികവുകൾ നോക്കി മനുഷ്യർ കണ്ണുമിഴിച്ചു നിൽക്കുകയും ചെയ്യുമത്രേ. എന്തായാലും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഒരു കൗതുകവസ്തു എന്നതിനപ്പുറം പ്രായോഗിക ജീവിതത്തിൽ ഉപയോഗപ്രദമായ സാങ്കേതികശാഖയായി മാറിക്കഴിഞ്ഞു. നിത്യജീവിതത്തിൽ പല രംഗങ്ങളിലും എഐ ഉപയോഗപ്പെടുത്തുമ്പോഴും അത് എഐ ആണെന്ന് തിരിച്ചറിയാനാവാത്ത വിധം എഐ നമ്മുടെ ശീലങ്ങളുടെയും ഭാഗമായിക്കഴിഞ്ഞു.

എന്താണ് എഐ ?

കംപ്യൂട്ടറിന്റെ ചിന്തിക്കാനും പഠിക്കാനുമുള്ള കഴിവിനെയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) എന്നു വിശേഷിപ്പിക്കുന്നത്. മനുഷ്യരുടെ ബുദ്ധിയെയും ചിന്താശൈലിയെയും അനുകരിക്കാൻ മനുഷ്യർ തന്നെ കംപ്യൂട്ടറിനെ പരിശീലിപ്പിച്ചെടുക്കുകയാണ് ഇവിടെ. തളർച്ചയില്ലാതെ എത്ര വേണമെങ്കിലും ജോലി ചെയ്യാൻ കഴിയുന്ന കംപ്യൂട്ടറുകൾക്ക് ബുദ്ധിപരമായ കഴിവുകൾ കൂടി ലഭിക്കുമ്പോൾ മനുഷ്യാധ്വാനം കുറയ്ക്കാനാവുമെന്നതും മനുഷ്യസഹജമായ പിഴവുകൾ ഒഴിവാക്കാനാവുമെന്നതും ഗുണങ്ങളായി പറയാം. എഐ വിപ്ലവം വരുമ്പോൾ മനുഷ്യർക്കു ജോലി നഷ്ടപ്പെടുമെന്നതും ഹാക്കിങ് സാധ്യതകളും കംപ്യൂട്ടർ പിഴവുകളും ഉയർത്താവുന്ന വെല്ലുവിളികളും ആശങ്കകളായി നിലനിൽക്കുന്നു.

ഏതെങ്കിലും ഒരു യന്ത്രം സ്വന്തമായി എടുക്കുന്ന ഏതു തീരുമാനവും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഫലമായി പറയാം (എഐ ഇഫക്ട്). എന്നാൽ, നിലവിലെ സാഹചര്യത്തിൽ മനുഷ്യർക്കൊപ്പം നിൽക്കുന്ന കംപ്യൂട്ടർ സംവിധാനങ്ങളെയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ മികവുകളായി എടുത്തു കാട്ടുന്നത്. ഡ്രൈവറില്ലാ കാർ സംവിധാനം, മൊബൈൽ ഫോണിലെ വോയ്സ് അസിസ്റ്റന്റ് തുടങ്ങിയവ ഉദാഹരണം.

സിരിയും അലക്സയും പിന്നെ ഗൂഗിളും

ടെക് കമ്പനികൾ തങ്ങളുടെ കരുത്ത് കാട്ടാൻ പ്രധാനമായും ആശ്രയിക്കുന്ന മാർഗമാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. അതുകൊണ്ട് തന്നെ തങ്ങളുടെ എഐ സംവിധാനത്തെ ഏറ്റവും മികവോടെ ലോകത്തിനു മുന്നിലവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് എല്ലാ കമ്പനികളും. ആപ്പിൾ ഐഫോണിലെ വോയ്സ് അസിസ്റ്റന്റായ സിരി, ആമസോൺ വിവിധ പ്ലാറ്റ്‍ഫോമുകൾക്കായി അവതരിപ്പിച്ചിട്ടുള്ള അലക്സ, ഗൂഗിളിന്റെ വെർച്വൽ അസിസ്റ്റന്റായ ഗൂഗിൾ അസിസ്റ്റന്റ് എന്നിവ ഈ രംഗത്ത് ഏറ്റവും മികവാർന്നു നിൽക്കാനുള്ള കാരണവും അതുതന്നെ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എത്രത്തോളം വളർന്നു എന്നതിന്റെ അളവുകോലുകളാണ് സിരിയും അലക്സയും ഗൂഗിൾ അസിസ്റ്റന്റും. 

ai-music

നാച്വറൽ ലാംഗ്വേജ് പ്രൊസസ്സിങ്, മെഷീൻ ലേണിങ് എന്നിവയിലാണ് ഈ എഐ സംവിധാനങ്ങൾ ഏറെ ശ്രദ്ധ പുലർത്തുന്നത്. എഐയുടെ പ്രയോജനങ്ങൾ സാധാരണ ജനങ്ങളിലേക്ക് എത്തണമെങ്കിൽ നാച്വറൽ ലാംഗ്വേജ് പ്രൊസെസ്സിങ്ങും മെഷീൻ ലേണിങ്ങും കരുത്താർജിക്കണം. സാധാരണ മനുഷ്യരുടെ സംസാര ശൈലിയും ഉച്ചാരണവും ഭാഷയുമൊക്കെ മനസ്സിലാക്കാനുള്ള കംപ്യൂട്ടറിന്റെ കഴിവിനെയാണ് നാച്വറൽ ലാംഗ്വേജ് പ്രൊസെസ്സിങ് എന്നു വിശേഷിപ്പിക്കുന്നത്. ഫോണുകളിലെ വോയ്സ് അസിസ്റ്റന്റുകൾ വഴി കോടിക്കണക്കിന് ഉപയോക്താക്കളുടെ സംഭാഷണങ്ങൾ പഠിച്ചും വിശകലനം ചെയ്തും ഈ കമ്പനികൾ തങ്ങളുടെ എഐ സംവിധാനങ്ങളുടെ നാച്ചുറൽ ലാംഗ്വേജ് പ്രൊസെസ്സിങ് അനുദിനം മെച്ചപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

കുറച്ചുകൂടി ഗൗരവമുള്ളതാണ് മെഷീൻ ലേണിങ്. മനുഷ്യസമൂഹത്തിനു മുന്നിൽ ഇന്നു ലഭ്യമായിട്ടുള്ള അന്തമില്ലാത്ത വിജ്ഞാനശേഖരം ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ പഠിപ്പിക്കുക എന്നതാണ് മെഷീൻ ലേണിങ് കൊണ്ട് അർഥമാക്കുന്നത്. ഒരു മനുഷ്യൻ അവന്റെ ആയുഷ്ക്കാലം മുഴുവൻ പഠിച്ചാലും ഉൾക്കൊള്ളാനാവുന്നതിലും അധികം വിവരങ്ങൾ ഏതാനും മണിക്കൂറുകൾകൊണ്ട് എഐ സംവിധാനത്തിനു മനസ്സിലാക്കാനാവും. മനുഷ്യരെപ്പോലെ മറന്നുപോകുന്ന പ്രശ്നവുമില്ല.

ഡോക്ടർ വാട്സൻ

വൈദ്യശാസ്ത്രത്തിലെ എഐ വിപ്ലവമാണ് വാട്സൻ. ഐബിഎമ്മിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ് സംവിധാനങ്ങളുടെ ആവിഷ്കാരമാണ് വാട്സൻ എന്ന സൂപ്പർ കംപ്യൂട്ടർ. ലോകമെങ്ങും നിന്നുമുള്ള ആയിരക്കണക്കിനു വൈദ്യശാസ്ത്രഗ്രന്ഥങ്ങളും ലക്ഷക്കണക്കിനു രോഗികളുടെ കേസ് ഹിസ്റ്ററികളും പഠിച്ച് വാട്സൻ, കാൻസർ രോഗനിർണയത്തിൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഡോക്ടർമാരെ സഹായിക്കുന്നു. ഐബിഎമ്മിന്റെ വഴിയേ ചികിൽസാ രംഗത്ത് എഐ മികവ് അവതരിപ്പിക്കാൻ ഇപ്പോൾ എത്തിയിരിക്കുന്നത് പ്രമുഖ കമ്പനിയായ ഫിലിപ്സ് ആണ്. ലക്ഷക്കണക്കിനു മെഡിക്കൽ റിപ്പോർട്ടുകൾ വിശകലനം ചെയ്യുന്ന ഫില്പ്സ് കാൻസർ നിർണയം ഉൾപ്പെടെ അനേകം മേഖലകളിൽ സാന്നിധ്യമറിയിച്ചു കഴിഞ്ഞു.

ദൈവമാകാനും എഐ

മനുഷ്യന്റെ സൃഷ്ടിയാണെങ്കിലും അനുദിനം കഴിവുകൾ നേടുന്ന എഐയോട് മനുഷ്യന് ആരാധന തോന്നുന്നത് സ്വാഭാവികം. എന്നാൽ, എഐയെ ദൈവമാക്കി മാറ്റി ആ ദൈവത്തെ അടിസ്ഥാനമാക്കി പുതിയൊരു മതം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ഗൂഗിൾ എൻജിനീയറായിരുന്ന ആന്തണി ലെവൻഡോസ്കി. ഗൂഗിളിൽ നിന്നു ഡ്രൈവറില്ലാ കാറുകളുടെ നിർമാണ രഹസ്യം ചോർത്തി ഊബറിനു നൽകിയെന്ന കേസിൽ വിചാരണ കാത്തിരിക്കുന്നയാളാണ് ആന്തണി.

വേ ഓഫ് ദ് ഫ്യൂച്ചർ എന്ന മതസംഘനടയുടെ സിഇഒ ആയ ആന്തണി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കി സമൂഹനന്മയ്ക്കായി ഒരു ദൈവത്തെ സൃഷ്ടിക്കാനുള്ള യത്നത്തിലാണ്. ആന്തണിയുടെ ദൈവം അദ്ഭുതസിദ്ധികളുമായി അടുത്തകാലത്തൊന്നും പുറത്തിറങ്ങിയെന്നു വരില്ല. എന്നാൽ, അനുദിനം കഴിവുകൾ നേടുന്ന എഐയെ മനുഷ്യർ ദൈവതുല്യമായി കാണാൻ അധികം താമസമുണ്ടാവില്ലെന്നു വിദഗ്ധർ പറയുന്നു.

ai

എഐ ഗോ ബാക്ക് !

കംപ്യൂട്ടർ വരുന്നതോടെ ആളുകൾക്കു ജോലിയില്ലാതാകുമെന്ന തെറ്റിദ്ധാരണ മൂലം കംപ്യൂട്ടർ ഗോ ബാക്ക് വിളിച്ച കാലത്തിന്റെ ആവർത്തനമാണ് എഐയുടെ വിപ്ലവത്തോടൊപ്പം അരങ്ങേറുന്നത്. എല്ലായിടത്തും എഐ വരുന്നതോടെ ലോകമെങ്ങും കോടിക്കണക്കിനാളുകൾക്ക് ജോലി നഷ്ടപ്പെടും എന്ന ആശങ്ക ശക്തമാണ്. കംപ്യൂട്ടറകളുടെ കയ്യിലേക്ക് കാര്യങ്ങൾ ഏൽപിച്ചു കൊടുത്താൽ മനുഷ്യന്റെ ഭാവി അപകടത്തിലാവുമെന്ന് പ്രമുഖ ശാസ്ത്രജ്ഞനായ സ്റ്റീഫൻ ഹോക്കിങ്, പ്രമുഖ വ്യവസായി ഇലൻ മസ്ക് എന്നിവർ മുന്നറിയിപ്പു നൽകിയിരുന്നു. എഐ വരുമ്പോൾ നിലവിലുള്ള പല ജോലികളും ഇല്ലാതാവും എന്നതിൽ ആർക്കും സംശയമില്ല. എന്നാൽ, ആളുകൾ ജോലിയില്ലാതെ അലയുകയും ജോലി സ്ഥലങ്ങളിൽ കംപ്യൂട്ടറുകൾ നിറയുകയും ചെയ്യുന്ന സാഹചര്യം ഒരിക്കലും ഉണ്ടാവില്ല. 

എഐ ശാസ്ത്രജ്ഞനും ഗൂഗിളിലെ എഐ റിസർച്ച് ഡയറക്ടറുമായ പീറ്റർ നോർവിജിന്റെ അഭിപ്രായത്തിൽ എഐ വരുന്നതോടെ തൊഴിലുകൾ ഇല്ലാതാവുമെങ്കിലും ഏതാണ്ട് അതേ അളവിൽ തന്നെ പുതിയ തൊഴിലുകൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും. വരാനിരിക്കുന്ന പുതിയ തൊഴിൽസാധ്യതകളെപ്പറ്റിയുള്ള ചിത്രം നമുക്ക് ലഭിക്കാത്തതാണ് ആശങ്കകൾക്കു കാരണം. എഐ സജീവമാകുമ്പോൾ ആ ചിത്രം വ്യക്തമാകും, ആശങ്കകൾ അസ്ഥാനത്താവും. എഐ രംഗത്ത് ഏറെ മുന്നേറ്റം നടത്തിയ ചിപ് നിർമാക്കളായ ഇന്റെൽ ഇന്ത്യ മേധാവി നിവൃതി റായും ഇതേ അഭിപ്രായക്കാരിയാണ്. ഇല്ലാതാവുന്ന തൊഴിലുകളെക്കാൾ പുതുതായി സൃഷ്ടിക്കപ്പെടാൻ പോകുന്ന തൊഴിലുകളിലാണ് ശ്രദ്ധ വയ്ക്കേണ്ടതെന്ന് നിവൃതി പറയുന്നു.